കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ-ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളം പൂര്‍ണ്ണമായും നിശ്ചലമായി. ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി വരെ തുടരും. പത്ത് പ്രധാന ട്രേഡ് യൂണിയനുകളും നിരവധി കര്‍ഷക സംഘടനകളും അണിനിരക്കുന്ന പണിമുടക്ക് സംസ്ഥാനത്തെ സാധാരണക്കാരെയും യാത്രക്കാരെയും വല്ലാതെ വലച്ചു.
സംസ്ഥാനത്തെ ഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ട നിലയിലാണ്. മിക്ക ജില്ലകളിലും കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. തിരുവനന്തപുരത്ത് ഡ്യൂട്ടിക്കെത്തിയ ജീവനക്കാരെ സമരാനുകൂലികള്‍ തടഞ്ഞ സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ പണിമുടക്കില്‍ സഹകരിക്കുന്നതിനാല്‍ പൊതുനിരത്തുകള്‍ വിജനമാണ്. തമിഴ്നാട് ബസുകള്‍ കളിയാക്കാവിള അതിര്‍ത്തിയില്‍ സര്‍വീസ് അവസാനിപ്പിച്ചതോടെ അന്തര്‍സംസ്ഥാന ഗതാഗതം സ്തംഭിച്ചു.
ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയില്‍ തുടരുന്നുണ്ടെങ്കിലും, റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിയ യാത്രക്കാര്‍ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകാന്‍ വാഹനങ്ങളില്ലാതെ കുടുങ്ങി. പലയിടങ്ങളിലും പോലീസും സന്നദ്ധ സംഘടനകളും വാഹനങ്ങള്‍ ഏര്‍പ്പെടുത്തി യാത്രക്കാരെ സഹായിച്ചു.
മീനമാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ തീര്‍ത്ഥാടകര്‍ക്കായി പ്രത്യേക പമ്പ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം, ചെങ്ങന്നൂര്‍, കോട്ടയം, പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളില്‍ നിന്നാണ് പരിമിതമായ സര്‍വീസുകള്‍ ഉണ്ടാകുക.
ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക എന്നതാണ് സമരക്കാരുടെ പ്രധാന ആവശ്യം. 2025-ലെ വൈദ്യുതി ഭേദഗതി ബില്‍ റദ്ദാക്കുക, 2025-ലെ കരട് വിത്ത് ബില്‍ പിന്‍വലിക്കുക, പുതിയ ആണവോര്‍ജ്ജ പദ്ധതികള്‍ നിര്‍ത്തലാക്കുക, തൊഴിലുറപ്പ് പദ്ധതിയുടെ (MGNREGS) വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുക, പെട്രോള്‍, ഡീസല്‍, പാചക വാതകം എന്നിവയുടെ വില കുറയ്ക്കുക.
കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നതിനാലും വാഹനങ്ങള്‍ തടയുന്നതിനാലും സംസ്ഥാനം അപ്രഖ്യാപിത ഹര്‍ത്താലിന് സമാനമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഡിഎംകെ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Summary: National Strike: Kerala comes to a standstill; normal life disrupted