April 25, 2025 |
Share on

കന്‍വാര്‍ യാത്ര; ശിവഭക്തന് പുനര്‍ജന്മം നല്‍കി ആഷിഖ് അലി

പേരോ മതമോ സ്വന്തം ജീവനോ നോക്കിയില്ല

കന്‍വാര്‍ യാത്രയും, അതോടനുബന്ധിച്ചുള്ള വിവാദങ്ങളും, സംഘര്‍ഷ സാധ്യതകളും നിലനില്‍ക്കവെയാണ് മനുഷ്യത്വത്തിന്റെ വില വിളിച്ചോതുന്നൊരു വാര്‍ത്ത വന്നിരിക്കുന്നത്. ആഷിഖ് അലി എന്ന പൊലീസുകാരനാണ് ഈ കഥയില്‍ കൈയടി കൊടുക്കേണ്ടത്. അയാളുടെ കൈകള്‍ കോരിയെടുത്തത് മരണത്തിലേക്ക് മുങ്ങിത്താണു പോവുകയായിരുന്ന 21 കാരനായ കന്‍വാര്‍ യാത്രികനെയായിരുന്നു.

ഉത്തരാഖണ്ഡിലെ സംസ്ഥാന ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിലെ(എസ്ഡിആര്‍എഫ്) ഹെഡ് കോണ്‍സ്റ്റബിളാണ് ആഷിഖ് അലി. ചൊവ്വാഴ്ച്ച ഹരിദ്വാറിലെ കംഗ്ഡ ഘട്ടിലെ പതിവ് പെട്രോളിംഗിനിടയിലാണ് 21 കാരനായ മോനു സിംഗ് എന്ന കന്‍വാര്‍ യാത്രികന്‍ ഗംഗയില്‍ മുങ്ങിപ്പോകുന്നത് അലിയുടെ കണ്ണില്‍പ്പെട്ടത്.

100 മീറ്റര്‍ വീതിയില്‍ ഒഴുകുന്ന ഗംഗയുടെ ഒരു കരയില്‍ നിന്നും മറു കരയിലേക്ക് നീന്തിയെത്താനുള്ള ശ്രമത്തിലായിരുന്നു മോനു സിംഗ്. ഏതാണ്ട് 60 മീറ്റര്‍ ദൂരമെത്തിയപ്പോഴേക്കും ശക്തമായ ഒഴുക്കില്‍പ്പെട്ട് 21 കാരന്‍ മുങ്ങിത്താഴാന്‍ തുടങ്ങി. ഇതു കണ്ട ആഷിഖ് അലി മറ്റൊന്നും ചിന്തിക്കാന്‍ നില്‍ക്കാതെ നദിയിലേക്ക് ചാടി. 40 മീറ്റര്‍ ദൂരത്തോളം നീന്തി ചെന്ന് മോനുവിനെ തന്റെ കൈകളില്‍ കോരിയെടുത്തു. അലിയുടെ ധീരമായ പ്രവര്‍ത്തിയില്‍ ആ ചെറുപ്പക്കാരന് ജീവിതം വീണ്ടു കിട്ടി.

ഇത്തരത്തില്‍ നിരവധി ജീവനുകള്‍ അലിയും സംഘവും മുങ്ങിയെടുക്കുന്നതാണ്.

‘ഓരോ വര്‍ഷത്തെയും കന്‍വാര്‍ യാത്രയ്ക്കിടയില്‍ ഇതുപോലെ ശരാശരി 40-50 പേരെയെങ്കിലും രക്ഷപ്പെടുത്താറുണ്ട്. 500 മീറ്റര്‍ ഏരിയ നോക്കാന്‍ ആകെ ആറ് ജവാന്മാരാണുള്ളത്. എന്നാലും ഞങ്ങളെക്കൊണ്ടാവുന്നതിന്റെ പരമാവധി ചെയ്യും’ അലി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.

ഗംഗയിലെ വേഗതയേറിയ ഒഴുക്കില്‍പ്പെട്ടു പോകുന്നവരെ രക്ഷപ്പെടുത്താന്‍ പ്രത്യേക പരിശീലനം നേടിയിട്ടുള്ളവരാണ് അലിയുടെ സംഘം. ശക്തമായ ഒഴുക്ക് ഉള്ളതുകൊണ്ട് രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരവുമാണ്. എന്നാലും ആ വെല്ലുവിളികളെല്ലാം മറികടന്ന് അവര്‍ ഓരോ ജീവനും കരയ്ക്കടുപ്പിക്കും.

