UPDATES

ബിജെപിയുടെ ‘വാഷിംഗ് മെഷീന്‍’ വെളുപ്പിച്ചവരെ ജനം എന്തു ചെയ്തു?

അന്വേഷണ ഏജന്‍സികളെ പേടിച്ച് മറുകണ്ടം ചാടിയ 13 പേര്‍ മത്സരിക്കാനുണ്ടായിരുന്നു

                       

എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളെ പേടിച്ച് കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ബിജെപിയിലേക്ക് ചേക്കേറിയത് ഏകദേശ് 150 പേരാണ്. ഇതില്‍ 25 പ്രമുഖന്മാരുമുണ്ട്. ഇവരൊക്കെ തന്നെയും, പാര്‍ട്ടികള്‍ മാറി ബിജെപിയില്‍ എത്തിയതോടെ ‘ വിശുദ്ധരായി’. പ്രതിപക്ഷം ഈ പ്രതിഭാസത്തെ, ബിജെപിയുടെ കൈയിലെ ‘ വാഷിംഗ് മെഷീന്റെ’ പ്രവര്‍ത്തനമായാണ് പരിഹസിച്ചത്. ഇത്തരത്തില്‍ ബിജെപി വെളുപ്പിച്ചെടുത്തവരില്‍ നേതാക്കളോ അവരുടെ കുടുംബാംഗങ്ങളോ ആയി 13 പേര്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായിട്ടുണ്ടായിരുന്നു. എന്നാല്‍, ബിജെപിയില്‍ നിന്നു കിട്ടിയ സഹായം അവരില്‍ ബഹുഭൂരിപക്ഷത്തിന് ജനങ്ങള്‍ക്കിടയില്‍ നിന്ന് കിട്ടിയില്ല. 13 ല്‍ 9 പേരും തോറ്റു! തോറ്റ ഒമ്പത് പേരില്‍ എഴ് പേരും ബിജെപിയുടെയോ അവരുടെ സഖ്യ കക്ഷികളുടെയോ സ്ഥാനാര്‍ത്ഥികളായിരുന്നു.  Nine of thirteen candidates being probed by central agencies lost five won, general election result 2024

മത്സരിക്കാന്‍ നിന്ന 13 പേരും എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ ഏതിന്റെയെങ്കിലും അന്വേഷണം നേരിടുന്നവരായിരുന്നു.

10 വര്‍ഷത്തിനിടയില്‍ കേസ് പേടിച്ച് ബിജെപിയിലേക്ക് ചാടിയത് പ്രതിപക്ഷത്തെ 25 പ്രമുഖര്‍

13 ല്‍ എട്ടു പേര്‍ ബിജെപിയില്‍ എത്തിയവരാണ്. ഇവരില്‍ ഏഴു പേര്‍ കോണ്‍ഗ്രസിലായിരുന്നു. ഒരാള്‍ തൃണമൂല്‍ കോണ്‍ഗ്രസിലും. ഉദ്ധവ് താക്കറ പക്ഷത്ത് നിന്നും ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവ്‌സേനയില്‍ എത്തിയ രണ്ടു പേരും മത്സരത്തിനിറങ്ങിയിരുന്നു. വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ നിന്നും തെലുഗു ദേശം പാര്‍യിലേക്ക് വന്ന് മത്സരിച്ചൊരാളും ഉണ്ട്. രണ്ട് പേര്‍ മറുകണ്ടം ചാടിയെത്തിയത് കോണ്‍ഗ്രസിലാണ്. അവര്‍ യഥാക്രമം ജാര്‍ഖണ്ഡ് വികാസ് പാര്‍ട്ടിയിലും, പിഇപിയിലും നിന്നാണ് ചാടിപ്പോയത്.

