”എം.ടിയുടെ കൊടുംക്രൂരതകളെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം?” ഭാര്യയോട് ക്രൂരമായി പെരുമാറി. അവരുടെ സാഹിത്യ ജീവിതം തന്നെ ഇല്ലാതാക്കി. പിന്നെ കൊടും ക്രൂരതകള്‍ എന്തൊക്കെ അച്ചടിച്ചിട്ടുണ്ട്. ഈ പുസ്തകത്തില്‍ ? എംറ്റി. സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍ എന്ന പുറത്ത് വന്ന, ഇപ്പോള്‍ വിവാദമായ പുസ്തകത്തിന് നേരെ ഈ ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇന്ന് മാടത്ത് തെക്കേപ്പാട്ട് വാസുദേവന്‍ നായര്‍ എന്ന എം.ടി ജീവിച്ചിരിപ്പില്ല. ”നിങ്ങള്‍ കേട്ടത് ശരിയുമാണ് തെറ്റുമാണ്” എന്ന് പറയാന്‍ കഥാനായികയായ ഭാര്യ പ്രമീളാ നായരും ഇന്നില്ല. പുസ്തകത്തിനെതിരെ സജീവമായി രംഗത്തിറങ്ങിയ എം.ടിയുടെ മകള്‍ അശ്വതി നായര്‍ പറയുന്നത് അത് വിശദീകരിക്കേണ്ടത് തന്റെ ജോലിയല്ല. ”ജീവചരിത്രത്തിലെ ഭാഗങ്ങള്‍ തോന്നിയത് പോലെ വളച്ചൊടിച്ചു, പുസ്തകത്തിന്റെ ഡിസൈന്‍ മുതല്‍ എം ടിക്കെതിരെയുള്ള കുത്ത് ഉണ്ട്; രചയിതാക്കളുമായി ചര്‍ച്ചയ്ക്ക് ഇല്ല, പുസ്തകം പിന്‍വലിക്കുകയാണ് ആവശ്യം” പുസ്തകം എഴുതിയ ദിദീ ദാമോദരന്‍ തന്റെ നിലപാട് വ്യക്തമാക്കി ”പുസ്തകം എം.ടിയെ കുറിച്ചല്ല, പ്രമീളാ നായരെ കുറിച്ചാണ്, ഈ പുസ്തകം എഴുതാന്‍ ആരുടേയും അനുവാദം ആവശ്യമില്ല”.
”പ്രിയപ്പെട്ടവരെ, തിരിച്ച് വരാന്‍ വേണ്ടി യാത്ര ആരംഭിക്കുകയാണ്!” എന്നെഴുതിയ ആളാണ് എം.ടി. മരിച്ച് ഒരു ‘വര്‍ഷം കഴിഞ്ഞ് ഓര്‍മ്മകളില്‍ താന്‍ തിരിച്ച് വന്നത് ഇന്മാതിരി വരവായിരിക്കുമെന്ന് അദ്ദേഹം ഒരിക്കലും നിരീച്ചിരിക്കില്ല. ജീവിത കാലത്ത് തന്നെ മലയാള സാഹിത്യ സാംസ്‌കാരിക രംഗത്ത് ഇതിഹാസമായി ‘മാറിയ എം.ടി. വാസുദേവന്‍ നായര്‍ക്കെതിരെ ആറാം വിരല്‍ ചൂണ്ടപ്പെട്ടിരിക്കുന്നു. എംടിയെന്ന ‘ വിഗ്രഹത്തെ ഉടയ്ക്കാന്‍ ഒരു മുറിച്ചുരിക തന്നെ എറിഞ്ഞിരിക്കുന്നു.
മലയാള സാഹിത്യത്തിലെ പുത്തരിയങ്കമായി സമൂഹമാധ്യമങ്ങളിലൂടെ ചൂടുപിടിച്ചു കഴിഞ്ഞു ഈ പുതിയ പുസ്തക വിവാദം.

ചോദ്യം: എഴുത്തുകാരന് വിവാഹജീവിതം ആവശ്യമാണോ?
എം.ടി. : അറിയാന്‍ പറ്റില്ല. പക്ഷേ, ഒന്നുണ്ട്. ഒരെഴുത്തുകാരന്‍ വിവാഹം കഴിഞ്ഞ് കുട്ടികളും കുടുംബവുമായി കഴിയുമ്പോഴും, ആ കുടുംബത്തിനകത്ത് അയാള്‍ ഏകാകിയാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ഭാര്യ, മക്കള്‍… ഇവര്‍ക്കും എഴുത്തുകാരനുമിടയില്‍ അദൃശ്യമായി എന്തോ ഒന്നുണ്ട്. എവിടെയും അയാള്‍ക്ക് ഒരു ചെറിയ ഏകാന്തലോകമുണ്ട്. അതു സംരക്ഷിക്കാന്‍ കഴിഞ്ഞാല്‍ സുരക്ഷിതം.
സംഭാഷണങ്ങള്‍ – എം.ടി./ വി. ആര്‍ സുധീഷ് (2007)
സേതൂന് എന്നും ഒരാളോടെ ഇഷ്ടംണ്ടായിരുന്നുള്ളൂ…
സേതൂനോട് മാത്രം..
കാലം (1969).
എം ടി വാസുദേവന്‍ നായര്‍.
പഴയ തലമുറയിലെ എഴുത്തുകാരനും അടിയുറച്ച യുക്തിവാദിയുമായ എം സി.ജോസഫ് അന്തരിച്ചപ്പോള്‍ എന്‍.വി. കൃഷ്ണ വാര്യര്‍ എഴുതിയ ചരമക്കുറിപ്പില്‍ അവസാനം ഉപനിഷത്തില്‍ നിന്ന് ഒരു ഉദ്ധരണി ഉണ്ടായിരുന്നു.
‘പ്രാണവായു നിത്യമായ പ്രപഞ്ചവായുവില്‍ ലയിച്ചു കഴിഞ്ഞു. പിന്നീട് ഈ ശരീരം ഭസ്മമായി അവസാനിച്ചു. അല്ലയോ ചിന്താശീലനായ മനുഷ്യാ, ഇനി നീ മരിച്ചുപോയ ഈ വ്യക്തി ചെയ്ത കര്‍മ്മങ്ങളെ ഓര്‍മ്മിക്കുക!’
(വായുരനിലമമൃതം അഥേദം ഭസ്മമാന്തം ശരീരം ഓം ക്രതോസ്മര കൃതം സ്മര ക്രതോസ്മ്ര കൃതംസ്മര.’)
എം.ടി വാസുദേവന്‍ നായര്‍ എന്ന എഴുത്തുകാരന്‍ അന്തരിച്ച് ഒരു വര്‍ഷം തികയുമ്പോള്‍ എന്‍.വി. എഴുതിയ ഈ ഉപനിഷത്ത് പദ്യത്തിലേതുപോലെ എം.ടി.യുടെ ജീവിതത്തിലെ കര്‍മ്മകാണ്ഡത്തിലെ അത്ര സുഖകരമല്ലാത്ത ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്ന ഒരു പുസ്തകം ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു, വന്നു എന്ന് മാത്രമല്ല അത് വിവാദമായിക്കഴിഞ്ഞു.
‘എംറ്റി. സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന ഈ പുസ്തകം രചിച്ചിരിക്കുന്നത് എഴുത്തുകാരി, ഫെമിനിസ്റ്റ്, തിരക്കഥാകൃത്ത് എന്ന നിലയില്‍ അറിയപ്പെടുന്ന ദീദി ദാമോദരനും മറ്റൊരു എഴുത്തുകാരിയായ എച്മുക്കുട്ടിയും ചേര്‍ന്നാണ്. ഇതൊരു ജീവിത ചരിത്രമല്ല, ‘പ്രമീളാ നായരുടെ ജീവിതം തേടി രണ്ടു സ്ത്രീകള്‍ നടത്തുന്ന അന്വേഷണ യാത്രയാണ്’ എന്നാണ് രചയിതാവ് ഈ പുസ്തകത്തില്‍ പ്രഖ്യാപിക്കുന്നത്. പ്രമീളാ നായര്‍ എന്നാല്‍ എഴുത്തുകാരിയും വിവര്‍ത്തകയും എം.ടി. വാസുദേവന്‍ ദേവന്‍ നായരുടെ ആദ്യ ഭാര്യയും ആണ്. 26 വര്‍ഷം മുന്‍പ് അവര്‍ അന്തരിച്ചു. എം.ടിയുമായുള്ള വിവാഹ ബന്ധത്തില്‍ ഉള്ള ഏക മകളാണ് ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്ന സിത്താര.

കഴിഞ്ഞ ആഴ്ച പുറത്ത് വന്ന ഈ പുസ്തകത്തിന്റെ പ്രസക്തി വെറും ചര്‍ച്ചയില്‍ ഒതുങ്ങുന്നതല്ല എന്ന് വ്യക്തമാകുന്ന ഒരു കുറിപ്പ് എറണാകുളത്തെ ഒരു പുസ്തകക്കടയുടെ ഉടമയുടെ മുഖപുസ്തകത്തില്‍ ഇന്നലെ പ്രതൃക്ഷപ്പെട്ടു. അത് ഇങ്ങനെ:
”ജനുവരി 26 റിപ്പബ്ലിക്ക് ദിനമാണ്.
രാഷ്ട്രപിതാവിന്റെ ആത്മകഥ കുറച്ച് കോപ്പി (പേജ് 476 വില 100 രൂപ.) ആരെങ്കിലും കുട്ടികള്‍ക്ക് സമ്മാനമായി നല്‍കാന്‍ വാങ്ങും എന്ന പ്രതീക്ഷയില്‍ വാങ്ങിവച്ചിട്ട് കുറച്ചു ദിവസമായി. ആരും ചോദിച്ച് വന്നില്ല.
എന്നാല്‍ എം റ്റി സ്‌പേയ്‌സ് (പേജ് 167 വില 250 രൂപ) രണ്ട് ദിവസത്തിനകം രണ്ട് പ്രാവശ്യം വന്നു. ഒറ്റ കോപ്പി ബാക്കിയില്ല.
പ്രസാധകന്‍ വിതരണം റേഷന്‍ അടിസ്ഥാനത്തിലാക്കി.
മലയാളി പൊളിയാണ് ഭായ്.”.
ഈ പുസ്തകം ചൂടോടെ വിറ്റഴിയുന്നു.
ഈ പുസ്തകം വില്‍പ്പനയില്‍ മുന്നേറുമ്പോള്‍, പ്രമീള നായര്‍ മരിച്ച് 26 വര്‍ഷങ്ങള്‍ക്ക് ശേഷവും എം.ടി.വാസുദേവന്‍ നായര്‍ എന്ന ഞങ്ങളുടെ അച്ഛന്‍ മരിച്ച് ഒരു വര്‍ഷത്തിന് ശേഷവും രചിക്കപ്പെട്ട ഈ പുസ്തകം അച്ഛനെയും ഞങ്ങളുടെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുവാനും തേജോവധം ചെയ്യുവാനും ഉദ്ദേശിച്ച്, അതുവഴി ആര്‍ജ്ജിക്കുന്ന ‘കുപ്രസിദ്ധിയിലൂടെ’ പുസ്തകം വിറ്റു പോവാനും രചയിതാക്കള്‍ക്ക് ശ്രദ്ധ കിട്ടുവാനും നടത്തിയ ഒരു കുത്സിത ശ്രമത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് മക്കളായ സിതാരയും അശ്വതിയും സമൂഹമാധ്യമത്തിലൂടെ രംഗത്ത് വന്നു.
മലയാള സാഹിത്യലോകത്ത് സാഹിത്യകാരന്റെ വൈവാഹിക ജീവിതവും അതിലെ പൊരുത്തക്കേടുകളും ചര്‍ച്ചയാകുന്നത് ഇതാദ്യമല്ല. എതിര്‍പ്പിന്റെ ആശാനായ പി.കേശവദേവ് തന്റെ ആദ്യ ഭാര്യയുമായി തെറ്റിയതും തന്നെക്കാള്‍ വളരെ പ്രായം കുറഞ്ഞ സീതാ ലക്ഷ്മിയെ വിവാഹം കഴിച്ചതും, നിയമപരമായി രണ്ട് വിവാഹം കുറ്റകരമായതിനാല്‍ തിരുവനന്തപുരത്തെ ഓള്‍ ഇന്ത്യാ റേഡിയോവിലെ പ്രൊഡ്യൂസര്‍ ജോലിയില്‍ നിന്നും കേശവദേവിനെ പിരിച്ച് വിട്ടതും അക്കാലത്ത് വിവാദങ്ങള്‍ ഉയര്‍ത്തിയതാണ്. പില്‍കാലത്ത് മലയാള നാട് വാരികയില്‍ ‘കേശവ ദേവ് എന്റെ നിത്യകാമുകന്‍’ എന്ന പേരില്‍ ഈ സംഭവങ്ങളൊക്കെ ചേര്‍ത്ത് ദേവിന്റെ ഭാര്യ സീതാലക്ഷ്മി ദേവ് ഓര്‍മ്മക്കുറിപ്പും എഴുതി.
തന്റെ ജീവിതകാലത്ത് ഇന്ത്യയിലെ ഏറ്റവും ജ്ഞാനപീഠ പുരസ്‌ക്കാരമുള്‍പ്പടെ എല്ലാ അംഗീകാരവും കൃത്യ സമയത്ത് ലഭിച്ച എഴുത്തുകാരനാണ് എം.ടി. നാലുകെട്ട് എന്ന നോവലിന് 26 വയസ്സില്‍ കേന്ദ്ര സാഹിത്യ അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ സാഹിത്യകാരന്‍. ചലചിത്ര രംഗത്ത് സംവിധായകന്‍, തിരക്കഥാകൃത്ത് എന്ന നിലയില്‍ ഏറ്റവും ഉന്നതന്‍. കൂടാതെ സാഹിത്യം, പത്രപ്രവര്‍ത്തനം, മാതൃഭൂമി ആഴ്പ്പതിപ്പിന്റെ രണ്ട് കാലഘട്ടങ്ങളിലായി എഡിറ്റര്‍. അങ്ങനെ സര്‍വ്വവ്യാപിയായി തൊട്ടതെല്ലാം വിജയിച്ച, മലയാള സാഹിത്യ സാംസ്‌കാരിക രംഗത്ത് അതികായനായി നിറഞ്ഞുനിന്ന എം ടിയെപ്പോലെ കേരളക്കരയില്‍ ആരുമില്ല.

