June 06, 2026 |
Share on

മോണ്ട് ബ്ലാങ്ക് പേനയും ആപ്പിള്‍ വാച്ചും: സിപിഎം നേതാവ് പിടിച്ച പുലിവാല്

ബംഗാള്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഋതബ്രത ബാനര്‍ജിയ്‌ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

30,000 രൂപയ്ക്ക് മുകളില്‍ വില വരുന്ന മോണ്ട് ബ്ലാങ്ക് പേനയും 27,000 രൂപയ്ക്ക് മുകളില്‍ വില വരുന്ന ആപ്പിള്‍ സ്മാര്‍ട്ട് വാച്ചുമായി സിപിഎം എംപി ഋതബ്രത ബാനര്‍ജിയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സുമിത് താലൂക്ദാര്‍ എന്നയാളാണ് ഫോട്ടോ ഇട്ടത്. സിലിഗുഡിയില്‍ ഈസ്റ്റ് ബംഗാളും മോഹന്‍ ബഗാനും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം കണ്ടുകൊണ്ടിരിക്കുന്ന ഋതബ്രതയുടെ ചിത്രമാണ് വിവാദമായത്. ഇതേ തുടര്‍ന്ന് ഇത്തരത്തില്‍ ആഡംബര ജീവിതം നയിക്കാന്‍ മാത്രമുള്ള വരുമാനം ഋതബ്രതയ്ക്ക് എവിടെ നിന്നാണ് എന്ന ചോദ്യമുയര്‍ന്നു.

ഇത് പാര്‍ട്ടി തത്വങ്ങള്‍ക്ക് വിരുദ്ധമല്ലേ എന്ന് സുമിത് ചോദിച്ചിരുന്നു. എംപിയുടെ ശമ്പളത്തില്‍ ഭൂരിഭാഗവും പാര്‍ട്ടിക്ക് ലെവിയായി കൊടുത്ത് അതില്‍ നിന്ന് പാര്‍ട്ടി നല്‍കുന്ന തുക കൊണ്ടാണ് സിപിഎം എംപിമാര്‍ മുന്നോട്ട് പോകുന്നതെന്നിരിക്കെ ഇത്തരം ആഡംബരം എങ്ങനെ സാദ്ധ്യമാകും എന്ന് സുമിത് ചോദിച്ചു. സംഭവം വലിയ വാര്‍ത്തയായതോടെ സുമിതിനെതിരെ നടപടി ആവശ്യപ്പെട്ട് സുമിത് ജോലി ചെയ്യുന്ന ബംഗളൂരുവിലെ കമ്പനിയ്ക്ക് ഋതബ്രത ബാനര്‍ജി ഋതബ്രത മെയില്‍ അയച്ചു. ഇത് കൂടുതല്‍ വിവാദമായി.

ഡല്‍ഹി പൊലീസില്‍ പരാതി നല്‍കാന്‍ പോവുകയാണെന്ന് ഋതബ്രത ഭീഷണി മുഴക്കിയിരുന്നു. സിപിഎം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഋതബ്രത പിന്മാറിയത്. പാര്‍ട്ടിക്കാകെ നാണക്കേടുണ്ടാക്കിയ സംഭവത്തില്‍ ഋതബ്രതയ്‌ക്കെതിരെ നടപടി സ്വീകരിക്കാന്‍ ബംഗാള്‍ ഘടകത്തിന് പൊളിറ്റ് ബ്യൂറോ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും മെയില്‍ അയച്ച കാര്യം ഋതബ്രത നിഷേധിച്ചിട്ടില്ല. സുമിത് താലുക്ദാറും മാദ്ധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഋതബ്രത ബാനര്‍ജിയുടെ രാജ്യസഭാ അംഗത്വത്തെ ശക്തമായി പിന്തുണച്ച ബുദ്ധദേബ് ഭട്ടാചാര്യ അടക്കമുള്ള നേതാക്കളൊന്നും നിലവില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കുന്നില്ല. ബാനര്‍ജി മെയില്‍ അയച്ച കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത് സിപിഎം അനുഭാവിയായ സുബ്രത മണ്ഡല്‍ എന്നയാളാണ്. ബംഗാള്‍ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ഋതബ്രത ബാനര്‍ജിയ്‌ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

വായനയ്ക്ക്: https://goo.gl/oC9BFc

Leave a Reply

Your email address will not be published. Required fields are marked *

×