നിങ്ങള്‍ എപ്പോളെങ്കിലും ചുഴികളില്‍ പെട്ട് പോയിട്ടുണ്ടോ, ബ്ലൂസ്, ഡിപ്രെഷന്‍ എന്നൊക്കെ വിളിക്കപ്പെടുന്ന ചുഴികളില്‍. ഒരിക്കല്‍ പെട്ട് പോയവര്‍ക്കറിയാം, കയറി വരിക അത്ര എളുപ്പമല്ലെന്ന്. ചുഴി തന്നെയാണ്, കയറി വരാന്‍ ശ്രമിക്കുമ്പോളൊക്കെ കൂടുതലായി താഴ്ന്ന് പോവുന്നതായാണ് തോന്നുക. ചുറ്റും ചേര്‍ത്ത് പിടിക്കാന്‍ ആളുണ്ടെങ്കില്‍ പോലും ഉപേക്ഷിക്കപ്പെട്ടു എന്നൊക്കെയാണ് ചിലപ്പോള്‍ തോന്നുക. മോട്ടിവേഷന്‍ മെസ്സേജുകളൊക്ക നമ്മുടെ ശവപ്പെട്ടിയില്‍ അടിക്കുന്ന ആണികളായി തോന്നും. ഇതൊക്കെ ആരിലും സംഭവിക്കാവുന്ന കാര്യങ്ങളാണ്, എന്നാല്‍ ഇവിടെ പെണ്ണിനായി റിസേര്‍വ് ചെയ്ത് വെച്ചിരിക്കുന്ന ചില സംഗതികളുണ്ട് കേട്ടോ. നിങ്ങള്‍ ഒരുപക്ഷെ കേട്ടിട്ടുണ്ടാകും Peripartum depression എന്ന അവസ്ഥയെക്കുറിച്ച്. പ്രെഗ്നന്‍സി ടൈമിലും (pre natal) കുഞ്ഞുണ്ടായതിന് ശേഷവും (post partum) ഒക്കെ ഉണ്ടാകാവുന്ന വിഷാദ അവസ്ഥകളാണ് ഇവ.
നമ്മുടെ നാട്ടില്‍ പൊതുബോധം നിര്‍മിക്കുന്നതില്‍ വലിയ ഒരു പങ്ക് വഹിക്കുന്നത് മാധ്യമങ്ങളാണ്. സിനിമയെന്ന മാസ്സ് മീഡിയം ഇതില്‍ വലിയൊരു റോള്‍ കൈകാര്യം ചെയ്യുന്നുണ്ട്. പക്ഷെ ദൗര്‍ഭാഗ്യകരം എന്ന് പറയട്ടെ, സിനിമയില്‍ ഒക്കെ ചിത്രീകരിക്കപ്പെടുന്ന ഗര്‍ഭകാലം ഒട്ടും യാഥാര്‍ഥ്യത്തോട് ചേര്‍ന്ന് നില്‍ക്കുന്നതല്ല. സിനിമ എന്ന കലാരൂപം യാഥാര്‍ഥ്യം മാത്രം കാണിച്ചു തരണം എന്ന് ശഠിക്കാനുമാവില്ല. പക്ഷെ അപകടം അതല്ല, ഈ സിനിമകളും മാധ്യമങ്ങളും (സിനിമയെന്ന കലാരൂപം പോലെയല്ല, മാധ്യമങ്ങള്‍ സത്യം പറയണം എന്നാണല്ലോ സങ്കല്പം) ചേര്‍ന്ന് ഉണ്ടാക്കി വെയ്ക്കുന്ന ഈ വ്യാജ ചിത്രം യഥാര്‍ഥ ജീവിതത്തില്‍ സ്ത്രീകള്‍ക്ക് ഉണ്ടാക്കി വെയ്ക്കുന്ന ദ്രോഹം ചെറുതല്ല. പ്രഗ്നന്‍സി ടെസ്റ്റ് റിസള്‍ട്ട് കാണുമ്പോള്‍ മനസ്സ് ഭാര്യയെ എടുത്തു ഉമ്മ വെയ്ക്കുന്ന, നിറവയറില്‍ ചെവി ചേര്‍ത്ത് വെയ്ക്കുന്ന ഭര്‍ത്താവ്. വയറില്‍ തടവി കുഞ്ഞുണ്ടായിക്കഴിഞ്ഞുള്ള ആനന്ദില്‍ കണ്ട് ധൃതന്തപുളകിതയായിരിക്കുന്ന, ക്യൂക്കണിങ് ആസ്വദിക്കുന്ന ഭാര്യ. പൂര്‍ണമായും മാധ്യമനിര്‍മിതി മാത്രമായ ഒരു വ്യാജചിത്രം മാത്രമാണിത്.
