വിരാട് കോഹ്ലി ഇപ്പോള്‍, അദ്ദേഹത്തിന്റെ പ്രതിഭയുടെ നിഴലില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ്. ഈ വര്‍ഷത്തെ കളികള്‍ നോക്കിയാല്‍ മനസിലാകും കോഹ്ലിയുടെ ബാറ്റ് എത്രത്തോളം ദുര്‍ബലമായിരിക്കുന്നുവെന്ന്. ബാറ്റിംഗ് ക്രീസിലെ അധിപനായിരുന്ന അയാള്‍, തന്റെ ഫോമിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നത് ടീം ഇന്ത്യയ്ക്കും ആരാധകര്‍ക്കും നല്‍കുന്നത് വലിയ നിരാശയാണ്. ഒമ്പത് ഇന്നിംഗ്‌സുകളില്‍ നിന്ന് 28.50 ശരാശരിയില്‍ വെറും 228 റണ്‍സാണ് സാമ്പാദ്യം. പറയാനുള്ളത് ഒരേയൊരു അര്‍ധസെഞ്ചുറിയും.
2020 മുതല്‍ കോഹ്ലിയുടെ ഫോം ഇടിയാന്‍ തുടങ്ങിയിട്ടുണ്ട്. അവിടെ നിന്ന് ഇങ്ങോട്ടുള്ള 33 മത്സരങ്ങളില്‍ നിന്ന്, വെറും രണ്ട് സെഞ്ചുറികളും ഒമ്പത് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 33.01 ശരാശരിയില്‍ 1816 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. 2019ല്‍ 54.97 ആയിരുന്നു കോഹ് ലിയുടെ ബാറ്റിംഗ് ആവറേജ്. ആ സ്ഥാനത്ത് നിന്നാണ് ഇന്ത്യന്‍ ബാറ്ററുടെ ടെസ്റ്റ് ശരാശരി 48.48 ആയി താഴേക്ക് പോയത്. ഒരു കാലത്ത് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളായി വാഴ്ത്തപ്പെട്ട ഒരു കളിക്കാരനുണ്ടായിരിക്കുന്ന വേദനാജനകമായ പതനം.
കോഹ്ലിയുടെ സമീപകാല പ്രകടനങ്ങള്‍ ടെസ്റ്റ് റാങ്കിംഗില്‍ അദ്ദേഹത്തിന്റെ സ്ഥാനം വളരെ താഴേക്കിടിച്ചു. 2020 മുതല്‍ 1000 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത ബാറ്റ്‌സ്മാന്‍മാരുടെ ബാറ്റിംഗ് ശരാരശി അടിസ്ഥാനമാക്കിയുള്ള റാങ്കിംഗ് എടുത്താല്‍, ആ പട്ടികയിലുള്ള 53 കളിക്കാരില്‍ കോഹ്ലി 42-ാം സ്ഥാനത്താണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഫാബ് 4 എന്നറിയപ്പെടുന്ന സംഘത്തിലെ ഒരംഗമാണ് കോഹ്ലിയും. എന്നാല്‍ ആ സംഘത്തിലെ മറ്റ് മൂന്നു പേരും- കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് – എന്നിവര്‍ മികച്ച പ്രകടനം തുടരുമ്പോഴാണ് കോഹ്ലിയുടെ വീഴ്ച്ച. 24 മത്സരങ്ങളില്‍ നിന്ന് 64.15 എന്ന മികച്ച ശരാശരിയില്‍ 11 സെഞ്ചുറികളും നാല് അര്‍ധസെഞ്ചുറികളും സഹിതം 2502 റണ്‍സ് നേടിയ വില്യംസണാണ് ഈ കൂട്ടത്തില്‍ മുന്നില്‍. 55.32 ശരാശരിയില്‍ 5367 റണ്‍സുമായി റൂട്ട് ഒട്ടും പിന്നിലല്ല. സ്റ്റീവ് സ്മിത്തിന് മറ്റ് രണ്ടുപേരെ അപേക്ഷിച്ച് മികവ് കുറഞ്ഞെങ്കിലും 45.01 ശരാശരിയില്‍ 2521 റണ്‍സ് നേടിയിട്ടുണ്ട്. ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ കോഹ്ലിയുടെ നില ദയനീയമാണ്.
