12 വര്‍ഷത്തെ ഭരണത്തിനിടയില്‍ ആദ്യമായി നരേന്ദ്ര മോദി സര്‍ക്കാരിന് കിട്ടിയ കനത്ത തിരിച്ചടിയാണ് ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടത്. വനിതാ സംവരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 850 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതി ബില്ലാണ് പ്രതിപക്ഷ ഐക്യത്തിന് മുന്നില്‍ തകര്‍ന്നടിഞ്ഞത്. വെള്ളിയാഴ്ച (ഏപ്രില്‍ 17) നടന്ന വോട്ടെടുപ്പില്‍ ബില്ലിന് ആവശ്യമായ മൂന്നിലൊന്ന് ഭൂരിപക്ഷം ലഭിച്ചില്ല.
പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ ഹാജരായ 528 അംഗങ്ങളില്‍ 298 പേര്‍ ബില്ലിനെ അനുകൂലിച്ചും 230 പേര്‍ എതിര്‍ത്തും വോട്ട് ചെയ്തു. ഭരണഘടനാ ഭേദഗതി പാസാക്കാന്‍ 352 വോട്ടുകളുടെ പിന്തുണ ആവശ്യമായിരുന്നു. എന്നാല്‍ സര്‍ക്കാരിന് ലക്ഷ്യത്തിലെത്താന്‍ 54 വോട്ടുകളുടെ കുറവുണ്ടായി. വനിതാ സംവരണത്തിന്റെ പേരില്‍ ഭരണഘടനയില്‍ അട്ടിമറി നടത്താനുള്ള നീക്കമാണ് പരാജയപ്പെടുത്തിയതെന്ന് പ്രതിപക്ഷം അവകാശപ്പെട്ടു. അതേസമയം, രാജ്യത്തെ സ്ത്രീകള്‍ പ്രതിപക്ഷത്തിന് മാപ്പുനല്‍കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പ്രതികരിച്ചു.
വനിതാ സംവരണം ‘പ്രായോഗികമാക്കുക’ എന്ന ലക്ഷ്യത്തോടെ ഭരണഘടനാ ഭേദഗതി ബില്ലിനൊപ്പം ഡിലിമിറ്റേഷന്‍ (മണ്ഡല പുനര്‍നിര്‍ണ്ണയം) ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമ ഭേദഗതി ബില്ലും ചേര്‍ന്ന മൂന്ന് ബില്ലുകളുടെ പാക്കേജാണ് സര്‍ക്കാര്‍ വ്യാഴാഴ്ച അവതരിപ്പിച്ചത്. 2023-ല്‍ വനിതാ സംവരണ നിയമം പാര്‍ലമെന്റ് ഏകകണ്ഠമായി പാസാക്കിയെങ്കിലും, അത് നടപ്പിലാക്കുന്നത് അടുത്ത സെന്‍സസിനും മണ്ഡല പുനര്‍നിര്‍ണ്ണയത്തിനും ശേഷമായിരിക്കുമെന്ന് നിബന്ധന വെച്ചിരുന്നു. ഈ പുതിയ ഭേദഗതിയിലൂടെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 850 ആയി വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇത് സംസ്ഥാനങ്ങള്‍ തമ്മിലുള്ള അധികാര സന്തുലിതാവസ്ഥയെയും കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെയും അട്ടിമറിക്കുമെന്ന് ആരോപണമുയര്‍ന്നു.
സഭയില്‍ നടന്ന ചൂടേറിയ ചര്‍ച്ചയില്‍ അമിത് ഷാ പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിപക്ഷം വനിതാ സംവരണത്തെത്തന്നെയാണ് എതിര്‍ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍ 2023-ലെ നിയമത്തെ പിന്തുണച്ച തങ്ങള്‍, ഭരണഘടനയുടെ അടിസ്ഥാന ശിലകളെ തകര്‍ക്കുന്ന ഇത്തരം നീക്കങ്ങളെയാണ് എതിര്‍ക്കുന്നതെന്ന് പ്രതിപക്ഷം വ്യക്തമാക്കി. സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമ്പോള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും 50 ശതമാനം വര്‍ദ്ധനവ് ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ വാക്കാല്‍ പറഞ്ഞെങ്കിലും അത് ബില്ലില്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് എം.പി കെ.സി. വേണുഗോപാല്‍ രേഖാമൂലം ഉറപ്പ് ആവശ്യപ്പെട്ടപ്പോള്‍, ഒരു മണിക്കൂറിനുള്ളില്‍ ഭേദഗതി കൊണ്ടുവരാമെന്ന് അമിത് ഷാ മറുപടി നല്‍കി. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തെ ബിജെപി സര്‍ക്കാരിന്റെ അനുഭവത്തില്‍, ഒരു വനിതാ പ്രധാനമന്ത്രിയെ നിയമിക്കുമെന്ന് പറഞ്ഞാല്‍ പോലും തങ്ങള്‍ വിശ്വസിക്കില്ലെന്നായിരുന്നു സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രതികരണം.
1971-ലെ സെന്‍സസ് അടിസ്ഥാനമാക്കി നിലനില്‍ക്കുന്ന സീറ്റ് നിയന്ത്രണം നീക്കം ചെയ്യാനും 2011-ലെ സെന്‍സസ് (ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച സെന്‍സസ് എന്ന നിലയില്‍) അടിസ്ഥാനമാക്കി മണ്ഡല പുനര്‍നിര്‍ണ്ണയം നടത്താനുമാണ് ബില്ല് ലക്ഷ്യമിട്ടത്. ഇത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ തിരിച്ചടിയാകുമെന്ന് ആശങ്കയുയര്‍ന്നു. ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമമായി നടപ്പിലാക്കിയ കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് പുതിയ രീതിയില്‍ സീറ്റുകള്‍ കുറയുകയും വടക്കേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് അമിതമായ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ഭരണഘടനാ ഭേദഗതി ബില്‍ പരാജയപ്പെട്ടതോടെ മറ്റ് രണ്ട് ബില്ലുകളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു സ്പീക്കറോട് ആവശ്യപ്പെട്ടു. ഇത് പ്രതിപക്ഷത്തിന്റെ വലിയ വിജയമായി വിലയിരുത്തപ്പെടുന്നു. വനിതാ സംവരണത്തിന്റെ മറവില്‍ ഭരണഘടനയെ തകര്‍ക്കാനുള്ള നീക്കം ഇന്ത്യ തടഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും തമ്മില്‍ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചു. ബിജെപി സര്‍ക്കാരിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയും അഭിപ്രായപ്പെട്ടു. പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനിടയിലാണ് സര്‍ക്കാരിന് ഈ തിരിച്ചടി നേരിടേണ്ടി വന്നത്.
Content Summary: Narendra Modi government’s Constitution Amendment Bill Part of Delimitation Package Fails in Lok Sabha