അമ്പതു ദിവസത്തെ സാവകാശം ആവശ്യപ്പെട്ട പ്രധാന മന്ത്രിയിൽ നിന്നും സത്യത്തിൽ രാജ്യം പ്രതീക്ഷിച്ചതു ഇതായിരുന്നില്ല
പതിവുപോലെ ഇക്കുറിയും ജനം പുതുവർഷത്തെ വരവേറ്റു. ഡിജെ പാർട്ടികൾ, പപ്പാഞ്ഞിയെ കത്തിക്കൽ തുടങ്ങി പതിവ് കലാപരിപാടികളോടുകൂടിത്തന്നെ. എന്നാൽ പുതുവർഷ തലേന്ന് എല്ലാവരും കാതോർത്തു കാത്തിരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്കായാണ്. നോട്ടു അസാധുവാക്കൽ നടന്നിട്ട് അമ്പതു ദിനരാത്രങ്ങൾ പൂർത്തിയായ ഡിസംബർ 31-നു പ്രധാനമന്ത്രി രാഷ്ട്രത്തോടു നടത്തുമെന്ന് പറഞ്ഞിരുന്ന പ്രഖ്യാപനത്തിനു വേണ്ടി.
പറഞ്ഞിരുന്നതുപോലെ തന്നെ പ്രഖ്യാപനം ഉണ്ടായി. അത് പക്ഷെ ജനം പ്രതീക്ഷിച്ച വിധത്തിലുള്ള ഒന്നായിരുന്നില്ലെന്നു മാത്രം. മുറിവേറ്റവന്റെ മുറിവിൽ ലേപനം പ്രതീക്ഷിച്ചവർക്കു തെറ്റി. കള്ളപ്പണവേട്ടയിൽ കഷ്ടനഷ്ടങ്ങൾ സഹിച്ചു സഹകരിച്ച എല്ലാവര്‍ക്കും പ്രധാന മന്ത്രി നന്ദി പറഞ്ഞു. ഉടൻ നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി ചില ക്ഷേമപദ്ധതികളും പ്രഖ്യാപിച്ചു. കൂട്ടത്തിൽ അർത്ഥശങ്കക്ക് ഇടം നൽകാത്ത വിധം നോട്ടു പ്രതിസന്ധി തുടരുമെന്നും അറിയിച്ചു.
തുടക്കത്തിൽ അമ്പതു ദിവസത്തെ സാവകാശം ആവശ്യപ്പെട്ട പ്രധാന മന്ത്രിയിൽ നിന്നും സത്യത്തിൽ രാജ്യം പ്രതീക്ഷിച്ചത് ഇതായിരുന്നില്ല. അക്കാര്യം മോദിക്കും നന്നായി ബോധ്യപ്പെട്ടിട്ടുണ്ടെന്ന്‍ അദ്ദേഹത്തിന്റെ മുഖം വിളിച്ചു പറയുന്നുണ്ടായിരുന്നു. പതിവുപോലെ മാർക് ആന്റണി പ്രസംഗത്തെ അനുസ്മരിപ്പുന്ന മട്ടിൽ ഉള്ള പ്രസംഗം. എന്നാൽ മോദിയുടെ മുഖത്ത് പതിവ് പ്രസരിപ്പ് ഉണ്ടായിരുന്നില്ല. വാക്കുകൾക്ക് പതിവ് മൂർച്ച ഇല്ല; ആവേശവും. സത്യം പറഞ്ഞാൽ വീണിടത്തു കിടന്നുരുളുന്ന അവസ്ഥ.
ക്ഷേമ പ്രഖ്യാപനങ്ങൾ കേട്ട് ബിജെപിക്കാരും (പ്രത്യേകിച്ച് കേരളത്തിലെ) മോദി ഭക്തരും കൈയ്യടിച്ചിട്ടുണ്ടാവും. കഴിഞ്ഞ അമ്പതു ദിവസമായി അവർ അത് തന്നെയാണല്ലോ ചെയ്തു കൊണ്ടിരുന്നത്. എന്നാൽ ബാങ്കിനും എടിഎം കൗണ്ടറുകൾക്കും മുൻപിൽ ക്യൂ നിന്ന് പൊറുതിമുട്ടിയ സാധാരണക്കാർ ഇങ്ങനെയൊന്നും ആയിരുന്നില്ല ഒരു പ്രധാനമന്ത്രിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നത്.