2020 മുതലുള്ള കോഹ്ലിയുടെ ബാറ്റിംഗ് റെക്കോര്‍ഡ് പരിശോധിച്ചാല്‍ ഗുരുതരമായൊരു പ്രശ്‌നം അദ്ദേഹം നേരിടുന്നുണ്ടെന്ന് മനസിലാകും. സ്പിന്‍ ബൗളിംഗിനെതിരെ, പ്രത്യേകിച്ച് ഇന്ത്യന്‍ പിച്ചുകളില്‍ അദ്ദേഹം വളരെ ബുദ്ധിമുട്ടുകയാണ്. 2013 മുതല്‍ 2019 വരെ ഇന്ത്യയില്‍ സ്പിന്നിനെതിരെയുള്ള കോഹ്ലിയുടെ ശരാശരി 72.45 ആയിരുന്നുവെങ്കില്‍, കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ അത് 32.86 ആയി കുറഞ്ഞു. ഈ കാലയളവില്‍ കോഹ്ലി 55 തവണ പുറത്തായതില്‍, 23 തവണയും സ്പിന്നര്‍മാരായിരുന്നു അയാളെ തിരിച്ചയച്ചത്. ഇതില്‍ തന്നെ ഇടങ്കയ്യന്‍ സ്പിന്നര്‍മാരാണ് കോഹ് ലിയെ കൂടതലായി ലക്ഷ്യമിട്ടത്. ഇടങ്കയ്യന്‍ സ്പിന്നര്‍മാര്‍ 10 തവണയാണ് കോഹ്ലിയെ പുറത്താക്കിയത്. ബാറ്റിംഗ് ശരാശരിയാകട്ടെ 22.70. അതേസമയം വലംകൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരെ, അദ്ദേഹത്തിന്റെ ശരാശരി 41.84 ആണ്. പക്ഷേ ഇതുപോലും, അയാളുടെ പ്രതാപകാലത്തേതില്‍ നിന്ന് എത്രയോ കുറവാണ്.
തീരെ ആത്മവിശ്വാസമില്ലാതെ ക്രീസില്‍ നില്‍ക്കുന്ന കോഹ്‌ലിയൊണ് സമീപകാലത്തായി കാണാനാകുന്നത്. ശാന്തതയോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ബാറ്റുമായി നിന്നിരുന്ന കോഹ്‌ലിയെ ഇപ്പോള്‍ കാണാനാകുന്നില്ല. ഓരോ പന്തും തന്റെ ആയുസ് നിശ്ചയിക്കുമോ എന്നുള്ള ആശങ്കയാണ്. പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞ സ്‌ട്രോക്കുകളുടെ സ്വഭാവിക ഒഴുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ചുരുക്കത്തില്‍, കോഹ്‌ലി ഇന്ന് തന്റെ തന്നെ നിഴലായി മാത്രം ഒതുങ്ങിയിരിക്കുന്നു. ഇപ്പോള്‍ വേണമെങ്കിലും വീണു പോകുന്നൊരു വിക്കറ്റ് മാത്രമായി പോകുന്നു. ഇപ്പോള്‍ കോഹ്‌ലിയുടെ പുറത്താക്കലുകള്‍ ആരെയും അത്ഭുതപ്പെടുത്തുന്നില്ല. പക്ഷേ, അവന്റെ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല, ക്രിസില്‍ നിര്‍ഭയനായി, പന്ത് കൈയിലെടുത്തിരിക്കുന്നത് ആരാണെന്ന് ഗൗനിക്കാത്ത വിനാശകാരിയായ അവരുടെ രാജാവിനെ. എന്നാല്‍, ഇന്ന് അവന്റെ ടീമിലെ സ്ഥാനം പോലും അനിശ്ചിതത്വത്തിലാണ്. എന്താണ് വിരാടിന്റെ ഭാവി എന്നാണ് ഇപ്പോഴത്തെ ചര്‍ച്ചകള്‍ മുഴുവന്‍.
