February 14, 2025 |
Share on

നെയ്യാറ്റിന്‍കര സമാധി: ദുരൂഹത നീക്കാനൊരുങ്ങി ജില്ലാ ഭരണകൂടം; വീട്ടിലെത്തിയ രണ്ടുപേരിലേക്കും അന്വേഷണം

പോസ്റ്റര്‍ അച്ചടിച്ചതിലും ദുരൂഹത

തിരുവനന്തപുരം നെയ്യാറ്റികരയില്‍ സമാധിയായെന്ന് കുടുംബം അവകാശപ്പെടുന്ന ആറാലുംമൂട്ടില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം ആരുമറിയാതെ മറവ് ചെയ്ത സംഭവത്തില്‍ കല്ലറ പൊളിക്കുന്ന നടപടികളുമായി പോലീസ് മുന്നോട്ട്. എന്നാല്‍ സമാധി പൊളിക്കാന്‍ സമ്മതിക്കില്ലെന്നും കോടതിയെ സമീപിച്ച് സ്‌റ്റേ വാങ്ങാനുമാണ് കുടുംബത്തിന്റെ നീക്കം.mystery continuous in neyyattinkara samadhi 

ഗോപന്‍ സ്വാമിയെ കാണാനില്ലെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് സംസ്‌കരിച്ച കല്ലറ തുറന്ന് പരിശോധിക്കാന്‍ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനു കുമാരി ഉത്തരവിട്ടത്. എന്നാല്‍ സമാധി പൊളിക്കാന്‍ പോലീസ് എത്തിയെങ്കിലും വീട്ടുകാരുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. കല്ലറ പൊളിക്കാന്‍ അനുവദിക്കില്ലെന്നും സമാധി കല്ലറ പൊളിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക ഹിന്ദു ഐക്യവേദി ആണെന്നും മകന്‍ പ്രതികരിച്ചു. ഹിന്ദു ഐക്യവേദിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നുമാണ് ഗോപന്‍ സ്വാമിയുടെ മകന്റെ നിലപാട്. എന്നാല്‍ ‘ദുരൂഹ സമാധി’ കല്ലറ പൊളിക്കുമെന്ന് സബ് കളക്ടര്‍ ഒവി ആല്‍ഫ്രഡ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ബലമായി കല്ലറ പൊളിക്കുന്ന നടപടികളിലേക്ക് നീങ്ങാന്‍ അധികൃതര്‍ ഇതുവരെ തയ്യാറാകാത്തത്. കുടുംബത്തെ അനുനയിപ്പിച്ച് കല്ലറ തുറക്കാനാണ് പോലീസുള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്.

തിങ്കളാഴ്ച രാവിലെ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തവേ ഗോപന്‍ സ്വാമിയുടെ ഭാര്യ സുശീല, മക്കളായ സനന്ദന്‍, രാജസേനന്‍, മരുമകള്‍ ശ്രീദേവി എന്നിവര്‍ സ്ഥലത്തേക്ക് ഓടിയെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം സ്ഥലത്തെ ചില സംഘടനാ പ്രവര്‍ത്തകരും ചേരുകയായിരുന്നു. എന്നാല്‍ മറ്റൊരു വിഭാഗം സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ടതോടെ സ്ഥിതിഗതികള്‍ വഷളായി. തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ചാണ് വീട്ടുകാരെയും മറ്റ് പ്രതിഷേധക്കാരെയും സ്ഥലത്തുനിന്നും മാറ്റിയത്.

വീട്ടുകാരുടെയും അടുത്ത ബന്ധുക്കളുടെയും പരസ്പരവിരുദ്ധമായ മൊഴികള്‍ പോലീസിന്റെ സംശയങ്ങള്‍ക്ക് ആക്കംകൂട്ടുന്നുണ്ട്. ജനുവരി ഒമ്പതിന് രാവിലെ 11 മണിക്ക് ഗോപന്‍ സ്വാമി നടന്നുപോയി കല്ലറയില്‍ ഇരുന്ന് സമാധിയായെന്നാണ് മകന്‍ രാജസേനന്‍ ആദ്യം പറഞ്ഞത്. എന്നാല്‍ ഗോപന്‍ സ്വാമി അതീവ ഗുരുതരാവസ്ഥയില്‍ കിടപ്പിലായിരുന്നുവെന്നും വ്യാഴാഴ്ച രാവിലെ അദ്ദേഹത്തെ കാണാന്‍ ചെന്നിരുന്നുവെന്നുമാണ് ബന്ധുവിന്റെ മൊഴി. അതേസമയം ഗോപന്‍ സ്വാമിയെ അപായപ്പെടുത്തിയതാണോ എന്ന സംശയമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്.

