June 13, 2026 |
Share on

ദേശീയ വിദ്യാഭ്യാസ നയവും ഗവര്‍ണര്‍മാരും; എന്താണ് നമ്മുടെ രാജ്യത്ത് ഗവര്‍ണറുടെ റോള്‍?

ഗവര്‍ണര്‍മാരെ സംഘപരിവാര്‍ ലിറ്റ്മസ് പേപ്പറായി ഉപയോഗിക്കുന്നു

ആദ്യകാലത്ത്, പ്രവിശ്യകള്‍ക്കുമേല്‍ അധികാരം ഉറപ്പിക്കാനായി ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ പദവിയാണ് ഗവര്‍ണറുടേത്. 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച്, പ്രവിശ്യകളില്‍, പരിമിത വോട്ടവകാശത്തിലൂടെയെങ്കിലും, ജനപ്രതിനിധി സഭകളുണ്ടായി. പിന്നീട് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണസഭ ഗവര്‍ണര്‍മാരെ നിലനിര്‍ത്താന്‍ തീരുമാനിച്ചു. ഇന്ത്യന്‍ രാഷ്ട്രപതിയാണ് ഗവര്‍ണറെ നിയമിക്കുന്നത്. ഗവര്‍ണറുടെ പദവിയെ ‘അലങ്കാര’മെന്ന് പരാമര്‍ശിച്ച ഡോ. ബി.ആര്‍. അംബേദ്കര്‍, അദ്ദേഹത്തിന്റെ അധികാരങ്ങളെ ‘പരിമിതം’ എന്നും ‘നാമമാത്രം’ എന്നു പറയുകയും ‘ഭരണഘടന പ്രകാരം ഗവര്‍ണര്‍ക്ക് സ്വന്തമായി നിര്‍വഹിക്കാന്‍ കഴിയുന്ന ഒരു ചുമതലയുമില്ല, എല്ലാ കാര്യങ്ങളിലും അദ്ദേഹം മന്ത്രിസഭയുടെ ഉപദേശം പാലിക്കേണ്ടതുണ്ട്.’ എന്നും വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ 200 ആണ് ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള ഗവര്‍ണറുടെ അധികാരത്തെക്കുറിച്ച് പറയുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകള്‍ അംഗീകരിക്കുകയോ, നിരാകരിക്കുകയോ, രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി സമര്‍പ്പിക്കുകയോ ചെയ്യാനുള്ള അവകാശം ഗവര്‍ണര്‍ക്കുണ്ട്. അത് എത്രയും പെട്ടെന്ന് ചെയ്യണമെന്നും ഭരണഘടന പറയുന്നു. ബില്ല് അംഗീകരിക്കാം, അല്ലെങ്കില്‍ പുനഃപരിശോധനയ്ക്ക് വേണ്ടി നിയമസഭയ്ക്ക് തിരിച്ചയക്കാം, ഭേദഗതി നിര്‍ദ്ദേശിക്കാം. തിരിച്ചയച്ച ബില്ലുകള്‍ നിയമസഭ വീണ്ടും സമര്‍പ്പിച്ചാല്‍, അത് ഗവര്‍ണര്‍ അംഗീകരിച്ചേ മതിയാവൂ. ഹൈക്കോടതിയുടെ അധികാരത്തെ ബാധിക്കുന്നതോ, കേന്ദ്രത്തിന്റെ അധികാരപരിധിയില്‍ വരുന്നതോ, കേന്ദ്രനിയമത്തിന്റെ ലംഘനമാകുന്നതോ, മൗലികാവകാശങ്ങളെ ബാധിക്കുന്നതോ ആയ നിയമങ്ങളോ ആണെങ്കില്‍ അത് രാഷ്ട്രപതിയുടെ പരിഗണനക്കായി വിടാം. എന്നാല്‍ എത്രയും പെട്ടെന്ന് എന്ന് പറയുകയല്ലാതെ കൃത്യമായ ഒരു കാലയളവ് ഇവിടെ പറയുന്നില്ല എന്ന ലൂപ് ഹോള്‍ മുതലെടുത്തുകൊണ്ട് ചില ഗവര്‍ണര്‍മാര്‍ ബില്ലുകള്‍ മനഃപ്പൂര്‍വമായി താമസിപ്പിക്കാന്‍ തുടങ്ങി.