പക്ഷേ, കോഹ്‌ലിയുടെ പ്രതിഭയെ എഴുതി തള്ളാന്‍ ആര്‍ക്കുമാകില്ല. അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ അവഗണിക്കാനുമാകില്ല. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ്. നിലവിലെ ഫോം ഇല്ലായ്മ യാഥാര്‍ത്ഥ്യമാണെങ്കിലും അത് കോഹ്‌ലിയെന്ന പോരാളിയെ ഇല്ലാതാക്കുന്നില്ല. എന്നാല്‍ ക്രിക്കറ്റില്‍ വ്യക്തിതഗത ഫോം നിര്‍ണായകമാണ്. നിലവില്‍ കോഹ്‌ലി അക്കാര്യത്തില്‍ എല്ലാവരെയും നിരാശപ്പെടുത്തുകയാണ്. തിരിച്ചു വരാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ ഫലം കാണുന്നില്ല. ഈ പ്രശ്‌നം കഴിഞ്ഞ കുറച്ചു കാലമായി നിലനില്‍ക്കുന്നതാണ്. അത് വളരെ ഗൗരവമേറിയതാണ്. തനിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യങ്ങളെ കീഴടക്കാന്‍ പറ്റുന്നില്ല, പ്രത്യേകിച്ച് സ്പിന്നിനെതിരെ കളിക്കാന്‍ തുടര്‍ച്ചയായി പരാജയപ്പെടുന്നു.
ടീമിന്റെ പരാജയങ്ങള്‍ കോഹ്‌ലിയുടെ മേലുള്ള സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കും. 2012 ന് ശേഷം ആദ്യമായാണ് ഒരു ഹോം പരമ്പര ടീം തോല്‍ക്കുന്നത്. ന്യൂസിലാന്‍ഡ് ഇന്ത്യയെ വൈറ്റ് വാഷ് ചെയ്തു. ഈ വെറ്ററന്‍ ബാറ്ററെ സംബന്ധിച്ചിടത്തോളം ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഒട്ടും നല്ലതായിരുന്നില്ല. നിര്‍ണായക സമയങ്ങളില്‍ പഴയതുപോലെ കോഹ്‌ലിയുടെ സഹായം ടീമിന് കിട്ടുന്നില്ല. കോഹ്‌ലിയുടെ കഴിവും അനുഭവ പരിചയവും ടീം വളരെയേറ ആശ്രയിക്കുന്നുണ്ട്. പക്ഷേ, തിരിച്ചൊന്നും ചെയ്യാന്‍ അയാള്‍ക്കിപ്പോള്‍ കഴിയുന്നില്ല.
തന്റെ ഫോം വീണ്ടെടുക്കാന്‍ കോഹ്‌ലിക്ക് എന്തെങ്കിലും വഴി കണ്ടെത്താന്‍ കഴിയുമോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഒരു കാലത്ത് തന്റെ അഗ്രസീവ് സ്ട്രോക്ക് പ്ലേയും സമ്മര്‍ദ്ദത്തില്‍ പോലും റണ്‍സ് നേടാനുള്ള കഴിവും കൊണ്ട് കാണികളെ ആവേശം കൊള്ളിച്ച കളിക്കാരനായിരുന്നു. 35ാം വയസ്സില്‍, ലോക ക്രിക്കറ്റില്‍ തന്റെ സ്ഥാനം എന്താണെന്ന് അയാള്‍ക്ക് തെളിയിച്ചേ മതിയാകൂ. ക്രിക്കറ്റ് എല്ലായ്‌പ്പോഴും തിരിച്ചുവരവിന്റെ കളിയാണ്. കാര്യങ്ങള്‍ മാറ്റിമറിക്കാന്‍കെല്‍പ്പുള്ള കളിക്കാരനാണ് വിരാട്. എന്നാല്‍ അത്തരം തീരുമാനങ്ങള്‍ ഉണ്ടെങ്കില്‍ സ്വന്തം കളിയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്, പ്രത്യേകിച്ച് സ്പിന്‍ നേരിടുന്ന കാര്യത്തില്‍. സ്പിന്നിനെതിരെ പഴയ ഒഴുക്കോടെയും ആത്മവിശ്വാസത്തോടെയും കളിക്കാനുള്ള കഴിവ് ഇപ്പോള്‍ വിരാടിനില്ല, അതവന്‍ തിരിച്ചു കൊണ്ടു വരണം.
