റൂം നമ്പര്‍ 502, ഹോട്ടല്‍ ഗ്രാന്റ് ഹയാത്ത് എറവാന്‍, സെന്‍ട്രല്‍ ബാങ്കോക്ക്. ഒരു മിസ്റ്ററി ത്രില്ലറിന്റെ കഥ പോലെ, അഞ്ചാം നിലയിലെ ആ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത് ഒഴിഞ്ഞ ആറ് ചായ കപ്പുകളും, ആറ് മൃതദേഹങ്ങളും.
അത്ര വലിയൊരു ഹോട്ടലില്‍ ആരോരുമറിയാതെ നടന്ന കൂട്ടമരണം. ആരുടെയും നിലവിളികള്‍ ഉയര്‍ന്നില്ല, ആരും സഹായം തേടി വിളിച്ചില്ല, രക്ഷപ്പെടാന്‍ വേണ്ടി ഒരാളും വാതില്‍ തട്ടിയില്ല… എല്ലാം നിശബ്ദമായിട്ടാണ് സംഭവിച്ചത്. പൊലീസ് എത്തി വാതില്‍ തുറക്കുന്നതുവരെ ആറ് മൃതദേഹങ്ങളാണ് ആ മുറിയിലുള്ളതെന്ന് ഒരാളും പോലും അറിഞ്ഞില്ല.
ആ മുറിയില്‍ എല്ലാം തന്നെ അടുക്കും ചിട്ടയോടെയും ബാക്കി നിന്നിരുന്നു. യാതൊരുവിധ ബലപ്രയോഗവും അവിടെ നടന്നിട്ടില്ല. രാത്രി കഴിക്കാനായി എത്തിച്ച ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അണുവിട പോലും വ്യത്യാസപ്പെടാതെ, അതേപോലെയിരിക്കുന്നു.
ആ ആറു പേരും എങ്ങനെ മരണപ്പെട്ടുവെന്ന് പൊലീസ് കണ്ടെത്തി. മുറിയില്‍ ആറ് ചായ കപ്പുകള്‍ ഒഴിഞ്ഞിരിപ്പുണ്ടായിരുന്നു. സൈനഡ് കലര്‍ത്തിയ ചായ തന്നെയാണ് മരണകാരണമായതെന്ന് ശാസ്ത്രീയമായും തെളിഞ്ഞു.
പക്ഷേ, പൊലീസിന് ഇപ്പോഴും മറുപടി കിട്ടാത്ത രണ്ടു ചോദ്യങ്ങളുണ്ട്; എന്തിനിവരിത് ചെയ്തു? അല്ലെങ്കില്‍ ആരാണിത് ചെയ്തത്?
46 കാരിയായ തി ന്‍ഗുയെന്‍ ഫുവോങ്, അവരുടെ 49 കാരനായ ഭര്‍ത്താവ് ഹോങ് ഫാം തന്‍, 47 കാരിയായ തി ന്‍ഗുയെന്‍ ഫുവോങ് ലാന്‍, 37 കാരനായ ദിന്‍ ട്രാന്‍ ഫു, 56കാരിയായ ഷെറിന്‍ ചോങ്, 55 കാരന്‍ ഡാങ് ഹങ് വാന്‍ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതില്‍ ഷെറിനും ഡാങും ജന്മം കൊണ്ട് വിയറ്റ്‌നാമുകാരായ അമേരിക്കന്‍ പൗരന്മാരാണ്. ബാക്കി നാലു പേരും വിയറ്റ്‌നാമുകാരും.
അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഷെറിന്‍ ചോങ്, ഫുവോങ്-ഹോങ് ഫാം ദമ്പതിമാരുടെ കൈയില്‍ നിന്നും രണ്ടരക്കോടിക്ക് അടുത്ത് പണം(10 മില്യണ്‍ തായ് ബാറ്റ്) കടം വാങ്ങിയിരുന്നു. ജപ്പാനില്‍ നിര്‍മിക്കുന്ന ആശുപത്രി പ്രൊജക്ടില്‍ മുടക്കാനായിരുന്നു പണം. സ്വന്തമായി കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നവരായിരുന്നു ഫുവോങ്-ഹോങ് ഫാം ദമ്പതിമാര്‍. സാമ്പത്തിക ഇടപാടിന്റെ പേരില്‍ രണ്ടു കൂട്ടര്‍ക്കുമിടയില്‍ തര്‍ക്കം വന്നു. സംഭവം കേസാവുകയും ജപ്പാനിലെ കോടതി കയറുകയും ചെയ്തു.
