യുക്രെയ്നെ സഹായിക്കാൻ സംഭാവന നൽകിയതിന്റെ പേരിൽ തടവിലടച്ച റഷ്യൻ-അമേരിക്കൻ വനിത കെസാനിയ കർലീന വിട്ടയച്ച് റഷ്യ. കെസാനിയ കർലീനയെ മോസ്കോ വിട്ടയച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ടിന് പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി സ്ഥിരീകരിക്കുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിൽ തടവുകാരുടെ കൈമാറ്റം സംബന്ധിച്ച് ധാരണയായതായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. യുക്രെയ്‌നിനെ പിന്തുണയ്ക്കുന്ന യുഎസ് ആസ്ഥാനമായുള്ള ഒരു ചാരിറ്റിക്ക് 50 യുഎസ് ഡോളറിലധികം തുകയാണ് കെസാനിയ സംഭാവന ചെയ്തത്. തുടർന്ന് രാജ്യദ്രോഹക്കുറ്റം ചുമത്തി 33 കാരിയായ ക്സെനിയ കരേലിനയെ റഷ്യൻ കോടതി 12 വർഷം തടവിന് ശിക്ഷിക്കുകയായിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കെസാനിയ കർലീനയെ തടവിലടക്കുന്നത്.
അമേരിക്കക്കാരിയായ കെസാനിയ കർലീന അമേരിക്കയിലേക്ക് യാത്ര തിരിച്ചിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ മാർക്കോ റൂബിയോ എഴുതി. ഒരു വർഷത്തിലേറെയായി റഷ്യ അവരെ തടങ്കലിൽ വച്ചിരുന്നു, പ്രസിഡന്റ് ട്രംപാണ് അവരുടെ മോചനം ഉറപ്പാക്കിയത് ട്രംപ് എല്ലാ അമേരിക്കക്കാരുടെയും മോചനത്തിനായി തുടർന്നും പ്രവർത്തിക്കുമെന്നും മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ എകറ്റെറിൻബർഗിൽ വച്ച് കെസാനിയ കർലീന അറസ്റ്റ് ചെയ്യുകയും യുക്രേനിയൻ സൈന്യത്തിനായി പണം സ്വരൂപിച്ചുവെന്നാരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി ഓഗസ്റ്റിൽ 12 വർഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. കരേലിന, ഉക്രേനിയൻ സൈന്യത്തിന് ഉപകരണങ്ങൾക്കും വെടിക്കോപ്പുകൾക്കും പണം അയച്ചതായി അംഗീകരിച്ചിരുന്നു. ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റാസോം ഫോർ യുക്രെയ്ൻ എന്ന സംഘടനയ്ക്ക് ആണ് കെസാനിയ കർലീന സംഭാവന കൈമാറിയത്. കെസാനിയയുടെ അറസ്റ്റിൽ നിരാശ അറിയിച്ച് സംഘടന രംഗത്തു വന്നിരുന്നു. സമീപ വർഷങ്ങളിലായുള്ള റഷ്യ യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് അമേരിക്കയും റഷ്യയും തമ്മിലുണ്ടായിരുന്ന ശീതയുദ്ധത്തിന്റെ ഫലമായി തടവിലാക്കപ്പെട്ടവരിൽ ഒരാളാണ് കെസാനിയ .
നയനന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇസ്താംബൂളിൽ റഷ്യയും അമേരിക്കയുമായി ഉടൻ ചർച്ചകൾ നടന്നേക്കുമെന്ന് സൂചനയുണ്ട്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഒരു അമേരിക്കൻ അധ്യാപകനെ റഷ്യ മോചിപ്പിച്ചത് ഈ ഫെബ്രുവരിയിൽ ആയിരുന്നു. മുൻ ബാലെറ്റ് നൃത്തകിയായ കെസാനിയ കർലീന ഒരു അമേരിക്കൻ പൗരനെ വിവാഹം കഴിച്ച് യുഎസിലേക്ക് മാറിയതിന് ശേഷമാണ് അമേരിക്കൻ പൗരത്വം നേടുന്നത്. കഴിഞ്ഞ വർഷം റഷ്യയിലേക്ക് തന്റെ കുടുംബത്തെ സന്ദർശിക്കാൻ പോകുമ്പോഴായിരുന്നു കെസാനിയ കർലീനയെ അറസ്റ്റ് ചെയ്യുന്നത്. കെസാനിയയുടെ മോചനത്തിൽ ട്രംപിന് നന്ദി അറിയിച്ച് കുടുംബം രംഗത്തു വന്നിട്ടുണ്ട്.
content summary: Moscow has released Ksenia Karelina, a US-Russian dual national who had been held in detention in Russia.