June 30, 2026 |
Share on

ശതകോടീശ്വരന്മാരുടെ താവളം, ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരം; മൊണാക്കോയെ ഞെട്ടിച്ച് സ്‌ഫോടനം

ഭീകരാക്രമണം അല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യുക്രെയ്ന്‍ വംശജനായ ശതകോടീശ്വരനെയും കുടുംബത്തെയും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്‌

അതിസമ്പന്നരുടെ സുരക്ഷിത താവളമെന്ന് പേരുകേട്ട മൊണാക്കോയെ നടുക്കി ബോംബ് സ്‌ഫോടനം. യുക്രെയ്ന്‍ വംശജനായ ശതകോടീശ്വരനും വ്യവസായ പ്രമുഖനുമായ വാദിം ഇര്‍മോളയേവ്, ഭാര്യ, ഇവരുടെ 13 വയസ്സുള്ള മകന്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. മൊണാക്കോയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത സംഭവമാണ് നടന്നത്.

അതേസമയം, പൊലീസിന്റെ പ്രാഥമിക നിഗമനം, ഇതൊരു ഭീകരാക്രമണം അല്ലെന്നും ഇര്‍മോളയേവിനും കുടുംബത്തിനെയും ലക്ഷ്യമിട്ടുള്ള വധശ്രമമാണെന്നുമാണ്. ആദ്യഘട്ട അന്വേഷണങ്ങള്‍ക്ക് ശേഷം ഇതൊരു ഭീകരാക്രമണമല്ലെന്ന് സ്ഥിരീകരിച്ചതായി മൊണാക്കോ പ്രോസിക്യൂട്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിട്ടുണ്ട്. വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച അധികൃതര്‍, അക്രമിയെ തിരിച്ചറിയാനുള്ള ഊര്‍ജ്ജിത ശ്രമങ്ങളിലാണ്.

തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ ആഡംബര അപ്പാര്‍ട്ട്‌മെന്റിന്റെ ലോബിയില്‍ വെച്ചിരുന്ന പാര്‍സല്‍ ബോംബ് പൊട്ടിത്തെറിച്ചാണ് വാദിം ഇര്‍മോളയേവിനും ഭാര്യക്കും മകനും പരിക്കേറ്റത്. അതിശക്തമായ സ്‌ഫോടനമാണ് നടന്നതെന്ന് മൊണാക്കോ സര്‍ക്കാര്‍ വ്യക്തമാക്കി. ബോംബില്‍ ബോള്‍ട്ടുകളും പെല്ലറ്റുകളും നിറച്ചിരുന്നതായും മൊണാക്കോ സ്റ്റേറ്റ് മിനിസ്റ്റര്‍ ക്രിസ്റ്റഫ് മിര്‍മണ്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന്റെ മുന്‍ഭാഗവും സമീപത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ചില്ലുകള്‍ തെറിച്ചു കൊണ്ട് മറ്റ് നാല് പേര്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനം ലക്ഷ്യമിട്ടവരുടെ പേരുവിവരങ്ങള്‍ പ്രോസിക്യൂട്ടര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ഇരകള്‍ ഇര്‍മോളയേവും കുടുംബവുമാണെന്ന് ഫ്രഞ്ച് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇര്‍മോളയേവിന്റെ ഭാര്യയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്. ഇര്‍മോളയേവ് അപകടനില തരണം ചെയ്തതായും കുട്ടിയുടെ പരിക്ക് സാരമുള്ളതല്ലെന്നും പ്രോസിക്യൂട്ടര്‍ സ്ഥിരീകരിച്ചു.

സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ അക്രമി ഫ്രാന്‍സ് അതിര്‍ത്തി ലക്ഷ്യമാക്കി ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കറുത്ത ടോപ്പും ബക്കറ്റ് ഹാറ്റും ധരിച്ച പ്രതിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഫ്രഞ്ച് മാധ്യമങ്ങള്‍ പുറത്തുവിട്ടു. പ്രതി ഫ്രാന്‍സിലേക്ക് കടന്നതായാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. മൊണാക്കോയുടെ ഒരതിര് മെഡിറ്ററേനിയന്‍ കടലും മറ്റ് മൂന്ന് വശങ്ങളും ഫ്രാന്‍സുമായാണ് അതിര്‍ത്തി പങ്കിടുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി പരിശോധനകളോ നിയന്ത്രണങ്ങളോ ഇല്ലെന്നതും ഇറ്റലി വളരെ അടുത്താണെന്നതും പ്രതിക്കായുള്ള തിരച്ചില്‍ സങ്കീര്‍ണ്ണമാക്കുന്നുണ്ട്. ഫ്രഞ്ച് പൊലീസിന്റെ കൂടി സഹകരണത്തോടെ അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് വലിയ തോതിലുള്ള തിരച്ചിലാണ് ഇപ്പോള്‍ നടക്കുന്നത്.

