June 13, 2026 |
Share on

ജന്മം കൊണ്ടല്ലെങ്കിലും ഞാനും തമിഴ്‌നാട്ടുകാരി; ജല്ലിക്കെട്ടിനെ പിന്തുണച്ച് നയന്‍താര

ഈ ആവേശം കാണുമ്പോള്‍ തമിഴ്‌നാടിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു

ജല്ലിക്കെട്ടിനു പിന്തുണയേകി മലയാളിയും തെന്നിന്ത്യന്‍ താരവുമായ നയന്‍താര. ജന്മം കൊണ്ട് അല്ലെങ്കിലും താനുമൊരു തമിഴ്‌നാട്ടുകാരിയാണെന്നു പറഞ്ഞാണ് നയന്‍താര ജല്ലിക്കെട്ടിനുള്ള പിന്തുണയര്‍പ്പിച്ചിരിക്കുന്നത്.

ഒരിക്കല്‍ കൂടി യുവത്വത്തിന്റെ ശക്തി എന്താണെന്നു തെളിഞ്ഞിരിക്കുകയാണ്. ചരിത്രത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തില്‍ ജല്ലിക്കെട്ട് മത്സരം തുടരണം എന്നു പറഞ്ഞു മുന്നോട്ടു വരുന്നവരെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്‌നാട് കണ്ടുകൊണ്ടിരിക്കുന്നത്. ഈ വികാരം കാണുമ്പോള്‍ ഇങ്ങനെയൊരു സംസ്ഥാനത്തിന്റ ഭാഗമായതില്‍ ശരിക്കും ഞാന്‍ അഭിമാനം കൊള്ളുന്നൂ. എന്തുകാരണത്താലാണോ ജനം ജല്ലിക്കെട്ടിനുവേണ്ടി വാദിക്കുന്നത് ആ കാരണത്തെ ഞാനും പിന്തുണയ്ക്കുകയാണ്.

ജന്മം കൊണ്ടല്ലെങ്കിലും ഈ വികാരവിക്ഷോഭങ്ങളും അഭിമാനബോധവും എന്നെയും ഒരു തമിഴന്‍ ആക്കി മാറ്റിയിരിക്കുകയാണ്. ഈ സംസ്ഥാനമാണ് എനിക്ക് ഉയര്‍ച്ചകള്‍ നല്‍കിയത്. എനിക്ക് അഭിമാനബോധം നല്‍കിയത്. ഇങ്ങനെയൊരു വൈകാരിക വേളയില്‍ ഞാന്‍ ഈ ജനതയുടെ കൂട്ടത്തില്‍ ഒരാളായി നിന്നുകൊണ്ട് ജല്ലിക്കെട്ട് നിരോധിക്കണം എന്നാവിശ്യപ്പെടുന്ന വിദേശസംഘടനകള്‍ക്കും നിയമസംഘടനകള്‍ക്കും എതിരേ ശബ്ദം ഉയര്‍ത്തുകയാണ്. അവര്‍ തെറ്റായ കാഴ്ചപ്പാടുകളാണ് ജല്ലിക്കെട്ടിനെ കുറിച്ച് ഉയര്‍ത്തുന്നത്.

ഒരു സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്‌കാരത്തെ ഇനിയും ദീര്‍ഘനാളത്തേക്ക് രാജ്യത്തിന്റെ മൊത്തം ശ്രദ്ധയില്‍ നിലനിര്‍ത്താനുള്ള വികാരാവേശമാണ് തമിഴരില്‍ കാണുന്നത്. ഒരു സാധാരണ പൗരന്‍ എന്ന നിലയ്ക്ക് എന്റെ ഹൃദയം ഇവര്‍ക്കൊപ്പമാണ്. ഈ പരിശ്രമങ്ങള്‍ തമിഴ്‌നാടിന്റെ പ്രതീകമായ ജല്ലിക്കെട്ട് യാതൊരു പ്രതിബന്ധങ്ങളും ഉണ്ടാകാത്ത തരത്തില്‍ തിരികെ കൊണ്ടുവരും എന്നു തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. ‘ജല്ലിക്കെട്ട് നമുക്ക് വേണം’ ഈ മുദ്രാവാക്യം രാജ്യം മുഴുവന്‍ കേള്‍ക്കട്ടെ; നയന്‍താര തന്റ പ്രസ്തവാനയില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×