എം എന്‍ നമ്പ്യാര്‍ എന്ന ‘വിശുദ്ധനായ വില്ലന്‍’

വെള്ളിത്തിരയിലെ വലിയ വില്ലനായി തിളങ്ങിയ എം.എന്‍. നമ്പ്യാര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പരമ സ്വാതികനായിരുന്നു

ഒരു നോട്ടത്തിലൂടെ സ്‌ക്രീനിനെ വിറപ്പിച്ച എക്കാലത്തേയും വില്ലനായിരുന്നു എം.എന്‍. നമ്പ്യാര്‍.
എം.എന്‍. നമ്പ്യാരുടെ ചരമവാര്‍ഷികമാണ് നവംബര്‍ 19.

മഞ്ചേരി നാരായണന്‍ നമ്പ്യാര്‍ പുരികം ചുളിച്ചാല്‍ എതിരാളികള്‍ കിടുകിടെ വിറച്ചിരുന്നു. മുഖം കുനിച്ച്, ഉയര്‍ത്തി വില്ലത്തരമുള്ള ആ ഒരു നോട്ടത്തില്‍ തമിഴ് സിനിമാ പ്രേക്ഷകര്‍ ഏറ്റവും വെറുക്കുന്ന സിനിമാ സ്‌ക്രീനിലെ വില്ലനായി എം.എന്‍ നമ്പ്യാര്‍. ഏഴ് പതിറ്റാണ്ട് നീണ്ട നാടക, ചലച്ചിത്രാഭിനയത്തിലൂടെ തമിഴകത്തെ കീഴടക്കിയ ഈ മലയാളി തമിഴിലെ എല്ലാ കാലത്തെയും സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിച്ചു.

സ്‌ക്രീനില്‍ തിളങ്ങിയ മറ്റൊരു മലയാളിയായ തമിഴ് മക്കളുടെ പ്രിയങ്കരനായ മക്കള്‍ തിലകം എം.ജി.ആറിന്റെ ഏറ്റവും പ്രിയപ്പെട്ട വില്ലനായിരുന്നു എം.എന്‍. നമ്പ്യാര്‍. സ്‌ക്രീനില്‍ അവര്‍ നിരന്തരം ആജന്മശതുക്കളെ പോലെ പലപ്പോഴും എറ്റുമുട്ടിയെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ എറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു അവര്‍.

വെള്ളിത്തിരയിലെ വലിയ വില്ലനായി തിളങ്ങിയ എം.എന്‍. നമ്പ്യാര്‍ യഥാര്‍ത്ഥ ജീവിതത്തില്‍ പരമ സ്വാതികനായിരുന്നു. ‘നമ്പ്യാര്‍ സ്വാമി’യെന്ന് തമിഴ് സിനിമാലോകം അദ്ദേഹത്തെ വിളിച്ചാദരിച്ചു. അദ്ദേഹം മദ്യം തൊടാത്ത മാംസം കഴിക്കാത്ത, തികഞ്ഞ അയ്യപ്പ ഭക്തനായിരുന്നു. 1940 മുതല്‍ ആറ് പതിറ്റാണ്ട് വ്രതമെടുത്ത് ഇരുമുടി കെട്ടുമായി ശബരിമലക്ഷേത്രദര്‍ശനം 200 തവണ മുടങ്ങാതെ നടത്തി. അദ്ദേഹത്തിന്റെ കൂടെ വരുന്ന സംഘത്തില്‍ തമിഴ് നാട്ടിലെ രജനികാന്തടക്കമുള്ള പല പ്രശസ്ത നടന്മാരും മലചവുട്ടി. ശബരി മലയറ്റം ദുഷ്‌ക്കരമായ കാലത്താണ് അദ്ദേഹം മലചവിട്ടാന്‍ ആരംഭിച്ചത്. ദീര്‍ഘകാലം അനുഷ്ഠിച്ച ആ തീര്‍ത്ഥാടനം മൂലം അദ്ദേഹം ഏറ്റവും പ്രസിദ്ധനായ അയ്യപ്പഭക്തനായി അറിയപ്പെട്ടു. അയ്യപ്പഭക്തര്‍ അദ്ദേഹത്തെ ഗുരു സ്വാമിയെന്നല്ല, മഹാഗുരുസ്വാമിയെന്ന് വിളിച്ചു. 1960 ല്‍ ശബരിമല സന്നിധാനത്തില്‍ നമ്പ്യാര്‍ സ്വാമി പ്രായമായ അയ്യപ്പമാര്‍ക്കും, മാളികപ്പുറങ്ങള്‍ക്കും വിശ്രമിക്കാന്‍ 2 കോട്ടേജുകള്‍ പണി കഴിപ്പിച്ചു. സൗജ്യനമായി ഭക്തര്‍ക്ക് താമസിക്കാന്‍ പ്രത്യേകിച്ച് മാസപൂജയ്ക്ക് നട തുറക്കുമ്പോള്‍ അവിടെയെത്തുന്ന അയ്യപ്പ ഭക്തര്‍ ഈ സംവിധാനം സൗജന്യമായി ഉപയോഗിച്ചു. ശബരിമലയില്‍ സന്നിധാനത്ത് ആദ്യത്തെ സ്വകാര്യ കെട്ടിടം നിര്‍മിച്ചത് എം.എന്‍. നമ്പ്യാരെന്ന അയ്യപ്പ ഭക്തനാണ്. തമിഴ് നാട്ടില്‍ ശബരിമല തീര്‍ത്ഥാടനത്തിന് പ്രചാരം ലഭിച്ചതിന് എം.എന്‍. നമ്പ്യാരുടെ പങ്ക് വളരെ വലുതാണ്.