കഴിഞ്ഞ ദിവസം തിരുവാങ്കുളത്ത് മൂന്നരവയസ്സുകാരി കല്യാണിയെ അമ്മ സന്ധ്യ പുഴയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയതായി വാര്‍ത്ത വന്നിരുന്നു. ”അമ്മ എന്നെയും അനുജത്തിയെയും ടോര്‍ച്ചുകൊണ്ട് അടിച്ചിരുന്നു. എന്റെ തലയിലാണ് അടിച്ചത്. അനിയത്തിക്കും പരിക്കേറ്റു. ഉപദ്രവിക്കുന്നത് എന്തിനാണെന്നുപോലും അറിയില്ലായിരുന്നു.”എന്ന് മൂത്ത കുട്ടി പറയുന്നു. എന്നിട്ടും ഇതൊരു അസ്വഭാവിക പെരുമാറ്റമായി, ഒരു ചികിത്സ തേടേണ്ട കാര്യമായി ആര്‍ക്കും തോന്നിയില്ല എന്നതാണ് അത്ഭുതം. മാനസിക പ്രശ്നങ്ങള്‍, ശാരീരിക പ്രശ്നങ്ങളെപ്പോലെ ചികിത്സ ആവശ്യപ്പെടുന്ന ഒന്നാണെന്ന് നമ്മള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞപ്പോള്‍ മാത്രമാണ് കുട്ടി പീഡനത്തിനിരയായിരുന്നതായി അറിഞ്ഞത്. കുട്ടിയുടെ അച്ഛന്റെ സഹോദരനാണ് പ്രതി. ഇങ്ങനെയൊരു കൊലപാതകം ഉണ്ടായതിനെതുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം ചെയ്തപ്പോള്‍ മാത്രമാണ് ഇക്കാര്യം പുറത്തറിയുന്നത്. സ്ത്രീകളില്‍ അഞ്ച് പേരില്‍ ഒരാളും, പുരുഷന്മാരില്‍ ഏഴ് പേരില്‍ ഒരാളും ചെറുപ്പത്തില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇത്തരത്തിലുള്ള എത്ര സംഭവങ്ങള്‍ പുറത്തറിയാതെ പോകുന്നുണ്ടാകും.
ലോകാരോഗ്യ സംഘടനയുടെ കണക്കുകളനുസരിച്ച്, ആഗോളതലത്തില്‍ ഏകദേശം 10% ഗര്‍ഭിണികളും പ്രസവിച്ച 13% സ്ത്രീകളും മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നു. എന്നാല്‍ വികസ്വര രാജ്യങ്ങളില്‍ ഇത് ഗര്‍ഭകാലത്ത് 15.6% ഉം പ്രസവശേഷം 19.8% ആണ്. ഗര്‍ഭിണികളിലും പ്രസവാനന്തര സ്ത്രീകളിലും ആത്മഹത്യ മരണത്തിന് ഒരു പ്രധാന കാരണമാണ്. ഗര്‍ഭകാലത്തും പ്രസവത്തിനു ശേഷമുള്ള ആദ്യ വര്‍ഷത്തില്‍ മിക്കവാറും എല്ലാ സ്ത്രീകളും മാനസിക പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നു. എന്നാല്‍ ദാരിദ്ര്യം, കുടിയേറ്റം, കടുത്ത സമ്മര്‍ദ്ദം, അക്രമത്തിന് വിധേയമാകല്‍ (ഗാര്‍ഹിക, ലൈംഗിക, ലിംഗാധിഷ്ഠിത), സംഘര്‍ഷ സാഹചര്യങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍, കുറഞ്ഞ സാമൂഹിക പിന്തുണ എന്നിവ സാധാരണയായി ഇവയുടെ തീവ്രത വര്‍ധിപ്പിക്കുന്നു. അമേരിക്കന്‍ സൈക്യാട്രിക് അസോസിയേഷന്റെ കണക്കനുസരിച്ച് 4% അപ്പന്മാരും പോസ്റ്റുപാര്‍ട്ടം ഡിപ്രെഷനിലൂടെ കടന്ന് പോവുന്നുണ്ട്.