എഴുത്തുകാരിയും വിവര്‍ത്തകയുമായ പ്രമീളാ നായരുടെ എം.ടിയുമായുള്ള പത്ത് വര്‍ഷത്തെ വിവാഹബന്ധം തകര്‍ന്നതും അതിന്റെ പിന്നിലെ കാരണങ്ങളും ചെറുകഥകളെഴുതിയിരുന്ന പ്രമീളാ നായരുടെ പിന്നീടുള്ള സാഹിത്യജീവിതം എം.ടി ഇടപെട്ട് ഇല്ലാതാക്കി എന്നുമാണ് ഈ പുസ്തകം ആരോപിച്ച് സ്ഥാപിക്കുന്നത്.
ജീവിച്ചിരിക്കുമ്പോള്‍ പുറത്തിറക്കാതെ എം.ടി.യുടെ മരണശേഷം ഇങ്ങനെ ഒരു പുസ്തകം പുറത്തിറങ്ങിയത് അസാധാരണമാണ്. എന്നാല്‍ ഈ പുസ്തകത്തിന് മറുപടി പറയേണ്ട എം.ടി. ജീവിച്ചിരിപ്പില്ലതാനും. സ്വന്തം അമ്മയേയും, അച്ഛനെയും സ്വന്തം നാടായ കൂടല്ലൂരിലെ നാട്ടുകാരെ ‘അമരന്മാര്‍’ എന്ന് വിശേഷിച്ച് ധാരാളം എഴുതിയ എം.ടി തന്റെ ആദ്യത്തേതും രണ്ടാമത്തേതും വിവാഹത്തിന് ശേഷമുള്ള വ്യക്തിപരമായ കാര്യങ്ങള്‍ വിരളമായേ എഴുതിട്ടുള്ളൂ, പറഞ്ഞിട്ടുള്ളൂ. വി.ബി. സി. നായരുടെ പൂര്‍ണ്ണത തേടുന്ന അപൂര്‍ണ്ണ ബിന്ദുക്കളില്‍ വന്നതൊഴിച്ചാല്‍ ‘ചിത്രത്തെരുവുകള്‍’ (2010) എന്ന പുസ്തകത്തിലാണ് പിന്നെ കുറച്ചെങ്കിലും അതുള്ളത്. ഐ.വി. ശശിയുടെ ഒരു സിനിമയ്ക്ക് കഥ എഴുതുന്നതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ എത്തിയതും മകള്‍ സിതാരയെ കാണാന്‍ ശ്രമിച്ചിട്ട് പറ്റാത്തതും എം.ടി. അതില്‍ വിഷമത്തോടെ എഴുതിയിട്ടുണ്ട്.
‘യാത്രാക്ഷീണവും സമയവ്യത്യാസവും കൊണ്ട് ഞാന്‍ നേരത്തെ ഉറങ്ങാന്‍ ശ്രമിക്കുകയാണെന്ന് ആതിഥേയരെ അറിയിച്ചു. അതിനു മുന്‍പേ ചെറിയ ഡയറിയെടുത്ത് ആര്‍ക്കന്‍സാസിലെ ലിറ്റില്‍ റോക്കില്‍ സിതാരയെ വിളിച്ചു ഹോസ്റ്റല്‍ മുറിയിലും അവള്‍ക്ക് ഫോണുണ്ട്.
‘പാപ്പേ ഞാനെത്തി!’
‘യാത്രയൊക്കെ?’
‘ഇല്ല ബുദ്ധിമുട്ടില്ല. ഉറങ്ങാന്‍ പോവ്വാണ്. പ്രോഗ്രാമൊക്കെ നാളെ നിശ്ചയിച്ച് അറിയിക്കാം. ഗുഡ്‌നൈറ്റ്.’
ഗുഡ്‌നൈറ്റ്. സീയു സൂണ്‍ അച്ഛാ!’
സിതാരയെ ഫോണില്‍ കിട്ടി.
‘അച്ഛാ പ്രോഗ്രാം നിശ്ചയിച്ചോ?’
”പാപ്പേ, ഇവിടെ ചില പ്രശ്നങ്ങള്‍. എനിക്ക് ഈ യാത്രയില്‍ വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല. എന്റെ ശബ്ദം ഇടറുന്നുണ്ട്.”
ഇങ്ങനെ കുറച്ചു വാക്കുകളില്‍ മാത്രമാണ് ആദ്യ ഭാര്യയായ പ്രമീളാ നായരിലെ മകളുമായുള്ള ബന്ധം എം.ടി. അതില്‍ എഴുതിയിരിക്കുന്നത്.
എം.ടിയുടെ പ്രമീളാ നായരുമായിട്ടുള്ള ബന്ധം തകര്‍ന്നതും അവര്‍ക്ക് അത് മൂലം സംഭവിച്ച നഷ്ടങ്ങളും ഓര്‍ത്ത് ദുഃഖിക്കേണ്ടതും ഇതിനെല്ലാം സാക്ഷിയായിരുന്ന ഏക മകള്‍ സിതാരയാണ്. അതിന്റെ തീവ്രത ഏറ്റവും അധികം ബാധിക്കേണ്ടത് അവരേയാണ്. എന്നാല്‍ പ്രമീളാ നായരെ കുറിച്ചുള്ള ഈ പുസ്തകത്തില്‍ സിതാരയെ കുറിച്ച് രചയിതാക്കള്‍ നടത്തിയ പരാമര്‍ശങ്ങളല്ലാതെ സിതാരയുടെ നേരിട്ടുള്ള ഒരു പങ്കാളിത്തവും ഇതിലില്ല.
”എംടി കൈ പിടിച്ചുയര്‍ത്തിയ’ എന്നു പറയുന്ന എഴുത്തുകാരുടെ നീണ്ടനിര നമ്മുടെ സാഹിത്യലോകത്തുണ്ട്. അതില്‍ ആരൊക്കെ ഉള്‍പ്പെടുന്നില്ല എന്നു മാത്രമേ ചികയേണ്ടതുള്ളൂ. മലയാളസാഹിത്യത്തിലെ വലിയൊരു കാലത്തെ ‘പ്രശസ്തര്‍’ മുഴുവനും അവിടെയുണ്ട്. അവരൊക്കെ പില്‍ക്കാലത്ത്, മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ തങ്ങളെ സാഹിത്യത്തില്‍ സ്ഥാനാരോഹണം ചെയ്യിച്ചതിന്റെ നന്ദിയുമായി എംടിയുടെ എഴുത്തധികാരത്തിനു മുന്നില്‍ കുമ്പിട്ടുനില്‍ക്കുന്ന കാഴ്ച പില്‍ക്കാല മാധ്യമചരിത്രം ഉടനീളം കാട്ടിത്തന്നിട്ടുണ്ട്. എന്നാല്‍ അതേ കാലത്ത് ഒരു എഴുത്തുകാരിയായിരുന്ന പ്രമീളാനായരെ ആ കൂട്ടത്തില്‍ ഒരിക്കലും കാണാനാവില്ല. അവരുടെ ഒരു സൃഷ്ടി പോലും എംടിയാല്‍ സ്ഥാനാരോഹണം ചെയ്യപ്പെട്ടിട്ടില്ല. ഒരു എഴുത്തുകാരിയെന്ന നിലയില്‍ പ്രമീളാനായരെ ഒരിക്കല്‍ പോലും എംടി പരിഗണിച്ചിട്ടേ ഇല്ല. തിരിച്ച് എംടിയുടെ സൃഷ്ടികള്‍ ഇന്ത്യന്‍ ലിറ്ററേച്ചര്‍ വഴിയും ഇല്ലസ്‌ട്രേറ്റഡ് വീക്കിലി വഴിയും ഇംഗ്ലീഷ് സംസാരിക്കുന്ന ലോകത്ത് എത്തിക്കുന്നതില്‍, ആ കഥകളുടെ പ്രമീള ചെയ്ത പരിഭാഷകള്‍ വലിയ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ടുതാനും. എംടിയുടെ ഉയരങ്ങളിലേക്കുള്ള യാത്രയില്‍ എഴുത്തുകാരിയും പരിഭാഷകയുമായ പ്രമീളാനായര്‍ ഒരു ചവിട്ടുപടിയായിരുന്നു. മലയാളഭാഷയുടെ ഇത്തിരിവട്ടത്തുനിന്നും ഉയര്‍ന്ന് ആംഗലേയ സാഹിത്യ ചക്രവാളത്തില്‍ എംടിക്കഥകളിലേക്ക് വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതില്‍ പ്രമീളയുടെ പരിഭാഷകള്‍ വലിയ പങ്കു വഹിച്ചു.
തന്റെ ഭാര്യയായതുകൊണ്ട് പ്രമീളാനായര്‍ക്ക് മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഒരു പ്രത്യേക ആനുകൂല്യം നല്‍കിയില്ല എന്നത് എംടിയുടെ നിഷ്പക്ഷതയ്ക്ക് ഒരു തൂവലായി കാണുന്നവരുണ്ടാകും. എന്നാല്‍ അതു ശരിയാകണമെങ്കില്‍, ഇതേ നിഷ്പക്ഷത എല്ലാ കാര്യത്തിലും എംടി കാണിച്ചിട്ടുണ്ടാകണമായിരുന്നു. ആഴ്ചപ്പതിപ്പിലേക്കുള്ള രണ്ടാം വരവില്‍ എംടിതന്നെ പത്രാധിപരായിരിക്കുമ്പോഴാണ് ജ്ഞാനപീഠ ജേതാവായ എം.ടി. വാസുദേവന്‍ നായരുടെ സാഹിത്യ ജീവിതത്തെക്കുറിച്ചുള്ള പ്രത്യേകപതിപ്പ് മാതൃഭൂമി ആഴ്ചപ്പതിപ്പ് തന്റെ തന്നെ കവര്‍ ചിത്രത്തോടെ പുറത്തിറക്കിയത്.
(എംറ്റി. സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍’പേജ് 54-55)