കണ്ണൂരിലെ ‘ചെറുവ വൈശിയെന്ന ഗ്രാമത്തില്‍ ഒരു സാധാരണ കുടംബത്തില്‍ ജനിച്ച നാരായണന്‍ നമ്പ്യാര്‍ ’12ാം വയസ്സില്‍ തന്നെ കണ്ണൂരില്‍ നാടകം കളിക്കാനെത്തിയ ‘പ്രശസ്തനായ രാജമാണിക്യത്തിന്റെ തമിഴ് നാടക സമിതിയില്‍ ചേര്‍ന്നു. മൈക്രോഫോണുകള്‍ നിലവില്ലായിരുന്ന ആ കാലത്ത് പിന്‍നിരയില്‍ ഇരിക്കുന്നവര്‍ക്കു കൂടി കേള്‍ക്കാനായി നാടകങ്ങളില്‍ പറയുന്ന ഡയലോഗുകള്‍ ഉറക്കെ പറയണമായിരുന്നു. അത് നാരായണന്റെ ശബ്ദത്തിന് ഉണര്‍വ് നല്‍കി. 13ാം വയസ്സില്‍ രാവണനായി നാടകത്തില്‍ പ്രധാന വേഷമിട്ടു. നാടക സമിതിയില്‍ മറ്റൊരു നാരായണന്‍ ഉള്ളതിനാല്‍ നാരായണന്‍ എന്ന പേര് ഉപേക്ഷിച്ച് തന്റെ പേരിലെ വാലായ നമ്പ്യാര്‍ പേരായി സ്വീകരിച്ചു. പിന്നിട് ആ യുവനടന്‍ നമ്പ്യാര്‍ എന്ന പുതിയ പേരില്‍ അഭിനയിക്കാന്‍ തുടങ്ങി. 1930 കളില്‍ നാടകത്തിന് കിട്ടിയ ശമ്പളം ആദ്യം 3 രൂപയും പിന്നീട് 5 രൂപയുമായിരുന്നു

സേലത്ത് നാടകം അഭിനയിക്കുമ്പോള്‍, ഒരു സിനിമയ്ക്കായ് നടനെ തേടുകയായിരുന്ന മുരുകദാസ് എന്ന സംവിധായകന്‍ നമ്പ്യാരെന്ന യുവ നടന്റെ അഭിനയത്തില്‍ മതിപ്പ് തോന്നി. ആ യുവനടനെ തന്റെ ചിത്രമായ ”ഭക്ത രാമദാസ് ‘ല്‍ ഒരു വേഷത്തിന് തിരഞ്ഞെടുത്തു. അങ്ങനെ 1935 ല്‍ പുറത്ത് വന്ന ഭക്ത രാമദാസിലൂടെ എം.എന്‍. നമ്പ്യാരെന്ന യുവനടന്‍ തമിഴ് ചലച്ചിത്ര ലോകത്തെ യാത്ര ആരംഭിച്ചു. ‘സ്ത്രീ കഥാപാത്രങ്ങളൊന്നും ഇല്ലാഞ്ഞിട്ടും ഈ പടം വിജയിച്ചു. അന്നത്തെ മോശമല്ലാത്ത തുകയായ 75 രൂപ പ്രതിഫലമായി നമ്പ്യാര്‍ക്ക് ലഭിച്ചു.