കേസും കോടതിയും ഒഴിവാക്കി കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള കൂടിക്കാഴ്ച്ചയായിരുന്നു ബോങ്കോക്ക് ഹോട്ടലില്‍ നടന്നതെന്നു കരുതപ്പെടുന്നു. കാലിഫോര്‍ണിയായിലെ ഓക്‌ലാന്‍ഡില്‍ താമസക്കാരിയായ ഷെറിന്‍, ദമ്പതിമാരുമായി സംസാരിക്കാനുള്ള ഇടനിലക്കാരിയായി ക്ഷണിച്ചതിന്‍ പ്രകാരമാണ് തി ന്‍ഗുയെന്‍ ഫുവോങ് ലാന്‍ എത്തിയത്.
ബാക്കിയുള്ള രണ്ടു പേര്‍ എന്തിനവിടെ വന്നു എന്നതില്‍ ഉത്തരം കിട്ടിയിട്ടില്ല.
ദിന്‍ ട്രാന്‍ ഫു ഒരു സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു. വിയറ്റ്‌നാമിലെ സിനിമ താരങ്ങള്‍, ഗായകര്‍, ഫാഷന്‍ മോഡലുകള്‍ എന്നിവരൊക്കെ ഫുവിന്റെ ക്ലയിന്റുകളായിരുന്നു. ദിന്‍ ട്രാന്‍ ഫുവിന്റെ റോള്‍ ഇതില്‍ എന്തായിരുന്നുവെന്ന് വ്യക്തമായിട്ടില്ല.
ബിബിസി വിയറ്റ്‌നാമീസ് ദിനിന്റെ പിതാവിനെ ബന്ധപ്പെട്ടിരുന്നു. അദ്ദേഹം പറയുന്നത്, ജോലിയുടെ ഭാഗമായി ക്ലയ്ന്റ്‌സിനെ കാണാനായി ദിന്‍ സാധാരണ ഇത്തരം യാത്രകള്‍ നടത്താറുണ്ടെന്നാണ്. എന്നാല്‍ അപരിചിതര്‍ക്കായി അവന്‍ ഒരിക്കലും പോയിട്ടില്ലെന്നും പിതാവ് ട്രാന്‍ ദിന്‍ ഡങ് പറയുന്നു. സംശയാസ്പദമായ യാതൊരു പെരുമാറ്റവും അവസാനമായി കാണുമ്പോള്‍ മകനിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദിന്‍ ട്രാന്‍ ഫുവിന്റെ അമ്മ ബിബിസിയോട് പറഞ്ഞത്, സാധാരണ പോകാറുള്ള ഒരു യാത്ര മാത്രമായിരിക്കും ഇതെന്നാണ് താന്‍ കരുതിയതെന്നാണ്.
ദിന്‍ ഫുവിന്റെ അടുത്തൊരു സുഹൃത്ത് പറഞ്ഞത് അയാള്‍ക്ക് തി ന്‍ഗുയെന്‍ ഫുവോങ്, ഹോങ് ഫാം തന്‍ എന്നിവരെ പരിചയമുണ്ടെന്നാണ്. അയാള്‍ താമസിക്കുന്ന ഡാ നാംഗിലെ ഒരു സുഹൃത്തിന്റെ സ്പായില്‍ വച്ചാണ് ദമ്പതിമാരെ പരിചയപ്പെട്ടതെന്നാണ് പറയുന്നത്.
ദിന്‍ ട്രാന്‍ ഫുവിനെ പോലെ, ഡാങ് ഹങ് വാന്‍ അവിടെ എത്തിയതെന്തിനെന്ന കാര്യത്തിലും ഉത്തരം കിട്ടിയിട്ടില്ല.
പൊലീസ് പറയുന്നതനുസരിച്ച് ഒരാള്‍ കൂടി ഈ സംഘത്തില്‍ ചേരേണ്ടതായിരുന്നു. ആ ആറു പേരില്‍ ഒരാളുടെ സഹോദരിയുടെ പേര് കൂടി ഹോട്ടല്‍ റിസര്‍വേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ കഴിഞ്ഞാഴ്ച്ച തായ്‌ലാന്‍ഡില്‍ നിന്നും നേരെ വിയറ്റ്‌നാമിലേക്ക് പോയി. ആ വ്യക്തിക്ക് ഈ സംഭവത്തില്‍ പങ്കൊന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച്ച ഹോട്ടലില്‍ എത്തിയ ആറ് പേരും വേറെ വേറെ അഞ്ചു റൂമുകളാണെടുത്തത്. നാല് റൂമുകള്‍ ഏഴാം നിലയിലും ഒരെണ്ണം അഞ്ചാം നിലയിലുമായിരുന്നു. ഷെറിന്‍ ചോങ്ങിന്റെതായിരുന്നു അഞ്ചാം നിലയിലെ 502 നമ്പര്‍ റൂം.
