നിലമ്പൂരില്‍ ആര് ജയിച്ചാലും തോല്‍ക്കുന്നത് അരാഷ്ട്രീയത, പ്രതിഫലനമുണ്ടാവുക കേരളത്തിലുടനീളം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഇന്ന്‌

സമകാലിക ചരിത്രത്തില്‍ കേരളത്തില്‍ നടന്നിട്ടുള്ള ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പാകും നിലമ്പൂരിലേത്. വിവാദങ്ങളും വിമര്‍ശങ്ങളും പതിവ് നാടകങ്ങളും എല്ലാം ധാരാളം ഉണ്ടായിരുന്നുവെങ്കിലും നിലമ്പൂരെ പ്രചരണം സൂക്ഷ്മായി വീക്ഷിക്കുന്ന രാഷ്ട്രീയ വിശ്വാസികള്‍ക്ക് ഒന്നടങ്കം അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യം ഭരണ-പ്രതിപക്ഷ മുന്നണി സ്ഥാനാര്‍ത്ഥികള്‍ രാഷ്ട്രീമുയര്‍ത്തിപ്പിടിച്ചാണ് മത്സരിച്ചതെന്നും അനഭലഷീണയമായ ഒന്നും പ്രധാന സ്ഥാനാര്‍ത്ഥികളുടെ വായില്‍ നിന്ന് വീണിട്ടില്ല എന്നുമാണ്. ഇടത്പക്ഷ രാഷ്ട്രീയത്തിന്റെ വിശദീകരണമായിരുന്നു എം.സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള ഒരോ വാക്കും. ആര്യാടന്‍ ഷൗക്കത്താകട്ടെ യു.ഡി.എഫ് മുന്നണിയുടെ കെട്ടുറപ്പിന്റെ അടയാളമായാണ് തിരഞ്ഞെടുപ്പ് കാലം പിന്നിട്ടത്.

തിരഞ്ഞെടുപ്പിന് മുമ്പ് ആര്യാടന്‍ ഷൗക്കത്തിന് വ്യക്തമായ ജയസാധ്യതയും വലിയ ഭൂരിപക്ഷവും പ്രവചിച്ചിരുന്ന പല നിരീക്ഷകര്‍ക്കും തിങ്കളാഴ്ച ഒന്‍പത് മണിയാകാതെ ഒന്നും ഉറപ്പാകാത്ത സ്ഥിതിയാണിപ്പോള്‍. മണ്ഡലത്തിന്റെ സ്വഭാവമനുസരിച്ച് മുന്‍തൂക്കം ആര്യാടന് ഉണ്ട് എന്ന് പറയുമ്പോഴും എം.സ്വരാജ് മണ്ഡലത്തിലുണ്ടാക്കിയ ഇളക്കം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കുമോ എന്ന് എല്ലാവരും പരസ്പരം ചോദിക്കുന്നു. ഫലം യു.ഡി.എഫിനെതിരായാല്‍ പി.വി.അന്‍വറിനെ അകറ്റി നിര്‍ത്തുക എന്ന കാര്‍ക്കശ്യം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കാണിക്കേണ്ടതുണ്ടായിരുന്നോ എന്ന ചോദ്യം എല്ലാവരില്‍ നിന്നുമുയരും. പ്രത്യേകിച്ചും മുസ്ലീം ലീഗില്‍ നിന്ന്. ഫലം എല്‍.ഡി.എഫിനെതിരായാല്‍ മിക്കവാറും ചോദ്യചിഹ്നങ്ങള്‍ ഉയരുക പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ വ്യാഖ്യാനങ്ങള്‍ ചമയ്ക്കാവുന്ന പ്രസ്താവനയ്ക്ക് നേരെയാകും. അതേസമയം വിജയം ലഭിച്ചാല്‍ തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിടാനും 2026-ലെ നിയമസഭ തിരഞ്ഞെടുപ്പിനൊരുങ്ങാനും ഇരുമുന്നണികള്‍ക്കും ലഭിക്കുന്ന ഊര്‍ജ്ജവും അപാരമായിരിക്കും. അഥവാ നിലമ്പൂര്‍ തിരഞ്ഞെടുപ്പ് ഫലം നിലമ്പൂരില്‍ ഒതുങ്ങുന്നതാകില്ല. അത് കേരള രാഷ്ട്രീയത്തെ കുറച്ച് കാലത്തേയ്ക്ക് ചലിപ്പിക്കുന്നതാകും.