1949 ല്‍ തമിഴ് നാട് മുഖ്യമന്ത്രി പദത്തിലേക്ക് കണ്ണുംനട്ടിരിക്കുന്ന സി.എന്‍. അണ്ണാദുരെ എഴുതിയ ‘വേലക്കാരി’യില്‍ എം.എന്‍. നമ്പ്യാര്‍ ഇരട്ട വേഷത്തില്‍ അഭിനയിച്ചു. വീട്ടു വേലക്കാരിയുടെ മകളെ സ്‌നേഹിക്കുന്ന മൂര്‍ത്തി എന്ന ദയാലുവായും വഞ്ചകനായ യോഗി ഹരിദാസായും. മികച്ച വിജയം നേടി ഹിറ്റായ വേലക്കാരിയുടെ കഥ അണ്ണാദുരെ പുതിയതായി രൂപീകരിച്ച ദ്രാവിഡ മുന്നേറ്റ കഴകം പാര്‍ട്ടിയുടെ (DMK ) സന്ദേശം വഹിച്ച പടമായിരുന്നു. പാര്‍ട്ടിയുടെ ആശയം ജനങ്ങളിലേക്കെത്തിക്കാന്‍ സിനിമ ഉപയോഗിക്കുകയെന്ന തന്ത്രം തമിഴകത്ത് ആദ്യമായി ആരംഭിച്ചത് ഈ പടത്തിലൂടെയാണ്. ബുദ്ധിമാനായ അണ്ണാദുരെ ജനങ്ങളെ കയ്യിലെടുക്കാന്‍ എഴുതിയ ഈ ചിത്രത്തിലെ വില്ലന്‍ വേഷം എം.എന്‍. നമ്പ്യാരെ സ്ഥിരം പ്രതിനായക വേഷക്കാരനാക്കി.

1950ല്‍ അമേരിക്കക്കാരനായ എലീസ് ഡങ്കന്‍ സംവിധാനം ചെയ്ത ചിത്രമായ ‘മന്ത്രി കുമാരി’ യിലൂടെ ഉയര്‍ന്ന പുതിയ താരമായിരുന്നു എം. ജി. രാമചന്ദ്രന്‍ എന്ന എംജിആര്‍. അതേ ചിത്രത്തില്‍ വില്ലനായായ ഒരു രാജഗുരുവിനെ എം.എന്‍ നമ്പ്യാര്‍ അവതരിപ്പിച്ചു. പടം എഴുതിയത് മുത്തുവേല്‍ കരുണാനിധിയായിരുന്നു. പിന്നീട് തമിഴ് സിനിമയെ കീഴടക്കിയ മൂന്ന് വ്യക്തികളുടെ സംഗമമായിരുന്ന ഈ സിനിമ അക്കാലത്തെ വന്‍ ഹിറ്റുകളിലൊന്നായി.

അരനൂറ്റാണ്ട് നീണ്ടു നിന്ന എം.ജി.ആര്‍. എം.എന്‍. നമ്പ്യാര്‍ ബന്ധം ആരംഭിക്കുന്നതും അന്നു മുതലാണ്. എം.എന്‍. നമ്പ്യാരുടെ വധുവിനെ കണ്ണൂരില്‍ ചെന്ന് കണ്ടതും വിവാഹം നടത്താന്‍ മുന്‍കൈ കെടുത്തതുമൊക്കെ എം.ജി. ആര്‍ ആയിരുന്നു. നമ്പ്യാരുടെ ഭാര്യയായ രുഗ്മണിയെ ഓപ്പോള്‍ എന്നാണ് എം.ജി.ആര്‍ വിളിച്ചിരുന്നത്. ഈ രണ്ടു നടന്മാരില്‍ ഒരാളെ പരാമര്‍ശിക്കുമ്പോള്‍ മറ്റെയാളെ ഒഴിവാക്കാന്‍ കഴിയില്ല എന്ന തലത്തില്‍ ആ ബന്ധം വളര്‍ന്നു. എന്നാല്‍ സ്‌ക്രീനില്‍ എം.ജി.ആര്‍ നല്ലവനും എല്ലാവര്‍ക്കും പ്രിയപ്പെടവനും എം.എന്‍. നമ്പ്യാര്‍ തിന്മയുടെ അവതാരവും പ്രേക്ഷകര്‍ ചീത്ത വിളിക്കുന്നവനുമായിരുന്നു.

‘എത് പടത്തിലും എന്റെ ആദ്യത്തെ രംഗം കാണുമ്പോള്‍ പ്രേക്ഷകന്‍ എന്നെ ചീത്ത വിളിക്കുന്നതിന് എനിക്ക് ഒരു രൂപ വെച്ച് കിട്ടിയിരുന്നെങ്കില്‍ ഞാന്‍ തമിഴ് സിനിമയിലെ ആദ്യത്തെ കോടീശ്വരനായേനെ’ തമിഴ് സിനിമയില്‍ പ്രേക്ഷക മനസ്സില്‍ തന്നെ കുറിച്ചുള്ള ചിത്രം ഒരിക്കല്‍ എം.എന്‍. നമ്പ്യാര്‍ പറഞ്ഞു.

