പാരമ്പര്യം, സമ്പത്ത്, ധൈര്യം… ഇത് മൂന്നുമാണ് കേരള രാഷ്ട്രീയത്തിന്റെ ഗോദയില്‍ കഴിഞ്ഞ കുറേ കാലമായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാനുള്ള പി.വി.അന്‍വറിന്റെ യോഗ്യതകള്‍. കോണ്‍ഗ്രസില്‍ നിന്ന് കെ.മുരളീധരന്റെ ഡി.ഐ.സി വഴി ഇടത്പക്ഷത്തെത്തി അവിടെ നിന്നിറങ്ങി പല ശ്രമങ്ങള്‍ നടത്തി തൃണമൂല്‍ കോണ്‍ഗ്രസിലെത്തി, യു.ഡി.എഫിന്റെ വരാന്തയില്‍ കെട്ടിക്കിടക്കുന്ന പി.വി അന്‍വറിന്റെ കരുനീക്കങ്ങള്‍ സ്വന്തം മണ്ണായ നിലമ്പൂരില്‍ തന്നെ ദയനീയമായി പരാജയപ്പെട്ടു. നിലമ്പൂരില്‍ ആര്യാടന് ഷൗക്കത്ത് ജയിച്ച്, മണ്ഡലത്തിനും നാടിനും ആര്യാടന് മുഹമ്മദിന്റെ തുടര്‍ച്ചയായ നായകത്വം സംഭവിക്കുന്നത്, പി.വി.അന്‍വറിനെ സംബന്ധിച്ച് അചിന്തിനീയമാണ്. നിലമ്പൂരില്‍ അന്‍വറിന്റെ പ്രസക്തി അതോടെ അവസാനിക്കും. അതേസമയം തന്റെ സര്‍വ്വ ശക്തിയുമെടുത്ത് ആര്യാടന് ഷൗക്കത്തിന്റെ പരാജയം ഉറപ്പാക്കിയാല്‍ ജയിക്കുക സി.പി.ഐ.എമ്മാണ്. അതാകട്ടെ കഴിഞ്ഞ കുറേ കാലമായി അന്‍വര്‍ നടത്തുന്ന കലാപങ്ങളുടെ എല്ലാം അര്ത്ഥമില്ലാതാക്കുകയും വലിയ നാണക്കേടില്‍ അവസാനിക്കുകയും ചെയ്യും. നിലമ്പൂരില്‍ ഒറ്റയ്ക്ക് ജയിക്കാനുള്ള കരുത്ത് പി.വി അന്‍വറിന് ഇല്ലതാനും.
എം.സ്വരാജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത് വഴി സി.പി.ഐ.എം അവ്യക്തതകളില്ലാതെ ഒത്തുതീര്പ്പുകള്ക്കൊന്നുമില്ല എന്ന് പ്രഖ്യാപിക്കുന്നു. ഇനി അന്‍വറിന് ഇടത്പക്ഷത്തേയ്ക്ക് ഒരു തിരിച്ച് പോക്കുണ്ടാകാന്‍ സാധ്യതയില്ല. രാഷ്ട്രീയ പോരാട്ടത്തിനാണ് സി.പി.ഐ.എം ഇറങ്ങിയിരിക്കുന്നത്.
എടവണ്ണ ഒതായിലെ പുത്തന്‍ വീട്ടില്‍ അന്‍വറിന്റെ വല്യുപ്പ മുഹമ്മദാജിയും ഉപ്പ പി.വി.ഷൗക്കത്തലിയും സ്വാതന്ത്ര്യസമര സേനാനികളും കോണ്‍ഗ്രസ് നേതാക്കളുമായിരുന്നു. 1962-ല്‍ മഞ്ചേരി ലോകസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷൗക്കത്തലി ദീര്‍ഘകാലം എ.ഐ.സി.സി അംഗവുമായിരുന്നു. മഞ്ചേരില്‍ ഷൗക്കത്തലി ഏറ്റുമുട്ടിയത് സ്വതന്ത്ര ഇന്ത്യയുടെ രൂപവത്കരണത്തിന് ശേഷം ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗ് സ്ഥാപിച്ച എം.മുഹമ്മദ് ഇസ്മായിലിനോടാണ്. ഖായദ് ഇ മില്ലാത് അഥവാ രാജ്യത്തിന്റെ നായകന് എന്നറിയപ്പെട്ടിരുന്ന മുഹമ്മദ് ഇസ്മായേലുമായുള്ള കോണ്‍ഗ്രസിന്റെ മത്സരം വളരെ പ്രധാനപ്പെട്ടതായിരുന്നതിനാല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു മഞ്ചേരിയില്‍ ഷൗക്കത്തലിക്ക് വേണ്ടി പ്രചരണത്തിനെത്തി. അന്ന് പുത്തന്‍ വീട്ടില്‍ തറവാട്ടില്‍ തന്നെയായിരുന്നു ജവഹര്‍ലാലിന്റെ താമസം.