പതിവ് പോലെ രാവിലെ എട്ട് മണിമുതല്‍ വോട്ടെണ്ണല്‍ തുടങ്ങും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. അതിനുശേഷാകും ഇ.വി.എമ്മിലെ വോട്ടെണ്ണുന്നത്. ആദ്യഫല സൂചനകള്‍ എട്ടുമണിയോടെ അറിയാം. അന്തിമഫലത്തിന് ചുരുങ്ങിയത് ഉച്ചയ്ക്ക് പന്ത്രണ്ട് വരെ കാത്തിരിക്കേണ്ടി വരും. ചുങ്കത്തറ മാര്‍ത്തോമാ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വോട്ടെടുപ്പില്‍
ആദ്യ മണിക്കൂറുകളില്‍ ഇരു മുന്നണികളും പ്രതീക്ഷിക്കുന്നത് യുഡിഎഫ് ലീഡാണ്. എണ്ണി തുടങ്ങുന്നത് വഴിക്കടവ് പഞ്ചായത്താണ്. നിലമ്പൂര്‍ നഗരസഭയും വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് നിലവിലുള്ള മണ്ഡലം. ഇതില്‍ വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകള്‍ യു.ഡി.എഫിന് നല്ല വേരോട്ടമുള്ള, പ്രത്യേകിച്ചും ലീഗിന് കരുത്തുള്ള ഇടങ്ങളാണ്. വഴിക്കടവില്‍ 2021ല്‍ അന്‍വര്‍ പിടിച്ചത് 35 വോട്ടിന്റെ ലീഡ്. ഇത്തവണ പക്ഷേ യുഡിഎഫ് 1000 വോട്ട് വരെ വഴിക്കടവില്‍ ലീഡ് പിടിക്കുമെന്ന് ഇടത് കേന്ദ്രങ്ങള്‍ തന്നെ കണക്ക് കൂട്ടുന്നു.

എടക്കര, ചുങ്കത്തറ, കരുളായി പഞ്ചായത്തുകളില്‍ ലീഗ്, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്ക് വലിയ സ്വാധീനമുണ്ടെങ്കിലും ഇവിടെ എല്‍.ഡി.എഫിനുള്ള സ്വാധീനം ചെറുതല്ല. എങ്കിലും മൂത്തേടം, ചുങ്കത്തറ, എടക്കര പഞ്ചായത്തുകളും ഒരുപക്ഷേ യു.ഡി.എഫ് തന്നെ ഭൂരിപക്ഷം പിടിച്ചേക്കുമെന്നാണ് പൊതുവേ കണക്ക് കൂട്ടല്‍. നിലമ്പൂര്‍ നഗരസഭ, പോത്തുകല്‍, കരുളായി, എന്നിവടങ്ങളില്‍ ലീഡും അമരമ്പലത്ത് വലിയ ലീഡും നേരിടാല്‍ എല്‍.ഡി.എഫ് സുരക്ഷിതമാകും. പക്ഷേ ഇതില്‍ അമരമ്പലം ഒഴികെയുള്ള മിക്കവാറും പഞ്ചായത്തുകളില്‍ ഒറ്റക്കെട്ടായി മത്സരിക്കുന്ന യു.ഡി.എഫിനെ തകര്‍ക്കുക പ്രയാസമാകും. പോരാത്തതിന് ബി.ജെ.പി വോട്ടുകളില്‍ ഒരു വലിയ വിഭാഗം എല്‍.ഡി.എഫിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ കോണ്‍ഗ്രസിന് ചെയ്തുവെന്ന് ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി തന്നെ വ്യക്തമാക്കുന്ന സ്ഥിതിക്ക്.

അതിലേറെ ഇരുമുന്നണികളും ഉറ്റുനോക്കുന്നത് പി.വി.അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ ആരുടേതാകും എന്നാണ്. ആദ്യഘട്ടത്തില്‍ യു.ഡി.എഫിന്റെ വോട്ടുകളാണ് അന്‍വറിന് ലഭിക്കാന്‍ സാധ്യത എന്ന കണക്കുകൂട്ടലാണ് ഉണ്ടായിരുന്നത് എങ്കിലും അന്‍വറും യു.ഡി.എഫും പ്രതീക്ഷിക്കുന്നത് ഇത് ഇരുമുന്നണികളേയും തുല്യമായി തന്നെയാകും ബാധിക്കുക എന്നാണ്. അന്‍വര്‍ എഫക്ട് ചിലപ്പോള്‍ എല്‍.ഡി.എഫിനാകും ദോഷം, കാരണം കഴിഞ്ഞ പത്തുകൊല്ലമായി അന്‍വറിനൊപ്പമുള്ളവരെല്ലാം എല്‍.ഡി.എഫ് ആണ് എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്നാല്‍ അടിത്തട്ടില്‍ നിന്ന് ഒരു പാര്‍ട്ടിയും അനുഭാവിയും അന്‍വറിന് അനുകൂലമായി നിലപാടെടുക്കാന്‍ ഇടയാകുന്ന സാഹചര്യങ്ങളൊന്നുമില്ല എന്നാണ് സി.പി.ഐ.എം വൃത്തങ്ങള്‍ പറയുന്നത്. അന്‍വറിനെ കൂടാതെ എസ്.ഡി.പി.ഐ പിടിക്കുന്ന വോട്ടുകളും നിര്‍ണായകമാകും. Nilambur Bye Election result today. Aryadan Shoukath, M. Swaraj. PV anwar. UDF, Ldf,

Content Summary; Nilambur Bye Election result today. Aryadan Shoukath, M. Swaraj. PV anwar. UDF, Ldf.

This post was last modified on June 23, 2025 10:22 am

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment