ഇന്ത്യയിൽ ഉപയോഗിക്കുന്ന ഉപ്പിലും പഞ്ചസാരയിലും വരെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തി. മൈക്രോപ്ലാസ്റ്റിക്‌സ് എന്ന 5 മില്ലീമീറ്ററിൽ താഴെ വലിപ്പമുള്ള ചെറിയ പ്ലാസ്റ്റിക് കണികകൾ, ഉപ്പ്, പഞ്ചസാര ബ്രാൻഡുകൾ ഉൾപ്പെടെയുള്ള വിവിധ ഭക്ഷ്യ ഉൽപന്നങ്ങളിലെ സാന്നിധ്യം വർദ്ധിച്ചുവരുന്ന ആശങ്കകൾക്കാണ് വഴിവെയ്‌ക്കുന്നത്. ഇത്തരം കണികകൾ നഗ്നനേത്രങ്ങളാൽ കണ്ടെത്താൻ കഴിയാത്തത്ര ചെറുതായതിനാൽ ഭക്ഷ്യവസ്തുക്കളിലെ ഇവയുടെ സാന്നിധ്യം തിരിച്ചറിയുക ബുദ്ധിമുട്ടാണ്. ചെറുതെങ്കിലും വലിയ അപകടകാരികളായ മൈക്രോ പ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം വലിയ തലവേദനയാണ് ലോകത്താകമാനം സൃഷ്ട്ടിക്കുന്നത്. ഗർഭസ്ഥ ശിശുക്കളുടെ മസ്തിഷ്‌കം, കുടൽ, മനുഷ്യരുടെ രക്തസാമ്പിളുകളിലടക്കം മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. മനുഷ്യർ പ്രതിവർഷം 39,000 മുതൽ 52,000 വരെ മൈക്രോപ്ലാസ്റ്റിക്‌സ് കഴിക്കുന്നുണ്ടെന്നാണ് വിദഗ്ധർ കണ്ടത്തിയിരിക്കുന്നത്. ടോക്സിക് ലിങ്ക് എന്ന പരിസ്ഥിതി ഗവേഷണ സംഘടനയാണ് പഠനത്തിൽ എല്ലാ ഇന്ത്യൻ ബ്രാൻഡ് ഉപ്പിലും പഞ്ചസാരയിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. microplastics in salt sugar
മൈക്രോ പ്ലാസ്റ്റിക്കുകൾ മനുഷ്യ ശരീരത്തിലെത്തിയാൽ എൻഡോക്രൈൻ തകരാറിനും ക്യാൻസറിനും വരെ കാരണമാകും. കൂടാതെ ഇവയിലെ വിഷാംശം ശരീരത്തിന്റെ മെറ്റബോളിസം, ന്യൂറോ ഡെവലപ്‌മെൻ്റ് തുടങ്ങിയവയെയും സാരമായി ബാധിക്കും. ഉപ്പ്, പഞ്ചസാര തുടങ്ങിയവയിലൂടെയും പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ടൂത് ബ്രഷുകൾ തുടങ്ങി പല വിധത്തിലാണ് മൈക്രോ പ്ലാസ്റ്റിക് ശരീരത്തിലെത്തുന്നത്.
വിവിധ ബ്രാൻഡുകളിൽ നിന്നുള്ള ഉപ്പിലും പഞ്ചസാരയിലുമാണ് പരീക്ഷണം നടത്തിയത്. പരിശോധനയ്‌ക്കെടുത്ത 10 ഉപ്പ് സാമ്പിളുകളിലും, അഞ്ച് പഞ്ചസാര സാമ്പിളിലും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. 0.1 മില്ലിമീറ്റർ മുതൽ അഞ്ച് മില്ലിമീറ്റർ വലിപ്പത്തിലാണ് സാമ്പിളുകളിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്. അയോഡൈസ്ഡ് ഉപ്പിലാണ് ഏറ്റവും ഉയർന്ന അളവിൽ മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്തിയിട്ടുള്ളത്.
ഇന്ത്യയിലുള്ളവർ ഒരു ദിവസം ശരാശരി 10.98 ഗ്രാം ഉപ്പും ഏകദേശം 10 സ്പൂണോളം പഞ്ചസാരയും കഴിക്കുന്നുണ്ടെന്നാണ് മുൻ പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിനാൽ, പുതിയ പഠനങ്ങൾ വലിയ ആശങ്കകൾക്കാണ് വഴിവയ്ച്ചിരിക്കുന്നത്. പലവിധത്തിൽ ശരീരത്തിൽ എത്തുന്ന മൈക്രോപ്ലാസ്റ്റിക്കുകൾ കാലക്രമേണ ഹോർമോൺ പ്രശ്നങ്ങൾ, അമിതവണ്ണം, പ്രത്യുൽപാദന ശേഷി തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും.
എങ്ങനെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്താം ?
ഭക്ഷണത്തിലെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്താനുള്ള ഒരു ലളിതമായ മാർഗ്ഗം ഹോം മെയ്ഡ് ഡെൻസിറ്റി പരിശോധനയാണ്. ഈ പരിശോധന നടത്താൻ വെജിറ്റബിൾ ഓയിൽ, കോൺ സിറപ്പ് അല്ലെങ്കിൽ തേൻ പോലെയുള്ള സാന്ദ്രമായ ദ്രാവകം ഒരു ഗ്ലാസിൽ നിറയ്ക്കുക. ഒപ്പം, ഭക്ഷണ സാമ്പിളിൻ്റെ ഒരു ചെറിയ അളവ് മിശ്രിതത്തിൽ ചേർക്കുകയും വേണം, മിശ്രിതം ഇളക്കുമ്പോൾ മൈക്രോപ്ലാസ്റ്റിക്‌സ് തരികൾ മിശ്രിതത്തിന്റെ മുകളിലേക്ക് പൊങ്ങിക്കിടക്കുകയോ പാളികൾ പോലെ കണികകൾ രൂപപ്പെടുകയോ ചെയ്യും.