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം നേടിയ സാഹിത്യകാരന്റെ ചിത്രം അയാള്‍ എഡിറ്ററായിരുന്ന വാരികയുടെ കവര്‍ചിത്രമായതില്‍ എന്താണ് തെറ്റ്? എം.ടിയെ കുറിച്ച്, എം.ടിയുടെ ജീവിതത്തെയും സാഹിത്യത്തെയും അടുത്തറിയാന്‍ അവസരം നല്‍കുന്നതാണ് ആ ലക്കം ആഴ്ചപ്പതിപ്പ് എം.ടി. പതിപ്പ്.
അക്കിത്തം, കെ.വി. രാമകൃഷ്ണന്‍, കോവിലന്‍, ഡോ. യു.ആര്‍ അനന്തമൂര്‍ത്തി, മാധവിക്കുട്ടി, ഒ.എന്‍.വി, എം.വി. ദേവന്‍, വിഷ്ണുനാരായണന്‍ നമ്പൂതിരി തുടങ്ങിയവരാണ് ഈ കനപ്പെട്ട പ്രസിദ്ധീകരണത്തില്‍ എം.ടി. അനുഭവങ്ങള്‍ പങ്കുവെക്കുന്നത്. അത്തരമൊരു പതിപ്പിന് യോജിച്ച മുഖചിത്രം എ.ടി യുടെ തന്നെയല്ലേ? ഇതും നിഷ്പക്ഷതയുടെ തൂവലായി ചിന്തിക്കാവുന്നതാണ്.
ഇനി ചെറുകഥകള്‍ തിരഞ്ഞെടുക്കുന്ന എം.ടി.യുടെ നിലപാടിനെ കുറിച്ച് : ”ഏതു തുറയില്‍ അലമ്പു കാണിച്ചാലും ചെറുകഥ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ എം.ടി. വാസുദേവന്‍നായര്‍ നൂറുശതമാനം നീതിമാനാണ്. ഇന്റര്‍ഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ജൂറിയുടെ ചെയര്‍മാന്‍ സ്ഥാനത്തെ, അദേഹത്തെ സ്വാധീനിക്കാന്‍ പറ്റിയേക്കും. നല്ല കഥകള്‍ കിട്ടിയിരുന്ന അന്തക്കാലത്ത് മാത്രമല്ല ഒരു നല്ല കഥ പോലും കിട്ടാത്ത ഇക്കാലത്തുപോലും എം.ടിയുടെ സ്വഭാവമതാണ്. നോവലിന്റെ കാര്യത്തില്‍ സ്വാധീനിക്കാം എന്നാല്‍ പോലും ചെറുകഥയുടെ കാര്യത്തില്‍ പഴയ ജസ്റ്റീസ് ടി.കെ. വേലുപ്പിള്ളയെക്കാള്‍ കഷ്ടമാണ്.. (താന്‍ വാദം കേട്ടു കൊണ്ടിരുന്ന ഒരു കേസിനെപ്പറ്റി ചോറു വിളമ്പിക്കൊടുക്കുമ്പോള്‍ അഭിപ്രായം പറഞ്ഞതിന് ഭാര്യയെ ആറുമാസം സസ്‌പെന്‍ഡ് ചെയ്ത കഥ കേട്ടിട്ടില്ലേ?) ചെറുകഥയുടെ കാര്യത്തില്‍ ഇതാണ് എം.ടി.
ഇതിനും കാരണമുണ്ട്.

ഒരു സാഹിത്യത്തെ മാത്രമേ എം.ടി. ഗൗരവമായെടുത്തിട്ടുള്ളു. അതാണ് ചെറുകഥ അതൊരു ‘മതവിശ്വാസം’ പോലെയാണ് പുള്ളിക്ക്. അതിനൊരു കാരണം ആ തുറ അദ്ദേഹത്തിന്റെയാണെന്നാണ് എം.ടി.യുടെ വിശ്വാസം. എം.ടി വരുന്നതുവരെ വലിയ സാഹിത്യകാരന്മാര്‍ എഴുതുന്ന ചെറിയ കൃതികളായിരുന്നു ചെറുകഥ.
കഥ അലമ്പായാല്‍ ആ നിമിഷം വായനക്കാര്‍ പിടിക്കും. ചെറുകഥ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ മലയാളത്തില്‍ ‘പെര്‍ഫക്ട്’ പത്രാധിപരായിരുന്നു എം.ടി.”
ആര്‍ക്കും അധികം അങ്ങനെ മാര്‍ക്ക് കൊടുക്കാത്ത ചെറുകഥാകൃത്ത് കൂടിയായ എം.പി. നാരായണ പിള്ള സ്വാനുഭവത്തില്‍ നിന്ന് എംടിയെ കുറിച്ച്, എഴുതിയതാണ് ഇത്. മാതൃഭൂമിക്കയച്ച നാണപ്പന്റെ സ്വന്തം കഥകള്‍ കൊള്ളാത്തതിനാല്‍ എം.ടി. തിരിച്ചയച്ചതാണ് നാണപ്പന്റെ ഈ സ്വാനുഭവം.
എഴുത്തുകാരുടെയും വായനക്കാരുടെയും ഉടമസ്ഥരുടെയും, സര്‍ക്കാരിന്റെയും എന്തിനേറെ വഴിയേ നടക്കുന്നവരുടെയുംകൂടി സമ്മര്‍ദ്ദം സഹിക്കാന്‍ നിര്‍ബന്ധിതരാകുന്ന ഒരു കുരിശാണ് എഡിറ്റര്‍ എന്ന കിരീടം. ഏറ്റവുമധികം ഹാര്‍ട്ട് അറ്റാക് നേടുന്ന റിസ്‌കും ഇവര്‍ക്കാണ്. ഈ സ്ഥാനത്ത് വിജയിച്ച അപൂര്‍വ്വം വ്യക്തിയാണ് എം.ടി. വാസുദേവന്‍ നായര്‍ എന്ന എഡിറ്റര്‍.

കഥകളുടെ കാര്യത്തില്‍ എം.ടി. കര്‍ക്കശനായിരുന്നു. സ്വന്തം തട്ടകത്തില്‍ തികഞ്ഞ സ്വേച്ഛാധിപതി. അതിന്റെ ഒരു ഗുണഫലം, ഉള്ളടക്കത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് വൈവിധ്യം നേടിയെന്നതാണ്. മലയാള സാഹിത്യത്തിന്റെ വളര്‍ച്ചക്ക് മാതൃഭൂമി ആഴ്ചപ്പതിപ്പ് നല്‍കിയ സംഭാവന വളരെ വലുതാണ്. അതിലെ വലിയൊരു ഭാഗം എം.ടി. എഡിറ്ററായ കാലത്താണ്.
എം.ടിയുടെ സ്വന്തം കഥകള്‍ മാതൃഭൂമിയില്‍ വന്നത് കുറവാണ്. ‘ആഴ്ചപ്പതിപ്പിന്റെ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ നിരന്തരം എഴുതാനൊന്നും അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. ‘ഞാന്‍ കൂടി പ്രവര്‍ത്തിക്കുന്ന ഈ ആഴ്ചപ്പതിപ്പിന്റെ പേജുകള്‍ ഏറ്റവും കുറച്ചേ ഞാന്‍ ഉപയോഗിക്കാവൂ എന്ന് എന്നോടുതന്നെ താക്കീതു ചെയ്തു.’ എന്നാണ് എം.ടി. ഒരിക്കല്‍ എഴുതിയത്.’ (വായനക്കാരുടെ പത്രാധിപര്‍, ലേഖനം: എം.ജയരാജ്)
അത്തരമൊരാള്‍ താനുമായി ബന്ധം വേര്‍പ്പെട്ട ഭാര്യയായ പ്രമീളാ നായരുടെ കഥകള്‍ തന്റെ പ്രസിദ്ധീകരണത്തില്‍ പരിഗണിക്കുക സാമാന്യ യുക്തിക്ക് നിരക്കുന്ന കാര്യമല്ല. ഓര്‍ക്കുക, ആത്യന്തികമായി എം.ടി. ദേവനോ ദൈവമോ അല്ല നന്മയില്‍ ഗോപാലനും അല്ല.
എം.ടിയുടെ സാഹിത്യ വിധ്വംസക പ്രവര്‍ത്തനത്തെക്കുറിച്ച് സാഹിത്യകാരനും മുന്‍ പി.ആര്‍.ഡി ഡയറക്ടറുമായ തോട്ടം രാജശേഖരന്‍ സ്വന്തം അനുഭവം തന്റെ ഉദ്യോഗപര്‍വ്വം (1991) എന്ന സര്‍വീസ് സ്റ്റോറിയില്‍ ‘എഴുതിയിട്ടുണ്ട്.’ 1981 തോട്ടം രാജശേഖരന്‍ എഴുതിയ ചലചിത്ര ഗ്രന്ഥം സിനിമ മിഥ്യയും സത്യവും’ അക്കൊല്ലം ആരംഭിച്ച മികച്ച ചലചിത്ര ഗ്രന്ഥത്തിനുള്ള കേന്ദ്ര അവാര്‍ഡിന് അയച്ചതും. വിധികര്‍ത്താക്കളിലൊരാളായ എം.ടി. ഈ പുസ്തകത്തെ സംഹരിക്കുമെന്ന് ഡല്‍ഹിയില്‍ വെച്ച് സുഹൃത്തുക്കളോട് പറഞ്ഞതായും തോട്ടം രാജശേഖരന്‍ എഴുതിയിരിക്കുന്നു. എം.ടി യുടെ സിനിമാ സജീവകാലത്ത് പരിചയപ്പെട്ട ഒരു കോടംബാക്കം തമിഴ് പത്രപ്രവര്‍ത്തകന്‍ എഴുതിയ ‘തമിഴ് സിനിമാവിന്‍ കതൈ’ എന്ന പുസ്തകത്തിന് അവാര്‍ഡ് നല്‍കാനാണ് തന്റെ കൃതിയെ ഇകഴ്ത്തിയത് എന്ന് അതില്‍ എഴുതിയിരിക്കുന്നു. എന്തായാലും തോട്ടം രാജശേഖരന്റെ പുസ്തകത്തിന് അക്കൊല്ലം അവാര്‍ഡ് ലഭിച്ചില്ല. ഒരു പത്താംകിട കൃതി എന്ന് തോട്ടം രാജശേഖരന്‍ വിശേഷിപ്പിച്ച ‘തമിഴ് സിനിമാവിന്‍ കതൈ’ക്ക് പുരസ്‌ക്കാരം ലഭിക്കുകയും ചെയ്തു.