വെള്ളിത്തിരയിലെ എം.ജി. ആര്‍ -എം.എന്‍. നമ്പ്യാര്‍ ശത്രുത്ര സിനിമക്ക് പുറത്ത് എം.ജി. ആര്‍ ആരാധകരെ അന്ധമായി ബാധിച്ചിരുന്നു. യഥാര്‍ത്ഥ ജീവിതത്തിലെ ഒന്നായി അവര്‍ അത് എറ്റെടുത്തു. എം.ജി. ആറും എം.എന്‍ നമ്പ്യാരും നായകനും പ്രതിനായകനുമായി അഭിനയിച്ച ‘ എങ്ക വീട്ടു പിള്ളെ ‘ (1965) തമിഴിലെ സര്‍വ്വകാല ഹിറ്റായിരുന്നു. എം. ജി. ആര്‍ ഡബിള്‍ റോളില്‍ അഭിനയിച്ചു( മലയാളത്തില്‍ ഇത് അജയനും വിജയനും എന്ന പേരില്‍ പ്രേംനസീര്‍ ഇരട്ട റോളില്‍ നായകനായി അഭിനയിച്ച പടമായി പുറത്ത് വന്നിട്ടുണ്ട്).

ഇരട്ട സഹോദരന്മാരായ അഭിനയിച്ച എം.ജി. ആര്‍ ഒരു റോളില്‍ ഒരു പേടിത്തൊണ്ടനായ സഹോദരനും മറ്റേ റോളില്‍ ധൈരൃശാലിയായ ധീര യുവാവുമായിരുന്നു. ഒരു രംഗത്തില്‍ ഭീരുവായ സഹോദരനെ എം.എന്‍. നമ്പ്യാര്‍ ചാട്ട വാറു കൊണ്ടടിച്ച് കുറ്റന്‍ ബംഗ്ലാവിന്റെ മുകള്‍ നിലയിലേക്കുള്ള കോണിപ്പടികള്‍ കേറ്റുന്ന രംഗം ഉണ്ട്. ഈ രംഗം വന്നപ്പോള്‍ തിയേറ്റില്‍ ആരാധകര്‍ എം.എന്‍. നമ്പ്യാരെ ശാപവാക്കുകള്‍ മൂടി. കുറച്ചു കഴിഞ്ഞ് ധൈര്യവാനായ ഇരട്ട സഹോദരന്‍ എം.ജി. ആര്‍ അതേ ചാട്ടവാര്‍ കൊണ്ട് അടിച്ച് എം.എന്‍. നമ്പ്യാരെ തല്ലി കോണിപ്പടി കേറ്റുന്ന രംഗം വന്നപ്പോള്‍ വിസിലടിയും കയ്യടിയും കൊണ്ട് തിയേറ്ററര്‍ നിറഞ്ഞു. കഴിഞ്ഞില്ല. കുറച്ച് ദിവസം കഴിഞ്ഞ് കൊടംമ്പാക്കം പാലത്തിനടുത്തുവെച്ച് എം.എന്‍. നമ്പ്യാരുടെ കാറ് മൂന്നാല് പേര്‍ ചേര്‍ന്ന് തടഞ്ഞു. കാറില്‍ നിന്ന് ഇറങ്ങി പുറത്ത് വരാന്‍ അവര്‍ അദ്ദേഹത്തോട് ആജ്ഞാപിച്ചു. കാറില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ അവരുടെ നേതാവ് എന്ന് തോന്നിപ്പിക്കുന്ന ഒരുവന്‍ അടുത്ത് വന്ന് ചോദിച്ചു, ”അണ്ണനെ തല്ലാന്‍ നിനക്കാരാണ് അധികാരം തന്നത്? ‘നമ്പ്യാര്‍ ചോദിച്ച് നിങ്ങളൊക്കെ ആരാണ്? എത് അണ്ണന്റെ കാര്യമാണ് പറയുന്നത്? എം.ജി.ആറിനെ പടത്തില്‍ തല്ലിയത് കണ്ട് രോഷാകുലരായ ആരാധകരരാണിതെന്ന് മനസിലാക്കിയ എം.എന്‍. നമ്പ്യാര്‍ ആ കട്ട എം.ജി. ആര്‍ ആരാധകരെ തിരുത്താന്‍ ശ്രമിച്ചില്ല. താനിനി അണ്ണക്കെതിരെ ഒരു വിരല്‍ പോലും അനക്കില്ലെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കി. അതോടെ അവര്‍ ശാന്തരായി. എം.എന്‍. നമ്പ്യാര്‍ കാറില്‍ കയറി പോകാന്‍ തുടങ്ങുമ്പോള്‍ അവര്‍ ഉച്ചത്തില്‍ മുദ്രവാക്യം മുഴക്കി’ ‘എം.ജിയാര്‍ അണ്ണാവിന്‍ നന്‍പന്‍ എം.എന്‍. നമ്പ്യാര്‍ വാഴ്ക’. ഇതൊക്കെ നടക്കുന്നത് തമിഴ്‌നാട്ടിലായതിനാല്‍ അത്ഭുതമില്ല.

