ജനകീയമായ പല ഇടപെടലുകളിലൂടെയും ചുരുങ്ങിയ കാലംകൊണ്ട് സാധാരണക്കാര്‍ക്ക് പ്രിയപ്പെട്ടവനായി മാറിയ ഐഎഎസ് ഓഫിസറാണ് ഡോ. എന്‍.പ്രശാന്ത് നായര്‍. ജനങ്ങള്‍ക്ക് അദ്ദേഹം ‘കളക്ടര്‍ ബ്രോ’ ആയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഒരു ജനകീയ വിപ്ലവം തന്നെ കോഴിക്കോട് കളക്ടറായിരുന്നപ്പോള്‍ പ്രശാന്ത് നടത്തിയിരുന്നു.
2015 ഫെബ്രുവരിയിലാണ് എന്‍. പ്രശാന്ത് കോഴിക്കോട് കളക്ടര്‍ ആയി നിയമിതനാകുന്നത്. അന്ന് മുതല്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് പ്രധാന്യം നല്‍കിക്കൊണ്ട് നിരവധി പദ്ധതികളാണ് അദ്ദേഹം ജില്ലയില്‍ ആവിഷ്‌കരിച്ചത്. പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കുക എന്ന ദൗത്യവുമായി ആരംഭിച്ച ഓപ്പറേഷന്‍ സുലൈമാനി പദ്ധതി ഉള്‍പ്പെടെ എല്ലാം ഹിറ്റായി. ഇതോടെ ജനപ്രതിനിധികളെക്കാള്‍ കോഴിക്കോട്ടെ പ്രധാന താരമായി കളക്ടര്‍ ബ്രോ മാറി.
പ്രശാന്ത് നായര്‍ എന്ന കണ്ണൂര്‍കാരന്‍ 2007 ല്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നേടി കോഴിക്കോട് ജില്ലയില്‍ കലക്ടറായി സേവനമനുഷ്ഠിക്കവേയാണ് മലയാളികളുടെ സ്വന്തം ‘കലക്ടര്‍ ബ്രോ’ ആയി മാറിയത്. പൊതുജന സൗഹാര്‍ദപദ്ധതികളുമായി ജനമനം കീഴടക്കിയ പ്രശാന്ത് പിന്നീട് ശോഭിച്ചത് സാഹിത്യരംഗത്താണ്. ആദ്യ പുസ്തകമായ കലക്ടര്‍ ബ്രോയ്ക്കും രണ്ടാമത്തെ പുസ്തകം ലൈഫ് ബോയ്ക്കും ശേഷം ‘ബ്രോ സ്വാമി കഥകള്‍’ എന്ന ചെറുകഥാ സമാഹാരവും വായനാലോകത്തിലേക്ക് എത്തി
ജനപ്രീതി കൂടിയതിനൊപ്പം തന്നെ പിന്നീട് വിവാദങ്ങളും പ്രശാന്തിനെ വേട്ടയാടാന്‍ തുടങ്ങി. സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമായ കളക്ടര്‍ക്ക് ആരാധകരും ഏറെയാണ്. അതുകൊണ്ട് തന്നെ ഔദ്യോഗിക കാര്യങ്ങളിലെ വിമര്‍ശനങ്ങള്‍ പോലും പരിഹാസരൂപേണ സോഷ്യല്‍ മീഡിയ വഴി പുറംലോകത്തേക്ക് എത്തിച്ച് വിവാദങ്ങളില്‍ അകപ്പെടുകയാണ് പതിവ്.
കോഴിക്കോട് കളക്ടറായിരിക്കെ പ്രശാന്ത് ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്ന് ആരോപണമുയരുകയായിരുന്നു. ഇക്കാര്യത്തില്‍ പൊതുഭരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയും, അന്വേഷണ റിപ്പോര്‍ട്ടില്‍ കളക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ പ്രശാന്ത് നായരെ കോഴിക്കോട് ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയത്.
