June 13, 2026 |
Share on

രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തി മിനിയാപൊളിസി വെടിവയ്പ്പ്; ജനങ്ങളോട് ഒരുമിച്ച് നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് ക്ലിന്‍ണ്‍

അന്വേഷണം വേണമെന്നാണ് ഒരു വിഭാഗം റിപ്പബ്ലിക്കന്‍മാരും പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്

ഇമിഗ്രേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ എത്തിയ ഫെഡറല്‍ സേന അമേരിക്കന്‍ പൗരന്‍ അലക്‌സ് പ്രെറ്റിയെ പ്രതിഷേധത്തിനിടെ വെടിവെച്ചു കൊന്നത് അമേരിക്കയില്‍ ഇപ്പോള്‍ വലിയ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്.
മിനിസോട്ട സംസ്ഥാനത്തെ മിനിയാപൊളിസിയിലാണ് ഈ ക്രൂരമായ സംഭവം നടന്നത്. ഫെഡറല്‍ ഏജന്റുകളുടെ പ്രവര്‍ത്തികള്‍ക്കെതിരേ ശക്തമായ പ്രതിഷേധം കനക്കുമ്പോള്‍, ട്രംപ് ഭരണകൂടത്തെ ചോദ്യം ചെയ്തു മുന്‍ യുഎസ് പ്രസിഡന്റ് ബില്‍ ക്ലിന്റണും രംഗത്തെത്തി. അമേരിക്കന്‍ ജനാധിപത്യത്തിനായി ‘എഴുന്നേറ്റ് നില്‍ക്കാന്‍’ അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു. മിനിയാപൊളിസില്‍ നടന്ന ദാരുണമായ സംഭവങ്ങള്‍ ഒരിക്കലും അമേരിക്കയില്‍ സംഭവിക്കുമെന്ന് താന്‍ കരുതിയിരുന്നില്ലെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.വരും വര്‍ഷങ്ങളില്‍ അമേരിക്കയെ രൂപപ്പെടുത്തുന്ന ഒരു ചരിത്ര നിമിഷത്തെയാണ് രാജ്യം ഇപ്പോള്‍ നേരിടുന്നതെന്ന് ബില്‍ ക്ലിന്റണ്‍ പറഞ്ഞു, അമേരിക്കക്കാര്‍ തങ്ങളുടെ രാഷ്ട്രം ഇപ്പോഴും നമ്മള്‍, ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് തുറന്നുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മിനിയാപൊളിസിലെ വിഎ ആശുപത്രിയിലെ നഴ്‌സായിരുന്ന 37 വയസ്സുകാരന്‍ അലക്‌സ് പ്രെറ്റിയുടെ മരണമാണ് സാഹചര്യങ്ങള്‍ രൂക്ഷമാക്കിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് പ്രെറ്റിയെ യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നത്. ജനുവരി 7-ന് റെനെ ഗുഡ് എന്ന യുവതി കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങള്‍ക്കിടയിലാണ് ഈ സംഭവം നടന്നത്.

സമാധാനപരമായി പ്രതിഷേധിച്ചവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും മര്‍ദ്ദനത്തിനും കണ്ണീര്‍വാതകത്തിനും ഇരയാവുകയും ചെയ്യുന്നുവെന്ന് ക്ലിന്റണ്‍ ചൂണ്ടിക്കാട്ടി. ഭരണകൂടം ജനങ്ങളോട് നുണ പറയുകയാണെന്നും നമ്മുടെ രാജ്യം ഇപ്പോഴും ‘ജനങ്ങളുടേതാണെന്ന്’ തെളിയിക്കേണ്ട സമയമാണിതെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

അലക്‌സ് പ്രെറ്റി തോക്കുമായി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ വന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, സംഭവസ്ഥലത്തെ വീഡിയോകളില്‍ അദ്ദേഹം തന്റെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിക്കൊണ്ട് നില്‍ക്കുകയായിരുന്നുവെന്നും, ഒരു പ്രതിഷേധക്കാരിയെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടിയേറ്റതെന്നും വ്യക്തമാകുന്നു.