അന്വേഷണ ഏജന്‍സികളെ പേടിച്ച് ബിജെപിയില്‍ ചേരുകയും ഇത്തവണ തെരഞ്ഞെടുപ്പിന് നില്‍ക്കുകയും ചെയ്ത എട്ടു പേരില്‍ ആറുപേരെ ജനം തോല്‍പ്പിച്ചു. ഉദ്ധവിന്റെ അടുത്ത് നിന്ന് ഷിന്‍ഡെയ്‌ക്കൊപ്പം കൂടിയ രണ്ടു പേരില്‍ ഒരാള്‍ ജയിച്ചപ്പോള്‍ അടുത്തയാള്‍ തോറ്റു. ജാര്‍ഖണ്ഡ് വികാസ് പാര്‍ട്ടിയില്‍ നിന്നും പിഇപിയില്‍ നിന്നും പോയ രണ്ടു പേരും തോറ്റു.

മറുകണ്ടം ചാടി തോറ്റവരില്‍ പ്രമുഖര്‍ രാജസ്ഥാനിലെ നഗൗര്‍ മണ്ഡലത്തില്‍ നിന്നു തോറ്റ ജ്യോതി മിര്‍ദ്ധ, യുപിയിലെ ജൗന്‍പൂരില്‍ നിന്നു തോറ്റ കൃപാശങ്കര്‍ സിംഗ്, ഉത്തര കൊല്‍ക്കത്തയില്‍ നിന്നു തോറ്റ തപസ് റോയ്, ആന്ധ്രാപ്രദേശിലെ അറാക്കില്‍ നിന്നു തോറ്റ കോട്ടപ്പള്ളി ഗീത, പഞ്ചാബിലെ പട്യാലയില്‍ തോറ്റ പ്രിനീത് കൗര്‍, ജാര്‍ഖണ്ഡിലെ സിംഗ്ഭുമില്‍ തോറ്റ ഗീത കോഡ എന്നിവരാണ്.

ശിവസേന ഷിന്‍ഡെ വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥിയായി മുംബൈ സൗത്തില്‍ മത്സരിച്ച യാമിനി ജാദവും, ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ മത്സരിച്ചു തോറ്റ കോണ്‍ഗ്രസിന്റെ പ്രദീപ് യാദവും ഇത്തരത്തില്‍ കൂറുമാറിയ പ്രമുഖരാണ്.

കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതി മിര്‍ദ്ധ 2023 സെപ്തംബറിലാണ് ബിജെപിയില്‍ ചേരുന്നത്. ജ്യോതിയുടെ കുടുംബത്തിന്റെ കമ്പനിയായ ഇന്ത്യബുള്‍സിനെതിരേ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടന്നിരുന്നു. ഇന്ത്യബുള്ളിന്റെ പ്രമോട്ടര്‍ സമീര്‍ ഗഹ്‌ലോട്ട് ജ്യോതിയുടെ ഭര്‍ത്താവ് നരേന്ദ്ര ഗെഹ്‌ലോട്ടിന്റെ സഹോദരാണ്. അന്വേഷണം മുറുകിയ ഘട്ടത്തിലാണ് ലോക്‌സഭ തെരഞ്ഞെടുപ്പിന് ആറുമാസം മുമ്പ് ജ്യോതി ബിജെപിയില്‍ പോയത്.

മുംബൈയിലെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന കൃപാശങ്കര്‍ സിംഗിനെതിരേ 2012 ല്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോ കേസ് എടുത്തിരുന്നു. ഈ കേസ് പിന്നീട് ഇഡി ഏറ്റെടുത്തു. 2018 ല്‍ തെളിവുകളുടെ അഭാവത്തില്‍ സിംഗിനെ കോടതി വെറുതെ വിട്ടെങ്കിലും 2019 ല്‍ സിംഗ് കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേരുകയായിരുന്നു.

തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് തിരിമറി നടത്തിയെന്ന അന്വേഷണം തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ മുറുകിയതോടെയാണ് പാര്‍ട്ടി ചീഫ് വിപ്പായിരുന്ന തപസ് റോയി ബിജെപിയില്‍ പോയത്. ഉത്തര കൊല്‍ക്കൊത്ത മണ്ഡലത്തില്‍ സീറ്റും കിട്ടി. പക്ഷേ, തൃണമൂലിന്റെ സുദീപ് ബന്ദോപാധ്യായയോട് തോറ്റു.