‘അവാര്‍ഡ് നിര്‍ണ്ണയത്തിന് മുന്‍പേ ഈ ഗ്രന്ഥത്തെപ്പറ്റി മാതൃഭൂമി വാരികയില്‍ ദീര്‍ഘമായി സമീക്ഷ നടത്തിയ എന്‍.പി.യെക്കണ്ട്, (എന്‍.പി. മുഹമ്മദ്) ദല്‍ഹി യാത്രയുടെ തലേന്നാള്‍ ഈ മലയാള ഭാഷാഭിമാനി പറഞ്ഞു:
”ഏയ് എന്‍.പി. നാളെ പുസ്തക അവാര്‍ഡ് നിശ്ചയിക്കാന്‍ ദല്‍ഹിയിലേക്ക് പോവണം. താന്‍ കേമമെന്ന് പറഞ്ഞ മറ്റവന്റെ ബുക്കിനെ ഒന്ന് കാച്ചണം. അതിന് പറ്റിയ അഞ്ചാറ് പോയിന്റ് പറഞ്ഞു താ. അയാളുടെ മഹാഭാരതം വായിക്കാനൊന്നും നേരമില്ല.’
”അത് വേണോ?”
”വേണം. നല്ല പോയിന്റ് മാത്രമല്ലേ താന്‍ റിവ്യൂവില്‍ കവര്‍ ചെയ്തുള്ളൂ. തകര്‍ക്കാന്‍ പറ്റിയ പോയിന്റ്‌സും താന്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അതില്‍ നാലഞ്ചെണ്ണം പറഞ്ഞുതാ'(ഉദ്യോഗപര്‍വം – ഉത്തരകാണ്ഡം – പേജ് 175, 2011)
ഇത്തരം സംഭവങ്ങള്‍ വെറെയും ഉണ്ടാകാം. എം.ടി.യെന്ന മഹാമേരുവിനെ പിണക്കിയാലോ എതിര്‍ത്താലോ മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്ന സാഹിത്യ ക്ഷേത്രത്തിലേക്ക് പ്രവേശനം നഷ്ടമായാലോ എന്ന് പേടിച്ച് കാവൃയശ:പ്രാര്‍ത്ഥികള്‍ അതൊന്നും പറയാതെ മൗനം പാലിച്ചു എന്നതാണ് സത്യം. മാതൃഭൂമി വാരികയില്‍ നടന്ന ആ തിരനാടകങ്ങള്‍ ദീര്‍ഘകാലം എം.ടി. യുടെ കീഴില്‍ അസിസ്റ്റന്റ് എഡിറ്ററായ രണ്ടുപേര്‍ എഴുതുകയാണെങ്കില്‍ മാത്രം ലോകമറിയും. അതില്‍ പ്രധാനിയായ വി.ആര്‍. ഗോവിന്ദനുണ്ണി ആറ് വര്‍ഷം മുന്‍പ് മരിച്ചു. ശത്രുഘ്‌നന്‍ ഇപ്പോഴും ഉണ്ട്. അദ്ദേഹം എഴുതുമോ എന്നറിയില്ല
‘പ്രമീളാനായര്‍ എല്ലാ ചരിത്രങ്ങളില്‍നിന്നും സമ്പൂര്‍ണമായി അദൃശ്യമാക്കപ്പെടുന്നത് എങ്ങനെയെന്നു മനസ്സിലാക്കുക എളുപ്പമല്ല. അത് ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യവുമല്ല. ഒരു ‘silent conspiracy’ അതില്‍ നടന്നിട്ടുണ്ട്. അതു പഠിക്കപ്പെടേണ്ടതുമാണ്. 1989-99ല്‍ സാഹിത്യ-സാംസ്‌കാരിക-സിനിമാ രംഗത്ത് എംടി നെടുനായകത്വം വഹിച്ച കാലത്താണ് പ്രമീളാനായര്‍ എന്ന എഴുത്തുകാരി എഴുത്തിന്റെ ലോകത്ത് ഒരിടം കിട്ടാതെ അദൃശ്യയായിപ്പോയത്. ഒരു ഫീച്ചറെഴുത്തു കാരനോ/കാരിയോ പോലും അവരെ തേടിപ്പോയില്ല.(‘എംറ്റി. സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാംവിരല്‍’പേജ് 55) പകുതി ശരിയായ കാര്യമാണ്.
മലയാള നാടില്‍ പ്രസിദ്ധികരിച്ച പ്രമീളാ നായരുടെ ആത്മകഥാപരമായ നോവലും (നഷ്ടബോധങ്ങള്‍.1981), ഒരു ചെറുകഥാ സമാഹാരമായ ‘ഗൗതമി’ (1992) യുമാണ് അച്ചടിച്ച കൃതികള്‍. 12 അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ച ശേഷം മലയാളനാട് നോവല്‍ നിറുത്തി. അതിന് കാരണം എം. ടി. മലയാളനാട് ഉടമ – ചീഫ് എഡിറ്റര്‍ എസ്. കെ. നായര്‍ക്ക് അയച്ച കത്താണ് എന്ന് വിവാദ പുസ്തകം പറയുന്നു.
24-07-1978
My dear S.K.
വളരെ personal ആയ ഒരു കാര്യമാണ് എഴുതുന്നത്.
വി.ബി.സി. ഇവിടെ വന്നപ്പോള്‍ കണ്ടിരുന്നു. വി.ബി.സി. പോയശേഷം നഗരത്തിലെ ചില സുഹൃത്തുകള്‍ വന്നു പറഞ്ഞു, എന്റെ ആദ്യ ഭാര്യയെക്കൊണ്ട് തകര്‍ന്ന വിവാഹ ബന്ധത്തിന്റെ കഥ എഴുതിയ്ക്കാന്‍ താങ്കള്‍ വി.ബി.സി.യെ അയച്ചതാണെന്ന്. കേട്ടുകേള്‍വിയാണ്. വെറും കേട്ടുകേള്‍വിയാണെങ്കില്‍ ഈ കത്ത് മറന്നേക്കൂ.
കുറേ ചളി വാരിയെറിയലിന് ഞാന്‍ നിന്നുകൊടുത്തിട്ടുണ്ട്. ഇനിയും അത് തുടരുകയാണോ? അതില്‍ എസ്.കെ.യും വി.ബി.സിയുമൊക്കെ മുന്‍കൈയെടുക്കുന്നുവെന്നോ! എസ്.കെ.ക്ക് സഹായം ചെയ്യാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ശരി, പക്ഷേ ഒരു ദോഷവും ചെയ്തിട്ടില്ലല്ലോ എന്നോര്‍ത്തുപോയി. കൂടുതല്‍ എഴുതുന്നില്ല.
സ്വന്തം
എംടി
‘എന്ത് ചളിവാരി എറിയല്‍’ ആണ് എംടിക്കു നേരെ ഉണ്ടായത് എന്ന ചോദ്യം ചോദിക്കാനുള്ള ധൈര്യം വി.ബി.സി. നായര്‍ക്ക് ഉണ്ടായിരുന്നതായി അദ്ദേഹത്തിന്റെ ‘അപൂര്‍ണബിന്ദുകള്‍’ പിന്നീട് ഒരു സാക്ഷ്യം നല്‍കുന്നില്ല.
എംറ്റി. സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍'(പേജ് -63-64).
ഈ കത്തിന്റെ സ്രോതസ്സ് പുസ്തകം വെളിപ്പെടുത്തിയിട്ടില്ല. ഇന്ന് ഈ സംഭവത്തിന്റെ സത്യം അറിയാവുന്ന ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തി അന്ന് മലയാള നാടിന്റെ എഡിറ്ററായ മംഗലശ്ശേരി വേലുപ്പിള്ള ബാലചന്ദ്രന്‍ എന്ന വി.ബി.സി. നായരാണ്. ‘പൂര്‍ണ്ണത തേടുന്ന അപൂര്‍ണ്ണ ബിന്ദുക്കള്‍’ എന്ന അദ്ദേഹത്തിന്റെ ഫീച്ചര്‍ സ്വഭാവമുള്ള, മലയാള നാട് വിശേഷാല്‍ പ്രതികളില്‍ വരുന്ന ഈ പങ്തി അക്കാലത്ത് വളരെ ശ്രദ്ധ നേടിയിരുന്നു. ജി. ശങ്കരക്കുറുപ്പ് മുതല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് വരെയുള്ളവരുടെ സ്വകാര്യ ജീവിതം അനാവരണം ചെയ്യുന്ന ഈ പങ്തി 1978 ലും 2002 ലും പുസ്തക രൂപത്തില്‍ പുറത്തു വന്നു. എം.ടി.യുടെ സ്വകാര്യ ജീവിതം സമഗ്രമായി ആദ്യം വരുന്നത് ഈ പങ്തിയിലാണ്. ഇപ്പോള്‍ 88 വയസ്സു പ്രായമുള്ള വി.ബി.സി മൂന്നു വര്‍ഷം മുന്‍പ് കോട്ടയത്ത് നിന്ന് പ്രസിദ്ധീകരിക്കുന്ന ‘തന്മ’ എന്ന മാസികയില്‍ ഓര്‍മ്മക്കുറിപ്പുകള്‍ എഴുതിയിരുന്നു. 2021 ല്‍ ഭാഷപോഷിണി ജൂലൈ ലക്കത്തില്‍ ‘വിബിസി എന്നൊരു കാലം’ എന്ന സാമാന്യം വലിയ ഒരു ഫീച്ചര്‍ അദ്ദേഹത്തെക്കുറിച്ച് വന്നിരുന്നു. ഓര്‍മകള്‍ക്ക് നഷ്ടം സംഭവിച്ചിട്ടില്ലെങ്കില്‍ ഏതെങ്കിലും മാധ്യമത്തിനോ ചാനലിനോ അദ്ദേഹത്തില്‍ നിന്ന് ഇപ്പോള്‍ സത്യാവസ്ഥ അറിയാം.