അതിനിടെ 1952 ല്‍ അമേരിക്കന്‍ സംവിധായകനായ വില്യം ബെര്‍ക്കിന്റെ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഹോളിവുഡ് ചിത്രമായ ‘ജംഗിള്‍’ എന്ന പടത്തില്‍ എം.എന്‍. നമ്പ്യാര്‍ അഭിനയിച്ചു. ഇന്ത്യയില്‍ ഷൂട്ടു ചെയ്ത വന സാഹസിക ചിത്രമായ ജംഗിളില്‍ റോഡ് കാമറൂണ്‍ എന്ന നടനായിരുന്നു നായകന്‍.

1950ല്‍ ‘ദിഗംബര സാമിയാര്‍ എന്ന ചിത്രത്തില്‍ വ്യത്യസ്ത ഉച്ചാരണങ്ങളുള്ള 11 വ്യത്യസ്ത വേഷങ്ങള്‍ നമ്പ്യാര്‍ അവതരിപ്പിച്ചു. ഒരു മലയാളി, തെലുങ്ക്, കന്നഡ, ബ്രാഹ്‌മണന്‍, മുസ്ലീം ഭായി എന്നിങ്ങനെ എല്ലാത്തരം വേഷങ്ങളും ചെയ്തു, ആ റെക്കോഡ് തമിഴ് സിനിമയില്‍ ഇതുവരെ ആരും തകര്‍ത്തിട്ടില്ല.

1963 ല്‍ പ്രശസ്ത സംവിധായകന്‍ ശ്രീധറിന്റെ ‘നെഞ്ചം മറപ്പില്ലെ’ എന്ന ചിത്രത്തില്‍ 100 വയസ്സു പ്രായമുള്ള വില്ലന്‍ കഥാപാത്രയാണ് എം.എന്‍. നമ്പ്യാര്‍ അവതരിപ്പിച്ചത്. 44 കാരനായ എം.എന്‍. നമ്പ്യാര്‍ നൂറു വയസ്സുകാരനാകാന്‍ നീണ്ട മൂന്ന് മണിക്കുറോളം മേയ്ക്കപ്പ് റൂമില്‍ ഇരിക്കേണ്ടി വന്നു. കല്യാണ്‍ കുമാറും ദേവികയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ പടത്തില്‍ എം.എന്‍. നമ്പ്യാരുടെ അഭിനയം മികച്ചതായിരുന്നെങ്കിലും പടം ശ്രദ്ധിക്കപ്പെട്ടില്ല.

ആ കാലത്ത് തെലുങ്കില്‍ എന്‍.ടി. രാമറാവു സൂപ്പര്‍ താരമായി ഉദിച്ചുയരുന്ന കാലമായിരുന്നു. തൊടുന്നതെല്ലാം പൊന്നാക്കുന്ന എന്‍. ടി. ആര്‍ തമിഴില്‍ എം.ജി.ആര്‍ എങ്ങനെയായിരുന്നോ അതിന്റെ ഇരട്ടി പ്രശസ്തിയും ആരാധകരും എന്‍. ടി. ആര്‍ നേടിയിരുന്നു. തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്നു എന്‍.ടി.ആര്‍. 1956 ല്‍ തെലുങ്ക് ചിത്രമായ ബി.എസ്. രംഗറാവുവിന്റെ ‘തെന്നാലി രാമന്‍’-ല്‍ വില്ലനായി അഭിനയിക്കാന്‍ എം.എന്‍. നമ്പ്യാര്‍ക്ക് ക്ഷണം കിട്ടി. തെലുങ്കിലെ അനിഷേധ്യനായ സൂപ്പര്‍ നടന്‍ എന്‍. ടി ആറിനെ കുറിച്ച് മദ്രാസിലെ ചില സിനിമാ സുഹൃത്തുകള്‍ പറഞ്ഞ ചില കഥകള്‍ മനസിലിട്ടാണ് നമ്പ്യാര്‍ ആദ്യ നാള്‍ ഹൈദ്രാബാദിലെ സെറ്റില്‍ ചെന്നത്. തമിഴിലെ ഏറ്റവും മികച്ച വില്ലനായ എം.എന്‍. നമ്പ്യാരെ എന്‍.ടി. ആര്‍ ഊഷ്മളതയോടെ സെറ്റില്‍ സ്വാഗതം ചെയ്തു.