തനിക്ക് ഇവിടെ ഡ്യൂട്ടിയായതിനു ശേഷം ഇതുവരെ 100 ല്‍ അധികം കന്‍വാര്‍ യാത്രികാരെ ഗംഗയില്‍ നിന്നും രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് ആഷിഖ് അലി പറയുന്നത്.

2012 ലാണ് ആഷിഖ് അലി കോണ്‍സ്റ്റബിള്‍ തസ്തികയില്‍ ഉത്തരാഖണ്ഡ് പൊലീസില്‍ ചേരുന്നത്. 2014 ല്‍ എസ്ഡിആര്‍എഫിന്റെ ഭാഗമായി. 2021 മുതല്‍ ഓരോ വര്‍ഷവും കന്‍വാര്‍ യാത്ര കാലത്ത് അലി കംഗ്ഡ് ഘട്ടിലാണ് ഡ്യൂട്ടി നോക്കുന്നത്.

ആഷിഖ് അലിയുടെ ധീരതയെ പ്രശംസിച്ച് എസ്ഡിആര്‍എഫ് പ്രസ്താവന പുറത്തിറക്കിയിരുന്നു. ഒരു മോശം സാഹചര്യത്തില്‍ സ്വന്തം ജീവന്‍ പോലും പണയം വച്ചാണ് 21 കാരനെ ആഷിഖ് അലി സുരക്ഷിതമായി കരയില്‍ എത്തിച്ചതെന്നാണ് എസ്ഡിആര്‍എഫ് പറഞ്ഞത്. നിസ്വാര്‍ത്ഥതയോടെയും ധൈര്യത്തോടെയും ആഷിഖ് അലി ചെയ്തത് ഒരു ശിവഭക്തന് പുന്‍ജീവിതം നല്‍കുകയാണെന്നും എസ്ഡിആര്‍എഫ് പറയുന്നു.

മോനു സിംഗിനെ ജീവിതത്തിലേക്ക് കൊണ്ടു വന്നതിനു പിന്നാലെ ഗോരഖ്പൂരില്‍ നിന്നെത്തിയ കന്‍വാര്‍ യാത്ര സംഘത്തിലെ സന്ദീപ് യാദവ് എന്ന 21 കാരനെയും ആഷിഖ് അലിയും ശിവം സിംഗ് എന്ന സഹപ്രവര്‍ത്തകനും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരുന്നു.

സന്ദീപ് യാദവ് ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്, പൊലീസും എസ്ഡിആര്‍എഫും വിലക്കിയിട്ടും താന്‍ നദിയില്‍ ഇറങ്ങുകയായിരുന്നുവെന്നാണ്. ഒഴുക്കില്‍പ്പെട്ടതോടെ കൈകള്‍ ഉയര്‍ത്തി രക്ഷയ്ക്കായി അപേക്ഷിച്ചു. പെട്ടെന്ന് തന്നെ രണ്ട് പേര്‍ എന്റെയടുത്തേക്ക് നീന്തി വരുന്നതു കണ്ടു, അവര്‍ എന്നെ രക്ഷിച്ചു, ഇതെന്റെ രണ്ടാം ജന്മമാണ്. എനിക്കവരോട് എങ്ങനെ നന്ദി പറയണമെന്നറിയില്ല. എന്റെ ജീവന്‍ രക്ഷിച്ച ആ മുസ്ലിം കോണ്‍സ്റ്റബിള്‍, ഈ ദിവസം മുതല്‍ അദ്ദേഹമെന്റെ സഹോദരനാണ്.

രുദ്രപൂര്‍ ഖേഡയില്‍ നിന്നുള്ള 21 കാരന്‍ ഗോവിന്ദ് സിംഗ്, ഡല്‍ഹിയില്‍ നിന്നുള്ള 17 കാരന്‍ കരണ്‍, ഹരിയാനക്കാരനായ 15 കാരന്‍ അങ്കിത്, മുസാഫര്‍നഗറില്‍ നിന്നു വന്ന 32 കാരന്‍ അരുണ്‍ റാത്തോഡ് തുടങ്ങിയ നിരവധി പേരാണ് അലിയോടും സംഘത്തോടും കടപ്പാട് പറയുന്നത്; അവര്‍ക്ക് പുതു ജീവന്‍ നല്‍കിയതിന്.  kanwar-yatra uttarakhand head constable aashiq ali saved shiv bhakt monu singh

Content Summary; kanwar yatra, uttarakhand head constable aashiq ali saved shiv bhakt monu singh

 

Leave a Reply

Your email address will not be published. Required fields are marked *

×