ഒരിടവേളയ്ക്ക് ശേഷം വീണ്ടും മണിപ്പൂരില്‍ അശാന്തിയുടെ കനലുകള്‍ എരിയുകയാണ്. ഒന്നരവര്‍ഷത്തിലധികമായി തുടരുന്ന സംഘര്‍ഷം മണിപ്പൂര്‍ ജനതയ്ക്കിടെ ഇതിനോടകം ശത്രുതയും പകയും അതിര് നിശ്ചയിച്ചു കഴിഞ്ഞു. വംശീയ കലാപത്തെ തുടര്‍ന്ന് 2023 മേയ് മൂന്നിനുശേഷം അശാന്തമായ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ശക്തിപ്രാപിക്കുകയാണ്. അത്യാധുനിക റോക്കറ്റുകളും ബോംബുകളും നിറഞ്ഞ് സംഘര്‍ഷഭൂമിയായി മാറിയ മണിപ്പൂര്‍, കലാപത്തിന്റെ ഇരുണ്ട നാളുകള്‍ക്ക് വീണ്ടും സാക്ഷിയായിരിക്കുകയാണ്. മണിപ്പൂരിലെ ജിരിബാമില്‍ 11 കുക്കി സായുധവിഭാഗക്കാരെ ഏറ്റുമുട്ടലില്‍ സി.ആര്‍.പി.എഫ് കൊലപ്പെടുത്തിയതോടെ സംസ്ഥാനത്ത് വീണ്ടും സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്. no end to the unrest in Manipur
സമാധാനത്തിലും സൗഹൃദത്തിലും കഴിഞ്ഞ രണ്ട് വിഭാഗങ്ങള്‍ കഴിഞ്ഞ 18 മാസത്തിനിടയില്‍ രണ്ടായി വിഭജിക്കപ്പെട്ടു. പരസ്പരം വെടിവയ്പ്പും കൊലയും കൊള്ളയും ബലാത്സംഗങ്ങള്‍ക്കും സംസ്ഥാനം സാക്ഷ്യംവഹിച്ചു. ഇന്ത്യയില്‍ ആദ്യമായി റോക്കറ്റുകളും ആയുധങ്ങളുള്ള ഡ്രോണുകളും ഉപയോഗിച്ച് ആക്രമണങ്ങള്‍ അഴിച്ചുവിട്ടു.
സംഘര്‍ഷത്തെ വീണ്ടും ആളിക്കത്തിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ കുക്കി സംഘടനകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന മുന്നറിയിപ്പാണ് മണിപ്പൂര്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. പ്രത്യേക സൈനിക അവകാശം പിന്‍വലിക്കണമെന്നും മണിപ്പൂര്‍ എന്‍ഡിഎ പാസാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. കുക്കി സംഘടനക്കെതിരെ ഏഴ് ദിവസത്തിനകം അടിയന്തര നടപടി വേണമെന്നും നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കണമെന്നുമുള്ള എട്ടിന ആവശ്യങ്ങള്‍ അടങ്ങിയ പ്രമേയമാണ് മണിപ്പൂര്‍ സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്. കൂടാതെ സംസ്ഥാനത്തെ ക്രമസമാധാനനില ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 11 എംഎല്‍എ മാര്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.
ഹമര്‍ ഗോത്രയിലെ കുക്കി വിഭാഗത്തില്‍പ്പെട്ട ഒരു സ്ത്രീയെ മെയ്തേയി വിഭാഗം കൊലപ്പെടുത്തിയ ശേഷം വീടിന് തീയിട്ടിരുന്നു. ഇതോടെയാണ് ജിരിബാമില്‍ സംഘര്‍ഷം വ്യാപകമായത്. കൊലപ്പെടുത്തുന്നതിന് മുമ്പ് ഈ സ്ത്രീയെ ബലാത്സംഗം ചെയ്തതായും പോലീസ് കണ്ടെത്തി. ഇതിന്റെ ചുവടുപിടിച്ച് തുടര്‍ന്നുള്ള ദിവസം മെയ്തേയി ആധിപത്യമുളള താഴ്‌വരയില്‍ വയലില്‍ ജോലി ചെയ്യുന്നതിനിടെ ഒരു സ്ത്രീ വെടിയേറ്റ് മരിച്ചിരുന്നു. കൂടാതെ കിഴക്കന്‍ ഇംഫാല്‍ ജില്ലയിലെ കുന്നുകളില്‍ നിന്നും കുക്കികള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു കര്‍ഷകന് പരുക്കേല്‍ക്കുകയും ചെയ്തു. കൂടാതെ അസമില്‍ നദിയില്‍ തല അറുത്ത നിലയില്‍ രണ്ട് മൃതദേഹങ്ങളും കണ്ടെത്തിയിരുന്നു. ഇതെല്ലാം ഇരുവിഭാഗങ്ങള്‍ക്കിടയിലും സംഘര്‍ഷത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു. ഇതിനൊക്കെ പുറമെ ജിരിബാമില്‍ നിന്നും സായുധ വിഭാഗക്കാര്‍ തട്ടിക്കൊണ്ടുപോയ ആറ് മെയ്തേയി വിഭാഗക്കാരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തിരുന്നു. കുക്കി വിഭാഗമാണ് ഇതിന് പിന്നിലെന്നും ആരോപണങ്ങള്‍ ഉയര്‍ന്നു.
