സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് പരസ്യ ചേരിപ്പോര്. ‘മല്ലു ഹിന്ദു ഓഫീസേഴ്സ്’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട വാട്‌സ് ആപ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെ പ്രതി സ്ഥാനത്ത് നിര്‍ത്തുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റുമായാണ് ഡോ. എന്‍ പ്രശാന്ത് ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. ‘എസ് സി, എസ് ടി വകുപ്പിലെ തനിക്ക് എതിരായ വാര്‍ത്തയ്ക്ക് പിന്നില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നും കുറിപ്പില്‍ വിശദമാക്കുന്നു. തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പേല്‍ക്കാന്‍ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണെന്നും’ പ്രശാന്ത് കുറിപ്പിലൂടെ പറയുന്നു. ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങനെ ചോരുന്നുവെന്ന കമന്റിന് ‘മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്ത രോഗി ജയതിലക് തന്നെ’ എന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. Public battle for IAS chief in the state
മന്ത്രിയുടെ അനുമതിയോടെയും നിര്‍ദേശപ്രകാരവും ഫീല്‍ഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാന്‍ പോകുമ്പോള്‍ ‘അദര്‍ ഡ്യൂട്ടി’ മാര്‍ക്ക് ചെയ്യുന്നതിനെ ‘ഹാജര്‍ ഇല്ല’ എന്ന് വ്യാജമായി റിപ്പോര്‍ട്ടാക്കണമെങ്കില്‍ അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുണ്ടായിരുന്നിരിക്കണമെന്നും തനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി മാതൃഭൂമിക്ക് സമര്‍പ്പിക്കുന്ന അവരുടെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഡോ. ജയതിലക് ഐ.എ.എസ് എന്ന സീനിയര്‍ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്ന കുറിപ്പോടെ ജയതിലകിന്റെ ഫോട്ടോ സഹിതമാണ് പ്രശാന്തിന്റെ കുറിപ്പ്.
സ്വയം കുസൃതി ഒപ്പിച്ച ശേഷം അതിനെതിരെ പരാതിപ്പെടുന്ന ഐഎഎസുകാര്‍ ഉണ്ടെന്നും ചിലരുടെ ഓര്‍മ്മശക്തി ആരോ ഹാക്ക് ചെയ്‌തെന്നും മതാടിസ്ഥാനത്തില്‍ രൂപീകരിച്ച വാട്‌സ് ആപ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ പരിഹാസരൂപേണയും ആരോപണം ഉന്നയിക്കുന്നുണ്ട്. ഉന്നതിയുടെ സിഇഒ സ്ഥാനത്ത് നിന്നും പ്രശാന്തിനെ മാറ്റി കെ. ഗോപാലകൃഷ്ണനെ നിയമിച്ചതിലുള്ള അതൃപ്തിയാണ് പരിഹാസത്തിന് കാരണമായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതി (കേരള എംപവര്‍മെന്റ് സൊസൈറ്റി)യിലെ ഫയലുകള്‍ കാണാനില്ലെന്ന പരാതിയിലാണ് നിലവില്‍ ചേരിപ്പോര് രൂക്ഷമായിരിക്കുന്നത്. ഉന്നതിയുടെ പ്രവര്‍ത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷണല്‍ സെക്രട്ടറി ഡോ. എ. ജയതിലക് മുഖ്യമന്ത്രിക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ, പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജര്‍’ രേഖപ്പെടുത്തിയെന്ന് ഉള്‍പ്പെടെയുള്ള കണ്ടെത്തലും ജയതിലകിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഇല്ലാത്ത യോഗങ്ങള്‍ കാണിച്ച് ‘ഓണ്‍ ഡ്യൂട്ടി’ എടുക്കുന്നതായിരുന്നു പ്രശാന്തിന്റെ ശീലമെന്നും മാസത്തില്‍ പത്തുദിവസം പോലും ഓഫീസിലെത്താത്ത സ്ഥിതിയുണ്ടായിരുന്നെന്നും ജയതിലക് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരുവര്‍ഷത്തെ ഹാജര്‍ കണക്ക് സഹിതമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ ആദിവാസി മേഖലകളിലെ യോഗങ്ങളുടെ പേരിലാണ് ‘ഓണ്‍ ഡ്യൂട്ടി’ അപേക്ഷ നല്‍കുക. എന്നാല്‍, ഈ ദിവസങ്ങളില്‍ അത്തരം യോഗങ്ങള്‍ നടന്നിട്ടില്ലെന്നതിന്റെ ഫീല്‍ഡ് റിപ്പോര്‍ട്ട് അടക്കം അഡീഷണല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് നല്‍കിയതായാണ് വിവരം.
