ചുറ്റും യുദ്ധം വ്യാപിച്ചതോടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോകരാജ്യങ്ങള്‍ക്കിടയില്‍ മാത്രമല്ല സ്വന്തം രാജ്യത്ത് പോലും ഒറ്റപ്പെടുന്ന അവസ്ഥയിലാണ്. ഇസ്രയേല്‍ ഭരണകൂടത്തിനും രാജ്യത്തെ ജനങ്ങള്‍ക്കിടയിലും നെതന്യാഹുവിന് ശത്രുക്കളുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞദിവസങ്ങളിലാണ് രാജ്യത്തെ ഇന്റലിജന്‍സ് വിവരങ്ങള്‍ പോലും ചോര്‍ത്തിയതിന് നെതന്യാഹുവിന്റെ സ്വന്തം പൗരന്മാര്‍ പിടിക്കപ്പെട്ടത്. ഇപ്പോഴിതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് ഇസ്രയേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെ പുറത്താക്കിയിരിക്കുകയാണ് നെതന്യാഹു. Netanyahu fires defense minister
പശ്ചിമേഷ്യയില്‍ സംഘര്‍ഷം ശക്തമായിരിക്കെയാണ് നെതന്യാഹുവിന്റെ ഈ തീരുമാനമെന്നത് അത്ഭുതപ്പെടുത്തുന്നതാണ്. യോവ് ഗാലന്റിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നാണ് നെതന്യാഹു പുറത്താക്കലിനോട് പ്രതികരിച്ചിരിക്കുന്നത്.
‘യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍, രാജ്യത്തെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും തമ്മില്‍ വിശ്വാസമുണ്ടാകേണ്ടത് അത്യാവശ്യമാണ്. യുദ്ധത്തിന്റെ ആദ്യ മാസങ്ങളില്‍ അത്തരത്തിലൊരു വിശ്വാസം ഉണ്ടായിരുന്നു. നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങള്‍ക്കിടയിലെ ആ വിശ്വാസം തകര്‍ന്നു,’ ബെഞ്ചമിന്‍ നെതന്യാഹു പറയുന്നു.
Benjamin Netanyahu & Yoav Gallant
നേരത്തെ ഹമാസിന് നേരെയുണ്ടായ ഒരു ആക്രമണത്തിന്റെ പേരില്‍ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഗാലന്റിനോടുള്ള എന്റെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് അദ്ദേഹത്തെ പ്രതിരോധ മന്ത്രി സ്ഥാനത്തുനിന്ന് മാറ്റാന്‍ തീരുമാനമെടുക്കുന്നു’ എന്നാണ് നെതന്യാഹുവിന്റെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഇസ്രയേലിന്റെ സുരക്ഷയായിരുന്നു അന്നും ഇന്നും ജീവിതലക്ഷ്യമെന്ന് പുറത്താക്കലിനെ കുറിച്ച് യോവ് ഗാലന്റ് പ്രതികരിച്ചു. യുദ്ധത്തിലുടനീളം, ഒക്ടോബര്‍ ഏഴിലെ ആക്രമണത്തെ അനുശോചിച്ച് ദുഃഖത്തിന്റെ പ്രതീകമായ കറുത്ത ബട്ടണുള്ള ഷര്‍ട്ടാണ് ഗാലന്റ് ധരിച്ചിരുന്നത്.
ഇസ്രയേല്‍ വിദേശകാര്യ മന്ത്രിയായിരുന്ന ഗാലന്റിനേക്കാള്‍ തന്ത്രശാലിയായ ‘ഇസ്രയേല്‍ കാറ്റ്‌സ്’ ആണ് പുതിയ പ്രതിരോധ മന്ത്രിയാകുക. ഇസ്രയേലിന്റെ ബുള്‍ഡോസര്‍ എന്നറിയപ്പെടുന്ന കാറ്റ്‌സ് നെതന്യാഹുവിന്റെ വിശ്വസ്തന്‍ കൂടിയാണ്. തീവ്രവലതുപക്ഷ ആശയക്കാരനായ കാറ്റ്സ് നെതന്യാഹുവിനെ പോലെ തന്നെ യുദ്ധം മാത്രമാണ് സകലതിനും പരിഹാരമെന്ന ചിന്താഗതിക്കാരന്‍ കൂടിയാണ്. കാറ്റ്‌സിന് പകരം ‘ഗിദിയോന്‍ സാര്‍’ പുതിയ വിദേശകാര്യ മന്ത്രിയാകും.