ഷൂട്ടിംഗ് ആരംഭിക്കും മുന്‍പ് വിശ്രമമുറിയില്‍ ഇരുവരും സംസാരം തുടങ്ങിയപ്പോള്‍ വളച്ചു കെട്ടാതെ എം.എന്‍. നമ്പ്യാര്‍ ചോദിച്ചു, ‘എന്‍.ടി.ആര്‍ ഗാരു, താങ്കള്‍ സംഘട്ടന രംഗങ്ങളില്‍ വില്ലന്‍മാരെ ശരിക്കും തല്ലാറുണ്ടോ? ( ഗാരു എന്നാല്‍ മുതിര്‍ന്നവരെ ബഹുമാനപൂര്‍വം തെലുങ്കില്‍ വിളിക്കുന്ന പേര്). എന്‍.ടി. രാമറാവു പൊട്ടിച്ചിരിച്ചു. ‘നമ്പിയാര്‍ ഗാരു, താങ്കള്‍ കേട്ടത് വെറും അതിശയോക്തി മാത്രമാണ്. ഫൈറ്റ് സീനുകളില്‍ ഞാന്‍ മാന്യത പുലര്‍ത്തുന്നവനാണ്. ‘എന്‍.ടി.ആര്‍ പറഞ്ഞു. ഇത് കേട്ടപ്പോള്‍ നെടുവീര്‍പ്പോടെ ആശ്വസിച്ച് എം.എന്‍ നമ്പ്യാര്‍ പറഞ്ഞു. ‘വളരെ നല്ലത്. എനിക്കൊരു ചീത്ത ശീലമുണ്ട്. ഫൈറ്റ് ചെയ്യുമ്പോള്‍ നായകന്‍ കൂടുതല്‍ ഹീറോയിസം എന്നോട് കാണിച്ചാല്‍ ഞാന്‍ തിരിച്ചടിക്കും.’ ഇത് കേട്ട എന്‍.ടി.ആര്‍ ഞെട്ടിത്തരിച്ചു. പിന്നെ, ഒരു പ്രേതത്തെ കണ്ട പോലെ വേഗം മുറിയില്‍ നിന്ന് സ്ഥലം വിട്ടു.

1968 ല്‍ പുറത്തിറങ്ങിയ ശിവാജി പടമായ ലക്ഷ്മി കല്യാണത്തില്‍ ശിവാജിയോടൊപ്പം മികച്ച ഡയലോഗ് പെര്‍ഫോമന്‍നായിരുന്നു എം.എന്‍. നമ്പ്യാരുടേത്. എം. ജി. ആര്‍- ജയലളിത ജോടികളുടെ അഭിനയത്തിലെ നാഴികക്കല്ലായി മാറിയ ‘ആയിരത്തിലൊരുവന്‍ ‘ലെ കടല്‍കൊള്ളക്കാരുടെ തലവനായി മികച്ച അഭിനയം കാഴ്ചവെച്ചതും ആ സിനിമയുടെ ഹൈലൈറ്റ് ആയിരുന്നു.

എഴ് തലമുറയിലെ നടന്മാരുടെ കൂടെ അഭിനയിച്ച എം.എന്‍. നമ്പ്യാര്‍ സിനിമാ ലോകത്ത് ധാര്‍മ്മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു റോള്‍ മോഡല്‍ നടനായിരുന്നു. ഏഴ് പതിറ്റാണ്ട് നീണ്ട തന്റെ ചലചിത്ര ജീവിതത്തില്‍ ഒരു അപവാദമോ, ഗോസിപ്പോ അദ്ദേഹത്തിനെക്കുറിച്ച് ഒരിക്കലും ഉയര്‍ന്നില്ല. നടപ്പു സിനിമാ ശീലങ്ങള്‍ക്ക് അതീതനായിരുന്നു അദ്ദേഹം. രാവണനില്ലാത്ത , രാമായണമോ ദുര്യോധനനില്ലാത്ത മഹാഭാരതമോ സങ്കല്‍പ്പിക്കാനാവാത്ത പോലെ വില്ലനില്ലാത്ത ഒരു തമിഴ് സിനിമ അക്കാലത്ത് സങ്കല്‍പ്പിക്കാനാവില്ല. രാജാപ്പാര്‍ട്ട് നാടകങ്ങളുടെ ചുവട് പിടിച്ച് വളര്‍ന്ന തമിഴ് സിനിമയിലെ അവിഭാജ്യ ഘടകമായിരുന്നു വില്ലന്മാര്‍. തമിഴ് സിനിമയിലെ അവരുടെ സ്വാധീനം വളരെ വലുതായിരുന്നു.