തീ പിടിച്ചേ എന്ന് പറയുന്ന അവസ്ഥയില്‍ ആയിരിക്കും ചിലപ്പോള്‍ ഗര്‍ഭകാലത്ത് ഒരു പെണ്ണ് ചെന്ന് നില്‍ക്കുക. ഹോര്‍മോണുകളുടെ വേലിയേറ്റവും വേലിയിറക്കവും അവളെ വല്ലാതെ ഉലച്ചുകളയുന്ന ഒരു കാലമാണ്. മുന്‍പ് ഡിപ്രെഷനിലൂടെ കടന്നു പോയവരോ, ന്യൂറോട്ടിക്, സൈക്കോട്ടിക് പ്രശ്നങ്ങളുടെ ഒരു ഫാമിലി ഹിസ്റ്ററിയോ ഉണ്ടെങ്കില്‍ ഈ അവസ്ഥകളിലേക്ക് എത്താനുള്ള സാധ്യത വളരെ കൂടുതലാണ്. ഒട്ടും ചര്‍ച്ച ചെയ്യപ്പെടാതിരിക്കുന്നത് ഗര്‍ഭ കാലത്തു ഉണ്ടാവുന്ന antenatal or prenatal depression എന്ന് വിളിക്കപ്പെടുന്ന വിഷാദ അവസ്ഥകള്‍ ആണെന്ന് തോന്നുന്നു. കുഞ്ഞിന് ജന്മം നല്കുന്നതിനെക്കുറിച്ചും, പേരെന്റിങ്ങിനെകുറിച്ചുമെല്ലാം അകാരണമായ ഭയം, ഇമോഷണലി unstable ആവുക, ഭാവിയെക്കുറിച്ചു പ്രതീക്ഷയില്ലാത്ത അവസ്ഥ വരിക എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ തള്ളിക്കളയേണ്ട കാര്യങ്ങളല്ല. അമ്മയുടെ മാനസിക അവസ്ഥകളെക്കുറിച്ചുള്ള സൂചകങ്ങളാണ് ഈ ലക്ഷണങ്ങള്‍.
നാട്ടിന്‍പുറത്തെ ഒരു ചായക്കടയില്‍ നടന്ന ഒരു സംഭാഷണമാണ്. (overhearing ആണ് കേട്ടോ) ഫാമിലി റൂം എന്നെഴുതിയ ഹാഫ് വാളിനു അപ്പുറം ഒരാള്‍ ഇരിക്കുന്നത് അവര്‍ കണ്ടിരുന്നില്ല. ഒരു കാര്‍ന്നോരങ്ങു കത്തിക്കയറുകയാണ്. പത്തനംതിട്ടയില്‍, 27 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ ഭിത്തിയിലടിച്ചു കൊന്നു എന്ന അന്നത്തെ ഒരു വാര്‍ത്തയെ അടിസ്ഥാനമാക്കിയ ചര്‍ച്ചയാണ് പൊടി പൊടിക്കുന്നത്.