1978 എന്ന വര്‍ഷം എസ്.കെ. നായര്‍ക്കും വിബിസിക്കും അത്ര പെട്ടെന്ന് മറക്കാന്‍ കഴിയില്ല. കാരണം മലയാള നാട്ടില്‍ ഖണ്ഡശ വന്നിരുന്ന പമ്മന്റെ ഏറെ വിവാദമായ ഭ്രാന്ത് എന്ന നോവല്‍ നിറുത്തണമെന്ന് മലയാള നാടിന്റെ ഉടമയായ എസ്.കെ. നായരോടും എഡിറ്റായ വി.ബി.സി നായരോടും മാധവിക്കുട്ടി ആവശ്യപ്പെട്ടത് അക്കാലത്താണ്. കാരണം നോവലിലെ നായികയായ അമ്മുക്കുട്ടി തന്റെ പ്രതിരൂപമായി കാണപ്പെടുന്നു. തന്റെ ജീവിതശൈലിയാണ് ഭ്രാന്തിലെ കഥാപാത്രത്തിന്റെത്. തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു. ഇത് ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മാധവിക്കുട്ടി മലയാള നാടിന് കത്തയച്ചു. പിന്നീട് ഫോണിലൂടെ ആവശ്യപ്പെട്ടു. പിന്നീട് വക്കീല്‍ നോട്ടീസയച്ചു. ഡല്‍ഹിയില്‍ പ്രസ് കൗണ്‍സില്‍ വരെ ഇടപെട്ട, വളരെ കോലാഹലമുണ്ടാക്കിയ കേസിനാസ്പദമായ ഈ നോവല്‍ പൂര്‍ണ്ണമായും മലയാളനാട് പ്രസിദ്ധീകരിച്ചു. ഭ്രാന്ത് മലയാള നാടിന്റെ പ്രചാരം വര്‍ദ്ധിപ്പിച്ചെങ്കിലും മലയാളത്തിലെ ഒരു പ്രമുഖ എഴുത്തുകാരിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന കളങ്കം എസ്.കെ. നായര്‍ക്കും, പമ്മനും മലയാള നാടു വാരികയ്ക്കും ലഭിച്ചു.
മലയാള നാടിന്റെ എഡിറ്ററായ വി.ബി.സി നായരുടെ അഭിമുഖത്തില്‍ ഭ്രാന്തിന്റെ വിവാദം സംബന്ധിച്ച് അവസാന ക്ലൈമാക്‌സ് അദ്ദേഹം ഭാഷാപോഷിണി 2021 ജൂലൈ ലക്കത്തില്‍ പറയുന്നുണ്ട്.
”ഒരു ദിവസം മാധവിക്കുട്ടി മകനായ മോനു നാലപ്പാട്ടുമായി കൊല്ലത്തെ മലയാള നാടിന്റെ ഓഫീസില്‍ ചെന്ന് ഉച്ചത്തില്‍ ബഹളമുണ്ടാക്കി. ഉടമയും ചീഫ് എഡിറ്ററായ എസ്. കെ. നായര്‍ സ്ഥലത്തില്ലായിരുന്നു. എഡിറ്ററായ വി.ബി.സി. നായര്‍ അവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ വഴങ്ങിയില്ല. പോകാനിറങ്ങിയപ്പോള്‍ മലയാള നാടിന്റെ ഓഫീസ് മുറ്റത്ത് നിന്ന് ഒരു പിടി മണ്ണ് വാരിയെടുത്ത് ഓഫീസിന് നേരെ എറിഞ്ഞു ശാപവാക്കുകള്‍ ഉരുവിട്ടു.
‘ഈ സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പറഞ്ഞത് ഇതാണ്…
എടാ.., വീ.ബീ.സീ.., ഞാന്‍ ഭദ്രകാളിയാണ്…, ഞാന്‍ ഭഗവതിയാണ്…, നിന്നെയും നിന്റെ പ്രസ്ഥാനത്തെയും ഞാനിതാ ശപിക്കുന്നു.., നീ നശിച്ചു പോകുമെടാ..’
കൈക്കുള്ളില്‍ ചുരുട്ടി പിടിച്ചിരുന്ന മണ്ണ് മലയാളനാട് ഓഫീസിനുനേരെ വലിച്ച് എറിഞ്ഞിട്ട് അവര്‍ തിരിഞ്ഞു നടന്നു. പിന്നീട് എസ്.കെ. നായര്‍ പലതവണ കാര്യം വിശദീകരിക്കാന്‍ ശ്രമിച്ചിട്ടും മാധവിക്കുട്ടി ഒത്തുതീര്‍പ്പിന് തയ്യാറായില്ല. വിവാദങ്ങള്‍ കെട്ടടങ്ങി അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ എസ്.കെ. നായര്‍ അന്തരിച്ചു. ഒരു വര്‍ഷത്തിന് ശേഷം മലയാളനാട്, എന്നെന്നേക്കുമായി പ്രസിദ്ധീകരണം അവസാനിപ്പിച്ചു. (1984)
ഭ്രാന്ത് കോലാഹലം നടക്കുന്ന സമയത്താണ് ഈ പറയുന്ന എം.ടിയുടെ കത്ത് എസ്.കെ. നായര്‍ക്കും മലയാളനാടിനും ലഭിക്കുന്നത്. സ്വാഭാവികമായും ഇനിയൊരു കുഴപ്പം വേണ്ടെന്ന് എസ്.കെ നായര്‍ തീരുമാനിച്ചതാകാം. ഇവിടെ ഓര്‍ക്കേണ്ട കാര്യം മാതൃഭൂമി ആഴ്ചപ്പതിപ്പും മലയാളനാടും ഒരു താരതമ്യവും ഇല്ല. എസ്.കെ. നായര്‍ എന്ന പത്രയുടമ എം.ടി വിരട്ടിയാല്‍ പേടിക്കുന്ന വ്യക്തിയും അല്ല.
വി. ബി.സി. നായരുടെ പ്രശസ്തമായ പംക്തി ‘പൂര്‍ണ്ണത തേടുന്ന അപൂര്‍ണ്ണ ബിന്ദുക്കള്‍’ ല്‍ എം.ടിയെ കുറിച്ച് വന്നതൊഴിച്ചാല്‍ എം.ടി. മലയാള നാടില്‍ ഏറെയൊന്നും എഴുതിയിട്ടില്ല. ഈ കാര്യങ്ങള്‍ കൂടി കണക്കിലെടുക്കണം.
ഈ സാഹചര്യത്തില്‍ പ്രമീളാ നായരുടെ നോവല്‍ തുടരണ്ട എന്ന് അവര്‍ തീരുമാനിച്ചിരിക്കാം. ഇതൊക്കെ ഒരു പത്രമോഫീസിലെ അപൂര്‍വ്വമായ തീരുമാനമാണെന്ന് അനുമാനിക്കാനേ സാധിക്കു. നിര്‍ഭാഗ്യവശാല്‍ പ്രമീളാ നായര്‍ അതിന്റെ ഇരയായി. ഇനി വി.ബി.സി നായരുടെ വ്യാഖ്യാനം അത് പുറത്ത് വരികയാണെങ്കില്‍ നടന്ന സത്യം അറിയാം എന്ന് മാത്രം.

എം.ടി.യുടെ കത്ത് മലയാള നാടിന് കിട്ടി രണ്ട് മാസം കഴിഞ്ഞ് 1978 സെപ്റ്റംബര്‍ 17 ലക്കം മലയാള നാടില്‍, പ്രമീളാ നായരുടെ
‘ആന്‍ ഈവിനിംഗ് വിത്ത് ഫെനി’ എന്ന കഥ അച്ചടിച്ച് വരുന്നു. അത് എംറ്റി. സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരലില്‍ പറഞ്ഞിട്ടുണ്ട്.
(പേര് 65). പ്രമീളാ നായരുടെ നോവല്‍ നിറുത്തിയതിന്റെ വി.ബി.സി യുടെ ‘പാപപരിഹാര ക്രിയ’ എന്നാണ് പുസ്തകത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ബാഷ്പീകൃതയുടെ രചയിതാവ് വിട്ടുപോയ രണ്ട് കാര്യങ്ങള്‍ ഈ കഥയുടെതായി ഉണ്ട്. 1978 ലെ മലയാള നാട് വാരികയുടെ ഓണപ്പതിപ്പിലാണ് ‘ആന്‍ ഈവിനിംഗ് വിത്ത് ഫെനി’ എന്ന കഥ അച്ചടിച്ച് വന്നത്. അക്കാലത്ത് വാരികകളുടെ ഓണപ്പതിപ്പുകള്‍ക്ക് ഏറെ പ്രചാരവും വായനക്കാരും ഉണ്ടായിരുന്നു. രണ്ടാമതായി ആ ലക്കത്തില്‍ തന്റെ പ്രശസ്ത പങ്തിയായ സാഹിത്യവാരഫലം എഴുതാതെ എം. കൃഷ്ണന്‍ നായര്‍ ആ ലക്കത്തില്‍ തന്നെ പ്രസിദ്ധീകരിച്ച 8 കഥാകാരികളുടെ ചെറുകഥകളെ വിലയിരുത്തി ഒരു പ്രൗഢമായ ലേഖനം എഴുതി.

പി. വത്സല, സാറാ ജോസഫ്, ചെല്ലമ്മ ജോസഫ്, പ്രഭാ മേനോന്‍, ഒ.വി. ഉഷ, എം. ഡി. രത്‌നമ്മ, കെ.എം. രാധ, പിന്നെ പ്രമീളാ നായര്‍. വിയോജിപ്പകള്‍ ഏറെയുണ്ടാകാം. എങ്കിലും അന്നും പിന്നീടും എം കൃഷ്ണനായര്‍ മലയാള സാഹിത്യലോകത്തെ അവഗണിക്കാനാവാത്ത ഒരു വിമര്‍ശകന്‍ തന്നെയായിരുന്നു. ‘ലിറ്റര്‍ലി ജേര്‍ണലിസം’ മാത്രം എന്ന് അദ്ദേഹം തന്നെ വിശേഷിപ്പിച്ച സാഹിത്യ വാരഫലം ഏറെ വായനക്കാരുള്ള പങ്തിയായി മാറിയിരുന്നതിനാല്‍ എം. കൃഷ്ണന്‍ നായരുടെ മറ്റു ലേഖനങ്ങളും ഏറെ വായിക്കപ്പെട്ടിരുന്നു.
എം. കൃഷ്ണന്‍ നായര്‍ കഥകളെ വിശകലനം ചെയ്ത ലേഖനമുള്ള ഓണപ്പതിപ്പ് പോലെ സുപ്രധാനമായ ഒരു ലക്കത്തില്‍ പ്രമീളാ നായരുടെ കഥ ഉള്‍പ്പെടുത്തിയത് എഡിറ്റര്‍ എന്ന നിലയില്‍ വി.ബി.സി നായരുടെ കഴിവും ധൈര്യവുമാണ്. അതിനാല്‍ സാഹിത്യ രംഗത്ത് എല്ലാവരും എം.ടി യെ പേടിച്ച് അവരെ പൂര്‍ണ്ണമായും തഴഞ്ഞു എന്ന് പറയുന്നത് ശരിയല്ല.
കഥാകാരിയെന്ന നിലയില്‍ അവര്‍ക്ക് സമീപിക്കാവുന്ന പ്രസിദ്ധീകരണങ്ങള്‍ അക്കാലത്ത് വെറെയും ഉണ്ടായിരുന്നു. കുങ്കുമം, കേരളശബ്ദം പോലുള്ളവ, ഏറെ വായനക്കാരുള്ള കോട്ടയം പ്രസിദ്ധീകരണങ്ങള്‍ വെറെയും അതില്‍ തന്നെ അത്ര പൈങ്കിളിയല്ലാത്ത മനോരാജ്യം പോലുള്ളവ. മലയാള സാഹിത്യത്തിലെ അക്കാലത്തെ വരേണ്യ വര്‍ഗം അവഗണിച്ചിരുന്ന ഒരു മേഖലയായിരുന്നു കോട്ടയം വാരികകള്‍. എം.ടി വിചാരിച്ചാല്‍ ഇവയിലൊക്കെ പ്രമീളാ നായരുടെ സാഹിത്യം അച്ചടിച്ച് വരുന്നത് ഇല്ലാതാക്കാന്‍ കഴിയുമോ?