കളക്ടറായിരിക്കെ തന്നെയാണ് എംകെ രാഘവന്‍ എംപിയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രശാന്ത് സോഷ്യല്‍ മീഡയയിലൂടെ എംപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയ കളക്ടര്‍, പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് എംപി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് മറുപടിയായി കുന്നംകുളത്തിന്റെ മാപ്പ് പ്രശാന്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് എംപി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയതോടെ ശരിക്കും മാപ്പുമായി കളക്ടര്‍ ബ്രോ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
പിന്നീട് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയാക്കി നിയമിച്ചു. അവിടെയും സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ കളക്ടര്‍ ബ്രോ വിവാദങ്ങള്‍ക്ക് തിരികൊളുത്തി. മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിച്ച ന്യൂസ് മേക്കല്‍ 2017 എന്ന പരിപാടിയുടെ അഭിപ്രായ വോട്ടെടുപ്പിന്റെ അന്തിമ പട്ടികയില്‍ ഇടം നേടിയ കണ്ണന്താനത്തിന് വോട്ട് ചോദിച്ച് പ്രശാന്ത് നായര്‍ ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. ‘കാലാവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ചാല്‍ ടൂറിസം മെച്ചമാണെന്ന് പറയും. നിശ്ചിത നമ്പര്‍ എഴുതി ആ നമ്പറിലേക്ക് മെസേജ് അയക്കൂ, എന്റെ മൊയ്ലാളിയെ വിജയിപ്പിക്കൂ’ എന്നായിരുന്നു സംഭവത്തില്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
‘വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്ഥന്‍’; പ്രശാന്തിനെ ‘വില്ലന്‍’ ആക്കി മേഴ്‌സിക്കുട്ടിയമ്മ
അഞ്ച് വര്‍ഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷനിലാണ് പ്രശാന്ത് ഡല്‍ഹിയിലേക്ക് പോയത്. എന്നാല്‍ അധികകാലമാവുന്നതിന് മുന്‍പ് തന്നെ രൂക്ഷമായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പ്രശാന്ത് സ്ഥാനമൊഴിയുകയാണെന്ന വാര്‍ത്തകളും പുറത്തുവന്നു. പിന്നീട് കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.എന്‍.സി.) മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് എത്തിയെങ്കിലും വിവാദങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ബഹുരാഷ്ട്ര അമേരിക്കന്‍ കുത്തക കമ്പനിയായ ഇഎംസിസിയുമായി, കെ.എസ്.ഐ.എന്‍.സി. മാനേജിങ് ഡയറക്ടറായിരുന്ന എന്‍ പ്രശാന്ത് കരാറില്‍ ഒപ്പുവച്ചത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. അസന്റ് കേരളയില്‍ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ സ്വകാര്യ കമ്പനിയായ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടു എന്ന് കാണിച്ച് പ്രതിപക്ഷം രേഖകള്‍ ഉയര്‍ത്തിക്കാണിച്ചതോടെയാണ് വിഷയം വിവാദമായത്. ആലപ്പുഴയിലെ പള്ളിപ്പുറത്ത് കെഎസ്‌ഐഡിസി തുടങ്ങിയ മറൈന്‍ പാര്‍ക്കില്‍ ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് തുടങ്ങാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കി എന്നായിരുന്നു വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കായി ചാറ്റ് ചെയ്ത മാധ്യമപ്രവര്‍ത്തകയ്ക്ക് പ്രശാന്ത് നായര്‍ ചലച്ചിത്രതാരം സീമയുടെ പുറംതിരിഞ്ഞ ഫോട്ടോയും അധിക്ഷേപ സന്ദേശവും അയച്ചതും വന്‍ വിവാദമായി. സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ പ്രശാന്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2022 ലാണ് പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന്റെ തലപ്പത്തേക്ക് പ്രശാന്ത് എത്തുന്നത്.
ഇവിടെയും വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി തന്നെയാണ് പ്രശാന്ത് ഇപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നിരിക്കുന്നത്. മല്ലു ഹിന്ദു വാട്സ് ആപ്പ് ഗ്രൂപ്പ് വിഷയത്തില്‍ അകപ്പെട്ട കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനേയും ഉന്നമിട്ട് പ്രശാന്ത് ഫെയ്സ്സ്ബുക്കിലൂടെ നടത്തിയ വിമര്‍ശനം വന്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. അടുത്ത ചീഫ് സെക്രട്ടറിയെന്ന് സ്വയം വിശേഷിപ്പിച്ച മഹാനാണ് ജയതിലകെന്നും, സ്വയം കുസൃതി ഒപ്പിച്ചിട്ട് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരില്‍ കൂടി വരുന്നെന്നായിരുന്നു കെ.ഗോപാലകൃഷ്ണനെ ഉന്നംവച്ചും പ്രശാന്തിന്റെ പരിഹാസം.
പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ ക്ഷേമപദ്ധതികള്‍ക്കായി രൂപീകരിച്ച ‘ഉന്നതി’യിലെ ഫയലുകള്‍ കാണാനില്ലെന്ന പരാതിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക് ഐഎഎസ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രശാന്തിനെതിരേ ആരോപണങ്ങള്‍ ഉണ്ടെന്നാണ് വിവരം. ഉന്നതിയുടെ പ്രവര്‍ത്തനം സ്തംഭിച്ച അവസ്ഥിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനെക്കാള്‍ രൂക്ഷമായ ആരോപണം, പട്ടിക ജാതി- പട്ടിക വര്‍ഗ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന പ്രശാന്ത് വ്യാജ ഹാജര്‍ ഉണ്ടാക്കിയെന്നതാണ്. ഇല്ലാത്ത യോഗങ്ങള്‍ കാണിച്ച് പ്രശാന്ത് ഓണ്‍ ഡ്യൂട്ടി രേഖപ്പെടുത്തുമായിരുന്നുവെന്നും മാസത്തില്‍ പത്തു ദിവസം പോലും ഓഫിസില്‍ എത്തിയിരുന്നില്ലെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഐഎഎസ് തലപ്പത്ത് ചേരിപ്പോര് മുന്‍പും ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയയിലടക്കം ആരോപണങ്ങളും അധിക്ഷേപങ്ങളും നടക്കുന്നത് സര്‍ക്കാരിനേയും വെട്ടിലാക്കിയിരിക്കുകയാണ്. പോര് രൂക്ഷമായതോടെ ചീഫ് സെക്രട്ടറി എന്‍. പ്രശാന്തിനോട് വിശദീകരണം തേടിയിരിക്കുകയാണ്. N Prasanth Nair ias, collector bro image and controversies
Content Summary; N Prasanth Nair ias, collector bro image and controversies