ഹിന്ദു ദൈവങ്ങളെക്കുറിച്ച് മോശമായ പരാമർശങ്ങൾ നടത്തി, വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിനെത്തുടർന്ന് പന്ത്രണ്ട് വയസുകാരിയ്ക്ക് എതിരെ നിയമനടപടി. പെൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് അയച്ചതായാണ് റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഇറ്റാവയിലാണ് സംഭവം. തുടരന്വേഷണത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തതായും അധികൃതർ ചൊവ്വാഴ്ച അറിയിച്ചു.
ഒക്ടോബർ 27നാണ് 12 വയസ്സുകാരിയായ ഈ പെൺകുട്ടി ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്തത്. ഇത് പെട്ടെന്ന് തന്നെ വൈറലാവുകയും. കർശന നടപടി ആവശ്യപ്പെട്ടുള്ള ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിന് തിരികൊളുത്തുകയും ചെയ്തു.
വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടി ഈ വീഡിയോ നിർമ്മിച്ചത് തൻ്റെ മാതാപിതാക്കളായ മുഹമ്മദ് ഷബ്ബീർ എന്ന സാബിർ, ഭാര്യ ഷമീന എന്നിവരുടേയും, ആസാദ് നഗർ തിലയിൽ താമസിക്കുന്ന ആസിഫ് എന്ന ഇൻസ്റ്റാഗ്രാം സുഹൃത്തിൻ്റേയും അറിവോടും സമ്മതത്തോടും കൂടിയാണെന്ന് പോലീസ് കണ്ടെത്തി.
കൂടുതൽ ഫോളോവേഴ്‌സിനെയും ഓൺലൈൻ വരുമാനവും നേടുന്നതിനുവേണ്ടി പൊതുജന രോഷത്തിനും സംഘർഷത്തിനും കാരണമാകും വിധം ഈ വീഡിയോ മനഃപൂർവം നിർമ്മിച്ചതാണെന്ന് കൂടുതൽ അന്വേഷണത്തിൽ കണ്ടെത്തിയതായി ഇറ്റാവ സിറ്റി സർക്കിൾ ഓഫീസർ അഭയ് നാഥ് റായ് വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടും മാതാപിതാക്കൾ മകളെ തടഞ്ഞില്ല. അതിനാൽ തന്നെ പെൺകുട്ടിക്കും അവളുടെ മാതാപിതാക്കൾക്കും ആസിഫിനുമെതിരെ ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 196 (മതം, വംശം, ജന്മസ്ഥലം, ജാതി അല്ലെങ്കിൽ സമുദായം എന്നിവയുടെ പേരിൽ വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക) പ്രകാരം നവംബർ 2-ന് ഫ്രണ്ട്‌സ് കോളനി പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി അഭയ് നാഥ് റായ് പറഞ്ഞു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ശിശുക്ഷേമ ഓഫീസറുടെ സംരക്ഷണയിൽ ജുവനൈൽ ഹോമിലേക്ക് അയച്ചതായി കേസന്വേഷിക്കുന്ന സബ് ഇൻസ്‌പെക്ടർ സൗരഭ് സിംഗ് അറിയിച്ചു. അതേസമയം, മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ജയിലിലേക്ക് അയക്കുകയും ചെയ്തു.
പോലീസിന്റെ ചോദ്യം ചെയ്യലിൽ, ഇത്തരം വീഡിയോകൾ ഫോളോവേഴ്‌സിനെ കൂട്ടുകയും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുകയും ചെയ്യും എന്ന മാതാപിതാക്കളുടെയും ആസിഫിന്റെയും നിർദ്ദേശപ്രകാരമാണ് താൻ വീഡിയോ നിർമ്മിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. നിലവിൽ ആസിഫിനെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പോലീസ് അറിയിച്ചു.
content summary: Minor sent to juvenile home for sharing controversial video about Hindu deities on social media