എന്നാല്‍ 2025 ഏപ്രിലില്‍ നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ പിടിച്ചുവെച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ നടപടി ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി പറഞ്ഞു. ഗവര്‍ണര്‍മാര്‍ക്ക് വീറ്റോ അധികാരം ഭരണഘടന നല്‍കുന്നില്ല. നിയമസഭ പാസാക്കിയ ബില്ലുകളില്‍ മൂന്ന് മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. തിരിച്ചയക്കുന്ന ബില്ലുകള്‍ നിയമസഭ വീണ്ടും പാസാക്കി അയച്ചാല്‍ ഗവര്‍ണര്‍മാര്‍ ഒരു മാസത്തിനുള്ളില്‍ അംഗീകാരം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സമാനമായ ഹര്‍ജികള്‍ കേരളവും നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ എവിടെയാണ് വിവാദങ്ങളുടെ തുടക്കം?

ജൂണ്‍ 5; പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി രാജ്ഭവനില്‍ കൃഷിവകുപ്പ് നടത്താനിരുന്ന പരിപാടിയില്‍ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രത്തിന് മുന്നില്‍ വിളക്കുതെളിയിച്ച് പുഷ്പാര്‍ച്ചന നടത്തണമെന്ന് രാജ്ഭവന്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ പരിപാടിയായതിനാല്‍ പ്രസ്തുത ചിത്രം മാറ്റണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ തയ്യാറായില്ല. ഇതോടെ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ നിലപാടെടുത്തു. പി.പ്രസാദ് ചടങ്ങ് സെക്രട്ടേറിയറ്റിലേക്ക് മാറ്റുകയും ചെയ്തു.

ജൂണ്‍ 19, രാജ്ഭവനില്‍ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സര്‍ട്ടിഫിക്കറ്റ് വിതരണ പരിപാടി നടക്കുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പങ്കെടുക്കുന്നു. അവിടെ ചെല്ലുമ്പോഴാണ് ആര്‍ എസ് എസിന്റെ ഭാരതാംബയുടെ ചിത്രം വച്ചിരിക്കുന്നത് കണ്ടതെന്നും രാജ്ഭവനില്‍നിന്നുള്ള അറിയിപ്പില്‍ ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. തുടര്‍ന്ന് പ്രസംഗത്തില്‍ സര്‍ക്കാര്‍ പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചത് ഗവര്‍ണറുടെ ശ്രദ്ധയില്‍ പെടുത്തുകയും മന്ത്രി ചടങ്ങ് ബഹിഷ്‌കരിക്കുകയും ചെയ്തു.

ജൂണ്‍ 25, അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട കേരള സര്‍വകലാശാല സെനറ്റ് ഹാളില്‍ ശ്രീ പത്മനാഭ സേവാ സമിതിയുടെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറായിരുന്നു മുഖ്യാതിഥി. 26 മാനദണ്ഡങ്ങള്‍ അടങ്ങിയ കരാര്‍ ഒപ്പിട്ടു നല്‍കിയതിനെ തുടര്‍ന്നായിരുന്നു വിസിയുടെ നിര്‍ദേശ പ്രകാരം പരിപാടിക്ക് രജിസ്ട്രാര്‍ അനുമതി നല്‍കിയത്. കരാറിലെ രണ്ടാമത്തെ വ്യവസ്ഥ പ്രകാരം ഹാളില്‍ മതപരമായ ചിഹ്നങ്ങളോ ആചാരങ്ങളോ നടത്താന്‍ പാടില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഘാടകര്‍ ഹാളില്‍ സംഘ്പരിവാര്‍ പരിപാടികളില്‍ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം ഉപയോഗിക്കുകയും പുഷ്പാര്‍ച്ച നടത്താന്‍ സൗകര്യം ഒരുക്കുകയും ചെയ്തു. സെനറ്റ് ഹാളിലെത്തിയ രജിസ്ട്രാര്‍ ചിത്രം എടുത്തുമാറ്റണമെന്നും അല്ലാത്തപക്ഷം പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. എന്നാല്‍ പരിപാടിയുമായി സംഘാടകര്‍ മുന്നോട്ടു പോയി. വേദിയിലെത്തിയ ഗവര്‍ണര്‍ കാവിക്കൊടിയേന്തിയ ഭാരതാംബയ്ക്ക് മുന്നില്‍ വിളക്ക് കത്തിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു. സ്ഥലത്ത് എസ് എഫ് ഐ, കെ എസ് യു പ്രതിഷേധം നടത്തി.

ജൂണ്‍ 27, രാജ്ഭവന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഔപചാരിക, ഔദ്യോഗിക ചടങ്ങുകളില്‍ ഭാരതത്തിന്റെ ദേശീയ ചിഹ്നങ്ങളും ദേശീയ പതാകയുമല്ലാതെ മറ്റൊന്നും ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് നല്‍കി. കത്തില്‍ ദേശീയപതാകയുടെ മഹത്വവും പരാമര്‍ശിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മന്ത്രിസഭ ഗവര്‍ണറോട് അഭ്യര്‍ഥിച്ചു.