‘ഈ ___മക്കള്‍ക്കൊന്നും വളര്‍ത്താന്‍ പറ്റില്ലെങ്കില്‍ ഉണ്ടാക്കരുത്.’ എന്റെ ബന്ധുവീട്ടില്‍ നടന്ന ഒരു കാര്യം പറയാം. ചാനല്‍ ചര്‍ച്ചയില്‍ വന്ന നിരീക്ഷകനെപ്പോലെ ടി കാര്‍ന്നോര്‍ ഒന്ന് ഞെളിഞ്ഞിരുന്നു എന്നിട്ട് വീണ്ടും പറഞ്ഞു തുടങ്ങി. കാര്യമിതാണ്, നമ്മുടെ കക്ഷി ബന്ധുവായ ചെക്കന് കുഞ്ഞുണ്ടായതറിഞ്ഞു കാണാന്‍ ചെന്നതാണ്. എന്തൊക്കെയോ കോംപ്ലിക്കേഷന്‍ ഉള്ളത് കാരണം കുറച്ചു ദിവസമായിട്ടും discharge ആയിട്ടില്ല. കുഞ്ഞിന് മുല കൊടുക്കുന്നില്ല, കുഞ്ഞിനെ എടുക്കാന്‍ മടിയാണ്, കുഞ്ഞിനെ ശ്രദ്ധിക്കുന്നില്ല ഇത്യാദി ആരോപണങ്ങള്‍ക്കൊടുവില്‍ കുഞ്ഞിനെ കയ്യില്‍ വച്ച് അവള്‍ ഉറങ്ങിപ്പോയി.
ഇനിയാണ് ആന്റി ക്ലൈമാക്സ്. കുറ്റം ചെയ്ത ആ അമ്മയെയും അവളുടെ അമ്മയേയും നഴ്സിംഗ് സൂപ്രണ്ട് അവരുടെ അടുത്തേയ്ക്ക് വിളിപ്പിക്കുന്നു, തുടര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറോളം വരുന്ന റാഗിങ്ങ്/ക്‌ളാസ്. ഒരു അമ്മ എന്തായിരിക്കണം എന്ന സ്റ്റഡി ക്ലാസ്. കൂടാതെ മകളെ നേരെ ചൊവ്വേ വളര്‍ത്താത്തതിന് അമ്മയ്ക്ക് ശകാരം. ഇതിനൊക്കെ താന്‍ ദൃക്‌സാക്ഷി ആയിരുന്നു താന്‍ എന്ന് പറഞ്ഞ കാര്‍ന്നോര്‍ ഇത് പറഞ്ഞാണ് അവസാനിപ്പിച്ചത്. അവരാ പറഞ്ഞത് കേട്ടപ്പോളാ അമ്മയുടെ മഹത്വത്തെപ്പറ്റിയും ചുമതലകളെപ്പറ്റിയും ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടത്.
നോക്കൂ, പോസ്റ്റ് പാര്‍ട്ടം ബ്ലൂസ് ഇല്‍ നില്‍ക്കുന്ന ഒരു സ്ത്രീയായിരിക്കാം ഒരുപക്ഷെ ആ ന്യൂ മദര്‍. നന്നായി ശ്രദ്ധിച്ചില്ലെങ്കില്‍ ഒരുപക്ഷെ പോസ്റ്റ് പാര്‍ട്ടം ഡിപ്രെഷനിലേക്ക് ഒക്കെ വീണു പോയേക്കാവുന്ന ഒരു സാഹചര്യം നമ്മുടെ ഒരു ഹെല്‍ത്ത് പ്രൊഫഷണല്‍ കൈകാര്യം ചെയ്ത വിധമാണ് മുകളില്‍ പറഞ്ഞത്. അതായത് ഇങ്ങനെയൊരു അവസ്ഥയുണ്ടെന്നും അത് സ്വാഭാവികമാണെന്നും, അവരെ കരുതലോടെ ശുശ്രൂഷിക്കേണ്ടതുണ്ടെന്നും പറഞ്ഞു കൊടുക്കേണ്ട ആളുകളാണ് മോറല്‍ ക്‌ളാസ് എടുക്കുന്നത്. ഇനി ഇവ എന്താണെന്ന് നോക്കാം.
Postpartum blues/ baby blues
പ്രസവശേഷം 70% സ്ത്രീകളും കടന്നുപോകുന്ന എന്നാല്‍ പ്രത്യേകിച്ച് വൈദ്യസഹായം ആവശ്യമില്ലാത്തതും ഏതാനും ദിവസങ്ങള്‍ കൊണ്ട് തനിയേ മാറുന്നതുമായ ലഘു വിഷദാവസ്ഥയാണിത്.