2019 ല്‍ ജാര്‍ഖണ്ഡില്‍ നിന്നും ജയിച്ച ഏക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന മധു കോഡയുടെ ഭാര്യ ഗീത കോഡ. തന്റെ ഭര്‍ത്താവിനെതിരേ ഇഡിയും സിബിഐയും ഒന്നിനു പുറകെ ഒന്നായി കേസുകള്‍ ചുമത്തിയതോടെ ഗീത 2024 ഫെബ്രുവരിയില്‍ ബിജെപിയില്‍ ചേര്‍ന്നു. അവരുടെ ശക്തികേന്ദ്രമായ സിംഗ്ഭൂമില്‍ തന്നെ ബിജെപി ഗീതയെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. പക്ഷേ, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാനാര്‍ത്ഥിയോട് തോറ്റു.

വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ മുന്‍ എംപിയായിരുന്നു കോതപള്ളി ഗീത. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും വഞ്ചനാപരമായി 42 കോടി ലോണ്‍ എടുത്തതിന് ഗീതയ്ക്കും ഭര്‍ത്താവ് രാമകോടേശ്വര റാവുവിനും എതിരേ 2015 ല്‍ സിബിഐ കേസ് ചാര്‍ജ് ചെയ്തു. 2019 ല്‍ ഗീത ബിജെപിയില്‍ ചേര്‍ന്നു. 2022 സെപ്തംബറില്‍ വിചാരണ കോടതി ഗീതയെയും ഭര്‍ത്താവിനെയും കുറ്റക്കാരാണെന്ന് കണ്ടെത്തുകയും അഞ്ചു വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. സിബിഐ ഇരുവരെയും അറസ്റ്റ് ചെയ്തു. എന്നാല്‍ തെലങ്കാന ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിക്കുകയും രണ്ടു പേരുടെയും ശിക്ഷ മരവിപ്പിക്കുകയും ചെയ്തു. ബിജെപി അവരെ അറക്ക് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുമാക്കി. എന്നാല്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിലെ ഗുമ്മ റാണിയോട് പരാജയപ്പെട്ടു.

പഞ്ചാബിലെ മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ ഭാര്യയാണ് പ്രിനീത് കൗര്‍. ഇത്തവണ ബിജെപി അവരെ പട്യാലയില്‍ സ്ഥാനാര്‍ത്ഥിയാക്കി. 2020 മുതല്‍ ഇവരുടെ മകന്‍ റനീന്ദര്‍ സിംഗ് ഫോറെക്‌സ് ലംഘനവുമായി ബന്ധപ്പെട്ട് ഇഡിയുടെ നിരീക്ഷണത്തിലായിരുന്നു. 2021 ല്‍ അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ടു. തൊട്ടടുത്ത വര്‍ഷം അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നു. പട്യാലയില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു പ്രിനീത് കൗര്‍.

2022 ജൂണിലാണ് ഉദ്ധവ് താക്കറയെ വിട്ട് യാമിനി ജാദവ് ഷിന്‍ഡെ വിഭാഗത്തിനൊപ്പം പോയത്. പല കേസുകളിലായി എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം നേരിടുന്നവരായിരുന്നു യാമിനിയും ഭര്‍ത്താവ് യശ്വന്ത് ജാദവും. മുംബൈ സൗത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി യാമിനി നിന്നത്. ഉദ്ധവ് ഇറക്കിയ അരവിന്ദ് സാവന്ത് അവരെ തോല്‍പ്പിച്ചു.