ജൂലൈ 2, ചാന്‍സലറായ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ വിസിയോട് വിശദീകരണം തേടിയിരുന്നു. തുടര്‍ന്ന് ഗവര്‍ണര്‍ രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് രജിസ്ട്രാര്‍ പ്രൊഫ. കെ എസ് അനില്‍കുമാറിനെ വിസി മോഹനന്‍ കുന്നുമ്മല്‍ സസ്‌പെന്‍ഡ് ചെയ്തു.

ജൂലൈ 4, വൈസ് ചാന്‍സലറുടെ സസ്പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് ഡോ. കെഎസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍, സസ്പെന്‍ഷന്‍ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. ജസ്റ്റിസ് എന്‍ നഗരേഷ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു നടപടി.

ഞായറാഴ്ച ഉച്ചയോടെ സിന്‍ഡിക്കേറ്റ് അടിയന്തര യോഗം ചേര്‍ന്നു. രജിസ്ട്രാര്‍ സ്ഥാനത്തുനിന്ന് കെ.എസ്. അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത വൈസ് ചാന്‍സലറുടെ നടപടി തെറ്റാണെന്നും നിയമവിരുദ്ധമാണെന്നും സിന്‍ഡിക്കേറ്റ് നിലപാടെടുത്തു. ഭൂരിപക്ഷംവരുന്ന സിന്‍ഡിക്കേറ്റ് അനില്‍കുമാറിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി ഉത്തരവിട്ടു. സിന്‍ഡിക്കേറ്റിന്റെ അടിയന്തര നിര്‍ദേശപ്രകാരം വൈകിട്ട് നാലരയോടെ അനില്‍ കുമാര്‍ രജിസ്ട്രാര്‍ ആയി ചുമതലയേറ്റെടുത്തു. സര്‍വകലാശാലകള്‍ കാവിവല്‍ക്കരിക്കുന്നതിനെതിരെ എസ് എഫ് ഐ സമരവുമായി മുന്നോട്ട് പോകുന്നു.

ആദ്യമായാണോ ഗവര്‍ണര്‍ പക്ഷം പിടിക്കുന്നത്?

ഒരിക്കലുമല്ല. 1952ല്‍ തുടങ്ങിയ കാര്യമാണ്. നിയമസഭയിലെ ഭൂരിപക്ഷത്തിനനുസരിച്ച് മുഖ്യമന്ത്രിയെ നിയമിക്കാന്‍ ആര്‍ട്ടിക്കിള്‍ 164 ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നു. 1952 മാര്‍ച്ച് 27 ന് മദ്രാസ് സംസ്ഥാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടന്നു. മദ്രാസ് സംസ്ഥാനത്തിന്റെ നിയമസഭയില്‍ 375 ( ഇന്നത്തെ തമിഴ്നാട് ) അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. 1952 ഫെബ്രുവരിയില്‍, കെഎംപിപി നേതാവായ ടി. പ്രകാശത്തിന്റെ നേതൃത്വത്തില്‍ മദ്രാസില്‍ കോണ്‍ഗ്രസ് ഇതര അംഗങ്ങള്‍ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുഡിഎഫ്) രൂപീകരിച്ചു. 166 സീറ്റുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നു അവര്‍ അവകാശപ്പെട്ടു (സിപിഐയും സിപിഐയും പിന്തുണയ്ക്കുന്ന സ്വതന്ത്രര്‍ – 70, കിസാന്‍ മസ്ദൂര്‍ പ്രജാ പാര്‍ട്ടി – 36, തമിഴ്നാട് ടോയ്ലേഴ്സ് പാര്‍ട്ടി – 19, കോമണ്‍വീല്‍ പാര്‍ട്ടി – 6, എഫ്ബിഎല്‍ (എംജി) – 3, എസ്സിഎഫ് – 1, ജെയുഎസ്പി 1, സ്വതന്ത്രര്‍ – 30). ഏറ്റവും വലിയ ഒറ്റ രൂപീകരണത്തിന്റെ നേതാവായി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് പ്രകാശം ഗവര്‍ണര്‍ ശ്രീ പ്രകാശയ്ക്ക് കത്തെഴുതി . 1952 ഏപ്രില്‍ 1-ന്, വിഡ്ഢിദിനത്തില്‍, ശ്രീപ്രകാശന്‍ രാജാജിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും 1952 ഏപ്രില്‍ 10-ന് സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഭരണഘടന പ്രകാരം, മുഖ്യമന്ത്രിയോ മന്ത്രിയോ നിയമസഭയുടെ ഏതെങ്കിലും സഭയില്‍ അംഗമായിരിക്കണമെന്നും, ഇതിനകം അംഗമല്ലെങ്കില്‍, അയാള്‍ ആ സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്ത് ആറ് മാസത്തിനുള്ളില്‍ അംഗമാകണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഒരു സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ക്ക് ഉപരിസഭയായ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് – ‘സാഹിത്യം, ശാസ്ത്രം, കല, സാമൂഹിക സേവനം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക അറിവോ പ്രായോഗിക പരിചയമോ ഉള്ളവരെ’ നാമനിര്‍ദ്ദേശം ചെയ്യാനും ഭരണഘടന വ്യവസ്ഥ ചെയ്തിരുന്നു. ഈ പഴുതുപയോഗിച്ച് ഗവര്‍ണര്‍ ശ്രീ പ്രകാശന്‍ രാജാജിയെ നിയമനിര്‍മ്മാണ കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. ചരിത്രത്തിലാദ്യമായി കമ്യുണിസ്റ്റ് പാര്‍ട്ടി ഒറ്റക്കക്ഷിയായ ഒരു മുന്നണി അധികാരത്തില്‍ വരുന്നത് കുതിരക്കച്ചവടം വഴിയും ഗവര്‍ണറിലൂടെയും തടയപ്പെട്ടു.

