April 20, 2025 |
Share on

വീണ്ടും പരിഹാസ പോസ്റ്റുമായി പ്രശാന്ത്; ഹിയറിങിന് ഹാജരാകുമോ എന്നത് അനിശ്ചിതത്വത്തില്‍

ലൈവ് സ്ട്രീമിങ് അസാധാരണമെന്ന്‌
ഉദ്യോഗസ്ഥ നിലപാട്

കളക്ടര്‍ ബ്രോ എന്നറിയപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍ പ്രശാന്തിന് സര്‍ക്കാര്‍ തലത്തിലും തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. സസ്‌പെന്‍ഷനിലായ പ്രശാന്തിന്റെ പരാതികളിലെ ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന ആവശ്യം ചീഫ് സെക്രട്ടറി നിരസിക്കുകയായിരുന്നു. ഹിയറിങ് അച്ചടക്ക നടപടിയുടെ ഭാഗമാണെന്നും ലൈവോ റെക്കോര്‍ഡിങ്ങോ ഉണ്ടാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്. ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഹിയറിങ്ങിന് വിളിച്ചതിന് പിന്നാലെയാണ് വിചിത്ര ആവശ്യവുമായി പ്രശാന്ത് രംഗത്തെത്തിയത്.

എന്നാല്‍ ആവശ്യം നിരസിച്ചതിന് പിന്നാലെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പരിഹാസ പോസ്റ്റുമായി എത്തിയിരിക്കുകയാണ് പ്രശാന്ത്. സിവില്‍ സര്‍വീസ് അക്കാദമി ക്ലാസില്‍
പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന ഒരു IAS ഉദ്യോഗസ്ഥന്‍ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? എന്ന് പറഞ്ഞാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഒപ്പം ഒരു വീഡിയോയും ഉണ്ട്.

ഈ പോസ്റ്റിലും മറുചേരിയിലുള്ള ഡോ. ജയതിലകിനെയും ഡോ.ഗോപാലകൃഷ്ണനെതിരെയുമാണ് പ്രശാന്ത് ഒളിയമ്പ് എയ്തിരിക്കുന്നത്. ഗോഡ്ഫാദറില്ലാത്ത, വരവില്‍ കവിഞ്ഞ് വരുമാനമില്ലാത്ത, ക്രിമിനല്‍ കേസുകളൊന്നും ഇല്ലാത്ത, പീഡോഫീലിയ കേസ് ഒതുക്കിത്തീര്‍ക്കാനില്ലാത്ത, തമിഴ്നാട്ടില്‍ ടിപ്പറും കാറ്റാടിപ്പാടങ്ങളുമില്ലാത്ത, ബന്ധുക്കള്‍ക്ക് ബാറില്ലാത്ത, പത്രക്കാര്‍ പോക്കറ്റിലില്ലാത്ത, ഡാന്‍സും പാട്ടുമറിയാത്ത, മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളില്ലാത്തവര്‍ക്ക് മാത്രമാണീ ക്ലാസ് ബാധകം എന്നാണ് പോസ്റ്റിലെ പരിഹാസം.

പ്രൊഫ. അടിമക്കണ്ണിന്റെ ക്ലാസ്സില്‍ ശ്രദ്ധിക്കാതിരുന്നവര്‍ ആത്മാഭിമാനം, നീതി, ന്യായം, സുതാര്യത, നിയമം, ഭരണഘടന എന്നൊക്കെ പുലമ്പും. കാര്യമാക്കണ്ട എന്നും സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

ഉന്നത ഉദ്യോഗസ്ഥരെയും സഹപ്രവര്‍ത്തകരെയും നവമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന ആരോപണങ്ങളിലായിരുന്നു പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍. ഈ മാസം 16നാണ് പ്രശാന്തിന് ഹിയറിംഗിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. പ്രശാന്തിനെതിരെ വകുപ്പ് തല നടപടിക്ക് മുന്നോടിയായി വകുപ്പ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ആലോചിക്കുമ്പോഴാണ് ഹിയറിങ് ആവശ്യപ്പെട്ടത്.

