ന്യൂസിലന്‍ഡില്‍ ജനിച്ച് വളര്‍ന്ന 18 വയസ്സുകാരനായ നവജോത് സിംഗിന് രാജ്യത്ത് നിയമപരമായ പദവിയില്ലാത്തതിനെ തുടര്‍ന്ന് ഇന്ത്യയിലേക്ക് നാടുകടത്താന്‍ ന്യൂസിലാന്‍ഡ് സര്‍ക്കാരിന്റെ ഉത്തരവ്.
2006-ന് ശേഷം ന്യൂസിലന്‍ഡില്‍ ജനിച്ച, നിയമപരമായ കുടിയേറ്റ പദവിയില്ലാത്ത മാതാപിതാക്കളുടെ കുട്ടികള്‍ക്ക് പൗരത്വം നിഷേധിക്കുന്ന നിയമമാണ് 18 കാരന് തിരിച്ചടിയായിരിക്കുന്നത്. ഈ നിയമമനുസരിച്ചാണ് നവജോത് സിംഗിന് ന്യൂസിലന്‍ഡില്‍ നിയമപരമായി താമസിക്കാന്‍ അവകാശമില്ല.
ഇന്ത്യന്‍ വംശജരായ മാതാപിതാക്കള്‍ക്ക് 2007-ല്‍ ഓക്ക്ലന്‍ഡില്‍ വച്ചാണ് നവജോത് സിംഗ് ജനിച്ചത്. വിസാ കാലാവധി കഴിഞ്ഞിട്ടും അവര്‍ ന്യൂസിലന്‍ഡില്‍ തുടര്‍ന്നു. നവജോത് ജനിച്ച് അഞ്ചാം ദിവസം തന്നെ അദ്ദേഹത്തിന്റെ പിതാവിനെ നാടുകടത്തി. പിന്നീട് 2012-ല്‍, നവജോതിന് അഞ്ച് വയസ്സുള്ളപ്പോള്‍, അമ്മയ്ക്ക് രാജ്യത്തെ നിയമപരമായ പദവി നഷ്ടമായി. ന്യൂസിലന്‍ഡില്‍ തനിക്ക് വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, അടിസ്ഥാന അവകാശങ്ങള്‍ എന്നിവയൊന്നും ലഭിക്കില്ലെന്ന് എട്ടാം വയസ്സിലാണ് നവജോത് തിരിച്ചറിഞ്ഞത്.
ന്യൂസിലാന്‍ഡ് വിടുന്നതില്‍ ആശങ്കയിലാണ് നവജോത്. ഹിന്ദി സംസാരിക്കാന്‍ അറിയാത്തതിനാല്‍ ഇന്ത്യയില്‍ അതിജീവിക്കാന്‍ താന്‍ ബുദ്ധിമുട്ടുമെന്നും നവജോത് ആശങ്കപ്പെടുന്നു. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് പോലും ഇന്ത്യയില്‍ ജോലി കണ്ടെത്താന്‍ പ്രയാസമാണെന്ന് താന്‍ കേട്ടിട്ടുണ്ടെന്നും, താന്‍ ഇതുവരെ സ്‌കൂളില്‍ പോയിട്ടില്ലെന്നും നവജോത് ദേശീയ മാധ്യമങ്ങളോട് പങ്കുവച്ചു.
മന്ത്രിതല ഇടപെടലിലൂടെ ന്യൂസിലാന്‍ഡില്‍ താമസാനുമതി നേടാനുള്ള നവജോത് സിംഗിന്റെ അപേക്ഷ അസോസിയേറ്റ് ഇമിഗ്രേഷന്‍ മന്ത്രി ക്രിസ് പെങ്ക് അടുത്തിടെ നിഷേധിച്ചതായി ആര്‍എന്‍ഇസെഡ് (DNZ) റിപ്പോര്‍ട്ട് ചെയ്യുന്നു. സിംഗിന് വേണ്ടി വാദിക്കുന്ന ഇമിഗ്രേഷന്‍ അഭിഭാഷകനായ അലസ്റ്റയര്‍ മക്ക്ലൈമോണ്ട് ഈ തീരുമാനത്തെ ‘മനുഷ്യത്വരഹിതം’ എന്ന് വിശേഷിപ്പിക്കുകയും, കൂടുതല്‍ നീതിയുക്തമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.
‘ഇവിടെ വളര്‍ന്ന കുട്ടികളെ ഒരു വിദേശ രാജ്യത്തേക്ക് നാടുകടത്തുന്നത് യുക്തിസഹമല്ല,’ ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളിലുള്ള നിയമങ്ങള്‍ പോലെ ന്യൂസിലാന്‍ഡിലെ നിയമങ്ങള്‍ മാറ്റണമെന്ന് മക്ക്ലൈമോണ്ട് അഭിപ്രായപ്പെട്ടു. ഈ രാജ്യങ്ങളില്‍ 10 വര്‍ഷം താമസിക്കുന്ന കുട്ടികള്‍ക്ക് പൗരത്വം ലഭിക്കാന്‍ അര്‍ഹതയുണ്ട്.
2006 ന് ശേഷം ന്യൂസിലന്‍ഡില്‍ ജനിച്ച, നിയമപരമായ പദവിയില്ലാത്ത മാതാപിതാക്കളുടെ കുട്ടികളുടെ കാര്യത്തില്‍ നിലവില്‍ നയപരമായ മാറ്റങ്ങളൊന്നും പരിഗണനയിലില്ലെന്ന് ഇമിഗ്രേഷന്‍ മന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡിന്റെ വക്താവ് ആര്‍എന്‍ഇസെഡിനെ അറിയിച്ചു. എന്നാല്‍ വ്യക്തിഗത കേസുകള്‍ ഇമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ ട്രിബ്യൂണല്‍ വഴിയോ, അല്ലെങ്കില്‍ മന്ത്രിതല ഇടപെടല്‍ വഴിയോ പരിഗണിക്കാന്‍ സാധിക്കുമെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
Content Summary: New Zealand born 18 year old faces deportation to India