പിന്നീട് കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടന കോണ്‍ഗ്രസിന്റെ ട്രഷറര്‍ ആയിരുന്നു ഷൗക്കത്തലി. അതേ മാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയത്തിലെത്തുകയും സമാന്തരമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുക്കുകയും ചെയ്ത അന്‍വര്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് പദവിയില്‍ എത്തി. ആദ്യകാലത്ത് വയലാര്‍ രവി, കെ.സുധാകരന് എന്നിവരോടൊപ്പം കോണ്‍ഗ്രസിലെ നാലാം ഗ്രൂപ്പിലായിരുന്നു അന്‍വറെങ്കിലും പിന്നീട് ഐ ഗ്രൂപ്പിന്റെ തെക്കന്‍ മലബാറിലെ സജീവ നേതാക്കളിലൊരാളായി മാറി. കെ.കരുണാകനും മുരളീധരനുമൊപ്പം ഡി.ഐ.സിയിലേയ്ക്ക് തന്റെ അനുയായികളേയും കൂട്ടിയെത്തിയ അന്‍വര്‍ നേതാക്കള്‍ തിരികെ കോണ്‍ഗ്രസിലെത്തിയപ്പോഴും സ്വതന്ത്രനായി തന്നെ നിന്നു.
2011-ല്‍ ഏറനാട് മണ്ഡലത്തില്‍ അന്‍വര്‍ സ്വതന്ത്രനായി മത്സരിച്ചപ്പോഴാണ് പൊതുരാഷ്ട്രീയ മണ്ഡലം അദ്ദേഹത്തെ ശ്രദ്ധിക്കുന്നത്. ഇടത്പക്ഷം സി.പി.ഐയ്ക്കായിരുന്നു മണ്ഡലം നല്‍കിയിരുന്നത്. എന്നാല്‍ സി.പി.ഐ.എം അന്‍വറിന് പിന്തുണ നല്കി. അതോടെ സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ രണ്ടാം സ്ഥാനത്തെത്തുകയും സി.പി.ഐ സ്ഥാനാര്‍ത്ഥി നാലാം സ്ഥാനത്തേയ്ക്ക് പുറം തള്ളപ്പെടുകയും ചെയ്തു. അതിന് ശേഷം 2014-ല്‍ വയനാട് ലോകസഭ മണ്ഡലത്തിലും പി.വി അന്‍വര്‍ ഒരു ശ്രമം നടത്തി. ഇത്തവണ 37,123 വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെങ്കിലും കോണ്‍ഗ്രസിന്റെ എം.ഐ.ഷാനവാസിന്റെ ഭൂരിപക്ഷം അഞ്ചിലൊന്നായി കുറഞ്ഞു.
ഇതോടെ 2016-ല്‍ പി.വി.അന്‍വര്‍ ഇടത്പക്ഷ സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിക്കുകയും ഏതാണ്ട് മൂന്ന് പതിറ്റാണ്ടിന്റെ യു.ഡി.എഫ് ആധിപത്യം അവസാനിപ്പിച്ച്, ആര്യാടന് ഷൗക്കത്തിനെ പരാജയപ്പെടുത്തുകയും ചെയ്തു. 11,504 വോട്ടുകളുടെ വലിയ വിജയമായിരുന്നു അത്. മണ്ഡലത്തില്‍ ജനകീയനായിരുന്നുവെങ്കിലും പല വിധ ആരോപണങ്ങളും അന്‍വറിനെ തേടിയെത്തി. കേരളത്തിലെ പരിസ്ഥിതി, സാംസ്കാരിക പ്രവര്‍ത്തകരുടെ പലരുടേയും കണ്ണിലെ കരടായിരുന്നു അന്‍വര്‍. ഇടത്പക്ഷത്തിന്റെ വിശ്വസ്തനായി ഇക്കാലത്ത് മാറിയ അന്‍വര്‍ 2019-ല ലോകസഭ തിരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ നിന്ന് മത്സരിച്ചതും ഇടത്പക്ഷത്തിന്റെ പുതിയ പ്രതീക്ഷ എന്ന നിലയില്‍ തന്നെയാണ്. 2021-ല്‍ അന്‍വറിന്റെ തന്നെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളും നിലമ്പൂരിലെ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാന നേതാവുമായ വി.വി.പ്രകാശാണ്. ആര്യാടന് കുടുംബത്തിനോട് മുസ്ലീം ലീഗിനും എസ്.ഡി.പി.ഐയ്ക്കും ജമാ അത്തെ ഇസ്ലാമിക്കുമൊക്കെയുള്ള എതിര്‍പ്പ് വി.വി.പ്രകാശിനോട് ഇല്ലായിരുന്നു. എന്നിട്ടും നേരിയ ഭൂരിപക്ഷത്തിന്, 2700 വോട്ടുകള്‍ക്ക്, ജയിക്കാനായത് എം.എല്‍.എ എന്ന നിലയില്‍ അന്‍വര്‍ മണ്ഡലത്തില്‍ സൃഷ്ടിച്ച ജനകീയ അടിത്തറ കൊണ്ടാണ്.