Peripartum Depression (PPD) (നേരത്തെ postpartum എന്നാണ് പറഞ്ഞിരുന്നത്)
നല്ല കരുതല്‍ വേണ്ട ചികിത്സ ആവശ്യമുള്ള ഈ വിഷാദ ലക്ഷണങ്ങള്‍ പ്രെഗ്നന്‍സി സമയത്തോ ഡെലിവെറിക്ക് ശേഷമോ കാണപ്പെടാം. ഇതില്‍ 50 ശതമാനവും പ്രെഗ്നന്‍സി ടൈമില്‍ തന്നെ ആരംഭിക്കുന്നു. പ്രസവാനന്തര വിഷാദത്തിന്റെ ദൈര്‍ഘ്യത്തില്‍ ഒരു പ്രധാന ഘടകം ചികിത്സ വൈകുന്നതാണ്. പ്രസവാനന്തര വിഷാദമുള്ള ഏകദേശം 25% രോഗികളിലും പ്രസവശേഷം 3 വര്‍ഷത്തേക്ക് ലക്ഷണങ്ങള്‍ ഉണ്ടാകും. ന്യൂ മദര്‍ മുന്‍പ് ഡിപ്രെഷനിലൂടെയോ ബൈപോളാര്‍ അവസ്ഥകളിലൂടെയോ കടന്നുപോയ ആളാണെങ്കിലോ ഈ അവസ്ഥയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. കുഞ്ഞിനോട് ഒട്ടും അടുപ്പം തോന്നാതെ ഇരിക്കുക, അകാരണമായി കരച്ചില്‍ വരിക തുടങ്ങി കഠിനമായ വിഷാദവും പാനിക് അറ്റാക്കുകളും അനുഭവപ്പെട്ടേക്കാവുന്ന ഈ അവസ്ഥയില്‍ നിര്‍ബന്ധമായും വൈദ്യസഹായം തേടുക. കഴിവതും സൈക്കോളജിസ്റ്റും സൈക്യാട്രിസ്റ്റും ഉള്ള ഒരു ഹോസ്പിറ്റലില്‍ നിന്ന് തന്നെ വൈദ്യസഹായം തേടുക. പ്രൈവറ്റ് പ്രാക്റ്റീസില്‍ മറുവിഭാഗത്തെ ഇകഴ്ത്തി അവര്‍ തട്ടിപ്പാണെന്ന് പറഞ്ഞു നടക്കുന്ന ഒരു ചെറിയ വിഭാഗം വിഷക്കോലുകള്‍ നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ സൈക്കോളജിസ്റ്റുകളിലും സൈക്യാട്രിസ്റ്റുകളിലും ഉണ്ട്. ഹോസ്പിറ്റലില്‍ ഈ സാധ്യത കുറവാണ്.
Postpartum Psychosis
ഓരോ 1000 പ്രസവങ്ങളിലും 1-2 പേരെ പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് ബാധിക്കുന്നു. ഈ ഘട്ടത്തില്‍ ന്യൂ മദര്‍ യാഥാര്‍ഥ്യത്തില്‍ നിന്ന് അകന്ന് പോകുന്നു. കുഞ്ഞിനേയും സ്വയവും അപകടം വരുത്തുന്ന ചിന്തകള്‍ ഉണ്ടാവുക, കുഞ്ഞ് posessed ആണെന്ന് കരുതുക, ആത്മഹത്യാ പ്രവണത കാണിക്കുക, കുഞ്ഞിനെ കൊല്ലാന്‍ ശ്രമിക്കുക എന്നിവ പോസ്റ്റ്പാര്‍ട്ടം സൈക്കോസിസിന്റെ ലക്ഷണങ്ങളാവാം. ആത്മഹത്യാ സാധ്യതയും ശിശുഹത്യ സാധ്യതയും ഉള്ള ഒരു മാനസികാവസ്ഥയാണ് പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ്. വളരെ പെട്ടെന്ന് വൈദ്യസഹായം തേടിയില്ലെങ്കില്‍ ഒരുപക്ഷെ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ തന്നെ നഷ്ടമായേക്കാം.
ഇനി എന്തൊക്കെയാണ് Peripartum Depression ന്റെ കാരണങ്ങള്‍ എന്ന് നോക്കാം. ഈ അവസ്ഥയിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്.
