March 27, 2025 |
Share on

വംശീയാധിക്ഷേപവും ഭീഷണിയും; ഭുവനേശ്വര്‍ കെ ഐ ഐ ടിക്കെതിരേ നേപ്പാള്‍ പാര്‍ലമെന്റിലും പ്രതിഷേധം

നേപ്പാള്‍ സ്വദേശിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച നേപ്പാളി വിദ്യാര്‍ത്ഥികളെയാണ് സര്‍വകലാശാല ഉദ്യോഗസ്ഥര്‍ അപമാനിച്ചത്

നേപ്പാള്‍ സ്വദേശിയായ 20 കാരി ഭുവനേശ്വറിലെ കലിങ്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജി(കെ ഐ ഐ ടി)യില്‍ ആത്മഹത്യ ചെയ്തത സംഭവത്തില്‍ പ്രഷുബ്ധമായി നേപ്പാള്‍ പാര്‍ലമെന്റ്. പ്രകൃതി ലംസാള്‍ എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയം, പ്രകൃതിയുടെ മരണത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരേ സര്‍വകലാശാല ജീവനക്കാര്‍ വംശീയാധിക്ഷേപം നടത്തിയതുമാണ് നേപ്പാളില്‍ പ്രതിഷേധം ശക്തമാക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചതിന്റെ പേരില്‍ മൂന്ന് മുതിര്‍ന്ന കെ ഐ ഐ ടി ഉദ്യോഗസ്ഥരും രണ്ട് സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ അഞ്ചു പേരെ തിങ്കളാഴ്ച്ച പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേപ്പാളിലെ ജനപ്രതിനിധി സഭ(ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ്) സമ്മേളിച്ചയുടന്‍, പ്രതിപക്ഷ അംഗങ്ങള്‍ കെ ഐ ഐ ടി വിഷയം സഭയില്‍ ഉയര്‍ത്തി. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളോടുള്ള സര്‍വകലാശാല അധികൃതരുടെ പ്രതികരണവും, മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ പ്രകൃതി ലാംസാലിന്റെ ആത്മഹത്യയും ‘നേപ്പാളിനെ സംബന്ധിച്ചിടത്തോളം അപകീര്‍ത്തികരവും അപമാനകരവുമാണ്’ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരാതി. നേപ്പാളി വിദ്യാര്‍ത്ഥികളോട് കാണിച്ച പെരുമാറ്റം രാജ്യത്തിന് അപമാനകരവും അസ്വീകാര്യവുമാണെന്നും കെ പി ശര്‍മ ഒലി സര്‍ക്കാര്‍ ഇന്ത്യയോട് ഇക്കാര്യം വ്യക്തമാക്കണമെന്നും മാവോയിസ്റ്റ് സെന്റര്‍ പ്രതിനിധി മാധവ് സപ്കോട്ട സഭയില്‍ ആവശ്യപ്പെട്ടു. നേപ്പാള്‍ സര്‍ക്കാര്‍ ഈ വിഷയം ഇന്ത്യയുമായി ഉന്നതതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യണമെന്നും സമഗ്രമായ അന്വേഷണവും ആവശ്യമായ നടപടിയും സ്വീകരിക്കുകയും വേണമെന്നായിരുന്നു രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി അംഗം ധ്രുബ ബഹാദൂര്‍ പ്രധാന്‍ ആവശ്യമറിയിച്ചത്.

നേപ്പാള്‍ വിദ്യാര്‍ത്ഥിയെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ അന്വേഷിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി സത്യബ്രത സാഹുവിന്റെ നേതൃത്വത്തില്‍ ഒഡീഷ സര്‍ക്കാര്‍ മൂന്നംഗ വസ്തുതാന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്. സര്‍വ്വകലാശാല അധികൃതരുടെ ആരോപണവിധേയമായ പ്രവര്‍ത്തികള്‍, നേപ്പാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതിന്റെ കാരണങ്ങള്‍, സംഭവത്തിന്റെ മറ്റ് വശങ്ങള്‍ എന്നിവയും സമിതി പരിശോധിക്കും. സമിതിയുടെ കണ്ടെത്തലുകള്‍ പ്രകാരം ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി സൂര്യവംശി സൂരജ് അറിയിച്ചിട്ടുള്ളത്.