തമിഴിലെ ഏറ്റവും വലിയ വില്ലന്മാരില്‍ ഏറ്റവും അവസാനത്തെ ആളായിരുന്നു എം.എന്‍ നമ്പ്യാര്‍. പി.എസ്. വീരപ്പ, എം.ആര്‍ രാധ, എസ്. എ. അശോകന്‍, ആര്‍. എസ് മനോഹര്‍, പഴയ തലമുറയിലെ വില്ലന്മാര്‍, സിനിമയിലെ ദുഷ്ടന്മാര്‍ ഓരോത്തരായി മങ്ങുകയും രംഗത്ത് നിന്ന് നിഷ്‌ക്രമിക്കുകയും ചെയ്തു. എന്നാല്‍ എം.എന്‍. നമ്പ്യാര്‍ സ്വഭാവ വേഷങ്ങളിലേക്ക് മാറി അഭിനയ ജീവിതത്തില്‍ തന്നെ ഉറച്ചു നിന്നു.

ഓരോ വില്ലന്മാര്‍ക്കും പ്രത്യേകതകള്‍ ഉണ്ടായിരുന്നു. എം. ആര്‍ രാധ തന്റെ ഡയലോഗിലെ ശബ്ദ നിയന്ത്രണം കൊണ്ട് ശ്രദ്ധ നേടിയപ്പോള്‍ വീരപ്പ തന്റെ പരുക്കന്‍ ചിരിയിലൂടെ പ്രസിദ്ധനായി. എം.എന്‍. നമ്പ്യാര്‍ ഇതില്‍ നിന്ന് വ്യത്യസ്തമായി പുരികം വളച്ച്, പുഞ്ചിരിയോടെ വായ് പൊത്തിപ്പിടിച്ചു തല അങ്ങോട്ടും ഇങ്ങോട്ടും കുലുക്കുന്ന ശൈലിയിലൂടെ കൃഷ്ണമണികള്‍ ചലിപ്പിച്ച് ഭീകരതയും ദുഷ്ടതയും പ്രസരിപ്പിച്ചു. കൃത്യമായ ശബ്ദ നിയന്ത്രണത്തോടെ നടത്തിയ പരുക്കനായ അദ്ദേഹത്തിന്റെ ഡയലോഗ് മന്ത്രിക്കല്‍ പോലും പ്രേക്ഷകരില്‍ ഭയം ജനിപ്പിച്ചു.

മലയാളിയായിട്ടും നല്ല തമിഴില്‍ അദ്ദേഹം സംസാരിച്ചു എന്നത് നടന്‍ എന്ന നിലയില്‍ ഒരു പ്ലസ് പോയന്റായിരുന്നു. ഒരു മലയാളിയായിട്ടും തമിഴ് സിനിമാ ലോകം അദ്ദേഹത്തെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തു. ഒരു പ്രത്യേക സംവിധയകന്റെയോ നടന്റെയോ നിര്‍മ്മാതാവിന്റെയോ ഗ്രൂപ്പുകളില്‍, അല്ലെങ്കില്‍ ഒരു തരം തിരിവിലും അദ്ദേഹം പെട്ടില്ല. ശിവാജി , എം.ജി.ആര്‍, ജമിനി ഗണേശന്‍, ആനന്ദന്‍, ജയശങ്കര്‍, രവിചന്ദ്രര്‍, മുത്തു രാമന്‍, കല്യാണ രാമന്‍, ശിവകുമാര്‍, ഭാഗ്യരാജ്, കമലഹാസ്സന്‍. രജനീകാന്ത്, പ്രഭു, വിജയകാന്ത്, അര്‍ജ്ജുന്‍, വിക്രം, പ്രശാന്ത് അങ്ങനെ നീണ്ട നിരയോടൊത്ത് അഭിനയിച്ചു.

1982 ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത് അഭിനയിച്ച ‘തുറല്‍ നിന്ന് പോച്ച്’ എന്ന ചിത്രത്തില്‍ വ്യത്യസ്തമായ ഒരു സ്വഭാവ വേഷം ചെയ്തതോടെ അഭിനയ ജീവിതത്തിലെ വില്ലന്‍ വേഷത്തില്‍ നിന്ന് വേഷപകര്‍ച്ച ഹാസ്യ – സ്വഭാവ നടനിലേക്ക് പരിണമിച്ചു. ശങ്കറിന്റെ ജെന്റില്‍മാന്‍(1993) തുടങ്ങിയ ചിത്രങ്ങളില്‍ ഇത് ശ്രദ്ധേയമാവുകയും ചെയ്തു.