ഗാസയിലെ വംശഹത്യയുമായി ബന്ധപ്പെട്ട് ഏറെ നാളായി നെതന്യാഹുവും ഗാലന്റും തമ്മില്‍ പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. സൈനിക നടപടികൊണ്ട് മാത്രം പലസ്തീന്‍-ഇസ്രയേല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാനാവില്ലെന്നും നയതന്ത്ര നീക്കങ്ങള്‍ കൂടിയുണ്ടായാല്‍ മാത്രമേ ബന്ദിമോചനം അടക്കം സാധ്യമാകൂ എന്നാവശ്യപ്പെട്ട് ഗാലന്റ്, ഇക്കാര്യത്തില്‍ നെതന്യാഹുവിന് അയച്ച കത്ത് അടുത്തിടെ പുറത്ത് വന്നിരുന്നു. കത്ത് ചോര്‍ന്നത് നെതന്യാഹുവിന് വലിയ മാനക്കേടാണ് ഉണ്ടാക്കിയത്. കത്ത് സംബന്ധിച്ച വാര്‍ത്തകള്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.
ഗാസയിലെ ആക്രമണങ്ങള്‍ അവസാനിപ്പിച്ചുള്ള ചര്‍ച്ചകള്‍ വേണ്ടെന്ന നിലപാടിലാണ് ബെഞ്ചമിന്‍ നെതന്യാഹു. സമാനമായ നിലപാട് ഉള്ളയാളാണ് കാറ്റ്‌സും. യുഎസുമായി അടുത്ത ബന്ധമുള്ള നേതാവല്ല കാറ്റ്സ്. 2023 ഒക്ടോബര്‍ ഏഴിന് ശേഷം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ 11 തവണ ഇസ്രയേല്‍ സന്ദര്‍ശിച്ചപ്പോള്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് കാറ്റ്സിനെ കണ്ടത്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് ഇസ്രയേലില്‍ പ്രവേശനം വിലക്കിയിരിക്കുകയാണ് കാറ്റ്സ്. ഇറാന്‍, ഇസ്രയേലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തെ അപലപിക്കുന്നതില്‍ ഗുട്ടറസ് ഇരട്ടത്താപ്പ് കാണിച്ചുവെന്ന് ആരോപിച്ചായിരുന്നു വിലക്ക്. എല്ലാത്തരത്തിലും ബെഞ്ചമിന്‍ നെതന്യാഹുവുമായി ചേരുംപടി ചേരുന്ന വ്യക്തിയാണ് കാറ്റ്‌സ്.
Israel Katz
തനിക്ക് തടസ്സമായി നില്‍ക്കുന്ന എല്ലാവരെയും വെട്ടിവീഴ്ത്തുക, അത് ശത്രുപക്ഷത്തായാലും സ്വന്തം ചേരിയിലുള്ളവരെയായാലും, അതാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രീതി. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, ഗാലന്റിന് നിരന്തരമായ വീഴ്ച്ചകള്‍ സംഭവിച്ചുവെന്ന നെതന്യാഹുവിന്റെ വാദവും ഗാലന്റിന്റെ സ്ഥാനചലനവും.
ഇതാദ്യമായല്ല ഗാലന്റിനെ നെതന്യാഹു പുറത്താക്കുന്നത്. 2023 മാര്‍ച്ചില്‍ ഗാലന്റിനെ പുറത്താക്കുന്നതായി നെതന്യാഹു പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ജനകീയ പ്രതിഷേധം കനത്തതോടെ തീരുമാനം മാറ്റുകയും രണ്ടാഴ്ചക്ക് ശേഷം വീണ്ടും തിരിച്ചെടുക്കുകയുമായിരുന്നു. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുക എന്നത് തന്റെ ജീവിത ലക്ഷ്യമാണെന്ന് പുറത്താക്കലിനോട് ഗാലന്റ് പ്രതികരിച്ചു.
