July 17, 2025 |

‘ഇനിയും തീവ്രവാദത്തെ വെളുപ്പിക്ക്’; പഹല്‍ഗാം പോസ്റ്റില്‍ മോഹന്‍ലാലിനെതിരേ സൈബര്‍ ആക്രമണം

വൻതോതിലുള്ള സൈബർ ആക്രമണമാണ് മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ നടക്കുന്നത്

രാജ്യത്തെയാകമാനം നടുക്കി കൊണ്ടാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ വാർത്തയെത്തുന്നത്. ഭീകരാക്രമണത്തിന്റെ നടുക്കത്തിൽ നെഞ്ചുലഞ്ഞ് നിൽക്കുന്ന രാജ്യത്തിന് പിന്തുണ അറിയിച്ചും, ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തിയും നിരവധി പ്രമുഖരാണ് രം​ഗത്തുവന്നിരിക്കുന്നത്. ആക്രമണത്തിൽ 29 പേരോളമാണ് കൊല്ലപ്പെട്ടത്. സംഭവത്തെ അപലപിച്ച് മോഹൽലാൽ പങ്കു വച്ച പോസ്റ്റിന് താഴെ വിദ്വേഷ കമന്റുകളുടെ പ്രളയമാണ്. വൻതോതിലുള്ള സൈബർ ആക്രമണമാണ് മോഹൻലാലിനും പൃഥ്വിരാജിനുമെതിരെ നടക്കുന്നത്. മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന എമ്പുരാൻ സിനിമയുമായി ബന്ധപ്പെടുത്തി കൊണ്ടാണ് സാമൂഹ്യ മാധ്യമങ്ങളിൽ നെഗറ്റീവ് കമന്റുകളുയരുന്നത്.

”പ​ഹൽ​ഗാം ഭീകരാക്രമണത്തിലെ ഇരകളെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും വലിയ ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വേദനാജനകമാണ്. നിരപരാധികളുടെ ജീവൻ അപഹരിക്കുന്നത് ഒരിക്കലും അം​ഗീകരിക്കാൻ സാധിക്കുന്നതല്ല. ദുഃഖിക്കുന്ന കുടുംബാ​ഗങ്ങൾക്ക്, നിങ്ങളുടെ ദുഃഖം വാക്കുകൾക്ക് അതീതമാണെന്ന് അറിയാം. മുഴുവൻ രാജ്യവും ഈ ദുഃഖത്തിൽ നിങ്ങളോടൊപ്പം നിൽക്കുന്നു. നമുക്ക് പരസ്പരം മുറുകെ പിടിക്കാം. ഇരുട്ടിന്റെ മുഖത്ത് പോലും സമാധാനം നിലനിൽക്കുമെന്ന പ്രതീക്ഷ കൈവിടരുത്” മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഒരു എമ്പുരാൻ കൂടിയെടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്, പത്ത് പുത്തന് വേണ്ടി ഇനി ഇതിനെയും വെളുപ്പിച്ച് സിനിമയെടുക്കരുത്, എന്നിങ്ങനെയാണ് മോഹൻലാലിനെ അധിക്ഷേപിച്ചു കൊണ്ടുള്ള കമന്റുകൾ. മോഹൻലാലിന്റെ പോസ്റ്റിന് താഴെ പൃഥ്വിരാജിനെതിരെയും അസഭ്യവർഷങ്ങൾ ഉയരുന്നുണ്ട്. ”അടുത്ത രായപ്പൻ്റെ പടം ഈ തീവ്രവാദി പന്നികളെ വെളുപ്പിക്കുന്നതായിരിക്കും” , ”ലാലേട്ടാ… നിങ്ങളൊക്കെ സിനിമയിൽ വെള്ളപൂശിയത് ഇമ്മാതിരി ജൈഷേ മുഹമ്മദ്‌ ഇസ്ലാമിക തീവ്രവാദികളെയാണ്. എന്നിട്ട് ഇപ്പോൾ അപലപിക്കാൻ വന്നിരിക്കുന്നു ” എന്നിവയാണ് മോഹൻലാലിന്റെ പോസ്റ്റിന് താഴെ പൃഥ്വിരാജിനെ വിമർശിച്ചു കൊണ്ടുള്ള ചില കമന്റുകൾ. എന്നാൽ മോഹൻലാലിനെതിരെ ഇത്തരം വിദ്വേഷ പരാമർശങ്ങൾ വരുന്നതിൽ നിരാശ പങ്കു വയ്ക്കുന്നവരുമുണ്ട്. ​ഗുജറാത്ത് കലാപത്തെ പരാമർശിച്ചു കൊണ്ടുള്ള എമ്പുരാനിലെ ഭാ​ഗങ്ങളെ ചൊല്ലിയുള്ള സംഘപരിവാർ അമർഷം കെട്ടടങ്ങുന്നതിന് മുമ്പാണ് പഹൽ​ഗാമിലെ ആക്രമണത്തിന്റെ വാർത്തയെത്തുന്നത്. ഇതിനെതിരെയാണ് സംഘപരിവാർ വീണ്ടും വിദ്വേഷം അഴിച്ചു വിട്ടിരിക്കുന്നത്.

ഈ വിഷയത്തിൽ ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് പ്രതികരിച്ചില്ലെന്ന് ആരോപിച്ചാണ് പൃഥ്വിരാജ് മുമ്പൊരിക്കൽ പങ്കു വച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെയും വിമർശനവുമായി ആളുകളെത്തിയത്. ”എന്റെ സയീദ് മസൂദിനു നൂറു പച്ച പുളപ്പൻ അഭിവാദ്യങ്ങൾ” , ”ഞങ്ങളുടെ സഹോദരങ്ങളേ കാശ്മീരിൽ TRF തീവ്രവാദികൾ കൊന്നു തള്ളിയിട്ടുണ്ട് ഞങ്ങൾക്ക് വളരെയധികം ദുഃഖമുണ്ട്, നിനക്ക് കോൾ ആണല്ലോടാ രായപ്പാ L3 TRFനെ വെളുപ്പിച്ച പടം എടുക്കാലോ”, ”പൃഥ്വിരാജ് പഹൽഗാം ഭീകരാക്രമണത്തെ ന്യായീകരിച്ച് ഉടൻ തന്നെ പുതിയ സിനിമയുടെ സംവിധാനം ചെയ്യുന്നതായിരിക്കും” എന്നിങ്ങനെ അതിരൂക്ഷ വിമർശനങ്ങളാണ് പൃഥ്വിരാജിനും എമ്പുരാനിലെ കഥാപാത്രം സയ്യിദ് മുഹമ്മദിനും എതിരെ ഉയർത്തുന്നത്.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ എന്ന സിനിമയിൽ ​ഗുജറാത്ത് വംശഹത്യയും വർ​ഗീയതയെ കൂട്ടുപിടിച്ച് മുസ്ലിങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങളും കടന്നുവരുന്നുണ്ട്. ഇത് സംഘപരിവാറിനെ ചൊടിപ്പിച്ചതോടെ സിനിമക്കെതിരെ ബഹിഷ്കരണ ആഹ്വാനവും സൈബർ ആക്രണവുമായാണ് സംഘപരിവാർ രം​ഗത്ത് വന്നത്.
content summary: Mohanlal’s Post on Pahalgam Terror Attack Draws Hateful Comments

Leave a Reply

Your email address will not be published. Required fields are marked *

×