UPDATES

ട്രെന്‍ഡിങ്ങ്

‘ചാര്‍ജ് എടുക്കുന്നതിന് മുമ്പ് വേണം വീടും കാറും’ 

ട്രെയ്‌നി ഐഎഎസ് ഓഫിസര്‍ പൂജ ഖേദ്കറിനെതിരേ കൂടുതല്‍ പരാതികള്‍

                       

അധികാര ദുര്‍വിനിയോഗം നടത്തിയെന്നു കണ്ടെത്തിയ ഐഎഎസ് ഓഫിസര്‍ പൂജ ഖേദ്കറുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ പുറത്ത്. സ്വകാര്യ വാഹനത്തില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ചതിനു പിന്നാലെ നേരിട്ട ആരോപണങ്ങളെ തുടര്‍ന്ന് 2023 ബാച്ച് പ്രൊബേഷണറി ഐഎഎസ് ഓഫിസറായ പൂജയെ മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. അധികാര ദുര്‍വിനിയോഗമായിരുന്നു കുറ്റം.

സ്വകാര്യ വാഹനത്തില്‍ സയറണ്‍ പിടിപ്പിക്കുക, വിഐപി നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുക, സ്വകാര്യ അഡംബര വാഹനത്തില്‍ ‘ മഹാരാഷ്ട്ര സര്‍ക്കാര്‍’ സ്റ്റിക്കര്‍ പതിപ്പിക്കുക തുടങ്ങി ഇവര്‍ക്കെതിരേ ഇപ്പോള്‍ കൂടുതല്‍ പരാതികള്‍ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

പുനെ അസിസ്റ്റന്റ് കളക്ടറായി ചാര്‍ജ് എടുക്കുന്നതിന് മുമ്പേ തന്നെ പ്രത്യേകം വസതിയും കാറും പൂജ ആവശ്യപ്പെട്ടിരുന്നുവെന്നതാണ് മറ്റൊരു ഗുരുതരമായ ആക്ഷേപം. ജില്ല കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയിലാണ് പൂജയുടെ വിചിത്രമായ ആവശ്യങ്ങളെക്കുറിച്ചു പറഞ്ഞിരിക്കുന്നത്.

പൂനെ അഡീഷണല്‍ കളക്ടര്‍ അജയ് മോറെയുടെ ഓഫിസ്, അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ കൈയേറി ഉപയോഗിച്ചതെന്നതാണ് മറ്റൊരു പരാതി. ഓഫിസ് ഫര്‍ണീച്ചറുകള്‍ നീക്കം ചെയ്തു, ലെറ്റര്‍ ഹെഡ് ആവശ്യപ്പെട്ടു തുടങ്ങിയവയും പരാതികള്‍ ഉള്‍പ്പെടുന്നു. ഇത്തരം സൗകര്യങ്ങളൊന്നും ജൂനിയര്‍ ലെവലിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അനുവദനീയമല്ല. 24 മാസത്തെ പ്രൊബേഷന്‍ കാലത്ത് സാധ്യമാകാത്ത സൗകര്യങ്ങള്‍ക്കായാണ് പൂജ വാശി പിടിച്ചത്.

പൂജയെക്കൊണ്ട് നിര്‍ബന്ധപൂര്‍വം ഓരോരോ ആവശ്യങ്ങളായി മുന്നോട്ടു വയ്പ്പിച്ചത് മഹാരാഷ്ട്ര സര്‍ക്കാരിലെ മുന്‍ ഉദ്യോഗസ്ഥനായ അവരുടെ പിതാവ് ദിലീപ് ഖേദ്കര്‍ ആണെന്ന ആക്ഷേപവും പൂജ ഖേദ്കറിനെതിരായ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ എഴുതുന്നത്. പൂജയുടെ അച്ഛന്‍ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ 40 കോടിയായിരുന്നു ദിലീപ് ഖേദ്കറിന്റെ ആസ്തിയായി കാണിച്ചിരുന്നത്. എന്നാല്‍ പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കില്‍ അവരുടെ വാര്‍ഷിക വരുമാനം വെറും എട്ടു ലക്ഷം രൂപയായിരുന്നുവെന്നും ദേശീയ മാധ്യമങ്ങളില്‍ പറയുന്നു.

മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്ക് പൂജ ഖേദ്കറെ കുറിച്ച് പൂനെ ജില്ല കളക്ടര്‍ സുഹാസ് ദിവാസെ പരാതി നല്‍കിയതിനു പിന്നാലെയാണ് ജൂനിയര്‍ ഐഎഎസ് ഓഫിസര്‍ക്കെതിരേ നടപടി. പൂനെയില്‍ നിന്നും വാശിമിലേക്കാണ് അവരെ സ്ഥലം മാറ്റിയിരിക്കുന്നത്.

അതേസമയം, പൂജ ഖേദ്കറിന്റെ ഐഎഎസ് സിലക്ഷനെതിരേയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഒബിസി വിഭാഗത്തിലാണെന്ന് കണിക്കാന്‍ തെറ്റായ സര്‍ട്ടിഫിക്കറ്റുകളാണ് പൂജ സമര്‍പ്പിച്ചതെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇളവ് ലഭിക്കുന്നതിനായി, കാഴ്ച്ച പരിമിതിയുള്ളതും മാനസിക വെല്ലുവിളി നേരിടുന്നതുമായ വ്യക്തിയാണെന്ന് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പൂജ നേരിടുന്നുണ്ടെന്ന് സ്ഥിരീകരിക്കാന്‍ ആവശ്യമായ നിര്‍ബന്ധിത വൈദ്യപരിശോധനയ്ക്ക് അവര്‍ തയ്യാറായതുമില്ല. ന്യൂഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍ പരിശോധന നടത്തണമെന്നായിരുന്നു നിര്‍ദേശം. സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പ്രകാരം, അഞ്ചു തവണയാണ് വൈദ്യ പരിശോധനയ്ക്ക് വിധേയയാകാതെ അവര്‍ മുങ്ങിയത്. കോവിഡ് ബാധിതയാണ് തുടങ്ങിയ കാരണങ്ങളായിരുന്നു പറഞ്ഞത്. ആറാമത്തെ തവണ ഹാജരായപ്പോഴാകട്ടെ പകുതി പരിശോധനകള്‍ മാത്രമാണ് ചെയ്തത്. കാഴ്ച്ച വൈകല്യം ഉണ്ടോയെന്ന് കണ്ടെത്താനുള്ള എംആര്‍ഐ പരിശോധനയ്ക്ക് അവര്‍ തയ്യാറായില്ലെന്നും പറയുന്നു.

പൂജ ഖേദ്കറിന്റെ സിലക്ഷനെതിരേ യുണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ തന്നെ രംഗത്തു വന്നിരുന്നു. 2023 ഫെബ്രുവരിയില്‍ പൂജയ്‌ക്കെതിരേ ഒരു ട്രിബ്യൂണല്‍ വിധിയും വന്നതാണ്. എങ്കിലും അവര്‍ ഐഎഎസ് ഉറപ്പിച്ചെടുക്കുകയായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 841 ആയിരുന്നു പൂജ ഖേദ്കറിന്റെ റാങ്ക്.  more complaints against puja khedkar on probation ias officer who transferred over alleged misuse of power

Content Summary; puja khedkar on probation ias officer who transferred over alleged misuse of power

Share on

മറ്റുവാര്‍ത്തകള്‍