സംഘര്‍ഷത്തിന് അയവില്ലാതായതോടെ നിരവധി വീടുകളും ആരാധനാലയങ്ങളും ആക്രമിക്കപ്പെട്ടു. കൂടാതെ പ്രതിഷേധക്കാര്‍ മന്ത്രിമാരുടെയും എംഎല്‍എ മാരുടെയും വീടുകളും വാഹനങ്ങളും ആക്രമണത്തിനിരയാക്കി. മുഖ്യമന്ത്രി എന്‍. ബിരേന്‍ സിംഗിന്റെ വീട് ആക്രമിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ കണ്ണീര്‍ വാതകം പ്രയോഗിച്ചാണ് സുരക്ഷാ സേന പിരിച്ചുവിട്ടത്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് വെസ്റ്റ് ഇംഫാല്‍ മേഖലയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
അസ്വസ്ഥമായി മണിപ്പൂര്‍ മന്ത്രിസഭ
മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായതോടെ എന്‍പിപി (നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി) ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത് ബിജെപിക്ക് തിരിച്ചടിയായി. ഇതോടെ നിയമസഭയില്‍ എന്‍ഡിഎ സര്‍ക്കാരിന്റെ അംഗസംഖ്യ 53ല്‍ നിന്ന് 46 ആയി കുറഞ്ഞു. സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയാണെന്ന് എന്‍ പി പി, ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് കത്ത് നല്‍കുകയായിരുന്നു. സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്ന് എന്‍ പി പി അധ്യക്ഷനും മേഘാലയ മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ പറഞ്ഞു. 60 അംഗ മന്ത്രിസഭയില്‍ 7 അംഗങ്ങളാണ് എന്‍ പി പിക്കുള്ളത്. 37 അംഗങ്ങള്‍ ബി ജെ പിക്കുമുണ്ട്.
കൂടാതെ ജിരിബാം ജില്ലയിലെ ബിജെപിയിലും കൂട്ടരാജിയാണ് ഉണ്ടായിരിക്കുന്നത്. ജിരിബാം മണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുള്‍പ്പെടെയാണ് രാജിവച്ചത്. നവംബര്‍ 11 ന് നടന്ന കുക്കി-മെയ്തേയ് സംഘര്‍ഷത്തില്‍ ആറ് മെയ്തേയികള്‍ മരിച്ചതിനെ തുടര്‍ന്നാണ് ബിജെപിയില്‍ പൊട്ടിത്തെറിയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇരുവിഭാഗങ്ങളുടെയും പിന്തുണ ഇല്ലാതായത് നിലവില്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിന് തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.
നോക്കുകുത്തിയാകുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍
ജനങ്ങള്‍ക്കിടയിലെ ഭിന്നത ആളിക്കത്താതെ നോക്കേണ്ടത് അതത് സര്‍ക്കാരുകളുടെ കൂടി ചുമതലയാണ്. എന്നാല്‍ മണിപ്പൂരില്‍ സ്ഥിതി കൂടുതല്‍ വഷളാകുകയായിരുന്നു. സര്‍ക്കാര്‍ സര്‍വീസുകളിലും രാഷ്ട്രീയത്തിലുമെല്ലാം സ്വാധീനമുള്ളവരാണ് മെയ്‌തേയ് വിഭാഗം. ജനസംഖ്യയുടെ 53 ശതമാനം ഇവരാണ്. ഒന്നരവര്‍ഷക്കാലമായി ഒരു സംസ്ഥാനം മുഴുവനും വംശീയതയുടെ പകയില്‍ അമരുമ്പോള്‍ ഇടപെടലുകള്‍ നടത്തേണ്ട കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിസംഗനിലപാട് ആരെയും അമ്പരപ്പിക്കുന്നതാണ്. ഇന്ത്യയിലാണോ മണിപ്പൂര്‍ എന്നുപോലും തോന്നത്തക്കവിധമാണ് ഭരണാധികാരികള്‍ ഈ ജനതയെ അകറ്റിനിര്‍ത്തിയിരിക്കുന്നത്. 2023 മെയ് മൂന്നിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇതിനോടകം 300 ഓളം ആളുകള്‍ കൊല്ലപ്പെടുകയും 60,000 ത്തോളം പേര്‍ പലായനം ചെയ്യപ്പെടുകയും 4,786 വീടുകളും 356 ദേവാലയങ്ങളും തകര്‍ക്കപ്പെട്ടതായുമാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ പരിശോധിച്ചാല്‍ എണ്ണം അതിനൊക്കെ എത്രയോ മുകളിലെത്തുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ.
