June 04, 2026 |
Share on

ഇറാന്‍-അമേരിക്ക യുദ്ധം ആസന്നമോ? ട്രംപിന്റെ അന്തിമതീരുമാനം കാത്ത് ലോകം

യുദ്ധവിമാനങ്ങളുടെ വന്‍ ശേഖരമാണ് ജോര്‍ദാനിലെയും സൗദി അറേബ്യയിലെയും താവളങ്ങളില്‍ എത്തിച്ചിരിക്കുന്നത്

മിഡില്‍ ഈസ്റ്റ് വീണ്ടും ഒരു വന്‍ യുദ്ധത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. ഇറാനെതിരെ ഏതു നിമിഷവും ഒരു സൈനിക നീക്കത്തിന് അമേരിക്കന്‍ സൈന്യം സജ്ജമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അന്തിമ അനുമതി നല്‍കിയിട്ടില്ലെങ്കിലും, ഈ വാരാന്ത്യത്തോടെ ആക്രമണം നടത്താന്‍ തങ്ങള്‍ തയ്യാറാണെന്ന് പെന്റഗണ്‍ വൈറ്റ് ഹൗസിനെ അറിയിച്ചു കഴിഞ്ഞു. 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷം മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ഏറ്റവും വലിയ യുഎസ് സൈനിക വിന്യാസമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

വാഷിംഗ്ടണ്‍ നിലവില്‍ മിഡില്‍ ഈസ്റ്റില്‍ 13 യുദ്ധക്കപ്പലുകളാണ് യുഎസ് നാവികസേന വിന്യസിച്ചിരിക്കുന്നത്. ഇതില്‍ ‘യുഎസ്എസ് എബ്രഹാം ലിങ്കണ്‍’ എന്ന വിമാനവാഹിനിക്കപ്പലും ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള ഒമ്പത് ഡിസ്‌ട്രോയറുകളും ഉള്‍പ്പെടുന്നു. കൂടാതെ, ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ‘യുഎസ്എസ് ജെറാള്‍ഡ് ആര്‍. ഫോര്‍ഡും’ അതിന്റെ സ്ട്രൈക്ക് ഗ്രൂപ്പും അറ്റ്‌ലാന്റിക് കടന്ന് മിഡില്‍ ഈസ്റ്റിലേക്ക് യാത്ര തിരിച്ചു കഴിഞ്ഞു. രണ്ട് യുഎസ് വിമാനവാഹിനിക്കപ്പലുകള്‍ ഒരേസമയം ഒരു മേഖലയില്‍ നിലയുറപ്പിക്കുന്നത് തികച്ചും അപൂര്‍വമായ നടപടിയാണ്.

അത്യാധുനിക യുദ്ധവിമാനങ്ങളായ എഫ്-22 റാപ്റ്റര്‍, എഫ്-35, എഫ്-15, എഫ്-16 തുടങ്ങിയ അത്യാധുനിക യുദ്ധവിമാനങ്ങളുടെ വന്‍ ശേഖരമാണ് ജോര്‍ദാനിലെയും സൗദി അറേബ്യയിലെയും താവളങ്ങളില്‍ എത്തിച്ചിരിക്കുന്നത്. ഇവയുടെ സുഗമമായ പ്രവര്‍ത്തനത്തിനായി കെസി-135 ഏരിയല്‍ ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങളും എയര്‍ബോണ്‍ മുന്നറിയിപ്പ് നിയന്ത്രണ സംവിധാനങ്ങളും സജ്ജമാണ്. വന്‍തോതിലുള്ള വ്യോമാക്രമണങ്ങള്‍ ഏകോപിപ്പിക്കാന്‍ സഹായിക്കുന്ന കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനങ്ങളും ഇതിനോടകം വിന്യസിക്കപ്പെട്ടു. സൈനികപരമായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായ സാഹചര്യത്തില്‍, ഇറാനെതിരെയുള്ള ആക്രമണത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് യുഎസ് സൈന്യം.

2018-ല്‍ അമേരിക്ക പിന്മാറിയ ആണവ കരാറിന് പകരമായി ഒരു പുതിയ ഉടമ്പടിയില്‍ എത്താന്‍ ഇറാന് സാധിച്ചിട്ടില്ല. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം ഇപ്പോഴും നിലനില്‍ക്കുകയാണ്. എന്നാല്‍, ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ട്രംപിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഇവയെല്ലാം ഇറാനെതിരെ ഒരു യുദ്ധസന്നാഹത്തിന് ട്രംപിനെ പ്രേരിപ്പിക്കുന്നവയാണ്.

ലക്ഷ്യം അട്ടിമറിയോ അതോ താക്കീതോ?