ഞായറാഴ്ച്ച എല്ലാവരും റൂം നമ്പര്‍ 502 ല്‍ ഒത്തുകൂടിയിരുന്നു. രാത്രിയോടെ എല്ലാവരും അവരവരുടെ മുറികളിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു.
തിങ്കളാഴ്ച്ച ഡങ് ഹങ് വാന്‍ ആറ് കപ്പ് ചായ ഓര്‍ഡര്‍ ചെയ്തു. അതിനുശേഷമാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ ദിന്‍ ട്രാന്‍ ഫു ഫ്രൈഡ് റൈസ് ഓര്‍ഡര്‍ ചെയ്യുന്നത്. ഭക്ഷണം രണ്ടു മണിയോടെ(പ്രാദേശിക സമയം) 502 ലേക്ക് കൊണ്ടു വന്നാല്‍ മതിയെന്നായിരുന്നു പറഞ്ഞത്. രണ്ട് മണിക്ക് ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പ് 502 ല്‍ ഭക്ഷണമെത്തി. ഈ സമയം ഷെറിന്‍ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്.
പൊലീസ് പറയുന്നൊരു കാര്യമുണ്ട്. ചായ കൊണ്ടുവന്ന വെയ്റ്റര്‍മാര്‍ അത് കപ്പുകളില്‍ പകര്‍ന്നു നല്‍കാമെന്നു പറഞ്ഞെങ്കിലും ഷെറിന്‍ വിലക്കി. അവര്‍ വളരെ കുറച്ച് മാത്രമാണ് സംസാരിച്ചതെന്നും വല്ലാത്ത ടെന്‍ഷനിലായിരുന്നുവെന്നും വെയ്റ്റിര്‍മാര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അധികം താമസിയാതെ മറ്റുള്ളവര്‍ ഓരോരുത്തരായി 502 ലേക്ക് എത്തി. ദമ്പതിമാരുടെ കൈയില്‍ ഒരു സ്യൂട്ട്‌കെയ്‌സ് ഉണ്ടായിരുന്നു.
ഏകദേശം 2.17 അവര്‍ ആറ് പേരെയും വാതിലിന് സമീപം കണ്ടവരുണ്ട്. അതിനു ശേഷം ആ വാതില്‍ അടഞ്ഞു. പിന്നെയവിടെ എന്തു നടന്നുവെന്ന് ആര്‍ക്കും അറിയില്ല.
തിങ്കളാഴ്ച്ച വൈകിട്ടോടെ മുറികള്‍ ഒഴിയുമെന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷേ, സംഭവിച്ചത് മറ്റൊരു തരത്തിലായിരുന്നു.
പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായത്, മുറിയില്‍ ഉണ്ടായിരുന്നവരില്‍ രണ്ടു പേര്‍ വാതില്‍ തുറക്കാനായിട്ടാകണം, അതിന് അടുത്ത് വരെ എത്തിയിരുന്നു. ആറു പേരുടെ ശരീരത്തിലും സൈനഡിന്റെ അംശം കണ്ടെത്തിയിരുന്നു. മരണം ഉടനടി തന്നെ സംഭവിച്ചിരുന്നു. അവരുടെ ചുണ്ടുകളും നഖങ്ങളും ഇരുണ്ട് പര്‍പ്പിള്‍ നിറത്തിലായിരുന്നു. ആന്തരികാവയവങ്ങള്‍ രക്ത ചുവപ്പായി മാറി. സൈനഡ് അല്ലാതെ മറ്റൊരു മരണകാരണം കണ്ടെത്താനിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. പരിശോധനകളിലും സൈനഡ് അല്ലാതെ മറ്റു വിഷാംശയങ്ങളുടെ സാന്നിധ്യം കണ്ടെത്തിയില്ല. നിയമവിധേയമല്ലാതെ സൈനഡ് കൈവശം വയ്ക്കുന്നത് തായ്‌ലാന്‍ഡില്‍ കര്‍ശനമായി വിലക്കിയിട്ടുണ്ട്. നിയമം ലംഘിച്ചാല്‍ രണ്ടു വര്‍ഷം തടവാണ് ശിക്ഷ.