ലൈവ് സ്ട്രീമിങ്ങും റെക്കോര്‍ഡിങും നടത്തണമെന്നായിരുന്നു പ്രശാന്തിന്റെ ആവശ്യം. പൊതുതാല്പര്യം പരിഗണിച്ചാണ് തന്റെ ആവശ്യമെന്നായിരുന്നു പ്രശാന്ത് പറഞ്ഞത്. എന്നാല്‍ വ്യക്തിപരമായ ഹിയറിങിന് ലൈവ് സ്ട്രീമിങ് ആവശ്യപ്പെടുന്നത് അസാധാരണ നടപടിയാണെന്നാണ് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. തെളിവ് എന്ന നിലയില്‍ വീഡിയോ റെക്കോര്‍ഡിങ് ആവശ്യപ്പെടാമെങ്കിലും ലൈവ് സ്ട്രീമിങ് അസാധാരണമാണൊണ് ഉദ്യോഗസ്ഥ നിലപാട്.

സസ്‌പെന്‍ഷന്റെ കാരണം

2024 നവംബറിലാണ് പ്രശാന്ത് സസ്‌പെന്‍ഷനിലായത്. ഉന്നത ഉദ്യോഗസ്ഥരെയും സഹപ്രവര്‍ത്തകനെയും നവമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന ആരോപണത്തിലാണ് എന്‍. പ്രശാന്തിന് സസ്‌പെന്‍ഷന്‍ ലഭിക്കുന്നത്. ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്നും അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിന് അവമതിപ്പുണ്ടാക്കിയെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

ഐഎഎസ് ചേരിപ്പോരിന്റെ തുടക്കം

‘മല്ലു ഹിന്ദു ഓഫീസേഴ്‌സ്’ എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട വാട്സ് ആപ് ഗ്രൂപ്പ് വിവാദത്തോടെയാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനും എന്‍ പ്രശാന്തും തമ്മിലുള്ള ചേരി തിരിവ് പരസ്യമായത്. ‘സ്വയം കുസൃതി ഒപ്പിച്ച ശേഷം അതിനെതിരെ പരാതിപ്പെടുന്ന ഐഎഎസുകാര്‍ ഉണ്ടെന്നും ചിലരുടെ ഓര്‍മ്മശക്തി ആരോ ഹാക്ക് ചെയ്തെന്നും’ വാട്സ് ആപ് ഗ്രൂപ്പ് വിവാദത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെതിരെ പരിഹാസരൂപേണ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു. ഉന്നതിയുടെ സിഇഒ സ്ഥാനത്ത് നിന്നും പ്രശാന്തിനെ മാറ്റി കെ. ഗോപാലകൃഷ്ണനെ നിയമിച്ചതിലുള്ള അതൃപ്തിയാണ് പോസ്റ്റിന് കാരണമായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഇതേ പോസ്റ്റില്‍ തന്നെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെയും പ്രശാന്ത് കുറിപ്പിട്ടു. എസ് സി, എസ് ടി വകുപ്പിലെ തനിക്ക് എതിരായ വാര്‍ത്തയ്ക്ക് പിന്നില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലക് ആണെന്നായിരുന്നു ആരോപണം. കൂടാതെ ‘തിടമ്പിനേയും തിടമ്പേറ്റിയ ആനയേയും ഇതുവരെ പേടിക്കാത്തവരെ പേടിപ്പിക്കാമെന്ന്, ഭാവിയില്‍ തിടമ്പേല്‍ക്കാന്‍ കുപ്പായം തയ്ച്ചിരിക്കുന്ന കുഴിയാനകള്‍ ചിന്തിക്കുന്നത് വല്ലാത്ത തിലകത്തമാണെന്നും’ പ്രശാന്ത് കുറിപ്പിലൂടെ പറഞ്ഞിരുന്നു. അതേസമയം, ജയതിലകിന്റെ റിപ്പോര്‍ട്ട് എങ്ങനെ ചോരുന്നുവെന്ന ഒരു കമന്റിന് ‘മാടമ്പള്ളിയിലെ യഥാര്‍ത്ഥ ചിത്ത രോഗി ജയതിലക് തന്നെ’ എന്നും പ്രശാന്ത് കുറിച്ചിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ പ്രശാന്ത് തന്നെ കമന്റ് ഡിലീറ്റ് ചെയ്തു.