2023 മാര്‍ച്ച് 16-ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ ഉന്നതിയുടെ സി.ഇ.ഒ.യായി നിയമിച്ച് ഉത്തരവിറക്കി. ഗോപാലകൃഷ്ണന് ഔദ്യോഗികമായി ചുമതല കൈമാറാനോ, രേഖകള്‍ കൈമാറാനോ അതുവരെ സി.ഇ.ഒ. ആയിരുന്ന പ്രശാന്ത് തയ്യാറായില്ല. ഗോപാലകൃഷ്ണന് ചുമതല ഏറ്റെടുക്കാനുള്ള അനുമതി നല്‍കി ഏപ്രില്‍ 29-ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയാണുണ്ടായത്. തുടര്‍ന്ന് രേഖകള്‍ ലഭിക്കണമെന്ന് കാണിച്ച് പ്രശാന്തിന് കത്ത് നല്‍കിയതായും രണ്ടുമാസത്തിന് ശേഷം രണ്ട് കവറുകള്‍ മന്ത്രിയുടെ ഓഫീസില്‍ എത്തിച്ചുവെന്നുമാണ് പറയുന്നത്. എന്നാല്‍ ഈ കവറുകളിലൊന്നും ഉന്നതിയുടെ പ്രധാനപ്പെട്ട രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, മല്ലു ഹിന്ദു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയതില്‍ ഫോണ്‍ ഹാക്ക് ചെയ്തതാണെന്ന കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ പരാതി തള്ളിയാണ് പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ഫോറന്‍സിക് പരിശോധനയിലോ, മെറ്റയുടെ വിശദീകരണത്തിലോ ഹാക്കിംഗ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്ന റിപ്പോര്‍ട്ടാണ് തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ ഡിജിപിക്ക് മറുപടി നല്‍കിയിരിക്കുന്നത്.
ഗോപാലകൃഷ്ണന്റെ രണ്ട് ഫോണുകളാണ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കിയിരുന്നത്. രണ്ട് ഫോണുകളും ഫോര്‍മാറ്റ് ചെയ്ത നിലയിലുമായിരുന്നു. ഹാക്കിംഗ് കണ്ടെത്തണമെങ്കില്‍ ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യാന്‍ പാടില്ലായിരുന്നു. എന്നാല്‍ പരാതിക്കാരന്‍ തന്നെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തതിനാല്‍ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്നാണ് കമ്മീഷണര്‍ ഡിജിപിയെ അറിയിച്ചിരിക്കുന്നത്.
പോലീസ് റിപ്പോര്‍ട്ടിന് ശേഷം ഗോപാലകൃഷ്ണനോട് വിശദീകരണം തേടാനിരിക്കുകയാണ് ചീഫ് സെക്രട്ടറി. ഹാക്കിംഗ് നടന്നതിന് തെളിവുകളില്ലാത്തതിനാല്‍ എന്താണ് സംഭവിച്ചതെന്ന് ഇനി രേഖമൂലം വിശദീകരിക്കേണ്ടത് കെ. ഗോപാലകൃഷ്ണനാണ്.
ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ഡോ. എന്‍ പ്രശാന്തിന്റെ പരിഹാസരൂപേണയുള്ള സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇതാദ്യമായല്ല. മുമ്പ് കോഴിക്കോട് കളക്ടര്‍ ആയിരുന്ന കാലത്തും പ്രശാന്ത് വിവാദങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
എംകെ രാഘവന്‍ എംപിയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് കോഴിക്കോട് കളക്ടറായിരുന്ന പ്രശാന്ത് സോഷ്യല്‍ മീഡയയിലൂടെ എംപിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു. തന്നെ അപകീര്‍ത്തിപ്പെടുത്തിയ കളക്ടര്‍, പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് എംപി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് മറുപടിയായി കുന്നംകുളത്തിന്റെ മാപ്പ് പ്രശാന്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് എംപി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയതോടെ ശരിക്കും മാപ്പുമായി കളക്ടര്‍ ബ്രോ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.Public battle for IAS chief in the state
content summary; Public battle for IAS chief in the state