മൈക്രോപ്ലാസ്റ്റിക് പരിശോധിക്കുന്നതിനുള്ള മറ്റൊരു മാർഗ്ഗം, ഒരു കോഫി ഫിൽട്ടറോ മൈക്രോൺ ഫിൽട്ടറോ ഉപയോഗിച്ചുകൊണ്ടുള്ളതാണ്. ഫിൽട്ടറിലൂടെ ദ്രാവകം ഒഴിച്ച ശേഷം പരിശോധിക്കുമ്പോൾ മൈക്രോപ്ലാസ്റ്റിക്സ് ചെറിയ കണങ്ങളായി പ്രത്യക്ഷപ്പെടാം, കട്ടിയുള്ള ഭക്ഷണങ്ങളിൽ ഈ രീതി ഫലപ്രദമല്ലെങ്കിലും വെള്ളമോ മറ്റ് പാനീയങ്ങളോ പരിശോധിക്കുന്നതിന് ഈ രീതി ഉപയോഗിക്കാവുന്നതാണ്.
മൈക്രോപ്ലാസ്റ്റിക്കുകൾ മണ്ണിൽ അലിഞ്ഞു ചേരാത്തതിനാൽ പരിസ്ഥിതിയെ വർഷങ്ങളോളം മലിനീകരിക്കാൻ കാരണമാകും. കാറ്റിലൂടെയും വെള്ളത്തിലൂടെയുമാണ് മൈക്രോപ്ലാസ്റ്റിക്കുകൾ പ്രകൃതിയിൽ വ്യാപിക്കുന്നത്. കുടലിലെ ഡിസ്ബയോസിസ് എന്ന ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്കും മൈക്രോപ്ലാസ്റ്റിക് കാരണമാകുമെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, അർബുദം, ഹൃദ്രോഗങ്ങൾ, കരൾ രോഗങ്ങൾ തുടങ്ങിയവയ്ക്കും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം വഴിവയ്ക്കും.
വസേഡ സർവകലാശാലയിലെ ഗവേഷകർ ജപ്പാനിലെ ഫുജി പർവതത്തിനും ഒയാമ പർവതത്തിനും ചുറ്റുമുള്ള മേഘങ്ങളിൽ അടുത്തിടെ നടത്തിയ പഠനത്തിൽ ആശങ്ക ഉളവാക്കുന്ന തരത്തിൽ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയിരുന്നു. മേഘങ്ങളിൽ പ്ലാസ്റ്റിക് അടിഞ്ഞ് ‘പ്ലാസ്റ്റിക് മഴ’ എന്ന പ്രതിഭാസത്തിലൂടെ കൃഷി വിളകളിലേക്കും ജല സ്രോതസുകളും മലിനമാകാൻ കാരണമാകുമെന്നും പഠനത്തിൽ കണ്ടെത്തിയിരുന്നു. മൈക്രോപ്ലാസ്റ്റിക് എന്ന വിപത്ത് അടിയന്തരമായി വേണ്ട രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ കാലാവസ്ഥ വ്യതിയാനം പോലുള്ള വലിയ പാരിസ്ഥിക അപകടങ്ങളിലേക്ക് നയിക്കുമെന്നും, തിരുത്താനാകാത്തതും ഗുരുതരവുമായ വിപത്തായി മാറുമെന്നും വസേഡ സർവകലാശാലയിലെ പ്രൊഫസർ ഹിരോഷി ഒക്കോച്ചി തന്റെ പ്രസ്താവനയിൽ പറഞ്ഞു.
നിത്യേന മനുഷ്യരും മൃഗങ്ങളും വലിയ തോതിൽ മൈക്രോ പ്ലാസ്റ്റിക് ശ്വസിക്കുകയും, ആഹാരത്തിലൂടെയും മറ്റും മനുഷ്യന്റെ ആന്തരിക അവയവങ്ങളിൽ എത്തിച്ചേരുകുകയും ചെയ്യുന്നുണ്ട്. 20 വർഷംകൊണ്ട് ലോകത്ത് 2.5 ബില്യൺ ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ ഓരോ വർഷവും ഏകദേശം 380 ദശലക്ഷം ടൺ കൂടുതൽ മൈക്രോപ്ലാസ്റ്റിക് ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 2060 ആകുന്നതോടെ ഈ കണക്കുകൾ മൂന്നിരട്ടിയായി ഉയരുമെന്നാണ് വിദഗ്ധർ അഭിപ്രായപെടുന്നത്. മുലയൂട്ടുന്ന അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് വരെ ഇത്തരത്തിൽ നാനോപ്ലാസ്റ്റിക് കണികകൾ കൈമാറ്റം ചെയ്യപ്പെടുന്നു എന്നും ഗവേഷകർ വ്യക്തമാക്കി. 2022 ൽ അമ്മമാരിൽ നിന്ന് ശേഖരിച്ച മുലപ്പാലിലാണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. പ്രസവത്തിന് ഒരാഴ്ചയ്ക്ക് ശേഷം ശേഖരിച്ച മുലപ്പാലിലാണ് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കണ്ടെത്തിയത്.
content summary; Microplastics in salt and sugar, Presence from internal organs to breast milk