പട്ടികജാതി-പട്ടികവര്‍ഗ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്ത് ജോലിക്ക് ഹാജരാകാതെ ‘വ്യാജ ഹാജര്‍’ രേഖപ്പെടുത്തിയെന്ന് ഉള്‍പ്പെടെയുള്ള കണ്ടെത്തലുകളാണ് ജയതിലക് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പത്രങ്ങള്‍ വഴി പുറത്തുവന്നതോടെയാണ് സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പരിഹാസവും ആക്ഷേപങ്ങളുമായി പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി എത്തിയത്.

പ്രശാന്തിന്റെ സസ്‌പെന്‍ഷനെ ചൊല്ലി ഉന്നതോദ്യോഗസ്ഥര്‍ക്കിടയില്‍ പരസ്യമായ വാക്‌പോര് തുടരുന്നതിനിടെയാണ് ഹിയറിങ് നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. നോട്ടീസിന് മറുപടിയായി നിരവധി കത്ത് പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം തിരിച്ച് വിശദീകരണം ചോദിക്കലാണെന്നും മറുപടിയായി കണക്കാക്കാനാകില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.

കളക്ടര്‍ ബ്രോയും വിവാദങ്ങളും

എന്നും സോഷ്യല്‍ മീഡിയയിലൂടെ ജനകീയ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു പ്രശാന്ത്. 2015 ഫെബ്രുവരിയിലാണ് പ്രശാന്ത് കോഴിക്കോട് കളക്ടറായി നിയമിതനായത്. അക്കാലത്ത് കോഴിക്കോട്ടെ പട്ടിണി കിടക്കുന്നവര്‍ക്കായി ആരംഭിച്ച ഓപ്പറേഷന്‍ സുലൈമാനി എന്ന പദ്ധതിയിലൂടെ പ്രശാന്ത് ഐഎഎസ് കളക്ടര്‍ ബ്രോ ആയി മാറിയത്. കണ്ണൂരുകാരനായ പ്രശാന്ത് 2007 ലാണ് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് നേടിയത്.

ചുരുങ്ങിയ കാലം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ആരാധകരെ ഉണ്ടാക്കിയെടുക്കാനും പ്രശാന്തിന് കഴിഞ്ഞിരുന്നു. ഇതിനൊക്കെ പുറമെ വായനക്കാരായ വലിയ വിഭാഗത്തെ സ്വാധീനിക്കാനും പ്രശാന്തിന് കഴിഞ്ഞു. ആദ്യ പുസ്തകമായ കലക്ടര്‍ ബ്രോയ്ക്കും രണ്ടാമത്തെ പുസ്തകം ലൈഫ് ബോയ്ക്കും ശേഷം ‘ബ്രോ സ്വാമി കഥകള്‍’ എന്ന ചെറുകഥാ സമാഹാരവും പ്രശാന്തിന്റെതായി സാഹിത്യലോകത്തിലേക്ക് എത്തി.

ജനപ്രീതി നേടിയപ്പോഴും വിവാദങ്ങളും പ്രശാന്തിനൊപ്പം ഉണ്ടായിരുന്നു. ഔദ്യോഗിക കാര്യങ്ങളില്‍ പോലും അദ്ദേഹം അഭിപ്രായപ്രകടനം നടത്താന്‍ സോഷ്യല്‍ മീഡിയയെയാണ് ഉപയോഗിച്ചിരുന്നത്. ഇത് പല ഉദ്യോഗസ്ഥരെയും ചൊടിപ്പിച്ചു.

ഇതിനൊക്കെയിടയിലായിരുന്നു പ്രശാന്തിനെതിരെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തെന്ന ആരോപണവും ഉയര്‍ന്നത്. ഇക്കാര്യത്തില്‍ പൊതുഭരണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിടുകയും, അന്വേഷണ റിപ്പോര്‍ട്ടില്‍ കളക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന് സൂചിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയായിരുന്നു പ്രശാന്തിനെ കോഴിക്കോട് ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയത്

കളക്ടറായിരിക്കെ തന്നെയാണ് എംകെ രാഘവന്‍ എംപിയുടെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് പ്രശാന്ത് സോഷ്യല്‍ മീഡയയിലൂടെ എംപിക്കെതിരെ രംഗത്ത് വന്നത്. തന്നെ അപകീര്‍ത്തിപ്പെടുത്തിയ കളക്ടര്‍, പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് എംപി ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് മറുപടിയായി കുന്നംകുളത്തിന്റെ മാപ്പ് പ്രശാന്ത് പോസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് എംപി മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയതോടെ ശരിക്കും മാപ്പുമായി എത്തി പ്രശാന്ത് പ്രശ്നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.

ഇതിനൊക്കെ പുറമെയായിരുന്നു അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായുള്ള നിയമം. അവിടെയും പ്രശാന്തിന്റെ പരിഹാസങ്ങള്‍ക്ക് മാറ്റമുണ്ടായില്ല. മനോരമ ന്യൂസ് ചാനല്‍ സംഘടിപ്പിച്ച ന്യൂസ് മേക്കല്‍ 2017 എന്ന പരിപാടിയുടെ അഭിപ്രായ വോട്ടെടുപ്പിന്റെ അന്തിമ പട്ടികയില്‍ ഇടം നേടിയ കണ്ണന്താനത്തിന് വോട്ട് ചോദിച്ച് പ്രശാന്ത് ഇട്ട പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. ‘കാലാവസ്ഥ എങ്ങനെ ഉണ്ടെന്ന് ചോദിച്ചാല്‍ ടൂറിസം മെച്ചമാണെന്ന് പറയും. നിശ്ചിത നമ്പര്‍ എഴുതി ആ നമ്പറിലേക്ക് മെസേജ് അയക്കൂ, എന്റെ മൊയ്‌ലാളിയെ വിജയിപ്പിക്കൂ’ എന്നായിരുന്നു.

അഞ്ച് വര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ ഡല്‍ഹിയില്‍ എത്തിയ പ്രശാന്ത് രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് തിരികെ പോന്നു. പിന്നീട്
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെ.എസ്.ഐ.എന്‍.സി.) മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് എത്തിയെങ്കിലും അവിടെയും മാറ്റമൊന്നുമുണ്ടായില്ല.

ഡയറക്ടറായിരുന്ന എന്‍ പ്രശാന്ത് കരാറില്‍ ഒപ്പുവച്ചത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. അസന്റ് കേരളയില്‍ ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ സ്വകാര്യ കമ്പനിയായ ഇഎംസിസിയുമായി ധാരണാപത്രം ഒപ്പിട്ടു എന്ന് കാണിച്ച് പ്രതിപക്ഷം രേഖകള്‍ ഉയര്‍ത്തിക്കാണിച്ചതോടെയാണ് സര്‍ക്കാര്‍ പോലും ഇക്കാര്യം അറിഞ്ഞത്. ഇതിനുള്ള മറുപടിയായി പ്രശാന്ത് പറഞ്ഞത് ഇത് സംബന്ധിച്ച അനുമതിക്കായി വാട്‌സ്ആപില്‍ മെസേജ് അയച്ചിരുന്നുവെന്നായിരുന്നു.

2022 ല്‍ പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന്റെ തലപ്പത്തേക്ക് എത്തി പ്രശാന്ത് സ്ഥാനമൊഴിഞ്ഞപ്പോള്‍ പിന്നീട് നിയമിതനായ ഗോപാലകൃഷ്ണന് ഫയലുകള്‍ എല്ലാം കൈമാറിയില്ലെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലക് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ തുടരുന്ന ഐഎഎസ് ചേരിപ്പോര് സര്‍ക്കാരിനെ കൂടി പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രശാന്തിന്റെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ തള്ളിയതോടെ ഹിയറിങിന് ഹാജരാകുമോ എന്നാണ് ഇനി അറിയേണ്ടത്.N Prasanth’s appearance for the hearing is uncertain

Content Summary:N Prasanth’s appearance for the hearing is uncertain

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×