ക്രിക്കറ്റില്‍ സാങ്കേതികത മാത്രമല്ല വേണ്ടത്; കളിയോടുള്ള വിരാട് കോഹ്‌ലിയുടെ മാനസികമായ സമീപനത്തിലും മാറ്റം വരണം. മികച്ച പ്രകടനത്തിനുവേണ്ടി അവന്റെ മേല്‍ കടുത്ത സമ്മര്‍ദ്ദമുണ്ട്. പ്രതീക്ഷകളുടെ ഭാരം അയാളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കാം. കോഹ്‌ലി എല്ലായ്‌പ്പോഴും ആവേശവും ആത്മവിശ്വാസവും കൊണ്ട് നയിക്കപ്പെടുന്ന ഒരു കളിക്കാരനാണ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യം വ്യത്യസ്തമാണ്. റണ്‍സ് വരള്‍ച്ചയും, ടീമിലെ തന്റെ സ്ഥാനവും അവന്റെ മനാസിക പിരിമുറുക്കും എന്നത്തേതില്‍ നിന്നും കൂട്ടിയിട്ടുണ്ടാകും. അതുകൊണ്ട് സാങ്കേതികമായ പോരായ്മകള്‍ പരിഹരിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഈ മാനസിക തടസ്സം മറികടക്കുക എന്നത്.
ഇന്ത്യയുടെ സെലക്ടര്‍മാരും ടീം മാനേജ്‌മെന്റും ടീമിലെ കോഹ്‌ലിയുടെ ഭാവിയില്‍ ശ്രദ്ധ വയ്‌ക്കേണ്ടതുണ്ട്. വിരാടിന്റെ ഇപ്പോഴത്തെ ഫോം വച്ച്, അവന്‍ ഈ ടീമിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ അവഗണിക്കരുത്. എന്നിരുന്നാലും, ലോക ക്രിക്കറ്റില്‍ ഇന്ത്യ ഒരു പ്രബല ശക്തിയായി തുടരണമെങ്കില്‍, അതിനുവേണ്ട പിന്തുണ തരാത്ത കളിക്കാരെ, അവര്‍ എത്ര കഴിവുള്ളവരായാലും ടീമില്‍ നിലനിര്‍ത്തുക ബുദ്ധിപരമായ കാര്യമല്ല. ഓസ്‌ട്രേലിയന്‍ പരമ്പര ടെസ്റ്റ് ടീമിലെ കോഹ്‌ലിയുടെ ഭാവിയെക്കുറിച്ച് തീരുമാനങ്ങള്‍ ഉണ്ടാക്കും. കൂടുതലായി ഒന്നും ചെയ്യാനാകുന്നില്ലെങ്കില്‍ സിലക്ടര്‍മാര്‍ക്ക് കടുത്ത തീരുമാനങ്ങളിലേക്ക് പോകാന്‍ കാരണമാകും. അപ്പോഴും അദ്ദേഹത്തിന്റെ മുന്‍ സംഭാവനകളും ഡ്രസ്സിംഗ് റൂമിനുള്ളില്‍ അദ്ദേഹത്തിനുള്ള സ്ഥാനവും കുറച്ചു സമയം കൂടി നീട്ടി നല്‍കിയേക്കാം.
വിരാട് കോഹ്‌ലിയുടെ ഫോം ക്രിക്കറ്റ് ലോകം വളരെ താത്പര്യത്തോടെയാണ് നോക്കി കാണുന്നത്. തന്റെ പഴയ ഫോം വീണ്ടെടുത്ത് വീണ്ടും വിനാശകാരിയായി മാറാന്‍ അദ്ദേഹത്തിന് കഴിയുമോ ഇല്ലയോ എന്ന ചോദ്യത്തിന് ഉത്തരം കിട്ടാനാണ് ടീം ഇന്ത്യയും ആരാധകരും പ്രതിക്ഷയോടെ കാത്തിരിക്കുന്നത്. അവസരത്തിനൊത്ത് ഉയരാനുള്ള സമ്മര്‍ദം അദ്ദേഹത്തിനു മേല്‍ ഉണ്ട്, പക്ഷേ അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിയുമോ എന്നത് അനിശ്ചിതത്വത്തിലാണ്. വീണ്ടും പരാജയപ്പെടുകയാണെങ്കില്‍ കോഹ് ലിയില്ലാത്തൊരു ഇന്ത്യന്‍ ടീമിനെക്കുറിച്ച് ആരാധകര്‍ക്കും ചിന്തിക്കേണ്ടി വരും. ക്രിക്കറ്റ് ചരിത്രത്തില്‍ വിരാട് കോഹ്‌ലിയുടെ സ്ഥാനം അടയാളപ്പെടുത്തുക, പ്രതാപകാലത്തെ പ്രതിയാകില്ല, മറിച്ച് ആ പഴയ വിരാടിലേക്ക് പോകാന്‍ കഴിയാത്ത നിസ്സഹായതയുടെ പേരിലായിരിക്കും. can virat kohli to recapture his peak form?
Content Summary; can virat kohli to recapture his peak form?