ഉന്നത വിദ്യാഭ്യാസ രംഗത്തെ ഗവര്‍ണറുടെ ഇടപെടല്‍

കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതെങ്കിലും വിദ്യാഭ്യാസരംഗം കൈപ്പിടിയിലാക്കാന്‍ ബി ജെ പി സര്‍ക്കാര്‍ ശ്രമിക്കുന്നു. മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഗവര്‍ണര്‍മാരുടെ ഇടപെടല്‍. ദേശീയ വിദ്യാഭ്യാസ നയം(2020) മാണ് യഥാര്‍ത്ഥ പ്രശ്‌നം. ഇതിന്റെ ഭാഗമാണ് 2025 ലെ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) കരട് ചട്ടങ്ങള്‍. തങ്ങള്‍ ഭരിക്കാത്ത സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ വഴി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണ് കരട് വ്യക്തമാക്കുന്നത്. ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, കേരളം, തമിഴ്നാട്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ ഇതിനെ എതിര്‍ക്കുന്നു. അക്കാദമിക് പരിചയമില്ലെങ്കിലും, വ്യവസായം, പൊതുഭരണം, പൊതുനയം, അല്ലെങ്കില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ സീനിയര്‍ ലെവല്‍ പരിചയമുള്ള ഒരാളെ നേരിട്ട് വിസി ആയി നിയമിക്കുന്നതാണ് മറ്റൊരു വിവാദ മാര്‍ഗ്ഗനിര്‍ദ്ദേശം. ഇത് നടപ്പിലായാല്‍ നാളെ വേണമെങ്കില്‍ മോഹന്‍ ഭാഗവതിനും തോക്കുസ്വാമി ഹിമവല്‍ ഭദ്രാനാന്ദയ്ക്കും വരെ വിസി യാകാം. ഈ കരടിനെ ‘ജനാധിപത്യവിരുദ്ധവും അതിരുകടന്നതും’ എന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. ഇപ്പോള്‍ നടക്കുന്നത് ഇതിന്റെ മുന്നോടിയായിട്ടൊരു ടെസ്റ്റ് ഡോസ് ആണെന്ന് കരുതാം.

എന്താണ് ദേശീയ വിദ്യാഭ്യാസ നയം അഥവാ NEP?