ഇറാനെതിരെ സൈനിക നടപടി വേണോ എന്ന കാര്യത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആക്രമണം നടത്താന്‍ തീരുമാനിച്ചാല്‍ തന്നെ, അമേരിക്കയുടെ യഥാര്‍ത്ഥ ലക്ഷ്യം എന്തായിരിക്കുമെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുന്നു. ഇറാന്റെ നിലവില്‍ തകര്‍ച്ച നേരിടുന്ന ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയും അവരുടെ മിസൈല്‍ ശേഷി തകര്‍ക്കുകയും ചെയ്യുക എന്നതാണോ, അതോ നിലവിലെ ഇറാന്‍ ഭരണകൂടത്തെ തന്നെ അട്ടിമറിക്കുക എന്നതാണോ ട്രംപിന്റെ പദ്ധതിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു.

നിലവിലെ യുഎസ് സൈനിക നീക്കം വലിയ തോതിലുള്ള ഒന്നാണെന്ന് തോന്നിപ്പിക്കുമെങ്കിലും, മുന്‍കാല യുദ്ധങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പരിമിതമാണ്. 1991-ലെ ഗള്‍ഫ് യുദ്ധത്തിലോ 2003-ലെ ഇറാഖ് അധിനിവേശത്തിലോ അമേരിക്ക വിന്യസിച്ച സൈനിക ആസ്തികളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇപ്പോള്‍ മിഡില്‍ ഈസ്റ്റിലുള്ളത്.

മുന്‍കാലങ്ങളെ അപേക്ഷിച്ച് യുഎസ് വ്യോമസേനയുടെ വലിപ്പം ഇപ്പോള്‍ കുറവാണ്. കൂടാതെ, നിലവിലെ നീക്കത്തെ പിന്തുണയ്ക്കാന്‍ അന്താരാഷ്ട്ര സഖ്യകക്ഷികളോ കരസേനകളോ രംഗത്തില്ല. ഇറാനെതിരെ ഇസ്രയേല്‍ നേരിട്ട് ആക്രമണത്തില്‍ പങ്കുചേരുന്നില്ലെങ്കില്‍ അമേരിക്കയ്ക്ക് ഒറ്റയ്ക്ക് പൊരുതേണ്ടി വരും. ഒരു യുദ്ധമുണ്ടായാല്‍ അതിന് ശേഷമുള്ള സാഹചര്യം എന്തായിരിക്കുമെന്ന കാര്യത്തില്‍ ട്രംപ് ഭരണകൂടത്തിന് ഇപ്പോഴും വ്യക്തതയില്ല. സൈന്യം ആക്രമണത്തിന് പൂര്‍ണ്ണ സജ്ജമാണെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും, സൈനിക നടപടിയാണോ ഏറ്റവും നല്ല മാര്‍ഗ്ഗമെന്ന കാര്യത്തില്‍ ട്രംപ് ഇപ്പോഴും സംശയാലുവാണ്. എന്നാല്‍, യുദ്ധത്തേക്കാള്‍ നയതന്ത്ര കരാറാണ് അഭികാമ്യമെന്ന് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ പറയുന്നു. നിലവിലെ സൈനിക വിന്യാസം ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനും അവരെക്കൊണ്ട് അനുകൂലമായ കരാറില്‍ ഒപ്പിടുവിക്കാനുമുള്ള ട്രംപിന്റെ ഒരു തന്ത്രമാണോ എന്നും വിദഗ്ധര്‍ സംശയിക്കുന്നുണ്ട്.

രണ്ടും കല്‍പിച്ച് ഇറാന്‍

അമേരിക്കന്‍ ആക്രമണം ഉണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇറാനും നടത്തിയിട്ടുണ്ട്. മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള വന്‍ മിസൈല്‍ ശേഖരം ഇറാന്റെ കൈവശമുണ്ട്. കൂടാതെ, മിഡില്‍ ഈസ്റ്റിലുടനീളമുള്ള തങ്ങളുടെ സഖ്യകക്ഷികളെ ഉപയോഗിച്ച് അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ടെഹ്റാന്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുക എന്നതായിരിക്കും ഇറാന്റെ ഏറ്റവും വലിയ നീക്കം. നിലവില്‍ മേഖലയിലെ യുഎസ് താവളങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്താനുള്ള ശേഷി ഇറാനുണ്ട്. ഇത് ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ തകിടം മറിക്കും. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍, മിഡില്‍ ഈസ്റ്റ് മറ്റൊരു രക്തരൂഷിതമായ പോരാട്ടത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന കാര്യത്തില്‍ സംശയമില്ല. അടുത്ത ഏതാനും ദിവസങ്ങള്‍ ലോകത്തെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമാണ്.

Content Summary: Middle East on the brink of war: US military ready to attack Iran

Leave a Reply

Your email address will not be published. Required fields are marked *

×