രണ്ട് വര്‍ഷം മുന്‍പ് ടെക്‌നോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന എഞ്ചിനീയറായ ഗീതാഞ്ജലി കൃഷ്ണന്‍ അവരുടെ മുഖപുസ്തകത്തില്‍ പ്രമീളാനായരെ കുറിച്ച് ഒരു കുറിപ്പ് എഴുതിയിരുന്നു. (ലാറി ബേക്കറെ കുറിച്ച് ‘മാനം തൊട്ട മണ്ണ്’ എന്നൊരു ഒന്നാന്തരം പുസ്തകം എഴുതിയ ഗീതാഞ്ജലി കൃഷ്ണന്‍ ഒരു മികച്ച പരിഭാഷക കൂടിയാണ്. ബംഗാളിയിലെ പ്രശസ്തമായ ചന്ദ്രബതീരാമായണം, നാടോടിഗീതങ്ങളിലൂടെ പറയപ്പെടുന്ന രാമകഥ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയത് ഇവരാണ് (2025) അതിലെ പ്രസക്തമായ ഒരു ഭാഗം ഇങ്ങനെ:
എന്നെക്കാള്‍ ഒന്നോ രണ്ടോ വയസ്സു കുറവേ എം.ടി യുടെ മകള്‍ സിതാരയ്ക്കുണ്ടാവൂ. പക്ഷേ ആ പേരും എന്റെ പേരും തമ്മില്‍ ഒരു സാമ്യം ഉണ്ട്. രണ്ടാളുടേയും വീടിന്റെ പേരും സ്വന്തം പേരും ഒന്നു തന്നെ. എന്റെ വീടിനു അച്ഛനിട്ട പേര് ‘ഗീതാഞ്ജലി’, അവരുടെ വീടിനു അവരുടെ അച്ഛനിട്ട പേര് ‘സിതാര’.
‘അച്ഛനു കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് (കാലം 1970) കിട്ടിയപ്പോള്‍ സിതാര മാതൃഭൂമി ആഴ്ച്ചപ്പതിപ്പില്‍ മനോഹരമായ ഒരു കുറിപ്പെഴുതി. സ്വന്തം അച്ഛനോ അമ്മയോ എഴുതിക്കൊടുത്തതാവാമെന്നും, നാലാം ക്ലാസിലോ മറ്റോ പഠിക്കുന്ന ഒരു കുട്ടി ഇങ്ങനെ എഴുതാന്‍ തരമില്ലെന്നും ഞാന്‍ കരുതി. എന്നാല്‍ ആ കുറിപ്പിലെ വാചകങ്ങള്‍ എനിക്ക് ഓര്‍മ്മയുണ്ട്. രാത്രി ഒരു ഹോട്ടലില്‍ അവാര്‍ഡു പാര്‍ട്ടി നടക്കുന്നതും, അവിടെ പോയി ഐസ്‌ക്രീം കഴിക്കുന്നതും, ഉറങ്ങിപ്പോയതും പിന്നെ അച്ഛന്‍ എടുത്തു കാറില്‍ കയറ്റുന്നതും ഒക്കെയായാണ് കുറിപ്പ്’.
‘ഞാന്‍ കുറച്ചു വളര്‍ന്നപ്പോള്‍ പ്രമീളാ നായരുടെ എഴുത്തുകള്‍ എന്റെ വീട്ടിലെ പ്രധാന ചര്‍ച്ചാവിഷയമായി. മാതൃഭൂമി ഒഴികെയുള്ള പ്രസിദ്ധീകരണങ്ങളില്‍ അവര്‍ എഴുതിയിരുന്ന ആത്മാംശമുള്ള ശക്തമായ കുറിപ്പുകള്‍’ – ഗീതാഞ്ജലി കൃഷ്ണന്‍ എഴുതി.
അതായത് പ്രമീളാനായര്‍ മറ്റ് പ്രസിദ്ധീകരണങ്ങളില്‍ എഴുതിയിരുന്നു. അല്ലെങ്കില്‍ അവരുടെ സാഹിത്യം മറ്റ് പ്രസിദ്ധീകരണങ്ങളില്‍ വന്നിരുന്നു എന്നര്‍ത്ഥം. അപ്പാള്‍ വിവാദ പുസ്തകത്തിലെ തമസ്‌ക്കരണ വാദം പൂര്‍ണമായും ശരിയല്ല.
പിന്നീട് താന്‍ നേരിട്ട വ്യക്തിപരമായ തിരിച്ചടികള്‍ പുതിയ കഥകള്‍ എഴുതാനോ വാരികകള്‍ക്ക് അയച്ചു കൊടുക്കാനോ പ്രമീളാ നായരുടെ അപ്പോഴത്തെ മാനസികാവസ്ഥ അനുവദിച്ചിരിക്കില്ല. അതോടെ സ്വയം അവര്‍ പിന്‍വലിഞ്ഞിരിക്കാം. കഥയേക്കാള്‍ വലുതാണല്ലോ സ്വന്തം ജീവിതം. സ്വാഭാവികമായും അതിന് കാരണം എം.ടിയാണെന്നത് ഒരു പരിധി വരെ ശരിയാകാം.
വാസ്തവത്തില്‍ ഈ വിവാദ പുസ്തകത്തില്‍ പറയുന്ന എം.ടി.- പ്രമീളാ നായര്‍ ദുരന്ത സംഭവങ്ങള്‍ ആദ്യമായല്ല അച്ചടിച്ച് വരുന്നത് എന്ന് വായനക്കാര്‍ അറിയുക. എം.ടി. വാസുദേവന്‍ നായര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ, 2013 ല്‍ എം.ടി. ഒരു പുനര്‍ വായന എന്നൊരു പുസ്തകം 94 പേജ്. തിരുവനന്തപുരത്തെ പ്രസാധകരായ സെഡ് ലൈബ്രറി പുറത്തിറക്കി. അത് സമാഹരിച്ചത് മറ്റാരുമല്ല ദീര്‍ഘകാലം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എം.ടി. യുടെ സഹപ്രവര്‍ത്തകനായിരുന്ന വി. ആര്‍. ഗോവിന്ദനുണ്ണിയാണ്.
എം.ടി. ഒരു പുനര്‍ വായനയെക്കുറിച്ച് ഈ പുതിയ വിവാദ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ടെങ്കിലും (പേജ് 95) ആ പുസ്തകത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അദ്ധ്യായം പരാമര്‍ശിക്കാതെ പുതിയ പുസ്തകത്തില്‍ വിട്ടുപോയത് അത്ഭുതകരമാണ്.

എന്‍.വി. – എം.ടി വാഴ്ചക്കാലത്തെ വാരികയിലെ അന്തര്‍ നാടകങ്ങള്‍ എല്ലാം അറിയുന്ന ഒരാളായിരുന്നു ഗോവിന്ദനുണ്ണി. നിശബ്ദനായ, സ്വയം രണ്ടാംനിര ഫിഡില്‍ വായനക്കാരനായി മാറിയ ആള്‍ . ”എത്രയെത്ര കഥകളും നോവലുകളും ലേഖനങ്ങളും കവിതകളും അയാളുടെ കൈകളിലൂടെ വായനാലോകം കണ്ടു. പക്ഷേ, അതിന്റെയൊക്കെ ക്രെഡിറ്റ് എംടിയും എന്‍വിയും പങ്കിട്ടു. ഒരിക്കല്‍പോലും ഗോവിന്ദനുണ്ണി യുടെ പേര് ഇരുവരും ഉച്ചരിച്ചതായി രേഖയില്ല. എഴുത്തുകാര്‍ ഉറക്കത്തില്‍പോലും പറയാറില്ല. എല്ലാവരും എംടിയുടെയും എന്‍വിയുടെയും ശിശുക്കള്‍തന്നെ” കെ. രഘുനാഥന്‍ ഗോവിന്ദനുണ്ണിയെ കുറിച്ച് എഴുതിയത് ഇങ്ങനെ (ഓര്‍മ്മ – വി ആര്‍ ഗോവിന്ദനുണ്ണി)
അങ്ങനെ സ്വയം ഉന്‍മൂലനം ചെയ്ത മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഒരു എഡിറ്ററാണ് വി. ആര്‍. ഗോവിന്ദനുണ്ണി സാമാന്യം നല്ല എഴുത്തുകാരനുമായിരുന്നു. ‘ഞാന്‍ അയാള്‍ നമ്മള്‍’ (കഥാസമാഹാരം) ചലചിത്ര ദര്‍ശനം (ലേഖനങ്ങള്‍) അപരാജിത – വിഭൂതി ഭൂഷണ്‍ ബന്ദോപാധ്യായയുടെ കൃതി – (വിവര്‍ത്തനം) തുടങ്ങിയവ ഗോവിന്ദനുണ്ണിയുടെ കൃതികളാണ്.
”എംടി.വാസുദേവന്‍ നായരുടെ കൃതികളെയും സിനിമകളേയും പരിവേഷങ്ങളില്ലാതെ പൊളിച്ചെഴുതുകയാണ് എം.ടി. ഒരു പുനര്‍വായന’ എന്ന ഈ ഗ്രന്ഥം. ‘എം.ടി എഴുതിയത് കള്ളം,’ ‘ജീനിയസ്സോ സാഡിസ്റ്റോ’, നാലുകെട്ടിന്റെ ചരിത്രപരമായ സ്ഥാനം, ആത്മാലാപം ‘നാലുകെട്ട്-കാലം-, ‘അനുകരണത്തിന്റെ മഞ്ഞുവീഴ്ച’, ‘പൈറസി സിനിമയില്‍’, ‘ഇവിടം ചരിത്രം മാപ്പുസാക്ഷിയാകുന്നു’… തുടങ്ങി 13 ലേഖനങ്ങള്‍ ഇതില്‍ ഉണ്ട്. പി.എം ബിനുകുമാര്‍, രാജേഷ് എടച്ചേരി, ദീദി ദാമോദരന്‍ ആര്‍ ഗോപാലകൃഷ്ണന്‍, കാരുതൊടി, ഗീത, ശാരദക്കുട്ടി, ഡോ.കെ.വി തോമസ്, മാമ്പുഴ കുമാരന്‍, ഡോ മുരളീകൃഷ്ണ, ടി.സി.രാധാകൃഷ്ണന്‍, പി. എം.ഷുക്കൂര്‍ എന്നിവര്‍ ഈ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.