ഉദ്ധവിനൊപ്പം ഉണ്ടായിരുന്ന രവീന്ദ്ര വൈക്കര്‍ എന്ന മുതിര്‍ന്ന ശിവസേന നേതാവും ഷിന്‍ഡെയൊക്കൊപ്പം പോയത് ഇഡിയും മുംബൈ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ്. ജയില്‍ വേണോ, പാര്‍ട്ടിയില്‍ ചേരുന്നോ എന്ന രണ്ടു തീരുമാനങ്ങളായിരുന്നു വൈക്കറിനു മുന്നില്‍ ഷിന്‍ഡെ വിഭാഗം വച്ചത്. മാര്‍ച്ചില്‍ അദ്ദേഹം രണ്ടാമത്തെ തീരുമാനം എടുത്തു. മുംബൈ നോര്‍ത്തിലാണ് രവീന്ദ്ര വൈക്കറിനെ എന്‍ഡിഎ നിര്‍ത്തിയത്. 48 വോട്ടിന് കഷ്ടിച്ചു ജയിച്ചു.

ജാര്‍ഖണ്ഡ് വികാസ് പാര്‍ട്ടിയുടെ പ്രദീപ് യാദവ് ഇഡി അന്വേഷണം പേടിച്ച് പോയത് ബിജെപിയിലേക്കായിരുന്നില്ല കോണ്‍ഗ്രസിലാണ്. തെരഞ്ഞെടുപ്പില്‍ ബിജെപിയോട് തോറ്റു. ഇഡി അന്വേഷണം പേടിച്ചു തന്നെയാണ് പഞ്ചാബ് ഏക്ത പാര്‍ട്ടിയില്‍ നിന്നും സുഖ്പാല്‍ സിംഗ് ഖൈര കോണ്‍ഗ്രസില്‍ വന്നത്. സംഗ്രൂരില്‍ മത്സരിക്കാന്‍ ഇറങ്ങിയെങ്കിലും തോറ്റു.

രവീന്ദ്ര വൈക്കറിനെ കൂടാതെ, മറുകണ്ടം ചാടിയെത്തിയിട്ട് ജയിച്ചവരില്‍ മറ്റൊരു പ്രധാന നവീന്‍ ജിന്‍ഡാലാണ്. കോണ്‍ഗ്രസില്‍ നിന്നാണ് നവീന്‍ ജിന്‍ഡാല്‍ ബിജെപിയില്‍ എത്തിയത്. കല്‍ക്കരി ഖനി അഴിമതിയുമായി ബന്ധപ്പെട്ട് ഇഡി കേസുകള്‍ വന്നതിനു പിന്നാലെയാണ് ജിന്‍ഡാല്‍ പാര്‍ട്ടി മാറിയത്. കുരുക്ഷേത്ര മണ്ഡലത്തതില്‍ നിന്നാണ് വിജയിച്ചത്. ആദായ നികുതി വകുപ്പിന്റെ പരിശോധനയ്ക്ക് പിന്നാലെ ടിഡിപിയില്‍ നിന്നും ചാടി ബിജെപിയില്‍ എത്തിയ രാജ്യസഭ എംപി സിഎം രമേശും ആന്ധ്രയിലെ അങ്കപളളി മണ്ഡലത്തില്‍ നിന്നും വിജയിച്ചിട്ടുണ്ട്. മറ്റൊരു ശ്രദ്ധേയമായ വിജയം, ഓങ്കോള്‍ മണ്ഡലത്തില്‍ നിന്നുള്ള മഗുന്ത ശ്രീനിവാസലു റെഡ്ഡിയുടെതാണ്. ഇയാളുടെ മകനാണ് അരവിന്ദ് കെജ്രിവാളിനെതിരേ മൊഴി കൊടുത്തത്. ഡല്‍ഹി മദ്യനയ കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മാപ്പ് സാക്ഷിയായി കെജ്രിവാളിനെതിരേ മൊഴി നല്‍കിയത്. പിന്നാലെ ടിഡിപിയില്‍ നിന്നും ചാടി റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു.

Content Summary;  Nine of thirteen candidates being probed by central agencies lost five won, general election result 2024

Share on

മറ്റുവാര്‍ത്തകള്‍