മിനസോട്ട ഗവര്‍ണര്‍ ടിം വാള്‍സ്, ഫെഡറല്‍ ഏജന്റുകളെ ഉടന്‍ പിന്‍വലിക്കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ‘എന്താണ് നിങ്ങളുടെ പദ്ധതി?’ എന്ന് ചോദിച്ച വാള്‍സ്, ക്രൂരമായ ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ മാനുഷികമായ പരിഗണന കാണിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഹൗസ് ഹോംലാന്‍ഡ് സെക്യൂരിറ്റി കമ്മിറ്റി ചെയര്‍മാന്‍ ആന്‍ഡ്രൂ ഗാര്‍ബറിനോ ഉള്‍പ്പെടെയുള്ളവര്‍ സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു.

അലക്‌സ് പ്രെറ്റി കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ച് ഭരണകൂടം പരിശോധിച്ചു വരികയാണെന്നും അന്വേഷണത്തിന് ശേഷം അന്തിമ തീരുമാനം എടുക്കുമെന്നുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചത്. എന്നാല്‍, പ്രതിഷേധ സ്ഥലത്ത് പ്രെറ്റി തോക്കുമായി എത്തിയതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

2026 ജനുവരി ആദ്യവാരം മിനസോട്ടയില്‍ നടന്ന രണ്ട് പ്രധാന മരണങ്ങളാണ് ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ക്ക് തുടക്കമിട്ടത്.

മിനസോട്ടയിലെ മിനിയാപൊളിസില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുകള്‍ നടത്തുന്ന തെരച്ചിലുകളും നടപടികളും അതിരുവിടുന്നു എന്നാരോപിച്ച് വലിയ ജനകീയ പ്രതിഷേധങ്ങള്‍ നടക്കുകയായിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്കിടയിലാണ് രണ്ട് പ്രധാന മരണങ്ങള്‍ സംഭവിക്കുന്നത്.

ജനുവരി ഏഴിന് ഫെഡറല്‍ ഏജന്റുകള്‍ നടത്തിയ ഒരു റെയ്ഡിനിടെയാണ് 24 വയസ്സുകാരിയായ റെനെ ഗുഡ് കൊല്ലപ്പെടുന്നത്. ഒരു തര്‍ക്കത്തിനിടെ ഏജന്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഈ സംഭവം മിനിയാപൊളിസില്‍ വലിയ പ്രതിഷേധത്തിന് കാരണമായി.

റെനെ ഗുഡിന്റെ മരണത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനങ്ങള്‍ക്കിടയിലാണ് 37 വയസ്സുകാരനായ അലക്‌സ് പ്രെറ്റി കൊല്ലപ്പെടുന്നത്. അദ്ദേഹം മിനിയാപൊളിസിലെ വെറ്ററന്‍സ് അഫയേഴ്സ് ആശുപത്രിയിലെ നഴ്സായിരുന്നു. മിനസോട്ട സര്‍വകലാശാലയില്‍ നിന്ന് 2011-ല്‍ ബിരുദം നേടിയ അദ്ദേഹം ഒരു രജിസ്റ്റേര്‍ഡ് നഴ്സായി ജോലി ചെയ്തുവരികയായിരുന്നു. സമാധാനപരമായ പ്രതിഷേധത്തില്‍ പങ്കെടുക്കുകയായിരുന്ന അലക്‌സിനെ ഫെഡറല്‍ ഏജന്റുകള്‍ വെടിവെച്ചു വീഴ്ത്തുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

അലക്‌സ് പ്രെറ്റി തോക്കുമായി ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചു എന്നാണ് ഫെഡറല്‍ അധികൃതര്‍ വാദിക്കുന്നത്. എന്നാല്‍ അദ്ദേഹം ഒരു പ്രതിഷേധക്കാരിയെ ഏജന്റുകള്‍ മര്‍ദ്ദിക്കുന്നത് തടയാന്‍ ശ്രമിക്കുകയായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്ന തോക്ക് നിയമപരമായി കൈവശം വെച്ചതാണെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

സമാധാനപരമായി പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഭരണകൂടം തോക്കുകൊണ്ട് അടിച്ചമര്‍ത്തുന്നു എന്നതാണ് പ്രധാന ആരോപണം. ഈ സാഹചര്യത്തിലാണ് ബില്‍ ക്ലിന്റണ്‍ ‘ജനാധിപത്യത്തിനായി നിലകൊള്ളുക’ എന്ന് ആഹ്വാനം ചെയ്തത്.

Content Summary; Minneapolis shooting; Alex Pretti killing Pressure mounted on Donald Trump’s administration, demand fully investigation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×