ശാരീരികമായ മാറ്റങ്ങള്‍
പ്രസവശേഷം ശരീരത്തിലെ ഈസ്ട്രജന്റെയും പ്രജസ്റ്റരോണിന്റെയും അളവില്‍ വരുന്ന കുറവ്. ഈ ഹോര്‍മോണുകള്‍ നമ്മുടെ മൂഡ് റെഗുലേഷന്‍സിന് സഹായകരമായ ന്യൂറോട്രാന്‍സ്മിട്ടേഴ്‌സ് ആയ സെരോറ്റോണിന്‍, ഡോപമിന്‍ എന്നിവയുടെ അളവിനെ സ്വാധീനിക്കുന്നവയാണ്. മുന്‍പ് ഡിപ്രെഷന്‍ വന്നിട്ടുണ്ടെങ്കില്‍, ആദ്യ പ്രസവത്തിനു ശേഷം പോസ്റ്റ്പാര്‍ട്ടം ഡിപ്രെഷന്‍ വന്നിട്ടുണ്ടെങ്കില്‍, ബൈപോളാര്‍ പോലുള്ള മാനസികപ്രശ്നങ്ങള്‍ ഉള്ള വ്യക്തി ആണെങ്കില്‍, ഫിനാന്‍ഷ്യല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍, പാര്‍ട്ണറുമായുള്ള റിലേഷന്‍ഷിപ്പില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, പ്രെഗ്നന്‍സി unwanted ആണെങ്കില്‍, മേല്പറഞ്ഞ സാഹചര്യങ്ങളൊക്കെ Peripartum Depression ലേക്ക് നയിക്കും എന്ന് പറയുന്നു.
2001 ജൂണ്‍ 20-ന് അമേരിക്കയിലെ ടെക്സ്സില്‍, ആന്‍ഡ്രിയ യേറ്റ്സ് തന്റെ നാല് കുട്ടികളെ ഒരു ബാത്ത് ടബ്ബില്‍ മുക്കിക്കൊന്ന സംഭവം ലോകമനസാക്ഷിയെ ഞെട്ടിച്ചു. പോസ്റ്റ് പാര്‍ട്ടം സൈക്കോസിസ് എന്നതിനെക്കുറിച്ച് കൂടുതല്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നതിനും, പഠനങ്ങള്‍ നടക്കുന്നതിനും ഇത് കാരണമായി. യേറ്റ്സിനെ ആദ്യം വധശിക്ഷയ്ക്ക് വിധിച്ചു, എന്നാല്‍ 2005 ല്‍ അവരുടെ ശിക്ഷ റദ്ദാക്കി. തുടര്‍ന്നുള്ള ഒരു വിചാരണയില്‍, മാനസികപ്രശ്നം കാരണം അവര്‍ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി, അതിനുശേഷം ഒരു മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. 2021 ല്‍ പെരിപാര്‍ട്ടം ഡിപ്രഷന്റെ ഇരയായി, സ്വന്തം കുഞ്ഞിനെ ഇല്ലാതാക്കിയ ദിവ്യ ജോണി, കേരളത്തിലും ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകാന്‍ കാരണമായിരുന്നു. പതിയെ ജീവിതം തിരികെപ്പിടിച്ച ദിവ്യ ഇക്കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങി. 10 വര്‍ഷത്തിനിടെ അമ്മമാരാല്‍ കൊല്ലപ്പെട്ടത് 112 കുട്ടികളാണെന്നു ന്യൂസ് മലയാളത്തിന്റെ സ്‌കൂപ്പില്‍, ജേര്‍ണലിസ്റ്റ് ഫൗസിയ മുസ്തഫ പറയുന്നു. ഇതേക്കുറിച്ച് വലിയ രീതിയിലുള്ള ബോധവത്കരണവും, ചികിത്സ അടക്കമുള്ള സപ്പോര്‍ട്ട് സിസ്റ്റവും ഉണ്ടാകേണ്ടതുണ്ട്. കുറ്റവാളിയായല്ല ഇരയായാണ്, പെരി പാര്‍ട്ടം ഡിപ്രെഷനിലൂടെ പോകുന്ന സമയത്ത് അവളെ കാണേണ്ടതെന്നു നമ്മുടെ സമൂഹത്തെ പഠിപ്പിക്കുക എന്നതാണ് ആദ്യ പടി.