ബിരേന്‍ സിങ്, നരേന്ദ്ര മോദി
കലാപം ആരംഭിച്ച് ഇത്രനാളായിട്ടും മുഖ്യമന്ത്രി ബിരേന്‍ സിങ് അക്രമം ആളിക്കത്തിക്കുന്ന നടപടികളാണ് പലപ്പോഴും കൈക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മെയ്‌തേയ് വിഭാഗത്തോടുള്ള അനുഭാവവും കുക്കി-സോമി ഗോത്രവിഭാഗത്തെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നതാണ്. പോലീസും ഭരണസംവിധാനങ്ങളും ഇക്കാലമത്രയും മെയ്തേയികള്‍ക്കൊപ്പമാണ് നിലകൊണ്ടത്. നിഷ്പക്ഷമായി നിലകൊണ്ടിരുന്ന അസം റൈഫിള്‍സിനെ മാറ്റി കൂടുതല്‍ സിആര്‍പിഎഫുകാരെ നിയോഗിച്ചതും മുഖ്യമന്ത്രിയുടെ പക്ഷാഭേദത്തിന്റെ ബാക്കിപത്രമായാണ് ചര്‍ച്ചകള്‍ വിലയിരുത്തപ്പെടുന്നത്. സംഘര്‍ഷം രൂക്ഷമായി പിന്നിട്ടിട്ടും ഇരുവിഭാഗങ്ങളുമായി ചര്‍ച്ചകള്‍ നടത്താന്‍ ഇതുവരെ മുഖ്യമന്ത്രി ബിരേന്‍ സിങ് തയ്യാറായിട്ടില്ല. സംഘര്‍ഷത്തിന് അയവുവരുത്താന്‍ കുക്കി വിഭാഗത്തോട് ഒരിക്കല്‍ പോലും ചര്‍ച്ചയ്ക്ക് ശ്രമിക്കാത്ത മുഖ്യമന്ത്രി, ചര്‍ച്ച നടത്തിയിട്ടുണ്ടെന്നുള്ള വസ്തുതാ വിരുദ്ധമായ സ്റ്റേറ്റ്‌മെന്റാണ് സുപ്രീം കോടതിയില്‍ പോലും സമര്‍പ്പിച്ചിരിക്കുന്നത്. അധികാരകേന്ദ്രങ്ങളില്‍ നിന്നുള്ള ഈ വേര്‍തിരിവ് സമാധാനത്തോടെയും സൗഹാര്‍ദത്തോടെയും കഴിഞ്ഞ ഗോത്രവര്‍ഗക്കാരായ സാധാരണക്കാര്‍ക്കിടയില്‍ വംശീയ വിദ്വേഷത്തിന്റെ വിത്തുകള്‍ പാകുന്ന തരത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിച്ചു.
മണിപ്പൂര്‍ സംഘര്‍ഷം തുടങ്ങിയതിനുശേഷം നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് സമയക്കുറവുകൊണ്ടല്ലെന്നത് വ്യക്തമാണ്. രാജ്യാന്തരതലത്തില്‍ പോലും മണിപ്പൂര്‍ ചര്‍ച്ചാവിഷയമായിട്ടും ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂര്‍ സന്ദര്‍ശിക്കാനോ ഒരക്ഷരം പോലും മിണ്ടാനോ തയ്യാറായിരുന്നില്ല. നീണ്ടനാളത്തെ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നതിന് ശേഷം ഇക്കഴിഞ്ഞ ആഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനിടെയാണ് മണിപ്പൂരിനെ മോദി ഓര്‍ക്കുന്നതുതന്നെ. മണിപ്പൂര്‍ സമാധാനാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുകയാണെന്നും രാജ്യവും ജനങ്ങളും മണിപ്പൂരിനൊപ്പമാണെന്നുമായിരുന്നു പ്രധാനമന്ത്രി അന്ന് പറഞ്ഞത്. അന്ന് മണിപ്പൂര്‍ എന്ന വാക്ക് ഉച്ചരിച്ചതല്ലാതെ പിന്നീട് ഒരിക്കല്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പൂരിനെയോ അവിടുത്തെ ജനതയേയോ ഓര്‍ത്തില്ല എന്നതും രാജ്യം കണ്ടതാണ്.
മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേണ്‍ സിങ്ങിനെ മാറ്റണമെന്ന ബഹുജനങ്ങളുടെയും മണിപ്പൂരിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആവശ്യം അംഗീകരിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുന്നില്ല. കഴിഞ്ഞ ഒന്നരവര്‍ഷമായി കടുത്ത സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പൂര്‍ണമായും പരാജയമായിരുന്നുവെന്നാണ് പുതിയ സംഭവ വികാസങ്ങളും വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ ഒരു ഭാഗം സംഘര്‍ഷത്തിലും അരക്ഷിതാവസ്ഥയിലും അമര്‍ന്നിട്ടും സംസ്ഥാന- കേന്ദ്രസര്‍ക്കാരുകളുടെ നിസംഗമായ മൗനം ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന് വ്യക്തമാക്കുന്നത് കൂടിയായി മാറുകയാണ്.
കലാപകാരണമായ സംവരണനയം
2023 മേയ് മൂന്നിനാണു മെയ്തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള വംശീയ സംഘര്‍ഷം ആരംഭിക്കുന്നത്. മെയ്‌തേയ് വിഭാഗങ്ങളെ പട്ടികവര്‍ഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയാണ് ഒരു സംസ്ഥാനെത്ത വിഭജനത്തിന്റെ പാതയിലേക്ക് എത്തിച്ചത്. മേയ്‌തേയ് സമൂഹത്തില്‍ മഹാഭൂരിപക്ഷവും ഹിന്ദുക്കളാണ്. മറിച്ച് മലനിരകളിലുള്ള കുക്കി സമൂഹത്തിലെ മഹാഭൂരിപക്ഷം പേരും ക്രിസ്ത്യാനികളുമാണ്. സംവരണനയം തങ്ങളുടെ വാസമേഖലയായ പര്‍വത, വനാതിര്‍ത്തി മേഖലയിലേക്ക് മെയ്തേയികള്‍ കടന്നുകയറുന്നതിന് ഇടയാക്കുമെന്ന് കുകി, നാഗാ വിഭാഗ ള്‍ സ്വാഭാവികമായും ഭയന്നിരുന്നു. ചുരാചന്ദ്പൂരില്‍ നടന്ന ഗോത്രവര്‍ഗക്കാരുടെ പ്രതിഷേധത്തിലേക്ക് നുഴഞ്ഞുകയറിയ ചിലരാണ് അക്രമങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നീട് കലാപം പടര്‍ന്നുപിടിക്കാന്‍ അധികസമയം വേണ്ടിവന്നില്ല. കൂട്ടമരണങ്ങളും പലായനങ്ങളും തീവയ്പ്പും എല്ലാ അരങ്ങേറിയപ്പോഴും സ്ത്രീത്വം തെരുവുകളില്‍ നഗ്‌നമാക്കപ്പെട്ടത് രാജ്യം അമ്പരപ്പോടെയാണ് കണ്ടത്.
ഭരണനേതൃത്വത്തിന്റെ ശരിയായ ഇടപെടലുണ്ടായിരുന്നെങ്കില്‍ മണിപ്പൂരിലെ ഈ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാവാത്ത പ്രശ്നമെന്നതിനപ്പുറത്തേക്ക് വീണ്ടും നീങ്ങുകയില്ലായിരുന്നു. മണിപ്പൂര്‍ സംസ്ഥാനം ഇതിനോടകം മെയ്‌തേയ്, കുക്കി മേഖലകളായി വിഭജിക്കപ്പെട്ടു കഴിഞ്ഞു. സംശയവും ശത്രുതയും പകയും അവര്‍ക്കിടയിലുള്ള അതിര്‍ത്തികളെ നിശ്ചയിച്ചു കഴിഞ്ഞു. ഒന്നരവര്‍ഷത്തിലധികമായി തുടരുന്ന ഈ അക്രമത്തിനും വിഭജനത്തിനും അറുതിയില്ലേ എന്നാണ് ഇനി അറിയേണ്ടത്. മണിപ്പൂരിലെ വംശീയമായ സംഘര്‍ഷങ്ങള്‍ക്ക് ഇനിയെങ്കിലും അവസാനമുണ്ടായേ മതിയാകൂ. വംശീയ ചേരിതിരിവുണ്ടാക്കി ഒരു സംസ്ഥാനത്തെ ജനങ്ങളെ ബോധപൂര്‍വം തമ്മിലടിപ്പിക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുന്നതെങ്കില്‍ അതിന് നല്‍കേണ്ടി വരിക സാധാരണക്കാരായ കുറേയധികം ആളുകളുടെ ജീവനുകള്‍ കൂടിയാകും.no end to the unrest in Manipur
content summary; no end to the unrest in Manipur