അവർക്കു അറിയേണ്ടിയിരുന്നത് മറ്റു ചില കാര്യങ്ങൾ ആയിരുന്നു. പ്രധാനമായും തങ്ങളുടേതല്ലാത്ത കുറ്റത്തിന് എന്തിനിങ്ങിനെ ശിക്ഷിക്കുന്നുവെന്ന്. ഈ ദുരിതം എന്ന് അവസാനിക്കുന്നുവെന്ന്. കൂട്ടത്തിൽ മറ്റു ചിലതുകൂടി അവർക്കു അറിയാൻ ആഗ്രഹമുണ്ടായിരുന്നു. കള്ളനോട്ടിന്റെയും കള്ളപ്പണത്തിന്റെയും പേര് പറഞ്ഞു നടത്തിയ (ഇപ്പോഴും തുടരുന്ന) ഈ നിഴൽ യുദ്ധത്തിൽ ഇതുവരെ എത്ര കള്ളപ്പണവും കള്ളനോട്ടുകളും പിടികൂടിയെന്നും അസാധുവാക്കിയ വിഭാഗത്തിൽപ്പെട്ട എത്ര നോട്ടുകൾ ബാങ്കുകളിൽ തിരികെ എത്തിയെന്നുമൊക്കെ അവർക്ക് അറിയേണ്ടതുണ്ടായിരുന്നു. അത് അറിയാനുള്ള അവകാശം തീർച്ചയായും അവർക്കുണ്ട്. എന്നാൽ ആ അവകാശത്തെ പ്രധാനമന്ത്രി നിഷ്കരുണം നിഷേധിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്.
താൻ ചെയ്യുന്നത് തികഞ്ഞ അനീതിയാണെന്ന തോന്നൽ ഇന്നലെ മോദിയുടെ ശബ്ദത്തിലും മുഖത്തും പ്രതിഫലിക്കുന്നുണ്ടായിരുന്നു. വേണ്ടാതീനത്തിനു ഇറങ്ങിപുറപ്പെട്ടു വെട്ടിൽ വീണ ആളുടെ അവസ്ഥയിലായിരുന്നു ഇന്നലെ ഇന്ത്യൻ പ്രധാനമന്ത്രിയെന്ന് അദ്ദേഹത്തിന്റെ പ്രസംഗം ലൈവായി കണ്ടവർക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നില്ല.
എന്നാൽ കേരളത്തിലെ നമ്മുടെ ബിജെപി നേതാക്കളും മോദി ഭക്തരുമൊക്കെ തങ്ങളുടെ ഇച്ഛാഭംഗം മറച്ചുവെച്ച് മോദി എന്തോ ആനക്കാര്യം ചെയ്തുവെന്ന് പതിവുപോലെ പറഞ്ഞുകൊണ്ടിരുന്നു, തികച്ചും യാന്ത്രികമായി തന്നെ. ഇക്കഴിഞ്ഞ ദിവസം മംഗലാപുരത്തു വെച്ച് ഒരു പഴയകാല മലയാളി സുഹൃത്തിനെ കണ്ടു മുട്ടി. നാട്ടിലുള്ള അമ്മയുടെ ചികിത്സക്കായി വന്നതായിരുന്നു കുറേക്കാലമായി ആന്ധ്രയിൽ അധ്യാപകനായി ജോലി നോക്കുന്ന അയാൾ. സമരം നോട്ടു വിഷയത്തിലേക്കു കടന്നപ്പോൾ അയാൾ പറഞ്ഞത് നോട്ടു പ്രതിസന്ധി ആന്ധ്രയിലെ ഗ്രാമവാസികളെ വല്ലാതെ വലച്ചിരിക്കുന്നുവെന്നാണ്. ബാങ്കുകൾ അവരിൽ പലർക്കും അപ്രാപ്യമാണെന്നെന്നാണ്.
കേരളത്തിൽ ആളുകൾ മോദിയെ കണ്ണും പൂട്ടി എതിര്‍ക്കുകയാണെന്ന്‍ പറയുന്നവർ ദയവായി ആന്ധ്രയിലെ ഗ്രാമങ്ങൾ ഒന്ന് സന്ദർശിച്ചാൽ എത്ര നന്നായിരുന്നു. യാത്ര ആന്ധ്രയിലേക്കു മാത്രമാക്കി ചുരുക്കേണ്ടതില്ല. കേരളത്തിന് വെളിയിലുള്ള മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമങ്ങൾ കൂടി ഒന്ന് ചുറ്റി വരിക. കൂടാതെ മോദിയുടെ സ്വന്തം നാടായ ഗുജറാത്തും. അപ്പോൾ മനസ്സിലാവും ഇന്ത്യൻ ഗ്രാമങ്ങളിലെ യഥാർത്ഥ അവസ്ഥ.
(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)