“30-ആം തീയതി ഞാൻ വീട്ടിലുള്ളപ്പോ അവര് വാതില് ഒക്കെ പൊളിക്കാനായി വന്നു. മാനേജരോടും സൂപ്പർവൈസറോടും ഞാൻ പറഞ്ഞ്- ‘നിങ്ങള് നിയമപരമായിട്ട് കാര്യം ചെയ്യ്. വേണ്ടന്ന് പറയ്ന്നില്ല. ഇല്ലെങ്കി എനക്ക് മാറി നിക്കാൻ കൊറച്ചു സമയം താ…. പെട്ടന്ന് എല്ലാമെടുത്തിട്ട് പോവാൻ പറഞ്ഞാ ഞാൻ എവ്ട പോവാനാ?’ അവരപ്പൊ, നീ ഇപ്പൊത്തന്നെ ഇറങ്ങിപ്പോണംന്ന് പറഞ്ഞിട്ട് ആകെ അലമ്പാക്കി. ഒരു നോട്ടീസുപോലും തന്നില്ല കമ്പനി”. ഇടുക്കി വാഗുവരൈ ലക്കം ന്യൂ ഡിവിഷൻ ലയത്തിലെ ‘രവി’യുടെ വാക്കുകളാണിത്. കണ്ണൻ ദേവൻ ടീ കമ്പനിയിൽ തൊഴിലാളികളായിരുന്ന ആർവിന്റെയും ഭദ്രകാളിയുടെയും മകനാണ് രവി. രവിയുടെ വാക്കുകൾ പ്രതിനിധീകരിക്കുന്നത് ലയത്തിലെ മറ്റു മനുഷ്യരും നേരിടുന്ന ഭീഷണിയെയാണ്. അതേ ലയത്തിലെ കാളിദാസനും സമാനമായ അനുഭവം ആണുണ്ടായത്. സ്ഥിരമായി താമസിക്കാൻ ഒരിടമില്ലാത്ത അവരുടെ ഏക മേൽവിലാസം, ലയത്തിലെ കുടുസുമുറിയും ഒരു ചെറിയ അടുക്കള ഭാഗവുമടങ്ങുന്ന ഷീറ്റിട്ട വീട് മാത്രമാണ്. ആ മേൽവിലാസം അങ്ങനെ ഇല്ലാതാക്കി കളയാൻ ഒക്കില്ലെന്നാണ് കമ്പനിക്ക് വേണ്ടി വർഷങ്ങളോളം പണിയെടുത്ത തോട്ടം തൊഴിലാളികൾ പറയുന്നത്.
രവിയുമായി സംസാരിച്ചതനുസരിച്ച്; ‘എട്ട് വർഷം മുൻപ് രവിയുടെ അമ്മക്ക് കാലിൽ ഒരു വല്ലായ്മ തോന്നിയപ്പോൾ അവർ കമ്പനിയുടെ കീഴിലുള്ള ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു. ഒരു വർഷത്തോളം രവിയുടെ അമ്മ ഭദ്രകാളിയെ അവിടത്തെ ഡോക്ടർ ചികിത്സിച്ചു. പക്ഷേ, അസുഖമെന്തെന്ന് ഡോക്ടറോ അവിടത്തെ സ്റ്റാഫുകളോ രവിയുടെ കുടുംബത്തെ വ്യക്തമായി അറിയിച്ചില്ല. അങ്ങനെയാണ് അവർ എറണാകുളത്തെ ആശുപത്രിയിൽ പോയി ഡോക്ടറെ കാണുന്നത്. പരിശോധിച്ചശേഷം ഡോക്ടർ അമ്മയുടെ കാലിന് ‘ആമവാദം’ എന്ന അസുഖമുണ്ടെന്ന് കണ്ടെത്തി. തുടർചികിത്സക്കായി എറണാകുളത്ത് നിൽക്കുന്നതായിരിക്കും നല്ലതെന്നും ഡോക്ടർ അറിയിച്ചു. അങ്ങനെയാണ് അച്ഛന്റെയും അമ്മയുടെയും കൂടെ രവി എറണാകുളത്ത് താമസം തുടങ്ങിയത്. ഫിസിയോതെറാപിസ്റ് ആയ രവി ഒറ്റക്കാണ് അമ്മയുടെ ചികിത്സക്കും മറ്റു ചിലവുകൾക്കുമുള്ള ചിലവ് കണ്ടെത്തുന്നത്.’ “ഞങ്ങള് മാസത്തിൽ രണ്ടുതവണ വാഗുവരൈ ലയത്തിലെ വീട്ടിൽ പോകും. കമ്പനിക്കാർ പറയുന്നത് ഞങ്ങൾ ആ വീട് വേറെ ആൾക്കാർക്ക് വാടകക്ക് കൊടുത്തെന്നാണ്. വെള്ളവും കറന്റും ഒക്കെ കട്ട് ചെയ്ത വീട് ആരെങ്കിലും വാടകക്ക് എടുക്കുവോ?”- രവി ചോദിക്കുന്നു.