ഒരു വര്‍ഷം നാല് ലക്ഷത്തിലധികം പ്രസവങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ പരിപാലനത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നില്‍ നില്‍ക്കുന്ന കേരളം, ഗര്‍ഭകാലത്തെ അമ്മമാരുടെ മാനസിക പ്രശ്നങ്ങളെ വേണ്ട രീതിയില്‍ അഡ്രസ്സ് ചെയ്യുന്നുണ്ടോ?
ആവശ്യമെങ്കില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തി നിയമനിര്‍മാണം നടത്താന്‍ സംസ്ഥാനം തയ്യാറാവണം. ഇതൊരു അടിയന്തിര സാഹചര്യമായി കണക്കാക്കി, പെരി പാര്‍ട്ടം ഡിപ്രെഷന്‍ ചികില്‍സിക്കുന്നതില്‍, പരിശീലനം നേടിയ സൈക്കോളജിസ്റ്റുകളും സൈക്യാട്രിസ്റ്റുകളും അടങ്ങിയ വിങ്ങുകള്‍ രൂപീകരിക്കുകയും, കണ്‍സല്‍റ്റിങ് സമയത്ത് ഗൈനക്കോളജിന് ഒരാളില്‍ പെരി പാര്‍ട്ടം ഡിപ്രെഷന്‍ ഉണ്ടെന്നുള്ള സൂചന ലഭിച്ചാല്‍ അവരെ മേല്‍പ്പറഞ്ഞ പ്രത്യേക വിങ്ങിലേക്ക് റഫര്‍ ചെയ്യാനുള്ള സാഹചര്യം ഉണ്ടാകേണ്ടതുണ്ട്. നിലവില്‍ ഇതിനുള്ള ആളുകള്‍ ആരോഗ്യ വകുപ്പില്‍ ഇല്ലെങ്കില്‍ അവരെ താത്കാലികമായെങ്കിലും നിയമിക്കേണ്ടതുണ്ട്.
ഇനി ഒന്ന് ആലോചിച്ചു നോക്കൂ, എത്ര വലിയ ഇമോഷണല്‍ ടോര്‍ച്ചെറിങ്ങിലൂടെയാണ് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ കടന്ന് പോവുന്നത്. ഒന്നാമതായി കല്യാണം കഴിഞ്ഞു അടുത്ത ആഴ്ച മുതലേ വിശേഷം ഒന്നുമായില്ലേ, ഇല്ലെന്ന് പറഞ്ഞാല്‍ അവന്/ അവള്‍ക്ക് എന്നതെങ്കിലും കുഴപ്പം ഉണ്ടോ എന്ന് ചോദിക്കുന്ന വിവരമില്ലാത്ത നാട്ടുകാരും ബന്ധുക്കളും ഉള്ള നാട്ടില്‍ ഗര്‍ഭധാരണം എന്നത് ഒരു ചോയ്സ് അല്ല, മറിച്ച, വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്നതാണ് അവസ്ഥ. മാനസിക പ്രശ്നങ്ങള്‍ വരുമ്പോള്‍ അല്പം വിദ്യാഭ്യാസമുള്ള കുടുംബം വൈദ്യസഹായം എടുക്കാന്‍ തുനിഞ്ഞു എന്ന് തന്നെ ഇരിക്കട്ടെ, psychologist, psychiatrist എന്നൊക്കെ കേട്ടാല്‍ ഹാലിളകുന്ന k7 അമ്മാവന്മാരും അമ്മായിമാരും രംഗത്തിറങ്ങും, antidepressants, mood stabilizer ഒക്കെ കഴിച്ചാല്‍ അമ്മയ്ക്കല്ല കുഞ്ഞിന് വരെ തകരാറുണ്ടാകും എന്നുവരെ പറഞ്ഞു കളയും. പിന്നെ നമ്മുടെ കുടുംബത്താരും ഇതുവരെ സൈക്യാട്രിസ്റ്റിനെ കണ്ട ചരിത്രമില്ലെന്നൊരു ചെക്കും വെയ്ക്കും. ഒരല്പം മെഡിക്കല്‍ ധാരണ ഒന്നും ഇല്ലെങ്കില്‍ അവരുടെ തീരുമാനം മാറ്റാന്‍ ഇത്രയും മതി. പിന്നെ ആകെ തിളച്ചിരിക്കുന്ന പെണ്ണിനെ പിടിച്ചിരുത്തി ഗര്‍ഭശുശ്രൂഷ എന്ന പേരില്‍ ദേഹത്ത് തിളച്ച വെള്ളം വരെ കോരിയൊഴിച്ചുള്ള വേഷം കെട്ടുകള്‍ വേറൊരു ഭാഗത്തും.