യോവ് ഗാലന്റിനെതിരായ നടപടിയില്‍ ടെല്‍ അവീവില്‍ വലിയ പ്രതിഷേധമാണ് ആരംഭിച്ചിരിക്കുന്നത്. ടെല്‍ അവീവിലെ പ്രധാന റോഡുകള്‍ ജനം ഉപരോധിച്ചു. ജെറുസലേമിലെ നെതന്യാഹുവിന്റെ വസതിക്ക് മുന്നിലും പ്രതിഷേധം അരങ്ങേറി. ഗവണ്‍മെന്റിനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനുമെതിരെ മുദ്രാവാക്യം വിളിച്ച പ്രകടനക്കാര്‍, ”ഞങ്ങള്‍ മികച്ച നേതാക്കളെ അര്‍ഹിക്കുന്നു, ആരെയും ഉപേക്ഷിക്കരുത്” തുടങ്ങിയ മുദ്രാവാക്യങ്ങളടങ്ങിയ ബോര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധക്കാരിലൊരാള്‍ നെതന്യാഹുവിന്റെ മുഖംമൂടി ധരിച്ച് കൈവിലങ്ങുകളുമായിട്ടാണ് തെരുവിലെത്തിയത്. ബന്ദികളെ പ്രതിനിധീകരിക്കുന്ന ടീ ഷര്‍ട്ട് ധരിച്ച പ്രതിഷേധക്കാര്‍ അവരെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നും ‘നിങ്ങള്‍ രാജ്യദ്രോഹിയാണ്, നിങ്ങളാണ് കുറ്റവാളി’ എന്നും ഒക്ടോബര്‍ ഏഴിലെ ആക്രമണം തടയുന്നതില്‍ നെതന്യാഹു പരാജയപ്പെട്ടതായും ചൂണ്ടിക്കാട്ടുന്നു.
സ്വന്തം രാജ്യത്തെ ജനങ്ങള്‍ തന്നെ ശത്രുപക്ഷത്ത് നില്‍ക്കുന്ന അവസ്ഥയാണ് ഇസ്രയേലില്‍ നെതന്യാഹുവിന്റെ ഭരണത്തിന് കീഴില്‍ നടക്കുന്നത്. ഗാസയില്‍ ഹമാസിനെതിരെ നടക്കുന്ന പോരാട്ടം പോലും നെതന്യാഹുവിന് ഇസ്രയേലില്‍ വലിയ എതിര്‍പ്പുകളാണ് ഉയര്‍ത്തുന്നത്.
1955 ല്‍ തീരദേശ നഗരമായ അഷ്‌കലോണിലാണ് കാറ്റ്സ് ജനിച്ചത്. 1973-77 കാലത്ത് സൈന്യത്തില്‍ പാരാട്രൂപ്പറായി കാറ്റ്‌സ് പ്രവര്‍ത്തിച്ചു. എന്നാല്‍ സൈന്യത്തിലെ ഉന്നത സ്ഥാനങ്ങളില്‍ അദ്ദേഹത്തിന് പ്രവര്‍ത്തനപരിചയമില്ല. മുന്‍ പ്രതിരോധമന്ത്രി ഗാലന്റ് അതിന് മുമ്പ് സൈന്യത്തില്‍ ജനറല്‍ ആയിരുന്നു. നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ട്ടി നേതാവായ കാറ്റ്സ് 1998 മുതല്‍ ഇസ്രയേല്‍ പാര്‍ലമെന്റ് അംഗമാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കൃഷി, ഗതാഗതം, ഇന്റലിജന്‍സ്, ധനകാര്യം, ഊര്‍ജം തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രിയായിട്ടുണ്ട്. 2019 ലാണ് കാറ്റ്സ് വിദേശകാര്യ മന്ത്രിയായി അധികാരമേറ്റത്. Netanyahu fires defense minister
content summary; Netanyahu fires defense minister; Is Israel reduced to only the faithful?