മൂന്നാറിലെ തോട്ടം തൊഴിലാളികൾക്കിടയിലെ ആക്ടിവിസ്റ്റായ രഘുരാജു പങ്കുവെച്ചത് തോട്ടം തൊഴിലാളിയായിരുന്ന കാളിദാസന്റെ സമാന പ്രശ്നമാണ്. കാളിദാസനും കണ്ണൻ ദേവൻ തേയില കമ്പനിയിലെ ഒരു തോട്ടം തൊഴിലാളിയായിരുന്നു. വർഷങ്ങൾക്ക് മുൻപ്… 2017 ലാണ് കാളിദാസന് ജോലിയിൽ നിന്ന് പിരിച്ച് വിട്ടതായി കമ്പനി ഒരു നോട്ടീസ് അയച്ചത്. അതിൽ കണ്ണൻ ദേവൻ ചൂണ്ടിക്കാട്ടിയ കാരണം, കമ്പനി സ്ഥലത്ത് കാളിദാസന്റെ ഭാര്യ ഒരു പെട്ടിക്കട നടത്തി എന്നതായിരുന്നു. എന്നാൽ, എഴുത്തുകാരനും ആക്ടിവിസ്റ്റുമായ പ്രഭാകരൻ കെ ആരോപിക്കുന്നത് ‘പെട്ടിക്കട ഒരിക്കലും കണ്ണൻ ദേവന്റെ സ്ഥലത്തല്ലായിരുന്നു. മറിച്ച്, കമ്പനി കൈയ്യേറിയ ഏക്കറുകണക്കിന് സർക്കാർ സ്ഥലത്തിൽ ഉൾപ്പെടുന്ന പ്രദേശത്തായിരുന്നു പെട്ടിക്കട എന്നാണ്.’ ലേബർ നിയമങ്ങളനുസരിച്ചുള്ള ആനുകൂല്യങ്ങൾ നൽകാതെ പിരിച്ചുവിടാനുള്ള തന്ത്രമായിരുന്നു ആ നോട്ടീസെന്നാണ് രഘുരാജും പ്രഭാകരനും ആരോപിക്കുന്നത്. തോട്ടം തൊഴിലിൽ നിന്ന് പിരിച്ചുവിട്ടതിന് ശേഷം കാളിദാസൻ മൂന്നാറിൽ ഒരു ചായക്കടയിൽ ആണ് ജോലി നോക്കുന്നത്. കുടുംബവും ഇപ്പോൾ കാളിദാസന്റെ കൂടെ ചായക്കടയുടെ മുതലാളി അനുവദിച്ച റൂമിലാണ് താമസം. ഇടക്ക് അവർ വാഗുവരൈ ലയത്തിലെ വീട്ടിൽ വരും. സ്വന്തമായിട്ടെന്ന് പറയാൻ അവർക്ക് ആ ഷീറ്റിട്ട വീട് മാത്രമാണുള്ളത്. രഘുരാജ്(ആക്ടിവിസ്റ്) പറയുന്നതനുസരിച്ച്, “കാളിദാസനും, രവിയുടെ അച്ഛനും അമ്മയ്ക്കും ഇതുവരെയായി ജോലിയിൽ നിന്ന് പിരിഞ്ഞ് പോകുമ്പോൾ ലഭിക്കേണ്ട തുക കിട്ടിയിട്ടില്ല. കൂടാതെ, കമ്പനിയിൽ തൊഴിലാളികൾക്ക് ഷേറും ഉണ്ട്. ആ തുകയൊക്കെ നൽകിയാൽ മാത്രമേ അവരെ വീടുകളിൽ നിന്ന് ഇറക്കി വിടാൻ പറ്റുള്ളൂ”. പെമ്പുളയി ഒരുമൈ നേതാവ് ഗോമതിയും സമാന അഭിപ്രായമാണ് പങ്കുവെച്ചത്. പ്രമുഖ തൊഴിലാളി യൂണിയനുകളൊന്നും തന്നെ സംഭവത്തിൽ ഇടപെടുന്നില്ലയെന്നും അവർ കമ്പനിക്ക് ഒത്താശചെയ്യുകയാണെന്നുമുള്ള ഗൗരവപരമായ ആരോപണമാണ് പ്രഭാകരൻ കെ ഉന്നയിക്കുന്നത്.
