April 25, 2025 |

മരണക്കളമാകുന്ന നേപ്പാൾ ആകാശം

30 വർഷത്തിനിടയിൽ നടന്നത് 27 വിമാനാപകടങ്ങൾ, കൊല്ലപ്പെട്ടത് 350 ൽ അധികം മനുഷ്യർ

ജൂൺ 24 രാവിലെയാണ് നേപ്പാളിനെ സങ്കട കടലിലാഴ്ത്തിയ വിമാനാപകടം ഉണ്ടാകുന്നത്. പൈലറ്റ് ഒഴികെയുള്ള 18 യാത്രക്കാരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിനിടെ ശൗര്യ എയർലൈൻസ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയാണ് അപകടമുണ്ടായത്. പ്രകൃതി ദുരന്തങ്ങൾ മാത്രമല്ല വ്യോമയാന അപകടങ്ങളും രാജ്യത്ത് തുടർകഥയാണ്. 2000 മുതൽ 350-ലധികം ആളുകളാണ് വിമാനപകടത്തിൽ മരിച്ചത്. Nepal plane crashes history

ഈ സംഭവവും നേപ്പാളിൻ്റെ നീണ്ട വ്യോമയാന ദുരന്തങ്ങളുടെ അവസാന പട്ടികയിൽ കൂട്ടിച്ചേർക്കപ്പെട്ടിരിക്കുകയാണ്. വെല്ലുവിളി നിറഞ്ഞ പർവതപ്രദേശങ്ങൾ, പ്രവചനാതീതമായ കാലാവസ്ഥ, കാല പഴക്കമെത്തിയ വിമാനങ്ങൾ, നിയന്ത്രണ മേൽനോട്ടത്തിലെ അപാകതകൾ തുടങ്ങി പല കാരണങ്ങളാണ് ഈ ദുരന്തങ്ങളിലേക്ക് നയിക്കുന്നത്. ഏവിയേഷൻ സേഫ്റ്റി ഡാറ്റാബേസ് അനുസരിച്ച്, കഴിഞ്ഞ മുപ്പത് വർഷത്തിനിടെ നേപ്പാളിൽ കുറഞ്ഞത് 27 വിമാനാപകടങ്ങളെങ്കിലും ഉണ്ടായിട്ടുണ്ട്.

ഇവ ഏതൊക്കെയെന്ന് പരിശോധിക്കാം.

2022 മെയ്: നാല് ഇന്ത്യൻ പൗരന്മാരുൾപ്പെടെ 22 യാത്രക്കാരുമായി പറന്ന, താര എയർ വിമാനം നേപ്പാളിലെ മുസ്താങ് ജില്ലയിൽ തകർന്നു വീണത് രണ്ട് വർഷം മുമ്പാണ്. മൂന്ന് ദിവസത്തിന് ശേഷമാണ് മൃതദേഹങ്ങൾ കണ്ടെടുക്കുന്നത്. അന്വേഷണത്തിൽ മോശം കാലാവസ്ഥയാണ് അപകടത്തിന്റെ കാരണമായി ചൂണ്ടിക്കാട്ടിയത്.

ഫെബ്രുവരി 2019: എയർ ഡൈനസ്റ്റി ഹെലികോപ്റ്റർ നേപ്പാളിലെ ടൂറിസം മന്ത്രി രബീന്ദ്ര അധികാരി ഉൾപ്പെടെ ഏഴ് യാത്രക്കാരുമായി കാഠ്മണ്ഡുവിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെ, മേഘാവൃതമായ കാലാവസ്ഥ മൂലം കുന്നിൻ പ്രദേശത്ത് തകർന്നു വീണു. വിമാനത്തിന് താങ്ങനാവുന്നതിൽ കൂടുതൽ ഭാരവും ഇരിപ്പിട ക്രമീകരണവും ഉൾപ്പെടെയുള്ള മാനദണ്ഡങ്ങളുടെ ലംഘനങ്ങളാണ് പ്രാഥമിക റിപ്പോർട്ട് ചൂണ്ടിക്കാണിച്ചത്.

മാർച്ച് 2018: ധാക്കയിൽ നിന്നുള്ള യുഎസ്-ബംഗ്ലാ എയർലൈൻസ് വിമാനം ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തകർന്ന് 49 പേർ മരിച്ചു. റൺവേയിൽ നിന്ന് തെന്നിമാറി ഫുട്ബോൾ ഗ്രൗണ്ടിലേക്ക് ഇടിച്ചാണ് വിമാനത്തിന് തീപിടിച്ചത്. പൈലറ്റിൻ്റെ വഴിതെറ്റിയതാകമെന്ന സാധ്യതയാണ് അന്വേഷണം നിർദ്ദേശിച്ചത്.

ഫെബ്രുവരി 2016: കാളിക്കോട്ട് ജില്ലയിൽ എയർ കാഷ്ടമണ്ഡപ് വിമാനം തകർന്ന് രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടു. ഒമ്പത് യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.

