‘എന്റെ പേര് മുഹമ്മദ് ദീപക്’; മുസ്ലിമിന്റെ കടയ്ക്ക് ‘ബാബ’ എന്നു പേരിട്ടത് ചോദ്യം ചെയ്തവരോട് ആ യുവാവ് പറഞ്ഞു

മറ്റുള്ളവര്‍ക്ക് അവരുടെ കടയ്ക്ക് 'ബാബ' എന്ന് പേരിടാമെങ്കില്‍ എന്തുകൊണ്ട് അഹമ്മദിന് പാടില്ല എന്ന് ദീപക് ചോദിക്കുന്നു

muhammad deepak

ഉത്തരാഖണ്ഡിലെ പൗരി ഗര്‍വാളില്‍ 70 വയസ്സുള്ള മുസ്ലിം വ്യാപാരിയെ ഭീഷണിപ്പെടുത്താന്‍ ഒരു സംഘം ബജറംഗ് ദള്‍ പ്രവര്‍ത്തകര്‍ എത്തി. എന്നാല്‍ മറ്റുള്ളവരെ പോല അവര്‍ക്കു മുമ്പില്‍ ഒരാള്‍ മാത്രം നിശബ്ദനായില്ല. അയാള്‍ അവരെ ധീരമായി എതിര്‍ത്തു. എന്നാല്‍ തങ്ങളെ എതിരിടാന്‍ തയ്യറായ ആ യുവാവിനെ തേടി ശനിയാഴ്ച കോട്ടദ്വാറില്‍ നാല്‍പ്പതോളം വരുന്ന സംഘം എത്തി. ഇപ്പോള്‍ ഈ സംഭവങ്ങളെല്ലാം വലിയ വാര്‍ത്തയും ചര്‍ച്ചയുമായിരിക്കുകയാണ്.

ജനുവരി 26-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജിം നടത്തുന്ന ദീപക് കുമാര്‍ തന്റെ സുഹൃത്തിന്റെ കടയിലിരിക്കുമ്പോഴാണ്, തൊട്ടടുത്ത കട നടത്തുന്ന വക്കീല്‍ അഹമ്മദ് എന്ന വയോധികനെ ഒരു സംഘം ആളുകള്‍ വളഞ്ഞുവെച്ച് ഭീഷണിപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ ബജറംഗ് ദള്‍ പ്രവര്‍ത്തകരാണെന്നു പറയുന്നു. വക്കീല്‍ അഹമ്മദ് തന്റെ കടയ്ക്ക് ‘ബാബ’ എന്ന് പേരിട്ടതായിരുന്നു അവരുടെ പ്രശ്‌നം. വൃദ്ധനെ ഭീഷണിപ്പെടുത്തുന്നത് കണ്ടു നില്‍ക്കാതെ ദീപക് ഇടപെടാന്‍ ശ്രമിച്ചപ്പോള്‍ ബജറംഗ് ദള്‍ സംഘം ദീപക്കിനെ ഭയപ്പെടുത്തി ഓടിക്കാന്‍ ശ്രമിച്ചു.

ഈ സംഭവത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരുന്നു. ഈ വീഡിയോയില്‍ ദീപക് ആള്‍ക്കൂട്ടത്തെ ചോദ്യം ചെയ്യുന്നത് കാണാം. മറ്റുള്ളവര്‍ക്ക് അവരുടെ കടയ്ക്ക് ‘ബാബ’ എന്ന് പേരിടാമെങ്കില്‍ എന്തുകൊണ്ട് അഹമ്മദിന് പാടില്ല എന്ന് ദീപക് ചോദിക്കുന്നു. ’30 വര്‍ഷം പഴക്കമുള്ള കടയാണിത്, നിങ്ങള്‍ ഇതിന്റെ പേര് മാറ്റിക്കുമോ?’ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. പേര് ചോദിച്ചപ്പോള്‍ ‘എന്റെ പേര് മുഹമ്മദ് ദീപക് എന്നാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ദ റോയിട്ടേഴ്‌സ് ദീപക്കിനോട് സംസാരിച്ചിരുന്നു. അവരോട് ദീപക് പറഞ്ഞത് ഇങ്ങനെയാണ്; ‘അദ്ദേഹം(വക്കീല്‍ അഹമ്മദ്) ഹിന്ദു അല്ലാത്തതിനാല്‍ കടയുടെ പേര് മാറ്റണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഒരു വൃദ്ധനെ ഭീഷണിപ്പെടുത്തരുതെന്ന് ഞാന്‍ അവരോട് പറഞ്ഞു. ദേഷ്യം വന്നപ്പോഴാണ് ഞാന്‍ മുഹമ്മദ് ദീപക് എന്ന് പേര് പറഞ്ഞത്. ഞാന്‍ ഒരു ഇന്ത്യക്കാരനാണെന്നും നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും അവരെ ബോധ്യപ്പെടുത്താനാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.’

വക്കീല്‍ അഹമ്മദിനെ ഭീഷണിപ്പെടുത്താനെത്തിയ ആള്‍ക്കൂട്ടം അന്ന് അവിടെ നിന്ന് പിരിഞ്ഞുപോയെങ്കിലും, ശനിയാഴ്ച കോട്ടദ്വാറിലെ ഒരു പാര്‍ക്കില്‍ ഒത്തുകൂടിയ സംഘം ദീപക്കിനെതിരെ മുദ്രാവാക്യം വിളിച്ചു. തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടെന്നും പോലീസിന്റെ സാന്നിധ്യത്തിലാണ് ഇതെല്ലാം നടന്നതെന്നുമാണ് ദീപക് പറയുന്നത്. പരാതി നല്‍കിയിട്ടും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്. എന്നാല്‍ അന്വേഷണം നടത്തി വരികയാണെന്നും കുറ്റക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്.

കടയുടമയായ അഹമ്മദിന്റെ പരാതിയില്‍ ബി.എന്‍.എസ് വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ‘ബാബ സ്‌കൂള്‍ ഡ്രസ്സ്’ എന്ന സ്ഥാപനം നടത്തുകയാണ് അദ്ദേഹം. ‘ജനുവരി 26-ന് ബജ്രംഗ് ദള്‍ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് എത്തിയ മൂന്നോ നാലോ യുവാക്കള്‍ കടയുടെ പേര് മാറ്റണമെന്ന് ഭീഷണിപ്പെടുത്തി. പേര് മാറ്റിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി,’ എന്ന് അഹമ്മദിന്റെ പരാതിയില്‍ പറയുന്നു.

ഉത്തരാഖണ്ഡിന്റെ പ്രതിച്ഛായയെ ഇത്തരം സംഭവങ്ങള്‍ തകര്‍ക്കുന്നു എന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സൂര്യകാന്ത് ധസ്മാന പറഞ്ഞു. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് നിന്നുള്ള വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടതും, വികാസ്‌നഗറില്‍ കശ്മീരി യുവാക്കള്‍ ആക്രമിക്കപ്പെട്ടതും, ഇപ്പോള്‍ കോട്ടദ്വാറിലെ സംഭവവും സംസ്ഥാനത്തെ വര്‍ഗീയ സൗഹാര്‍ദ്ദത്തിന് ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എതിര്‍പ്പുകള്‍ വകവെക്കാതെ താന്‍ ചെയ്തത് ശരിയാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ദീപക് കുമാര്‍.

Content Summary; My name is Mohammad Deepak’: Uttarakhand man stands up to Bajrang Dal’s harassment of a Muslim shopkeeper

This post was last modified on February 1, 2026 11:38 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment