മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെ കൊലപ്പെടുത്തിയ നന്ദന്‍കോട് കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് ജീവപര്യന്തം തടവും 15 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അമ്മാവന്‍ ജോസ് സുന്ദരത്തിനാണ് തുക നല്‍കേണ്ടത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പ്രസ്താവിച്ചത്.
ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. നന്തന്‍കോട് ക്ലിഫ് ഹൗസിന് സമീപം ബെയില്‍സ് കോമ്പൗണ്ടില്‍ റിട്ടയേര്‍ഡ് പ്രൊഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ജീന്‍ പത്മയുടെ ബന്ധു ലളിത എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തി തീയിട്ടത്.
പ്രതി കേഡല്‍ ജിന്‍സണ്‍ രാജയ്ക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. കൃത്യം നടന്നതിന് മുമ്പും ശേഷവും പ്രതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. പ്രതിക്കതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് പരിക്കേല്‍പ്പിക്കുക, വീട് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കൊലപാതകം വളരെ ബുദ്ധിപൂര്‍വം ആസൂത്രണം ചെയ്തതാണെന്നും പ്രതിക്ക് പ്രായത്തിന്റെ പരിഗണന നല്‍കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി നന്ദന്‍കോട് കേസിനെ പരിഗണിക്കണമെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടത്.
2017ഏപ്രില്‍ ഒമ്പതിനായിരുന്നു നാടിനെ നടുക്കിയ സംഭവം. എം.ബി.ബി.എസ് ബിരുദധാരിയായ കേഡല്‍ ആസ്ട്രല്‍ പ്രൊജക്ഷനില്‍ ആകൃഷ്ടനായാണ് കൃത്യം നടത്തിയതെന്നായിരുന്നു മൊഴി നല്‍കിയത്. എന്നാല്‍ പ്രതിയുടെ ഇന്റര്‍നെറ്റ് സെര്‍ച്ച് ഹിസ്റ്ററിയില്‍ അത്തരം കാര്യങ്ങള്‍ തിരഞ്ഞത് സംബന്ധിച്ച വിവരങ്ങളൊന്നും ലഭിച്ചില്ല.
നാല് പേരെയും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുന്നതിനായി മഴു ഓണ്‍ലൈനായാണ് വാങ്ങിയത്. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് ബന്ധു ലളിത പ്രതിക്ക് ഒരുലക്ഷം രൂപ നല്‍കിയിരുന്നു.
വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞ് മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയില്‍ എത്തിച്ചശേഷം മഴു ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.
സംഭവ ശേഷം ചെന്നൈയിലേക്ക് പോയ കേഡല്‍ പത്രങ്ങളില്‍ തന്റെ ചിത്രം വന്നതിനു പിന്നാലെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മടങ്ങിവന്നപ്പോഴാണ് പിടിയിലായത്.
ആസ്ട്രല്‍ പ്രൊജക്ഷന് അടിമയാണ് താനെന്നും അതിന്റെ ഭാഗമായാണ് കൂട്ടക്കൊല നടത്തിയതെന്നുമാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ പിന്നീടുള്ള ചോദ്യം ചെയ്യലില്‍ ബാല്യകാലത്ത് രക്ഷിതാക്കളില്‍ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി.
വിചാരണയില്‍ കുറ്റം ചെയ്തിട്ടില്ലെന്നാണ് കേഡല്‍ കോടതിയോട് പറഞ്ഞത്. എന്നാല്‍ പ്രതിയുടെ വസ്ത്രങ്ങളില്‍ നിന്ന് കൊല്ലപ്പെട്ടവരുടെ രക്തസാമ്പിളുകള്‍ കണ്ടെത്തിയത് നിര്‍ണായകമായി. എസ്പി കെ.ഇ. ബൈജുവയിരുന്നു കേസന്വേഷണ ഉദ്യോഗസ്ഥന്‍. കേസിന്റെ ഭാഗമായി 41 സാക്ഷികളെ വിസ്തരിച്ചു. 104 രേഖകളും 57 വസ്തുക്കളും കോടതിയില്‍ ഹാജരാക്കി.Nanthancode mass murder case; cadell jeansen verdict life imprisonment
Content Summary: Nanthancode mass murder case; cadell jeansen verdict life imprisonment