പിണറായി വിജയന് തനിക്ക് പിതാവിനെ പോലെയാണെന്ന് പ്രഖ്യാപിച്ച്, സി.പി.ഐ.എമ്മിനെതിരെ സംസാരിക്കുന്ന സകലരേയും വെല്ലുവിളിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കേയാണ് പോലീസ് സംവിധാനങ്ങളോടുള്ള തന്റെ വ്യക്തിപരമായ അതൃപ്തിയും താത്പര്യങ്ങള്‍ക്ക് വഴങ്ങാത്ത പോലീസുകാരോടുള്ള നീരസവുമെല്ലാം ഭരണത്തിനും ഇടത്പക്ഷത്തിനും എതിരായി മാറിയത്. അതോടെ കാലങ്ങളായി അന്‍വറിനെ എതിര്‍ത്തുകൊണ്ടിരുന്ന പലരുടേയും ഹീറോയായി മാറിയ അന്‍വര്‍ വ്യവസ്ഥാപിത അധികാരകേന്ദ്രത്തിന് നേരെ പോരാടുള്ള പോരാളിയുമായി ചിത്രീകരിക്കപ്പെട്ടു അന്‍വറിന്റെ ഇടത്പക്ഷത്തോടുള്ള സകല എതിര്‍പ്പുകളേയും പ്രോത്സാഹിപ്പിച്ച് ഇടത്പക്ഷത്ത് നിന്നകറ്റി നിലമ്പൂര്‍ എം.എല്‍.എ സ്ഥാനം രാജിവയ്പ്പിക്കുന്നതിലും അന്‍വറിനെ ഒരു സി.പി.ഐ.എം വിരുദ്ധ വാര്ത്തകേന്ദ്രമാക്കി നിലനിര്‍ത്തുന്നതിനും കോണ്‍ഗ്രസിന് വലിയ പങ്കുണ്ട്. ഇപ്പോഴിതാ അവര്‍ കൃത്യസമയത്ത് പാലം വലിച്ച് അന്‍വറിനെ ഒറ്റക്കാക്കിയിരിക്കുന്നു. മണ്ഡലത്തിലെ ജനകീയ അടിത്തറ ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ നിലമ്പൂരില്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ യു.ഡി.എഫിന്റെ പരാജയം ഉറപ്പാക്കാനാകുമെന്ന് അന്‍വറിനറിയാം. ആര്യാടന് ഷൗക്കത്ത് എന്ന ചിരപുരാതന ശത്രുവിനെ വേണമെങ്കില്‍ വീണ്ടും തോല്‍പ്പിക്കാം. എന്നാല്‍ അപ്പോള്‍ വിജയിക്കുക ഇടത്പക്ഷമാണ്. ഇടത്പക്ഷത്തിന്റെ തോല്‍വി ഉറപ്പാക്കിയാല്‍ നിലമ്പൂരിന്റെ ഇനിയുള്ള കാലത്തെ നേതാവ് ആര്യാടന് ഷൗക്കത്താണ്. ഏതും അന്‍വറിന് നഷ്ടക്കച്ചവടവും തോല്‍വിയുമാണ്.
പക്ഷേ ഇനിയെന്ത് എന്നത് പി.വി.അന്‍വറിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായി നിലനില്ക്കുന്നു. താത്കാലികമായി ഷൗക്കത്തിനെ പരാജയപ്പെടുത്തി, സ്വരാജിന്റെ വിജയം ഉറപ്പാക്കി, തന്റെ കരുത്ത് ഇരുമുന്നണികള്‍ക്ക് മുന്നിലും പ്രദര്‍ശിപ്പിച്ച് 2026-ല്‍ കോണ്‍ഗ്രസിനോട് വിലപേശാനുള്ള സംവിധാനം അന്‍വര്‍ ഉണ്ടാക്കുമോ? അതോ തൃണമൂലും വാശിയും ഉപേക്ഷിച്ച് ഷൗക്കത്തിന് നിരുപാധികം പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസില്‍ മടങ്ങിയെത്തി കൊള്ളാവുന്ന ഒരു സീറ്റിന് വേണ്ടി കാത്തിരിക്കുമോ? അതോ പലരും ചെന്നണഞ്ഞ ബി.ജെ.പിയുടെ ലായത്തില്‍ അബ്ദുള്ളകുട്ടിക്കൊപ്പം ആലങ്കാരിക ദേശീയ പദവി വാങ്ങി സ്വസ്ഥമാകുമോ? കാത്തിരുന്ന് കാണണം.Nilambur byelection: anwar is expected to lose regardless of the winner
Content Summary: Nilambur byelection: anwar is expected to lose regardless of the winner