ഗോപന്‍ സ്വാമി സമാധിയായെന്നും സംസ്‌കരിച്ചെന്നും മക്കള്‍ തന്നെ വീട്ടുപരിസരത്ത് നോട്ടീസ് പതിപ്പിച്ചതോടെയാണ് മരണവിവരം നാട്ടുകാര്‍ അറിഞ്ഞത്. ബ്രഹ്‌മ ശ്രീ ഗോപന്‍ സ്വാമി ഇന്നലെ സമാധിയായെന്നായിരുന്നു പോസ്റ്ററില്‍. എല്ലാര്‍ക്കും പരിചിതനായ ഗോപന്‍ സ്വാമി മരിച്ചതോ സംസ്‌കാര ചടങ്ങുകളോ നാട്ടുകാരാരും അറിഞ്ഞിരുന്നില്ല. ദുരൂഹത തോന്നിയാണ് വാര്‍ഡ് കൗണ്‍സിലറേയും പൊലീസിനേയും നാട്ടുകാര്‍ വിവരം അറിയിക്കുന്നത്.

പോസ്റ്റര്‍ അച്ചടിച്ചതിലും ദുരൂഹത നിലനില്‍ക്കുന്നതായാണ് പോലീസ് പറയുന്നത്. എവിടെ നിന്നാണ് പോസ്റ്റര്‍ തയ്യാറാക്കിയതെന്നതിലും മക്കള്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പോസ്റ്റര്‍ നേരത്തെ തയ്യാറാക്കി വച്ചിരുന്നതായി സംശയിക്കുന്നതായും പോലീസ് പറയുന്നു.

വീടിനോട് ചേര്‍ന്നാണ് ആശ്രമം. തമിഴ്‌നാട്ടിലെ മൈലാടിയില്‍ നിന്ന് പിതാവ് തന്നെയാണ് കല്ലുള്‍പ്പെടെ കൊണ്ടുവന്ന് സമാധിപീഠം നിര്‍മിച്ചത്. ക്ഷേത്ര പരിസരത്ത് മണ്ഡപം കെട്ടി ഗോപന്‍ സ്വാമിയെ സമാധിയിരുത്തി ഭസ്മം നിറച്ചശേഷം കോണ്‍ക്രീറ്റ് സ്ലാബിട്ട് മൂടുകയായിരുന്നു. ആരെയും അറിയിക്കാതെ സമാധിയിരുത്തണമെന്നത് പിതാവിന്റെ ആഗ്രഹമായിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്.

അതേസമയം ഗോപന്‍ സ്വാമി സമാധിയായ ദിവസം രണ്ടുപേര്‍ വീട്ടില്‍ വന്നിരുന്നുവെന്ന മക്കളുടെ മൊഴിയിലും പോലീസ് അന്വേഷണം ആരംഭിച്ചു. കുടുംബാംഗങ്ങള്‍ അല്ലാതെ മറ്റാരും മരണസമയത്ത് വീട്ടില്‍ ഉണ്ടയിരുന്നില്ലെന്നായിരുന്നു അതുവരെ കുടുംബം വ്യക്തമാക്കിയിരുന്നത്. നെയ്യാറ്റികര പ്ലാവില സ്വദേശികളാണ് വീട്ടില്‍ എത്തിയതെന്നാണ് മൊഴി. ഇവരെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സാമുദായിക സംഘര്‍ഷം ഉണ്ടാക്കാനല്ല, മരണത്തിലെ അസ്വാഭാവികത തീര്‍ക്കാനാണ് കല്ലറ പൊളിക്കുന്നതെന്ന് ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിച്ചു. എന്നാല്‍ സമാധി പൊളിച്ചു നീക്കാന്‍ ആവില്ലെന്ന കടുത്ത നിലപാടിലാണ് കുടുംബം. നിലവില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കല്ലറ പൊളിച്ച് കേസിലെ ദുരൂഹത നീക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം കരുതുന്നത്.mystery continuous in neyyattinkara samadhi 

Content Summary:mystery continuous in neyyattinkara samadhi

neyyattinkara samadhi balaramapuram samadhi gopan swami mystery of murder 

×