കഴിഞ്ഞ ഞായറാഴ്ച്ചയാണ് കെ ഐ ഐ ടി കാമ്പസില്‍ സ്ഥിതി ചെയ്യുന്ന ഹോസ്റ്റലിലെ തന്റെ മുറിയില്‍ പ്രകൃതി ആത്മഹത്യ ചെയ്തത്. ഈ മരണം വലിയ പ്രതിഷേധമാണ് കാമ്പസില്‍ ഉയര്‍ത്തിയത്. നേപ്പാളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായിരുന്നു പ്രതിഷേധത്തിനു മുന്നില്‍. ഇതിനെ തുടര്‍ന്ന് നേപ്പാളില്‍ നിന്നുള്ള 500 ല്‍ അധികം വിദ്യാര്‍ത്ഥികളെ കാമ്പസില്‍ നിന്നും പുറത്താക്കുന്ന നടപടി സര്‍വകലാശാള അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായി. എന്നാല്‍, നേപ്പാള്‍ പ്രധാനമന്ത്രി ഒലിയും ഇന്ത്യയിലെ നേപ്പാള്‍ എംബസിയും ഈ വിഷയത്തില്‍ ഇടപെട്ടതോടെ വിദ്യാര്‍ത്ഥികളെ പുറത്താക്കുനുള്ള നടപടി തിങ്കളാഴ്ച്ച പിന്‍വലിച്ചു.

പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച രണ്ട് സെക്യൂരിറ്റി ജീവനക്കാരെ സര്‍വകലാശാല പുറത്താക്കയിട്ടുണ്ട്. രമാകാന്ത് നായക്ക്, ജോഗീന്ദ്ര ശര്‍മ എന്നീ സെക്യൂരിറ്റി ജീവനക്കാര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. സിസിടിവി കാമറകളില്‍ ഇവര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. രണ്ട് ഹോസ്റ്റല്‍ ജീവനക്കാരെയും സംഭവവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. തന്റെ ബാച്ച്മേറ്റായ, ലഖ്നൗ സ്വദേശി അദ്വിക് ശ്രീവാസ്തവയുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പ്രകൃതി പരാതിപ്പെട്ട സര്‍വകലാശാലയുടെ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഓഫീസിലെ (ഐആര്‍ഒ) അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഞായറാഴ്ച അദ്വിക് ശ്രീവാസ്തവയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രതിഷേധിച്ച നേപ്പാളി വിദ്യാര്‍ത്ഥികളെ അപമാനിച്ചു സംസാരിച്ച രണ്ട് വനിത സര്‍വകലാശാല ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 40,000 ത്തോളം നിരാലംബരായ വിദ്യാര്‍ത്ഥികളുടെ സൗജന്യ വിദ്യാഭ്യാസത്തിനായി സര്‍വകലാശാലയുടെ സ്ഥാപകന്‍ ചെലവഴിക്കുന്ന തുക നേപ്പാളിന്റെ വാര്‍ഷിക ബജറ്റിനേക്കാള്‍ കൂടുതലാണെന്നാണ്, പ്രതിഷേധക്കാരെ പരിഹസിച്ചുകൊണ്ട് രണ്ട് വനിതാ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവരുടെ ആക്ഷേപം വ്യക്തമായി കേള്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.

പ്രകൃതിയുടെ മൃതദേഹം ഭവനേശ്വര്‍ എംയ്‌സില്‍ നടത്തിയശേഷം വിട്ടുകൊടുക്കും. കുടുംബം ചൊവ്വാഴ്ച്ച ഇന്ത്യയില്‍ എത്തിയിരുന്നു. മകളെ ഉന്നത വിദ്യാഭ്യാസം നേടാനാണ് ഇന്ത്യയിലേക്ക് അയച്ചത്, പക്ഷേ ദൗര്‍ഭാഗ്യകരമായ കാര്യങ്ങള്‍ സംഭവിച്ചു. സംസ്ഥാന സര്‍ക്കാരിലും പൊലീസിലും ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്, ഭാവിയില്‍ മറ്റാര്‍ക്കും ഇത്തരം സംഭവം ഉണ്ടാകരുതെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു പ്രകൃതിയുടെ പിതാവിന്റെ പ്രതികരണം.  Nepal student suicide Bhubaneswar KIIT, Opposition protested in Nepal Parliament 

Content Summary; Nepal student suicide Bhubaneswar KIIT, Opposition protested in Nepal Parliament

×