ഈ ആക്രമണത്തെ ‘അങ്ങേയറ്റം നീചമായ പ്രവൃത്തി’ എന്ന് വിശേഷിപ്പിച്ച മൊണാക്കോ ഭരണാധികാരി പ്രിന്‍സ് ആല്‍ബര്‍ട്ട് രണ്ടാമന്‍, രാജ്യത്തെ എല്ലാ സുരക്ഷാ ഏജന്‍സികളെയും പ്രതിയെ പിടികൂടാനായി രംഗത്തിറക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി. മൊണാക്കോയുടെ ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഭരണകൂടം അറിയിച്ചു.

യുക്രെയ്‌നിലെ ഡിനിപ്രോ നഗരത്തില്‍ നിന്നുള്ള വാദിം ഇര്‍മോളയേവ്, അലഫ് എന്ന വന്‍കിട വ്യവസായ-റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പിന്റെ സ്ഥാപകനാണ്. ഫോര്‍ബ്‌സ് മാസികയുടെ യുക്രെയ്‌നിലെ ഏറ്റവും ധനികരായ 100 പേരുടെ പട്ടികയില്‍ ഇദ്ദേഹം ഇടംപിടിച്ചിരുന്നു. 2019-ല്‍ യുക്രെയ്ന്‍ പൗരത്വം ഉപേക്ഷിച്ച ഇദ്ദേഹം സൈപ്രസ് പൗരത്വം സ്വീകരിക്കുകയായിരുന്നു. യുക്രെയ്‌നിലെ നികുതി, നിയമ വ്യവസ്ഥകളിലെ പോരായ്മകള്‍ കാരണമാണ് രാജ്യാന്തര സുരക്ഷയ്ക്കായി താന്‍ പൗരത്വം മാറിയതെന്ന് 2024-ല്‍ ഫോര്‍ബ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം പറഞ്ഞിരുന്നു.

റഷ്യന്‍ അധിനിവേശ പ്രദേശങ്ങളിലെ റഷ്യന്‍ കമ്പനികളുമായി ബിസിനസ് ബന്ധം പുലര്‍ത്തുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് 2023-ല്‍ യുക്രെയ്ന്‍ സര്‍ക്കാര്‍ ഇദ്ദേഹത്തിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇര്‍മോളയേവ് പരസ്യമായി റഷ്യന്‍ അനുകൂല നിലപാടുകള്‍ ഒന്നും എടുത്തിരുന്നില്ല. 2022-ല്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഡിനിപ്രോ വിമാനത്താവളത്തില്‍ പാര്‍ക്ക് ചെയ്തിരുന്ന തന്റെ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നതായി ഇദ്ദേഹം വ്യക്തമാക്കിയിരുന്നു. റഷ്യന്‍ അധിനിവേശം ആരംഭിച്ചതുമുതല്‍ മൊണാക്കോയിലായിരുന്നു ഇര്‍മോളയേവും കുടുംബവും താമസം.

വലിപ്പത്തില്‍ വത്തിക്കാന്‍ സിറ്റിക്ക് പിന്നിലായി ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്വതന്ത്ര രാജ്യമാണ് മൊണാക്കോ. ഫ്രാന്‍സിന്റെ തെക്കന്‍ തീരത്തോട് ചേര്‍ന്ന്, മെഡിറ്ററേനിയന്‍ കടലിന്റെ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. മൂന്ന് വശവും ഫ്രാന്‍സിനാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. ഇതൊരു പ്രിന്‍സിപ്പാലിറ്റി ആണ്. അതായത്, ഒരു രാജാവല്ല, മറിച്ച് ഒരു പ്രിന്‍സ് ആണ് രാജ്യം ഭരിക്കുന്നത്. നിലവിലെ ഭരണാധികാരി പ്രിന്‍സ് ആല്‍ബര്‍ട്ട് രണ്ടാമനാണ്.

മൊണാക്കോയില്‍ വ്യക്തിഗത വരുമാന നികുതി ഇല്ലാത്തതിനാല്‍ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്മാര്‍ താമസം ഉറപ്പിച്ചിരിക്കുന്നത് ഇവിടെയാണ്. ലോകത്തില്‍ ഏറ്റവും കുറവ് കുറ്റകൃത്യങ്ങള്‍ നടക്കുന്ന, ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്ന് എന്നതാണ് മൊണാക്കോയുടെ മറ്റൊരു പ്രത്യേകത. അക്രമങ്ങളും കുറ്റകൃത്യങ്ങളും തീരെയില്ലാത്ത, ലോകത്തെ ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നെന്ന് ഇതുവരെ പേരുകേട്ടിരുന്ന മൊണാക്കോയില്‍ ഉണ്ടായ ഈ സ്‌ഫോടനം അവിടുത്തെ കോടീശ്വരന്മാരായ താമസക്കാരെ വലിയ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. ഭയപ്പെടുത്തുന്ന ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്നും മൊണാക്കോയില്‍ ഇത്തരം സംഭവങ്ങള്‍ കണ്ട് ശീലമില്ലാത്തതിനാല്‍ തങ്ങള്‍ ഇപ്പോഴും കടുത്ത ആഘാതത്തിലാണെന്നും സമീപവാസികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Content Summary; Monaco parcel bomb attack on Ukrainian tycoon Vadym Iermolaiev, treating it as an attempted assassination as the manhunt expands into France

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×