167 പേജുള്ള പ്രമീളാ നായരെ കുറിച്ചുള്ള പുതിയ പുസ്തകത്തിനേക്കാള്‍ മാരകമാണ് എം.ടി. ഒരു പുനര്‍ വായനയിലെ ആറ് പേജുള്ള രാജേഷ് എടച്ചേരി എഴുതിയ ‘ജീനിയസ്സോ സാഡിസ്റ്റോ’ എന്ന ലേഖനം അതില്‍ പറഞ്ഞിരിക്കുന്ന വസ്തുതകള്‍ കുറെക്കൂടി വിശദീകരിച്ചിരിക്കുന്നു പുതിയ പുസ്തകത്തില്‍ എന്ന് മാത്രം. രാജേഷ് എടച്ചേരിയുടെ ലേഖനത്തിലെ ചില ഭാഗങ്ങള്‍ ഇതാ:
‘ഒരു സാധു സ്ത്രീയും എഴുത്തുകാരിയുമായ തന്റെ ഭാര്യയെ മാനസികമായി പീഡിപ്പിക്കുന്നതില്‍ ഒരുതരം സാഡിസ്റ്റ് മനോഭാവം പുലര്‍ത്തുകയായിരുന്നു ഈ വലിയ എഴുത്തുകാരന്‍ എന്നറിയുമ്പോള്‍ അദ്ദേഹത്തിന്റെ ആരാധകവൃന്ദങ്ങളൊക്കെ ഒരുവേള ഞെട്ടിയേക്കും. പക്ഷേ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ പിടിച്ച കണ്ണാടി പോലെ എല്ലാത്തിനും മൂകസാക്ഷികളായി കുടുംബാംഗങ്ങളെന്നപോലെ അവരുടെ ജീവിതയാത്രകളില്‍ താങ്ങും തണലുമായി വര്‍ത്തിച്ച കുറെ മനുഷ്യ ജീവിതങ്ങള്‍ ഇന്നും നമുക്ക് ചുറ്റിലുമുണ്ട്.
ഏകമകള്‍ സിതാര രണ്ടാംക്ലാസിലോ മറ്റോ പഠിക്കുന്ന കാലത്താണ് വീട്ടില്‍ ഡാന്‍സ് പഠിപ്പിക്കാനായി എത്തിയ സ്ത്രീയുമായി (സരസ്വതി) എം.ടിയുടെ ബന്ധം തുടങ്ങുന്നത്. പ്രമീളാനായര്‍ അവരെ സ്വന്തം സഹോദരിയെപ്പോലെ കരുതി. പക്ഷേ ക്രമേണ എം.ടിയുടെ തനിനിറം വെളിച്ചത്തു വരികയായിരുന്നു. അയാള്‍ മദ്യത്തിനടിമയായി. എന്തോ ഒരു കുറ്റബോധം സാഹിത്യനായകന്റെ മനസ്സിനെ അലട്ടുന്നതായി പ്രമീളയ്ക്കും തോന്നിയിരുന്നു. തന്റെ കയ്യില്‍ നിന്നും എം.ടി വിട്ടു പോകുകയാണെന്ന് ക്രമേണ അവര്‍ക്ക് മനസ്സിലായി. നര്‍ത്തകിയുമായി ഊരുചുറ്റുന്നതിനോടൊപ്പം എം.ടി പ്രമീളയെ പ്രതികാരത്തോടെ നോക്കിക്കാണാന്‍ തുടങ്ങി. എം ടിയെ പിന്നെ പ്രമീളയ്ക്ക് ഭയമായി.
പ്രമീളാ നായരോട് ചെയ്തതെന്താണ്? അവരുടെ കഥകള്‍ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയും അതിന് തന്റെ പദവികള്‍ ദുരുപയോ ഗപ്പെടുത്തുകയുമായിരുന്നില്ലേ? തന്നേക്കാളും വലിയൊരു എഴുത്തുകാരിയാണ് തന്റെ ഭാര്യ എന്നതും, തന്റെ പ്രശസ്തിക്ക് കാരണക്കാരി ഭാര്യയാണെന്നതും അംഗീകരിച്ച് കൊടുക്കാനുള്ള വൈമനസ്യം- ഈഗോ അതായിരുന്നില്ലേ എം.ടി യെ ഭരിച്ചിരുന്നത്?
നാട്ടിലുടനീളം സാംസ്‌കാരിക പ്രസംഗങ്ങളില്‍ വേദവാക്യങ്ങളുരുവിട്ട് നടക്കുന്ന ഈ ജ്ഞാനപീഠ ജേതാവിന്റെ അധികമാരുമറിയാത്ത മുഖങ്ങള്‍ പലതാണ്. ഏതു ജീനിയസ്സിന്റെ ഉള്ളിലും പകയും പ്രതികാരവും അസൂയയുമുണ്ടെന്നത് കേവലം ഒരു നാടക സംഭാഷണം എന്നതിലുപരി ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു.’
ഏഷ്യാനെറ്റിലെ ‘അംഗന’ എന്ന പരിപാടിക്കുവേണ്ടി പ്രമീളാ നായരുടെ ജീവിതം ചിത്രീകരിക്കുകയുണ്ടായി. അത് റെക്കോര്‍ഡിംഗ് പൂര്‍ത്തിയാക്കി സംപ്രേക്ഷണം ചെയ്യാനിരിക്കേ ഒരു സുപ്രഭാതത്തില്‍ എന്തു സംഭവിച്ചുവെന്നോ? ഏഷ്യാനെറ്റ് ആ പരിപാടി റദ്ദാക്കി. എന്തായാലും ആ പരിപാടിയുടെ കാസറ്റ് എം.ടി യുടെ കയ്യില്‍ എത്തിച്ചേര്‍ന്നു. അവിടെയും പ്രമീള മാനസികമായി തകര്‍ന്നുപോയി’
ഈ പുസ്തകം ഇറങ്ങിയപ്പോള്‍ എം.ടി. സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഈ പുസ്തകത്തിനെതിരെ ആരും രംഗത്ത് വന്നില്ല. എം.ടി. യെ താണു വണങ്ങിയ പരശതം എഴുത്തുകാരും സാംസ്‌ക്കാരിക നായകന്‍മാരും മൗനം പാലിച്ചു. അവര്‍ക്കുള്ള കൊട്ടും രാജേഷ് എടച്ചേരി തന്റെ ലേഖനത്തില്‍ എഴുതിയിട്ടുണ്ട്.
‘എം.ടി- പ്രമീളാ ദമ്പതികളുടെ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ അറിയാവുന്ന ബുദ്ധിജീവികള്‍, കഥയെഴുത്തുകാര്‍, സാഹിത്യകാരന്മാര്‍, സാംസ്‌കാരിക നായകന്മാര്‍ തുടങ്ങി ഒട്ടേറെ പേര്‍ ഇന്നുമുണ്ട്. പ്രമീളാ നായരുടെ മരണവിവരം അറിഞ്ഞിട്ട് പോലും ഇവരില്‍ പലരും മൃതശരീരം ഒന്നു കാണാനോ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ ഒരു ടെലഗ്രാമയക്കാനോ കൂട്ടാക്കിയില്ല. അഥവാ അവരെ അതില്‍ നിന്നെല്ലാം പിന്തിരിപ്പിക്കുന്ന ഒരു നിഗൂഢത എവിടെയെല്ലാമോ ദൃശ്യമായി. കാരണം മറ്റൊന്നുമല്ല. പണവും പ്രശസ്തിയും സ്വാധീനവുമുള്ള സാംസ്‌കാരിക നായകന്റെ വെറുപ്പിന് പാത്രമായാല്‍ ചിലപ്പോള്‍ പലതും നഷ്ടമായേക്കുമല്ലോ’

ഈ പുസ്തകത്തിനെതിരെ എം.ടി. മൗനം പാലിച്ചത് എന്താകാം? 1975 ലെ അടിയന്തരാവസ്ഥക്കാലത്ത് തന്നെ നഖശിന്താന്തം എതിര്‍ത്ത ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രമുടമ രാംനാഥ് ഗോയങ്കയെ ഇന്ദിരാഗാന്ധി തുറങ്കിലടക്കാഞ്ഞത് എന്തുകൊണ്ട്? ജവഹര്‍ ലാല്‍ നെഹ്‌റുവിനെ അപകീര്‍ത്തിപ്പെടുത്തിയ പുസ്തകമെഴുതിയ എം.ഒ. മത്തായിക്കെതിരെ ഇന്ദിരാഗാന്ധിയോ കോണ്‍ഗ്രസ്സുകാരോ കോടതിയില്‍ പോകാഞ്ഞത് എന്താണ്? ‘ഇന്ദിരാ ഗാന്ധിയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി ഗോയങ്കയുടെ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ജോലി ചെയ്തിരുന്നു. ഇന്ദിരാ ഗാന്ധി – ഫിറോസ് ബന്ധത്തിലെ പല രഹസ്യങ്ങളും ഗോയങ്കക്ക് അറിയാം. ഗോയങ്കയെ തൊട്ടാല്‍ പുറത്ത് അറിഞ്ഞതില്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വരും.
എം. ഒ മത്തായി നെഹ്‌റുവിന്റെ സ്‌പെഷല്‍ അസിസ്റ്റന്റായിരുന്നു. ധാരാളം തെളിവുകള്‍ രേഖയായി കൈവശം ഉള്ള ഒരു ഗ്ലോറിയസ് സ്റ്റെനോഗ്രാഫര്‍. എം.ഒ. മത്തായി കോടതിയില്‍ അതൊക്കെ ഹാജരാക്കിയാല്‍ സംഭവം നാറ്റക്കേസാവും. മാതൃഭൂമി ആഴ്ചപതിപ്പില്‍ ദീര്‍ഘകാലം സബ് എഡിറ്ററായിരുന്ന വി.ആര്‍.ഗോവിന്ദനുണ്ണി ഈ പുസ്തകത്തിന്റെ പേരില്‍ കോടതി കയറിയാല്‍ ഇതിലും മോശമായ കാര്യങ്ങള്‍ പുറത്ത് വരും. എം.ടി. പ്രതികരിക്കാത്തതിന്റെ കാര്യവും അത് തന്നെ.
ഒരാളുടെ വ്യക്തി ജീവിതത്തിലെ മോശമായ കാര്യങ്ങള്‍ അയാളുടെ മരണശേഷം എഴുതി അറിയിക്കണോ എന്ന ധാര്‍മ്മിക പ്രശ്‌നം മാത്രമാണ് ഈ പുതിയ വിവാദ പുസ്തകത്തിന്റെ പ്രസക്തി.
വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് പുസ്തകങ്ങളിലുള്ളതെന്നും അതിനാല്‍ പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും എം.ടിയുടെ മകള്‍ അശ്വതി.

എന്നാല്‍ എംറ്റി സ്‌പേസ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകം -പിന്‍വലിക്കേണ്ടതുണ്ടോ ?
പുസ്തകം പ്രസിദ്ധീകരിച്ചു കഴിഞ്ഞു. പലരും വാങ്ങി. ഇപ്പോഴും വാങ്ങുന്നു. ഇനി അവരുടെ കൈകളില്‍ നിന്ന് അത് തിരികെ വാങ്ങുക സാധ്യമല്ലല്ലോ!
അത് പല രൂപത്തിലും ഇനിയും പ്രചരിക്കാം. അപ്പോള്‍ നിരോധിച്ചത് കൊണ്ട് അഥവാ പിന്‍വലിച്ചതു കൊണ്ട് വലിയ ഫലം ഉണ്ടാകില്ല എന്നര്‍ത്ഥം.
‘ജീവിച്ചിരിക്കുന്ന ആളെക്കുറിച്ചോ മരിച്ച് പോയ ആളെക്കുറിച്ചോ പുസ്തകം എഴുതാന്‍ അവരുടെ ഒരു അനുവാദവും വേണ്ട. പക്ഷേ അത് അപകീര്‍ത്തികരമാകരുതെന്ന് മാത്രം. അപകീര്‍ത്തികരമാണെങ്കില്‍ അവര്‍ക്ക് നിയമനടപടികള്‍ സ്വീകരിക്കാം. പുസ്തകം പുറത്ത് വരുന്നതിന് മുന്‍പ് വേണമെങ്കില്‍ ഇഞ്ചക്ഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാം. പുസ്തകം മരിച്ച് പോയ ഞങ്ങളുടെ അമ്മയെ അല്ലെങ്കില്‍ അച്ഛനെ അങ്ങേയറ്റം അപകീര്‍ത്തിപ്പെടുത്തുന്നതാണ്. ഈ പുസ്തകം പുറത്തിറങ്ങിയാല്‍ ഞങ്ങള്‍ക്ക് ഭയങ്കരമായ അപരിഹാരമായ കഷ്ടനഷ്ടങ്ങള്‍ ഉണ്ടാകും. അത് തടയണം എന്ന് ആവശ്യപ്പെട്ട് വേണമെങ്കില്‍ കോടതിയെ സമീപിക്കാം.’ അഭിഭാഷകനും ചാനല്‍ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍ ഈ വിഷയത്തില്‍ ഇങ്ങനെ പറയുന്നു.
കഴിഞ്ഞ ദിവസം പത്രത്തില്‍ വന്ന ഒരു വാര്‍ത്തയില്‍ മധുര ബഞ്ചിലെ ജസ്റ്റീസ് സ്വാമിനാഥന്‍ എന്ന വിവാദപുരുഷനായ ജഡ്ജിയെ അടിമുടി ആക്ഷേപിച്ചു കൊണ്ട് ഒരാളെഴുതിയ പുസ്തകം പ്രസിദ്ധീകരിക്കാന്‍ പാടിലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. പുസ്തകം പ്രസിദ്ധീകരിച്ചാല്‍ കോപ്പികള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു അങ്ങനെയും സാധ്യതകള്‍ ഉണ്ട്’ ജയശങ്കര്‍ പറയുന്നു.
ഞാന്‍ പുസ്തകം വായിച്ചിട്ടില്ല. എം ടിയുടെ ഭക്തനുമല്ല. ആരാധകനുമല്ല. എന്നാലും മരണശേഷം അദ്ദേഹത്തെ കരുതിക്കൂട്ടി അവഹേളിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി തോന്നുന്നു. മരിച്ചവരോടും മര്യാദ വേണം’ അഡ്വ. ജയശങ്കര്‍ പറയുന്നു.
ഇതിമുന്‍പ് ഒരു പുസ്തകം വിവാദമായതിനെ തുടര്‍ന്ന് കോടതി ഇടപെട്ടത് അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട കേസാണ്. മാതാ അമൃതാനന്ദമയിയുടെ വേര്‍പിരിഞ്ഞ ശിഷ്യയായ ഗെയില്‍ ട്രെഡ്വെല്ലുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ ഒരു അഭിമുഖം, കൈരളിയിലും പീപ്പിള്‍ ടിവി ചാനലുകളിലും സംപ്രേഷണം ചെയ്തുവെന്ന് അവര്‍ പുസ്തകത്തില്‍ ഉദ്ധരിച്ചു. തുടര്‍ന്ന്, ഗെയില്‍ ട്രെഡ്വെല്‍ എഴുതിയ ‘അമൃതാനന്ദമയി മഠം, ഒരു സന്യാസിയുടെ വെളിപ്പെടുത്തലുകള്‍’ എന്ന പുസ്തകത്തിന്റെ ഉള്ളടക്കത്തോടൊപ്പം ഡിസി ബുക്സ് ഈ അഭിമുഖം 2014 ല്‍ പ്രസിദ്ധീകരിച്ചു.
സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമിട്ട് മാതാ അമൃതാനന്ദമയിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പുസ്തകത്തിലുണ്ടെന്ന് കാണിച്ച് പരാതി വന്ന് പുസ്തകം കോടതി കേറി. മാതാ അമൃതാനന്ദമയിയെയും ഹിന്ദുമതത്തില്‍ സ്ഥാപിതമായ ഇന്ത്യന്‍ ആത്മീയതയെയും അപകീര്‍ത്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ആളുകളുടെ മനഃപൂര്‍വ്വമായ നീക്കത്തിന്റെ ഫലമാണ് അഭിമുഖമെന്ന് ഹര്‍ജിക്കാര്‍ പരാതിയില്‍ ആരോപിച്ചു.