മെയ് 2015: രണ്ട് ഭൂകമ്പങ്ങൾക്ക് സഹായം എത്തിക്കുന്നതിനിടെ ചാരിക്കോട്ട് മേഖലയിൽ ഒരു യുഎസ് മറൈൻ കോർപ്സ് ഹെലികോപ്റ്റർ തകർന്നു, ആറ് യുഎസ് നാവികരും രണ്ട് നേപ്പാളി സൈനികരും ഉൾപ്പെടെ എട്ട് യാത്രക്കാരും മരിച്ചു.

മെയ് 2012: ജോംസോം വിമാനത്താവളത്തിന് സമീപം ഡോർണിയർ വിമാനം തകർന്ന് 13 ഇന്ത്യൻ തീർഥാടകർ ഉൾപ്പെടെ 15 പേർ മരിച്ചു. പൊഖാറയിൽ നിന്ന് ജോംസോമിലേക്ക് പോവുകയായിരുന്നു വിമാനം.

2011 സെപ്തംബർ: എവറസ്റ്റ് കൊടുമുടിക്ക് ചുറ്റുമുള്ള കാഴ്ചകൾ കാണാനുള്ള യാത്രയ്ക്കിടെയാണ് ബുദ്ധ എയർ ബീച്ച്ക്രാഫ്റ്റ് 1900D തകരുന്നത്. 10 ഇന്ത്യക്കാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 19 പേരും മരിച്ചു. കാഠ്മണ്ഡു പ്രദേശത്തെ വലയം ചെയ്ത കനത്ത മൺസൂൺ മേഘങ്ങളുടെ പ്രതികൂല കാലാവസ്ഥയാണ്അ പകടമുണ്ടാക്കിയത്.

സെപ്റ്റംബർ 2006: വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ഉദ്യോഗസ്ഥർ ഉൾപ്പെടെ 24 യാത്രക്കാരുമായി പോയ ശ്രീ എയർ ഹെലികോപ്റ്റർ കിഴക്കൻ നേപ്പാളിൽ തകർന്നു.

ജൂൺ 2006: യെതി എയർലൈൻസിൻ്റെ ഒരു വിമാനം തകർന്നു വീണ്, ഒന്നിലധികം മരണങ്ങൾ സംഭവിച്ചു.

നവംബർ 2001: രാജകുമാരി പ്രേക്ഷയ ഷായും മറ്റ് അഞ്ച് പേരും മരിച്ച അപകടമാണിത്. വെസ്റ്റേൺ നേപ്പാളിൽ ചാർട്ടേഡ് ഹെലികോപ്റ്ററായിരുന്നു ഇത്.

ജൂലൈ 2000: റോയൽ നേപ്പാൾ എയർലൈൻസിൻ്റെ ഒരു ട്വിൻ ഓട്ടർ ധംഗധി വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ തകർന്നുവീണ് 22 യാത്രക്കാരും മൂന്ന് ജീവനക്കാരും മരിച്ചു.

1993 ജൂലൈ: എവറസ്റ്റ് എയർ ഡോർണിയർ വിമാനം ചുലെ ഗോപ്‌തെ കുന്നിന് സമീപം തകർന്ന് 19 പേർ മരിച്ചു.

1992 സെപ്തംബർ: പാകിസ്ഥാൻ ഇൻ്റർനാഷണൽ എയർലൈൻസിൻ്റെ എയർബസ്  A300 കാഠ്മണ്ഡുവിൽ ലാൻഡിംഗിനിടെ തകർന്ന് വിമാനത്തിലുണ്ടായിരുന്ന 167 പേരും മരിച്ചു. വിമാനത്താവളത്തിൽ നിന്ന് 11 കിലോമീറ്റർ അകലെയുള്ള പർവതനിരയിലാണ് വിമാനം ഇടിച്ചത്.

1992 ജൂലൈ: കാഠ്മണ്ഡുവിലേക്ക് അടുക്കുന്നതിനിടെ തായ് എയർവേയ്‌സ് എയർബസ് A310 തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന 113 പേരും മരിച്ചു. കനത്ത മൺസൂൺ മഴയിൽ വിമാനത്തിൻ്റെ ഫ്ലാപ്പുകളിലെ ചെറിയ തകരാർ, എയർ ട്രാഫിക് കൺട്രോളുമായുള്ള ആശയവിനിമയത്തിലെ പിഴവ് എന്നിവ കാരണം വിമാനം മലയിൽ ഇടിക്കുകയായിരുന്നു.

1969 ജൂലൈ: റോയൽ നേപ്പാൾ എയർലൈൻസ് വിമാനം സിനാറ എയർപോർട്ടിലേക്കുള്ള യാത്രാമധ്യേ തകർന്നുവീണ് 31 യാത്രക്കാരും നാല് ജീവനക്കാരും മരിച്ചു.

Content summary; Nepal’s grim history of plane crashes Nepal plane crashes history

Leave a Reply

Your email address will not be published. Required fields are marked *

×