ഗോവയിലെ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേയ്ക്ക് കൂറുമാറി. ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കണ്ട ശേഷമാണ് എംഎല്‍എമാര്‍ പാര്‍ട്ടി മാറിയത്. ചികിത്സയിലുള്ള മുഖ്യമന്ത്രി മനോഹര്‍ പരീഖര്‍ സജീവമല്ലാതിരിക്കുകയും ബിജെപി സഖ്യം പ്രതിസന്ധിയിലായിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് രണ്ട് എംഎല്‍എമാര്‍ മറുകണ്ടം ചാടിയിരിക്കുന്നത്. ദയാനന്ദ് സോപ്‌തെ സുഭാഷ് ശിരോദ്കര്‍ എന്നിവരാണ് തിങ്കളാഴ്ച രാത്രി രഹസ്യമായി അമിത് ഷായെ കാണാനായി ഗോവയില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് പറന്നത്. ഞങ്ങള്‍ ഇന്ന് ബിജെപിയില്‍ ചേരുകയാണ്. രണ്ട് മൂന്ന് എംഎല്‍എമാര്‍ കൂടി ഞങ്ങള്‍ക്കൊപ്പം വരുമെന്നാണ് പ്രതീക്ഷിക്കുന്നത് – സുഭാഷ് ശിരോദ്കര്‍ എന്‍എന്‍ഐയോട് പറഞ്ഞു.
രണ്ട് എംഎല്‍എമാരേയും അമിത് ഷാ ഭീഷണിപ്പെടുത്തി ബിജെപിയിലേയ്ക്ക് കൊണ്ടുപോയി എന്നാണ് കോണ്‍ഗ്രസ് നേതാവ് ചെല്ലാകുമാര്‍ പ്രതികരിച്ചത്. മനോഹര്‍ പരീഖര്‍ മുഖ്യമന്ത്രി സ്ഥാനമൊഴിയുകയാണെങ്കില്‍ പകരം മുഖ്യമന്ത്രിയാകാന്‍ താല്‍പര്യപ്പെടുന്ന ആരോഗ്യ മന്ത്രി വിശ്വജിത് റാണെയും ഇതിന് പിന്നിലുണ്ടെന്ന് ചെല്ലാകുമാര്‍ പറയുന്നു. രണ്ട് എംഎല്‍എമാരെ ബിജെപി ക്യാമ്പിലെത്തിച്ചാല്‍ തന്നെ മുഖ്യമന്ത്രിയാക്കണം എന്നൊരു വിലപേശലുണ്ട്. വകുപ്പുകളുമായി ബന്ധപ്പെട്ട സഖ്യകക്ഷികള്‍ ബിജെപിയുമായി ഭിന്നതയിലാണ്. ഈ ഭിന്നത മുതലെടുക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവരുകയായിരുന്നു. ഗോവയില്‍ ബിജെപിക്ക് ഭൂരിപക്ഷമില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിരുന്നു. ഗവര്‍ണറോട് തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാന്‍ നിര്‍ദ്ദേശിക്കണമെന്ന് രാഷ്ട്രപതിയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 40 അംഗ സംഭയില്‍ 16 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. എന്നാല്‍ പ്രാദേശിക കക്ഷികളെ കൂടെ കൊണ്ടുവന്ന് ബിജെപി സര്‍ക്കാരിനെ താഴെയിറക്കി സര്‍ക്കാരുണ്ടാക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ് രണ്ട് എംഎല്‍എമാരുടെ കൂറുമാറ്റം.
ഏറ്റവും വലിയ ഒറ്റകക്ഷി എന്ന കോണ്‍ഗ്രസിന്റെ സ്ഥാനം പോവുകയാണ്. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നീ രണ്ട് പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചാണ് ബിജെപി ഭരിക്കുന്നത്. ഈ രണ്ട് കക്ഷികള്‍ക്കും മൂന്ന് വീതം എംഎല്‍എമാരുണ്ട്. മൂന്ന് സ്വതന്ത്ര എംഎല്‍എമാരുടേയും ഒരു എന്‍സിപി എംഎല്‍എയുടേയും പിന്തുണ സര്‍ക്കാരിനുണ്ട്. അതേസമയം മനോഹര്‍ പരീഖര്‍ക്ക് പകരക്കാരനായി മറ്റാരെയും കൊണ്ടുവരാന്‍ ബിജെപി ദേശീയ നേതൃത്വത്തിന് – അതായത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്കും വിശ്വാസം പോര. ഇതാണ് ഭരണപരമായ ചുമതലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെങ്കിലും പരീഖര്‍ സ്ഥാനത്ത് തുടരുന്നത്. കരുത്തരായ രണ്ടാംനിര നേതാക്കള്‍ ഇല്ലാത്തത് ബിജെപിയെ ഗോവയില്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്.
https://www.azhimukham.com/india-what-is-behind-amitshahs-confidence-loksabhaelection2019/