2020 ല്‍ പാര്‍ലമെന്റിലെ ചര്‍ച്ച ഒഴിവാക്കി ബിജെപി നയിക്കുന്ന മോഡി മന്ത്രിസഭ പാസാക്കിയ ഒന്നാണ് ദേശീയ വിദ്യാഭ്യാസ നയം. ഡോ. കെ. കസ്തൂരിരംഗന്‍ നേതൃത്വം നല്‍കിയ കമ്മിറ്റിയാണ് ഈ പുതിയ നയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. NEP ഒരു ത്രിഭാഷാ ഫോര്‍മുല നിര്‍ദ്ദേശിക്കുന്നു, അവിടെ മാതൃഭാഷയ്ക്കോ പ്രാദേശിക ഭാഷയ്ക്കോ ഒപ്പം ഹിന്ദിക്കും ഇംഗ്ലീഷിനും പ്രാധാന്യം നല്‍കുന്നു. വളരെ സമര്‍ത്ഥമായി ഹിന്ദിയെ വിദ്യാഭ്യാസ ഭാഷയായി അവതരിപ്പിക്കുന്നു, കൂടാതെ ത്രിഭാഷാ ഫോര്‍മുലയില്‍ ഉള്‍പ്പെടെ, വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ഓപ്ഷനായി സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സംസ്‌കൃതം ഉണ്ടാകും എന്നും പറയുന്നു. എന്തിന് സംസ്‌കൃതം പോലൊരു dead language എന്നതാണ് ചോദ്യം. സാധാരണക്കാരന് പ്രാപ്യമായ ഒരു ഉന്നത വിദ്യാഭ്യാസരംഗം ഇന്ന് സംസ്ഥാനത്തുണ്ട്. ദേശീയ വിദ്യാഭ്യാസ സാങ്കേതിക ഫോറവും ദേശീയ ഗവേഷണ ഫൗണ്ടേഷനും സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്ന NEP 2020, ഫലത്തില്‍ വിദ്യാഭ്യാസ രംഗത്തെ പൂര്‍ണമായും നിയന്ത്രിക്കുന്നതിനുള്ള അധികാരം കേന്ദ്രത്തിന്റെ കൈകളില്‍ എത്തിക്കുന്നു. ഫലത്തില്‍ രാജ്യത്തെ വിദ്യാഭ്യാസ രംഗം സംഘപരിവാര്‍ നിയന്ത്രണത്തില്‍ എത്തുന്നു.

ഈപ്പറഞ്ഞ കാരണങ്ങള്‍ക്കൊക്കെ എതിരെയാണ് ഇടതുപക്ഷം സമരം ചെയ്യുന്നത്. അല്ലാതെ ഇത് കേവലമൊരു ഗവര്‍ണര്‍ക്കെതിരെയുള്ള സമരമല്ല, മറിച്ചു വിദ്യാഭ്യാസ രംഗത്തെ സംഘപരിവാര്‍ അജണ്ടകളില്‍ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യമാണ് ഇപ്പോളത്തെ സമരങ്ങള്‍ക്കുള്ളത്. പണ്ഡിതരും മാധ്യമങ്ങളും മറന്നു പോകുന്ന ഒരു കാര്യം ഓര്‍മിപ്പിക്കാന്‍ ഇവിടെയൊരു വിദ്യാര്‍ത്ഥി, ഒരു എസ് എഫ് ഐ നേതാവ് വേണ്ടി വന്നു. എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് സ: എം. ശിവപ്രസാദ് ചോദിച്ചത് ആരുടെയാണ് മാഡം ഈ സര്‍വകലാശാല? ഇത് ഞങ്ങളുടെയാണ്, വിദ്യാര്‍ത്ഥികളുടേതാണ് എന്നാണ്. അതിനര്‍ത്ഥം ഇത് വര്‍ഗീയ ശക്തികള്‍ക്ക് കയറി നിരങ്ങാനുള്ളതല്ല എന്നതാണ്. മോഡി സര്‍ക്കാരിനും, ആര്‍ എസ് എസിനും ഇതൊരു ലിറ്റ്മസ് ടെസ്റ്റാണ്. ഗവര്‍ണര്‍മാരെ സംഘപരിവാര്‍ ലിറ്റ്മസ് പേപ്പറായി ഉപയോഗിക്കുന്നു, അവരെ ദ്രാവിഡ അടിസ്ഥാനമുള്ള, ഇടത് അടിത്തറയുള്ള സംസ്ഥാനത്തില്‍ ഇറക്കി വച്ചു നോക്കുകയാണ് നിറം മാറുന്നുണ്ടോയെന്ന്. ഓര്‍ക്കുക, അയ്യങ്കാളിയുടെ സമരത്തിലൂടെ പഠിക്കാനുള്ള അവകാശം സമരം ചെയ്തു നേടിയനാട്ടില്‍, അതടിയറവ് വയ്ക്കാതിരിക്കാനാണ് ഇടതുപക്ഷം തെരുവില്‍ സമരം ചെയ്യുന്നത്. National education policy and governor’s; what is the role of the governor in our country?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary: National education policy and governor’s; what is the role of the governor in our country?

അരുൺ എയ്ഞ്ചല

അരുൺ എയ്ഞ്ചല

മുന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

More Posts

Leave a Reply

Your email address will not be published. Required fields are marked *

×