March 24, 2025 |
Share on

അലാസ്കയിൽ നിന്ന് കാണാതായ വിമാനം കടലിൽ തകർന്ന നിലയിൽ; മുഴുവൻ യാത്രക്കാരും മരിച്ചു

കടൽമഞ്ഞുപാളികൾക്കിടയിൽ നിന്നാണ് വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്

പത്ത് യാത്രക്കാരുമായി പുറപ്പെട്ട ബെയ്റിങ് എയർ വിമാനം കടലിൽ തകർന്ന നിലയിൽ കണ്ടത്തി. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായണ് റിപ്പോർട്ട്. ഉനലക്ലീറ്റിൽ നിന്ന് നോമിലേക്ക് പോവുകയായിരുന്ന ബെയ്റിങ്ങിന്റെ സെസ്‌ന 208 ബി ഗ്രാൻഡ് കാരവൻ വിമാനമാണ് കടലിൽ കണ്ടെത്തിയത്.

വ്യാഴാഴ്ചയാണ് അലാസ്കക്ക് സമീപം വിമാനം കാണാതായത്. ഒൻപത് യാത്രക്കാരും ഒരു പൈലറ്റുമാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച പ്രാദേശിക സമയം വൈകിട്ട് നാല് മണിയോടെ വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. കോസ്റ്റ് ഗാർഡുമായി ചേർന്ന് നോം വളണ്ടിയർ ഫയർ ഡിപ്പാർട്ട്‌മെന്റ് തിരച്ചിൽ നടത്തിയിരുന്നു. മോശം കാലാവസ്ഥ കാരണം രാവിലെ പ്രാദേശിക വ്യോമ സർവീസ് തടസപ്പെട്ടിരുന്നു. വിമാനം കടലിൽ തകർന്ന് വീഴുകയാണെങ്കിൽ ഏറ്റവും മോശം അവസ്ഥയായിരിക്കുമെന്ന് വൈറ്റ് മൗണ്ടൻ ഫയർ ചീഫ് ജാക്ക് ആഡംസ് നേരത്തെ അറിയിച്ചിരുന്നു.

കടൽമഞ്ഞുപാളികൾക്കിടയിൽ നിന്നാണ് വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. പ്രതികൂലമായ കാലവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. എട്ട് ദിവസത്തിനുള്ളില്‍ യുഎസ് വ്യോമയാന മേഖലയില്‍ ഉണ്ടാകുന്ന മൂന്നാമത്തെ പ്രധാന സംഭവമാണിത്.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അലാസ്കയിൽ എയർ ടാക്സി, വിമാന അപകടങ്ങളുടെ എണ്ണം കൂടുന്നുവെന്ന് യുഎസ് സർക്കാരിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വ്യക്തമാക്കിയിരുന്നു. പർവതപ്രദേശങ്ങളും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയും നിറഞ്ഞ പ്രദേശമാണ് അലാസ്ക. പല ഗ്രാമങ്ങളും റോഡുകളിലൂടെ ബന്ധിപ്പിക്കാത്തതിനാൽ ആളുകളെയും സാധനങ്ങളെയും കൊണ്ടുപോകാൻ ചെറിയ വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്ലൈറ്റ് റാഡാർ 24-ൽ നിന്നുള്ള ഡാറ്റ പ്രകാരം, അലാസ്ക ആസ്ഥാനമായുള്ള ഒരു പ്രാദേശിക എയർലൈനാണ് ബെറിംഗ് എയർ. ഏകദേശം 39 വിമാനങ്ങളും ഹെലികോപ്ടറുകളും ഇവർ സർവീസ് നടത്തുന്നുണ്ട്.

Content Summary: Missing plane from Alaska crashes at sea; All passengers died

Alaska plane crash plane accident US Coast Guard

×