സംഭവത്തിന്റെ നിയമവശങ്ങൾ ചോദിച്ചറിയാൻ മറയൂർ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ അവിടത്തെ എസ്. ഐ പങ്കുവെച്ചത് ഇങ്ങനെയാണ്- “ഞങ്ങൾ അന്വേഷിച്ചപ്പോൾ മനസ്സിലായത് അവർ നിലവിൽ തോട്ടം തൊഴിൽ ചെയ്യാത്ത, ലയത്തിലെ വീട്ടിൽ സ്ഥിരമായി താമസിക്കാത്ത ആൾക്കാർ ആണ്. വീടിന്റെ താക്കോൽ അടുത്ത വീട്ടിലുള്ളവർക്ക് ഏല്പിച്ചാണ് പോകാറ്. അടുത്ത വീട്ടുകാർ വീട് ഉപയോഗിക്കും. ഏഴ്-എട്ട് വർഷങ്ങളായി അവർ ആ വീടുകളിൽ സ്ഥിരമായി ഇല്ല. ബാക്കി കാര്യങ്ങൾ ഞങ്ങൾ അന്വേഷിച്ച് വരികയാണ്.”
നിലവിൽ തോട്ടം തൊഴിലാളികളല്ലെങ്കിലും വർഷങ്ങളോളം കമ്പനിക്ക് വേണ്ടി ജോലിയെടുത്തയാൾക്കാരാണ് ഇപ്പോൾ ഇറക്കിവിടൽ ഭീഷണി നേരിടുന്നത്. അവർ മാത്രമല്ല അവരുടെ മുൻതലമുറകളും കമ്പനിക്ക് വേണ്ടി അധ്വാനിച്ചവരാണ്. എന്തൊക്കെയായാലും ഒരു സെന്റ് ഭൂമി പോലും സ്വന്തമായി ഇല്ലാത്തവരോട്, നോട്ടീസ് കൊടുക്കാതെയുള്ള ഈ ഇറക്കിവിടൽ ഭീഷണി മനുഷ്യത്വരഹിതവും ഗുണ്ടായിസവുമാണെന്നതിൽ സംശയമില്ല.
Content Summary: Former tea plantation workers and their families in Vagavurai Line, Munnar, allege that they are facing eviction threats from the company without proper notice. Residents like Ravi and Kalidas claim they have not received pending benefits and have no alternative housing, while activists accuse the company of violating workers’ rights. Police say investigations are ongoing and that the families have not been residing there permanently for several years.
This post was last modified on June 6, 2026 11:56 am
Leave a Comment