പൊലീസ് പറയുന്നത്, ആ ആറ് പേരില്‍ ഒരാളാണ് സൈനഡ് കൊലപാതകത്തിനു പിന്നിലെന്നാണ്. എന്നാല്‍ അതാരായിരിക്കും എന്നതിന് ഉത്തരം കിട്ടുന്നില്ല. ഒരുപക്ഷേ, തനിക്ക് വന്ന വലിയ സാമ്പത്തിക നഷ്ടത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഷെറിന്‍ ചോങ് തന്നെയാകാം മറ്റുള്ളവരെയും കൊന്ന് സ്വയം ജീവനൊടുക്കിയതെന്ന നിഗമനവും വിയറ്റ്‌നാം മാധ്യമങ്ങള്‍ക്കുണ്ട്.
കാര്യങ്ങള്‍ ചര്‍ച്ച് ചെയ്ത് പരിഹരിക്കാനായിട്ടായിരുന്നു ബാങ്കോക്കില്‍ ഒരു മീറ്റിംഗ് വിളിച്ചത്. ആ ശ്രമം പരാജയപ്പെട്ട സാഹചര്യത്തിലാകാം അറ്റകൈ പ്രയോഗം നടന്നത്.
ഈ സംഘത്തിന്റെ ടൂര്‍ ഗൈഡ് ആയിരുന്ന 35 കാരന്‍ ഫാന്‍ ന്‌ഗോക് വുവിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മധ്യസ്ഥ ചര്‍ച്ചയ്ക്ക് എത്തിയ തി ന്‍ഗുയെന്‍ ഫുവോങ് ലാന്‍ സന്ധി വേദനയ്ക്ക് ഉപയോഗിക്കുന്ന പാമ്പിന്‍ രക്തം ഉപയോഗിച്ചുള്ള നാട്ടുമരുന്ന് ആരില്‍ നിന്നെങ്കിലും വാങ്ങാന്‍ കിട്ടുമോയെന്ന് ചോദിച്ചിരുന്നതായി വു പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ലോഹം കൊണ്ട് നിര്‍മിച്ച രണ്ട് പാനീയ കുപ്പികളും മുറിയില്‍ നിന്നു പൊലീസ് കണ്ടെത്തിയിരുന്നു. അവ ഹോട്ടലില്‍ നിന്നു കൊടുത്തവയായിരുന്നില്ല. ഭക്ഷണ മേശയില്‍ സൈനഡ് കലര്‍ന്ന ചായ കപ്പുകള്‍ക്ക് സമീപമായിരുന്നു ഈ കുപ്പികള്‍ കിടന്നിരുന്നത്.
റൂം നമ്പര്‍ 502 ലെ കൂട്ടമരണത്തിന് പിന്നിലെ പല ചോദ്യങ്ങള്‍ക്കും ഇതുവരെ ഉത്തരം കിട്ടിയിട്ടില്ല. അതേസമയം കേസ് എത്രയും വേഗം അന്വേഷിച്ച് കണ്ടെത്തണമെന്നാണ് വിയ്റ്റനാം പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വിയ്റ്റനാം പൊലീസും തായ് പൊലീസും കാര്യക്ഷമമായി തന്നെ അന്വേഷണം മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്.
കോവിഡ് മഹാമാരിയുടെ ആഘാതത്തില്‍ നിന്നും ഇതുവരെ കരകയറിയിട്ടില്ല തായ്‌ലാന്‍ഡ് ടൂറിസം. വീണ്ടും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ 93 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം അവര്‍ അനുവദിച്ചിട്ടുണ്ട്. അതിനിടയിലാണ് ഈ കൂട്ടമരണം ഉണ്ടാക്കിയിരിക്കുന്ന വിവാദങ്ങളും ചര്‍ച്ചകളും. ഒരു വര്‍ഷം മുമ്പാണ് ഒരു ലക്ഷ്വറി മാളില്‍ വച്ച് 14 കാരനായ ആണ്‍കുട്ടി രണ്ടു പേരെ വെടിവച്ചു കൊന്നത്. പൊതു സുരക്ഷയ്ക്ക് രാജ്യത്ത് യാതൊരു ഭീഷണിയുമില്ലെന്നാണ് തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പറയുന്നത്. mystery deaths in room number 502 at bangkok hotel
Content Summary; mystery deaths in room number 502 at bangkok hotel