സൗരോര്‍ജ്ജ പദ്ധതികളുടെ കരാറുകളുമായി ബന്ധപ്പെട്ട ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് 2209 കോടി(265 മില്യണ്‍ ഡോളര്‍) കൈക്കൂലി നല്‍കിയെന്ന കേസില്‍ ഇന്ത്യന്‍ വ്യവസായ ഭീമന്‍ ഗൗതം അദാനിക്കെതിരേ അഴിമതിക്കുറ്റം ചുമത്തി ന്യൂയോര്‍ക്ക് കോടതി. ഗൗതം അദാനിയെക്കൂടാതെ അദ്ദേഹത്തിന്റെ അനന്തിരവന്‍ സാഗര്‍ അദാനി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കുറ്റപത്രം. രാജ്യത്തെ ഏറ്റവും ബൃഹത്തായൊരു സൗരോര്‍ജ്ജ പദ്ധതിയുടെ നടത്തിപ്പിനായുള്ള കരാര്‍ കിട്ടാനായിരുന്നു അദാനി ഗ്രൂപ്പ് ശ്രമിച്ചത്. ഈ പദ്ധതിയിലൂടെ അടുത്ത 20 വര്‍ഷം കൊണ്ട് 16881 കോടി (രണ്ട് ബല്യണ്‍ ഡോളര്‍) ലാഭം അവര്‍ക്ക് നേടിയെടുക്കാന്‍ സാധിക്കുമായിരുന്നു. ഇതിനായാണ് 265 മില്യണ്‍ ഡോളര്‍(2236 കോടി 70 ലക്ഷം) ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നിക്ഷേപകരെ കബളിപ്പിക്കുക, വ്യക്തിഗത നേട്ടത്തിനായി സാമ്പത്തിക വിപണിയില്‍ കൃത്രിമം കാണിക്കുക തുടങ്ങി ഗുരുതരമായ നിയമ ആരോപണങ്ങളാണ് 62 കാരനായ ഇന്ത്യന്‍ കോടീശ്വരന്‍ നേരിടുന്നത്. ബുധനാഴ്ച്ചയാണ് ആദാനി ഗ്രൂപ്പിനെതിരായ സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട കുറ്റപത്രം യു എസ് കോടതി വെളിപ്പെടുത്തിയത്. 12 ജിഗാവാട്ട് സൗരോര്‍ജ്ജം ഇന്ത്യന്‍ സര്‍ക്കാരിന് വില്‍ക്കാനുള്ള ലാഭകരമായൊരു കരാര്‍ നേടാന്‍ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡും, അവരുടെയൊരു പങ്കാളിത്ത സ്ഥാപനവും വഞ്ചനാപരമായ മാര്‍ഗം സ്വീകരിച്ചുവെന്നാണ് പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നത്. അദാനിയുടെ സ്ഥാപനവും കൂട്ടുപ്രതികളും ഈ കാരാര്‍ കിട്ടാന്‍ വേണ്ടി രണ്ട് കക്ഷികളെന്ന വ്യാജേന രംഗത്ത് നിന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.
അദാനിയും അദാനി ഗ്രീന്‍ എനര്‍ജിയിലെ മറ്റൊരു എക്സിക്യൂട്ടീവും മുന്‍ സിഇഒ-യുമായ വിനീത് ജെയ്‌നും തങ്ങളുടെ അഴിമതി പദ്ധതി, വായ്പക്കാരില്‍ നിന്നും നിക്ഷേപകരില്‍ നിന്നും മറച്ചുവെച്ചുകൊണ്ട് 25322 കോടി (മൂന്നു ബില്യണ്‍ ഡോളര്‍) വായ്പകളും ബോണ്ടുകളും സമാഹരിച്ചിരുന്നനതായും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നുണ്ട്.
ഈ അഴിമതിയില്‍ പങ്കാളികളായവര്‍, അവരുടെ രഹസ്യ ആശയവിനിമയങ്ങളില്‍ ഗൗതം അദാനിയെ ‘ന്യൂമെറോ യുനോ’, ‘ദി ബിഗ് മാന്‍’ എന്നീ കോഡ് പേരുകള്‍ ഉപയോഗിച്ചായിരുന്നു പരാമര്‍ശിച്ചിരുന്നതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. സാഗര്‍ അദാനി തന്റെ സെല്‍ഫോണില്‍ നിന്ന് കൈക്കൂലിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിരുന്നുവെന്നും പറയുന്നു.
ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയിന്‍ എന്നിവര്‍ക്കെതിരെ വഞ്ചന, ഗൂഢാലോചന, തട്ടിപ്പ് എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്, കൂടാതെ യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ സിവില്‍ കേസും അദാനിമാര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.
ഈ വാര്‍ത്തകളോട് അദാനി ഗ്രൂപ്പ് ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. New York court charged against gautam adani over bribes worth $265 million to indian govt officials
Content Summary; New York court charged against gautam adani over bribes worth $265 million to indian govt officials
This post was last modified on November 21, 2024 11:30 am
Leave a Comment