November 07, 2024 |

തിരുവനന്തപുരത്ത് മ്യൂറിന്‍ ടൈഫസ് സ്ഥിരീകരിച്ചു; എന്താണ് മ്യൂറിന്‍ ടൈഫസ്?

എന്താണ് മ്യൂറിന്‍ ടൈഫസ്

രാജ്യത്ത് അപൂര്‍വ്വമായി കാണപ്പെടുന്ന മ്യൂറിന്‍ ടൈഫസ് രോഗം സംസ്ഥാനത്ത് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന 72 കാരനാണ് ചെള്ള് പനിക്ക് സമാനമായ രോഗം സ്ഥിരീകരിച്ചത്. ഇതൊരു ബാക്ടീരിയല്‍ രോഗമാണ്. രോഗ ബാധിതനായ വ്യക്തി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സിഎംസി വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. murine typhus disease confirmed in thiruvananthapuram

ശരീര വേദനയും, വിശപ്പില്ലായ്മയും, തളര്‍ച്ചയും മൂലമാണ് സെപ്തംബര്‍ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനകളില്‍ നിന്നും കരളിനും വൃക്കക്കും തകരാറുകള്‍ സംഭവിച്ചതായി കണ്ടെത്തിയിരുന്നു. പിന്നീട് ചെള്ള് പനിക്ക് അടക്കമുള്ള സാധ്യതകള്‍ പരിശോധിച്ചെങ്കിലും ഫലങ്ങള്‍ നെഗറ്റിവ് ആയിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ പറയുന്നു.

murine typhus disease confirmed in thiruvananthapuram

എന്താണ് മ്യൂറിന്‍ ടൈഫസ്

പ്രധാനമായും ഉഷ്ണ, മിതോഷ്ണ മേഖലകളില്‍ കണ്ടുവരുന്ന, ചെള്ളുകള്‍ പരത്തുന്ന രോഗമാണ് മ്യൂറിന്‍ ടൈഫസ്. ഇതിനെ എന്‍ഡമിക് ടൈഫസ് എന്നും വിളിക്കുന്നു. റിക്കറ്റ്‌സിയ ടൈഫി എന്ന് അറിയപ്പെടുന്ന ബാക്ടീരിയ പരത്തുന്ന ഈ രോഗം മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരില്ല. എലികളില്‍ കാണുന്ന ചെള്ളുകളാണ് രോഗത്തിന്റെ പ്രാഥമിക, പ്രധാന വാഹകര്‍. മുറിവിലൂടെയോ, ചെറിയ പൊട്ടലിലൂടെയോ ചെള്ളുകളുടെ വിസര്‍ജ്യം ശരീരത്തിനകത്ത് കേറുമ്പോഴാണ് ആര്‍. ടൈഫി ബാക്ടീരിയ മനുഷ്യരില്‍ എത്തുന്നത്. മനുഷ്യരും ചെള്ളുകളുമായി നേരിട്ടുള്ള സമ്പര്‍ക്കം ഉണ്ടാകുന്ന സാഹചര്യങ്ങളിലാണ് പലപ്പോഴും അണുബാധയുണ്ടാകുന്നത്. പല സ്ഥലങ്ങളിലും വസന്തകാലം മുതല്‍ ശരത് കാലത്തിന്റെ തുടക്കം വരെ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.

എലിയുടെ ദേഹത്തുള്ള ചെള്ള് (സെനോപ്‌സില ചിയോപിസ്), പൂച്ചയുടെ ചെള്ള് (സെനോസെഫലൈഡ്‌സ് ഫെലിസ്), ചുണ്ടെലിയുടെ ചെള്ള് (ലെപ്‌ടോപ്‌സിലിയ സെഗ്‌നിസ്) എന്നിവയുള്‍പ്പെടെ നിരവധി ചെള്ള് ഇനങ്ങളെ മുറൈന്‍ ടൈഫസിന്റെ വാഹകരാകാനുള്ള സാധ്യതയുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

 

രോഗ ലക്ഷണങ്ങള്‍

അണുബാധയുണ്ടായി 7 മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ രോഗ ലക്ഷണങ്ങള്‍ അറിയാന്‍ കഴിയും. രോഗികള്‍ക്ക് സാധാരണയായി പനി, തലവേദന, ചൊറിച്ചില്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍.

മറ്റു ലക്ഷണങ്ങള്‍

* പേശി വേദന
*വിശപ്പില്ലായ്മ
*ഓക്കാനം
*ഛര്‍ദി
*വയര്‍ വേദന
*ചുമ
*ചൊറിച്ചില്‍

മിക്ക രോഗികള്‍ക്കും തരണം ചെയ്യാവുന്ന രോഗമാണ് മ്യൂറിന്‍ ടൈഫസ്, എന്നാല്‍ പള്‍മണോളജി, ന്യൂറോളജി തുടങ്ങിയ രോഗങ്ങളുള്ളവരെ സാരമായി ബാധിക്കും.

 

രോഗ നിര്‍ണയം

മ്യൂറിന്‍ ടൈഫസിന്റെ രോഗ നിര്‍ണയം അല്‍പ്പം ശ്രമകരമാണ്. ആശുപത്രികളെ സമീപിക്കാതെ രോഗ നിര്‍ണയം സാധ്യമല്ല, അതുകൊണ്ട് തന്നെ ലക്ഷണങ്ങള്‍ കാണുന്നവര്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കുക. ചെള്ളുകളുമായോ, പട്ടി, പൂച്ച, എലി തുടങ്ങിയവയുമായോ സമ്പര്‍ക്കമുള്ളവര്‍ മേല്‍ പറഞ്ഞ രോഗ ലക്ഷണങ്ങള്‍ കാണുയാണെങ്കില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നേരത്തെ ചികിത്സിച്ചാല്‍ മറ്റ് രോഗങ്ങള്‍ പോലെ വലിയ ആഘാതമില്ലാതെ ശമനമുണ്ടാകും എന്നാല്‍ വൈകും തോറും രോഗനില കൂടുതല്‍ വഷളാകും.

 

എങ്ങനെ പ്രതിരോധിക്കാം.

അസാധാരണമായ രോഗ പ്രതിരോധ ശേഷിയുള്ളവര്‍ക്ക് മാത്രമേ ആര്‍.ടൈഫി അണുബാധയില്‍ നിന്ന് പെട്ടന്ന് സുഖം പ്രാപിക്കാന്‍ പറ്റുകയുള്ളു. പ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ക്ക് അസുഖം വന്നാല്‍ മാസങ്ങളും വര്‍ഷങ്ങളും സമയമെടുക്കും പഴയതുപോലെ ആവാന്‍. എങ്കിലും ഈ രോഗത്തില്‍ നിന്ന് മുക്തി നേടിയവര്‍ക്ക് ആദ്യത്തെ പ്രതിരോധ ശേഷി ഉണ്ടാകുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല.

ചെള്ളുകളും, എലികളും, പൂച്ചകളും തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറക്കുക.

 

content summary; murine typhus disease confirmed in thiruvananthapuram

 

Advertisement