തന്റെ അഭിനയത്തെ രൂപപ്പെടുത്തിയ നാടകത്തെ ഒരിക്കലും അദ്ദേഹം മറന്നില്ല. ചെന്നെയില്‍ നാടക മന്ദ്രം എന്നൊരു സമിതി രൂപീകരിച്ച് നാടകങ്ങള്‍ അവതരിപ്പിച്ചു. അതില്‍ പഴയ തന്റെ നാടകമായ ‘കവിയിന്‍ കനവ്’ പുനസൃഷ്ടിച്ച് അവതരിപ്പിച്ചത് വളരെ ശ്രദ്ധ നേടിയിരുന്നു. മലയാളത്തില്‍ അദ്ദേഹം ആദ്യം അഭിനയിച്ചത് ‘ആത്മസഖി’യാണ് സത്യന്റെ ആദ്യ ചിത്രം. പിന്നീട് തച്ചോളി അമ്പു, മാമാങ്കം, ആവേശം തുടങ്ങിയവയില്‍ വില്ലന്‍ വേഷം ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ വില്ലന്റെ മാനറിസങ്ങള്‍ മലയാള പ്രേക്ഷര്‍ക്ക് രുചിച്ചില്ല. 2001 ല്‍ ഷാര്‍ജ ടു ഷാര്‍ജയിലാണ് എം.എന്‍. നമ്പ്യാര്‍ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. 2006 ല്‍ വിജയകാന്തിനോടൊപ്പം അഭിനയിച്ച സ്വദേശിയായിരുന്നു അവസാന ചലച്ചിത്രം. 1990 തമിഴ് നാട് സര്‍ക്കാറിന്റെ എം.ജി. ആര്‍ പുരസ്‌കാരവും 1967 ല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഉന്നത പുരസ്‌കാരം കലൈമാമണി അവാര്‍ഡ് ഒഴികെ ഒരു ദേശീയ- സംസ്ഥാന അവാര്‍ഡും ദീര്‍ഘകാലം ചലചിത്ര മേഖലയില്‍ സജീവമായിട്ടും അദ്ദേഹത്തിന് ലഭിച്ചില്ല.

ഫിലിം സെറ്റുകളില്‍ ഒരിക്കലും സീനിയര്‍ ജൂനിയര്‍ പദവി നോക്കാതെ എല്ലാവരോടും അദ്ദേഹം ഇടപഴുകി. അദ്ദേഹത്തിന്റെ നര്‍മ്മബോധം സിനിമാ ലോകത്ത് പ്രശസ്തമായിരുന്നു. ഒരിക്കല്‍ രജനീകാന്ത് ഒരു വിമാനത്താവളത്തില്‍ മദ്യലഹരിയില്‍ ചില്ല് ജനാലകള്‍ തല്ലിയുടച്ചു പ്രശ്‌നമുണ്ടാക്കിയ വാര്‍ത്ത കേട്ടപ്പോള്‍ എം.എന്‍ നമ്പ്യാര്‍ പറഞ്ഞു. ‘ബസ് കണ്ടക്ടറായി ജോലി ചെയ്തപ്പോള്‍ ദിവസവും 35 രൂപകിട്ടിയവന് നടനായപ്പോള്‍ കിട്ടുന്നത് ഇപ്പോള്‍ ലക്ഷങ്ങളാണ്. അതിന്റെ കുഴപ്പമാണ്. എന്ത് ചെയ്യും?

2008 നവംബര്‍ 19 ന് എം.എന്‍. നമ്പ്യാര്‍ തന്റെ വേഷം അഴിച്ച് വെച്ച് ലോകത്തോട് വിടപറഞ്ഞു. എം.എന്‍. നമ്പ്യാരുടെ ജന്മശതാബ്ദി വര്‍ഷാഘോഷങ്ങളുടെ ഭാഗമായി 2019 ല്‍ ചെന്നെയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കൊച്ചു മകന്‍ ദീപക് നമ്പ്യാര്‍ തന്റെ മുത്തച്ഛനുള്ള സമര്‍പ്പണമായി ഒരു എം.എന്‍. നമ്പ്യാരുടെ ഓര്‍മ്മക്കുറിപ്പുകള്‍ ‘NAMBIYAR SWAMI ‘The Good Bad and Holy’ പുറത്തിറക്കി. പുസ്തകത്തിന് അവതാരിക എഴുതിയത് തമിഴിലെ ഒരു പ്രശസ്ത നായികയായിരുന്നു. തന്റെ സ്വകാര്യ ജീവിതത്തില്‍ അവരേറ്റവും ബഹുമാനിച്ചിരുന്ന അപൂര്‍വ്വ വ്യക്തിയായിരുന്നു എം.എന്‍ നമ്പ്യാര്‍. തന്നെ സ്‌ക്രീനില്‍ ഒരു പാട് കാലം പുരികം ചുളിച്ച് ഭയപ്പെടുത്തിയ വില്ലന്റെ പുസ്തകത്തിന്റെ അവതാരികയില്‍ അവരെഴുതി; ‘എന്നെ അനുഗ്രഹിച്ച ഒരാളായിരുന്നു അദ്ദേഹം’ – ജയലളിത ജയറാം. MN Nambiar, death anniversary, legendary actor, eight decade long career

Content Summary; MN Nambiar, death anniversary, legendary actor, eight decade long career

അമർനാഥ്‌:
Related Post
Leave a Comment