എന്ത് പ്രത്യാഘാതം ഉണ്ടായാലും തനിക്ക് ഗര്‍ഭസമയത്തോ പ്രസവശേഷമോ വിഷാദം അനുഭവപ്പെട്ടാല്‍ പങ്കാളിയോട് തുറന്നു പറയുക. ചിലപ്പോള്‍ പറയാന്‍ പറ്റിയില്ലെങ്കിലും പങ്കാളിയില്‍ പ്രെഗ്നന്‍സി സമയത്തു വരുന്ന മാറ്റങ്ങള്‍ ഇങ്ങനെയുള്ള വളരെ ഗൗരവമായ കാരണങ്ങള്‍ കൊണ്ടാണെന്ന് ആണ്‍കുട്ടിയും മനസ്സിലാക്കേണ്ടതുണ്ട്. ഉപേക്ഷിക്കപ്പെടുന്നു എന്നൊക്കെ തോന്നുന്ന നേരത്തു സ്നേഹം ഉള്ളിലുണ്ടായാല്‍ പോരാ, അത് എക്സ്പ്രസ്സ് ചെയ്യുക, കാരണം അവള്‍ക്കത് ബോധ്യപ്പെടുത്തി കൊടുക്കുക. നിങ്ങളില്ലായ്മയുടെ നിമിഷങ്ങള്‍ യുഗങ്ങളായി അനുഭവപ്പെടുന്ന നേരങ്ങളുണ്ടവള്‍ക്ക്.
എന്റെ പൊന്നു കൂട്ടുകാരെ, മരുന്നിനോടും, സൈക്കോതെറാപ്പിയോടും ഒപ്പം ചെയ്യേണ്ട മറ്റൊന്ന് കൂടിയുണ്ട്, അവളെയങ്ങു ചേര്‍ത്ത് പിടിക്കുക എന്നതാണ്. എന്നാ മരുന്ന് കഴിച്ചാലും അവള്‍ക്കതിന്റെ കൂടെ ആവശ്യമുണ്ട് മനസ്സിങ്ങനെ തെറ്റിപ്പോകുമോ എന്ന് പേടിക്കുന്ന നേരത്ത് മരുന്നിനൊക്കെ ഒപ്പം ഞാനുണ്ട്, together we will face this എന്ന് പറഞ്ഞങ്ങ് ചേര്‍ത്ത് പിടിക്കുക. അതിനും ഒരു തെറാപ്യൂട്ടിക് വശമുണ്ട്. അനുഭവമാണ്, ചേര്‍ത്ത് പിടിച്ചു മുറിവുണങ്ങിയവള്‍ സ്വന്തം ജീവിതത്തിലുണ്ട്.
Reference:
Diagnostic and Statistical Manual of Mental Disorders, 5th Edition
nih.gov. The National Institutes of Health (NIH), a part of the U.S. Department of Health and Human Services
mayoclinic.org
https://pmc.ncbi.nlm.nih.gov/articles/PMC7824357/
https://my.clevelandclinic.org/health/diseases/9312-postpartum-depression
https://ir.lawnet.fordham.edu/faculty_scholarship/104/
https://www.who.int/news-room/fact-sheets/detail/child-maltreatment
https://www.unicef.org/parenting/mental-health/what-postpartum-depression
Content Summary: Mothers who kill their children, the reality behind ?