ഈ പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും വില്‍ക്കുന്നതില്‍ നിന്നും പ്രചരിപ്പിക്കുന്നതില്‍ നിന്നും ഡിസി ബുക്സിനെ മൂന്ന് മാസത്തേക്ക് കേരള ഹൈക്കോടതി വിലക്കി. കേസിന്റെ പശ്ചാത്തലത്തില്‍ പിന്നീട് ആ പുസ്തകം ലഭ്യമല്ലായി. പിന്നീട് ഒരിക്കലും അതിന്റെ പതിപ്പ് ഡി.സി. അച്ചടിച്ചില്ല. ഈ വഴി സ്വീകരിച്ച്, പ്രമീളാ നായരുടെ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് എം.ടി.യുടെ മക്കള്‍ കോടതി വഴി ഇടപ്പെട്ട് പ്രസിദ്ധീകരണം തടഞ്ഞിരുന്നെങ്കില്‍ ഇപ്പോഴുള്ള വിവാദം ഒഴിവാക്കാമായിരുന്നു.
ഇയിടെ കടന്നുപോയ എം.ടി. യുടെ ഒന്നാം ചരമവാര്‍ഷികത്തില്‍, സ്വന്തം അമ്മയുടെ 25-ാം ചരമ വര്‍ഷത്തില്‍ ഇപ്പോള്‍ ലഭ്യമല്ലാത്ത പ്രമീളാനായരുടെ ആത്മകഥാപരമായ നോവല്‍ ‘നഷ്ടബോധങ്ങള്‍’ അമ്മക്ക് മകളായ തന്റെ സമര്‍പ്പണം, എന്നൊരു കുറിപ്പോടെ മകള്‍ സിതാര പുനഃപ്രസിദ്ധീകരിച്ചെങ്കില്‍ എംറ്റി. സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍ എന്ന കൃതി അതോടെ ബാഷ്പീകരിക്കപ്പെട്ടേനെ.
നഷ്ടബോധങ്ങള്‍ വായിച്ച് എം.ടിയുടെ പ്രമീളാ നായരോടുള്ള ചെയ്തികള്‍ ലോകമറിയുന്ന സിതാര എന്ന അവരുടെ മകള്‍ തന്നെ പുറത്ത് കൊണ്ടുവന്നാല്‍ പിന്നെ ആര്‍ക്കാണ് ചേതം? ബാക്കി വായനക്കാര്‍ തീരുമാനിക്കട്ടെ എന്ന നിലപാടില്‍ ആ പുസ്തകം പുറത്ത് വന്നാല്‍ ഈ വിവാദ പുസ്തകം പിന്നെ അപ്രസക്തമല്ലേ? തീര്‍ച്ചയായും ഒരു മകള്‍ തന്റെ അമ്മയ്ക്ക് നല്‍കുന്ന ഓര്‍മകളുടെ തിലോദകം ആയി വായനാലോകം സിതാര മുന്‍കൈയെടുത്ത് പ്രസിദ്ധീകരിച്ച ആ പുസ്തകം സ്വീകരിച്ചേനെ.

ഈ പുസ്തകം വായിക്കുന്നതോടെ എം.ടി. വാസുദേവന്‍ നായര്‍ എന്ന സാഹിത്യകാരന്റെ മൂല്യം ഇല്ലാതാകുമോ ? 50-ാം പതിപ്പില്‍ ഓടാന്‍ പോകുന്ന രണ്ടാമൂഴം ആളുകള്‍ വായിക്കാതെയാകുമോ? അതോ പ്രമീളാ നായരുടെ ഇപ്പോള്‍ ലഭ്യമല്ലാത്ത കൃതികള്‍ ആളുകള്‍ അന്വേഷിച്ച് തപ്പിയെടുത്ത് വായിച്ച് തുടങ്ങുമോ?
ഒന്നും സംഭവിക്കില്ല. ഇപ്പോഴത്തെ വിവാദം കെട്ടടങ്ങുമ്പോള്‍ പ്രമീള നായരെ കുറിച്ചറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് വായിച്ചറിയാന്‍ ഒരു പുസ്തകം എന്നതില്‍ ചുരുങ്ങും അതിന്റെ പ്രസക്തി. കൂടാതെ എം.ടി. യുടെ മക്കള്‍ കോടതിയില്‍ പോയി ഈ പുസ്തകത്തിനെതിരെ അനുകൂലവിധി നേടിയാല്‍ പുസ്തകം ഇനി പുറംലോകം കാണുകയുമില്ല.
ഇതേ സ്വഭാവമുള്ള എം. ഒ. മത്തായിയുടെ നെഹ്‌റു യുഗസ്മരണകള്‍, സുകുമാര്‍ അഴീക്കോടിന്റെ ‘ജി.ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു.’ എ.ബി. രഘുനാഥന്‍ നായരുടെ’ ഉപ്പാപ്പന്റെ കുയ്യാനകള്‍ എന്നീ പുസ്തകങ്ങള്‍ക്ക് പിന്നീട് എന്ത് പറ്റിയെന്ന് ചരിത്രത്തിലുണ്ട്. ആ പട്ടികയില്‍ ഒരു പുസ്തകം കൂടി ചേര്‍ക്കപ്പെടും. അത്രമാത്രം.
ഇപ്പോള്‍ ഈ വിവാദ പുസ്തകം വായിച്ചും വായിക്കാതെയും മുഖപുസ്തകങ്ങളില്‍ വിവാദം കൊഴുപ്പിക്കുന്നവരുടെ എണ്ണം പെരുകുകയാണ്. പുസ്തകത്തിന്റെ കോപ്പികളും അതോടൊപ്പം ചൂടോടെ ചിലവാകുന്നുണ്ട്. എം.ടിയെ വിധിക്കാന്‍ മത്സരിക്കുന്നവര്‍ ഏറിവരികയാണ്. സ്വാഭാവികമായും പുസ്തകത്തെ അനുകൂലിച്ചാണ് ഏറെയും.
‘പ്രമീള നായരെ മാത്രമല്ല; ഇതുപോലെ സിസ്റ്റത്തിന്റെ ഇരകളായി, മറ്റുള്ളവരാല്‍ തമസ്‌കരിക്കപ്പെട്ട്, സ്വന്തം സത്യം ലോകത്തെ അറിയിക്കാന്‍ പറ്റാതെ മരിക്കുകയും ജീവിക്കുകയും ചെയ്ത മനുഷ്യരെ ഇനിയും പുറംലോകം കാണിക്കണം. അവരെ ജനം വായിക്കണം. അവരുടെ ആദര്‍ശവും ആത്മാവും സമൂഹം അറിയണം. ഇനി ആ movementന്റെ കാലമാണ്’ ആവേശത്തോടെ ഒരാള്‍ എഴുതിയ മുഖപുസ്തക കുറിപ്പാണ്.
ഒരു പുസ്തകത്തിന്റെ നിലനില്‍പ്പ് വായനക്കാര്‍ക്കിടയിലെ സ്വീകാര്യതയാണ്. എന്നാല്‍ അന്തിമ തീരുമാനം വായനക്കാരുടേതാണ്. ഈ പുസ്തകത്തിന്റെ മൂല്യവും പ്രസക്തിയും എന്തെങ്കിലും ഉണ്ടെങ്കില്‍ കാലം തെളിയിക്കും.

ഈ കടന്നുപോയ എം.ടിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ തങ്ങളുടെ ‘വാസ്വേട്ടനെ’ കുറിച്ച് അനുസ്മരണം എഴുതിയ ‘പ്രമുഖര്‍’ കുറവായിരുന്നു.
ഇപ്പോള്‍ ഈ പുസ്തകം ഇറങ്ങി ആഴ്ച രണ്ടായിട്ടും എണ്ണപ്പെട്ട സാംസ്‌കാരിക നായകരോ വാസുവേട്ടന്‍ കൈ പിടിച്ച് ഉയര്‍ത്തിയ സാഹിത്യകാരമാരോ ഈ പുസ്തകത്തിനെതിരെയോ അനുകൂലിച്ചോ ഇനിയും രംഗത്ത് വന്നിട്ടില്ല. അത്ഭുതകരമാണ് അവരുടെ മൗനം. അമേരിക്കയില്‍ കാക്ക പറന്നാല്‍ ഇവിടെ പ്രസ്താവന ചെയ്യുന്ന ഇവര്‍ക്കിത് എന്ത് പറ്റി?
‘മുള്ളു മൂത്ത മീനിന്റെയും വരിക്കപ്ലാവിന്റെ ചക്കയുടേയും അവകാശത്തിനാണ് ഈ രണ്ടു നാടുവാഴി വേന്ദ്രന്മാര്‍ അങ്കം വെട്ടുന്നത്’ എന്നെഴുതിയ എംടി തന്നെയും മുന്‍ഭാര്യയേയും ചൊല്ലി താഴെ നടക്കുന്ന അതിലും വലിയ അങ്കവെട്ട് കണ്ട് മുകളിലിരുന്ന് ഇപ്പോള്‍ അന്തം വിട്ടു കാണണം.
Content Summary: MT and the controversial book: Pramila Nair’s issues