June 13, 2026 |

കൂടല്‍മാണിക്യം കഴക വിവാദം; തന്ത്രി പറയുന്നതല്ല രാജ്യത്തെ നിയമം: വെള്ളാപ്പള്ളി നടേശന്‍

തന്ത്രിയാണ് നിയമനങ്ങള്‍ നടത്തുന്നതെങ്കില്‍ എന്തിനാണ് ദേവസ്വം ബോര്‍ഡ്?

തൃശൂര്‍ കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കഴക നിയമന വിവാദത്തില്‍ തന്ത്രി കുടുംബത്തെ വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ നിയമിച്ചിട്ടുള്ള റിക്യൂട്ടിങ് ബോര്‍ഡ് തിരഞ്ഞെടുത്ത ഒരു കഴകം ജീവനക്കാരനെ ജോലി ചെയ്യാന്‍ അനുവദിക്കില്ല എന്ന് തന്ത്രി പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഴിമുഖത്തോട് പറഞ്ഞു.koodalmanikyam temple caste issue; Vellapplly nateshan statement

“കഴക നിയമനത്തില്‍ തന്ത്രിക്ക് അതിന്റെ തന്ത്രാവകാശമുണ്ടെങ്കിലും ഭരണാവകാശം അവര്‍ക്ക് കിട്ടിയിട്ടില്ല. തന്ത്രി കുടുംബങ്ങള്‍ ഈ രാജ്യത്ത് ഹിന്ദു ഐക്യം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരുടെ കൂട്ടത്തില്‍ നിന്നുകൊണ്ട് കുതികാല്‍ ചവിട്ടുകയാണ്. ഇവരെ നിലയ്ക്ക് നിര്‍ത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. കീഴ്‌വഴക്കം പറഞ്ഞുകൊണ്ട് നിയമത്തെ മാറ്റിമറിക്കുന്നത് ന്യായവുമല്ല ധര്‍മവുമല്ല. തന്ത്രിക്ക് അത് പറയാനുള്ള അവകാശവുമില്ല. അതാണോ ഈ രാജ്യത്തെ നിയമം. ഇത് മനുഷ്യാവകാശ ലംഘനവും നിയമലംഘനവുമാണ്. അതുകൊണ്ട് തന്നെ ഇത്തരം ആളുകള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം.

ക്ഷേത്രം ജീവനക്കാരെ നിയമിക്കുന്നത് റിക്യൂട്ടിങ് ബോര്‍ഡാണ്. ആ ബോര്‍ഡിന് അവര്‍ തിരഞ്ഞെടുത്തവരെ എവിടെ നിയമിക്കാമെന്ന് അറിയാം. അവര്‍ ആ നിയമനം നടത്തിയാല്‍ അതിനെ എതിര്‍ക്കാര്‍ ആര്‍ക്കും കഴിയില്ല. തന്ത്രി കുടുംബത്തിന് ഒരു കഴകത്തെ നിയമിക്കാനുള്ള അധികാരമുള്ളതായി ഞാന്‍ കേട്ടിട്ടില്ല. അത്തരമൊരു അവകാശവാദം ശുദ്ധ അസംബന്ധമാണ്. അങ്ങനെയൊരു നിയമം ഉണ്ടെങ്കില്‍ എന്തിനാണ് ദേവസ്വം റിക്യൂട്ട്‌മെന്റ് ബോര്‍ഡ്. നിയമനങ്ങളെല്ലാം തന്ത്രി നടത്തിയാല്‍ പോരെ. അതൊക്കെ ജനാധിപത്യ വിരുദ്ധമാണ്. ഇത് രാജ്യത്തെ നിയമത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

പ്രാദേശികമായി ഓരോ ക്ഷേത്രങ്ങള്‍ക്കും ഓരോ അവകാശവാദമുന്നയിക്കാന്‍ കഴിയില്ല. പൊതുനിയമനങ്ങള്‍ക്കായാണ് ദേവസ്വം ബോര്‍ഡിന്റെ റിക്യൂട്ടിങ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് നിലനിന്നിരുന്ന പല കീഴ്‌വഴക്കങ്ങളിലും ഇന്ന് മാറ്റം വന്നിട്ടുണ്ട്. കാലഘട്ടത്തെ പുറകോട്ട് തിരിക്കാന്‍ ശ്രമിക്കാതെ കാലഘട്ടത്തിനനുസരിച്ച് ചിന്തിക്കുകയാണ് വേണ്ടത്. സമൂഹത്തില്‍ ഒറ്റപ്പെടാതിരിക്കാനും കാലഘട്ടത്തിനൊപ്പം സഞ്ചരിക്കാനും നിയമത്തെ അംഗീകരിക്കുകയാണ് തന്ത്രി വിഭാഗം കാണിക്കേണ്ട മര്യാദയും മാന്യതയും” എന്നും വെള്ളാപ്പള്ളി നടേശന്‍ അഴിമുഖത്തോട് കൂട്ടിച്ചേര്‍ത്തു.

തൃശൂര്‍ കൂടല്‍മാണിക്യ ക്ഷേത്രത്തിലെ കഴക നിയമന വിവാദത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കുകയാണ്. ഫെബ്രുവരി 24 നായിരുന്നു ഈഴവ യുവാവായ വിഐ ബാലുവിനെ കഴക ജോലിക്കായി നിയമിച്ചത്. എന്നാല്‍ ബാലുവിന്റെ നിയമനത്തിന് പിന്നാലെ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ തന്ത്രിമാര്‍ സമരം നടത്തുകയായിരുന്നു. തുടര്‍ന്ന് തന്ത്രിമാരും കൂടല്‍മാണിക്യം ദേവസ്വം മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ കഴകം ജോലിക്കാരനായി നിയമനം ലഭിച്ച ഈഴവ യുവാവിനെ ഓഫീസ് അറ്റന്‍ഡറാക്കുകയും അടിച്ചുതളിക്കാരനായ പിഷാരടി സമുദായക്കാരന് കഴക ജോലിയുടെ ചുമതലയും നല്‍കി.

എന്നാല്‍ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ മുടങ്ങാതിരിക്കാനാണ് ജോലിയില്‍ നിന്നും കഴകക്കാരനായി നിയമിച്ച വിഐ ബാലുവിനെ മാറ്റിയതെന്നും പ്രതിഷ്ഠാ ചടങ്ങുകള്‍ കഴിഞ്ഞാല്‍ തിരികെ നിയമിക്കുമെന്നുമായിരുന്നു ദേവസ്വം ബോര്‍ഡും പറഞ്ഞിരുന്നത്.

അതേസമയം, കഴക നിയമനം തങ്ങളുടെ ചുമതലയാണെന്നും സുപ്രീംകോടതി വിധി കൈവശമുണ്ടെന്നുമാണ് തന്ത്രി വിഭാഗത്തിന്റെ പ്രതികരണം. കൂടാതെ കഴക ജോലി വാരിയര്‍ സമുദായത്തിന് അവകാശപ്പെട്ടതാണെന്ന് വാദിച്ച് സമസ്ത കേരള വാരിയര്‍ സമാജവും രംഗത്തുവന്നിട്ടുണ്ട്.koodalmanikyam temple caste issue; Vellapplly nateshan statement

Content Summary: koodalmanikyam temple caste issue; Vellapplly nateshan statement

Leave a Reply

Your email address will not be published. Required fields are marked *

×