കാലാവസ്ഥ സംഭവങ്ങളുടെ തീവ്രത വർദ്ധിക്കുന്നതായി നാസയുടെ റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ കാലാവസ്ഥ സംഭവങ്ങളുടെ തീവ്രതയിൽ വർദ്ധനവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2003- 2020 കാലഘട്ടത്തിലുണ്ടായ കാലാവസ്ഥ സംഭവങ്ങളേക്കാൾ രണ്ട് മടങ്ങ് കൂടുതലാണ് കഴിഞ്ഞ 5 അഞ്ച് വർഷങ്ങളിലേതെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
ഭൂമിയിലെ പാരിസ്ഥിതിക മാറ്റങ്ങൾ നിരീക്ഷിക്കുന്ന നാസയുടെ ഗ്രേസ് ഉപഗ്രഹത്തിന്റെ സഹായത്തോടെയാണ് കണ്ടെത്തൽ. ഈ കണക്കുകൾ തങ്ങളെ ആശ്ചര്യപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കി. ആഗോളതാപനിലയേക്കാൾ വേഗത്തിലാണ് കാലാവസ്ഥ സംഭവങ്ങളുട തീവ്രത വർദ്ധിക്കുന്നത്. കാലാവസ്ഥ വ്യതിയാനമാണ് ഇതിന് പിന്നിലെ കാരണമെന്നാണ് നിരീക്ഷകരുടെ നിഗമനം. ഇതിന്റെ കാര്യകാരണങ്ങൾ നിരത്തി എന്താണെന്ന് വിശദീകരിക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. അതിനായി ദീർഘനാൾ നീണ്ട ഒരു വിശകലനം ഞങ്ങൾക്ക് ആവശ്യമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ നാസയിലെ ഗോഡ്ഡാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ഹൈഡ്രോളജിക്കൽ സയൻസസ് ലബോറട്ടറിയിൽ നിന്നുള്ള ഡോ. ബെയ്‌ലിംഗ് ലി വ്യക്തമാക്കി. ബാധിച്ച പ്രദേശം, സംഭവത്തിന്റെ ദൈർഘ്യം, സംഭവത്തിന്റെ സ്വഭാവം എന്നതിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകർ കാലാവസ്ഥ സംഭവത്തിന്റെ ആഘാതം മനസിലാക്കിയത്. കാലാവസ്ഥ പ്രതിസന്ധിയുടെ ഏറ്റവും പ്രധാന അനന്തര ഫലങ്ങളിലൊന്ന് ജലസംവിധാനത്തിലുണ്ടായ അസ്വസ്ഥതയായിരിക്കുമെന്ന് പഠനം പറയുന്നു. ആഗോള താപനിലയുടെ ശരാശരി കാലാവസ്ഥ സംഭവങ്ങളുടെ തീവ്രതയുടെ ശരാശരിയുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. തുടർച്ചയായി ഭൂമിയുടെ താപനില വർദ്ധിക്കുന്നത് കഠിനമായ വെള്ളപ്പൊക്കങ്ങൾക്കും വരൾച്ചകൾക്കും കാരണമാകുന്നതായി പഠനം പറയുന്നു. ഓക്സ്ഫോർഡ് ആസ്ഥാനമായുള്ള ഗവേഷണ സംഘടനയായ ഗ്ലോബൽ വാട്ടർ ഇന്റലിജൻസിന്റെ അഭ്യർത്ഥന മാനിച്ചാണ് നാസ ഗവേഷകർ സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കിയത്. ഈ ജലപ്രതിസന്ധി ജലത്തെ ആശ്രയിച്ച് പ്രവർത്തിക്കുന്ന കമ്പനികളെയും ബാധിക്കുമെന്ന് ഗ്ലോബൽ വാട്ടർ ഇന്റലിജൻസ് ഏജൻസിയുടെ ഹെഡ് ക്രിസ്റ്റഫർ ഗാസൺ വ്യക്തമാക്കി. ഈ പ്രതിസന്ധിയെ നേരിടാൻ കമ്പനികൾ ഇതുവരെ പ്രാപ്തരായിട്ടില്ലെന്നും ക്രിസ്റ്റഫർ ഗാസൺ പറഞ്ഞു.
വെള്ളപ്പൊക്കവും വരൾച്ചയും ദശലക്ഷക്കണക്കിന് ജീവിതങ്ങളെ ദുരിതത്തിലാക്കിയതായും വാട്ടർ എയ്ഡ് എന്ന സംഘടന പുറത്തിറക്കിയ സമീപകാല റിപ്പോർട്ട് പറയുന്നു. കാലാവസ്ഥ സംഭവങ്ങളിലുണ്ടാവുന്ന ഇത്തരം മാറ്റങ്ങൾ കൃഷി, അടിസ്ഥാന സൗകര്യങ്ങൾ, ജൈവവൈവിധ്യം, മനുഷ്യന്റെ ആരോഗ്യം എന്നിവയെ ബാധിക്കുമെന്നും റോയൽ മെറ്റീരിയോളജിക്കൽ സൊസൈറ്റി മുന്നറിയിപ്പ് നൽകി. വരൾച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും തീവ്രത വർദ്ധിപ്പിക്കുന്നതിനൊപ്പം ഉണ്ടാവുന്ന പെട്ടെന്നുള്ള മാറ്റങ്ങളെ ഹൈഡ്രോക്ലൈമാറ്റിക് വിപ്ലാഷ് ഇവന്റുകൾ എന്ന് വിളിക്കുന്നുവെന്ന് ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിലെ ടിൻഡാൽ സെന്റർ ഫോർ ക്ലൈമറ്റ് ചേഞ്ച് റിസർച്ചിലെ ആഷർ മിൻസ് പറഞ്ഞു. ലോക കാലാവസ്ഥാ സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം അടുത്ത അഞ്ച് വർഷങ്ങളിലൊന്ന് 2024നെ മറികടന്ന് ഏറ്റവും ചൂടേറിയ വർഷമാകാനുള്ള സാധ്യത 80 ശതമാനം ആണെന്ന് കണക്കാക്കുന്നു. അടുത്ത അഞ്ച് വർഷങ്ങളിൽ ആഗോള താപനില വർദ്ധിച്ചുകൊണ്ടിരിക്കുമെന്നും ഇത് കാലാവസ്ഥാ അപകടസാധ്യതകളും സമൂഹങ്ങളിലും സമ്പദ്‌വ്യവസ്ഥകളിലും സുസ്ഥിര വികസനത്തിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളും വർദ്ധിപ്പിക്കുമെന്നും പറയുന്നു.
content summary: NASA data reveals sharp increase in extreme weather event intensity