യുഡിഎഫിനൊപ്പം മുന്നോട്ട് പോകാൻ സാഹചര്യമുണ്ടെങ്കിൽ അതിന് തയ്യാറെണെന്ന് അറിയിച്ച് പി. വി അൻവർ. അൻവർ യുഡിഎഫിന്റെ വോട്ട് പിടിക്കുന്നു എന്നാണ് മാധ്യമങ്ങളിൽ വാർത്ത വരുന്നതെന്നും അത് തീർത്തും അടിസ്ഥാന രഹിതമാണെന്നും പി. വി അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിണറായിസത്തിനെതിരെയുള്ള വോട്ടുകളാണ് പിടിക്കുന്നത്. അത് ഭൂരിപക്ഷവും പിടിച്ചുകൊണ്ടിരിക്കുന്നത് യുഡിഎഫാണ്. ഇത്രയും എംഎൽഎമാരും മന്ത്രിമാരും തലകുത്തി നിന്നിട്ടും 40 ശതമാനത്തോളം വോട്ടെണ്ണി കഴിഞ്ഞപ്പോൾ 10000 വോട്ടുകൾ എനിക്ക് നേടാൻ കഴിഞ്ഞു. മലയോര കർഷകരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യാതെ ഒരു സർക്കാരിനും 2026 ൽ തിരഞ്ഞെടുപ്പിൽ വിജയിക്കാനാകില്ല, പി. വി അൻവർ മാധ്യമങ്ങളോട് പറഞ്ഞു.
അൻവറിന് മുന്നിൽ യുഡിഎഫ് വാതിൽ അടച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. അൻവർ കൂടെയുണ്ടായിരുന്നെങ്കിൽ ഫലം നന്നായേനെയെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു. രാഷ്ട്രീയമായ വലിയൊരു പ്രതികരണമാണ് സണ്ണി ജോസഫ് നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ലീഡ് നിലയിൽ യുഡിഎഫ് കുതിച്ചുകയറുകയാണ്. വോട്ടെണ്ണൽ എട്ട് റൗണ്ടിലെത്തിയപ്പോൾ യുഡിഎഫിന്റെ ആര്യാടൻ ഷൗക്കത്ത് ഏകദേശം വിജയമുറപ്പിച്ച് കഴിഞ്ഞിരിക്കുന്നു. തുടക്കം മുതൽ തന്നെ നിവമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ മുന്നേറ്റം കണ്ടിരുന്നു. അതേസമയം, എൽഡിഎഫിന്റെ പ്രതീക്ഷകൾ മങ്ങിയിരിക്കുന്ന അവസ്ഥയാണ്. പോത്തുകല്ലിൽ മാത്രമാണ് എം. സ്വരാജിന് ലീഡ് നേടാനായത്.
Content Summary: Nilambur by election: P.V Anwar says he is ready to join hands with UDF