പലസ്തീൻ അനുകൂലികളെന്ന് ആരോപിച്ച് യുഎസിൽ ട്രംപ് ഭരണകൂടം നടത്തുന്ന അടിച്ചമർത്തലിൽ ഭയന്ന്, പ്രസിദ്ധീകരിച്ച ലേഖനങ്ങളിൽ നിന്ന് തങ്ങളുടെ പേരുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസിലെ മാധ്യമ വിദ്യാർത്ഥികൾ. ഓൺലൈൻ ആക്രമണം, തൊഴിൽപരമായ ആക്രമണങ്ങൾ എന്നിവ ഭയന്നാണ് വിദ്യാർത്ഥികളുടെ തീരുമാനമെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
നിലവിൽ ഇമിഗ്രേഷൻ ആന്റ് കസ്റ്റംസ് തടങ്കലിൽ കഴിയുന്ന ടഫ്റ്റ്സ് സർവ്വകലാശാലയിലെ റുമേസ ഒസ്തുർക്ക് എന്ന വിദ്യാർത്ഥിയെ നാടുകടത്തുന്നതിനെതിരെ ക്യാമ്പസിലെ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്ന് പ്രത്യാഘാതമുണ്ടാകുമെന്ന ഉത്കണ്ഠയിലാണ് വിദ്യാർത്ഥികളെന്ന് യൂണിവേഴ്സിറ്റി പത്രങ്ങളിലെ എഡിറ്റർമാർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
ക്യാമ്പസ് പത്രങ്ങൾക്കായി എഴുതുന്ന അന്തർദേശീയ വിദ്യാർത്ഥികൾക്കിടയിലാണ് ആശങ്ക കൂടുതലും പ്രകടമാകുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, അമേരിക്കൻ പൗരന്മാരായ വിദ്യാർത്ഥികളും തങ്ങൾ നൽകിയ ലേഖനങ്ങൾ പിൻവലിക്കുന്നുണ്ട്. ട്രംപ് ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്ന വിദ്യാർത്ഥികൾ അവരുടെ ഭാവിയിൽ ആശങ്കാകുലരാണെന്ന് കൊളംമ്പിയ പൊളിറ്റിക്കൽ റിവ്യൂ പത്രത്തിന്റെ എഡിറ്റർ പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. പല സർവ്വകലാശാലയിലും പത്രങ്ങളിലെ ലേഖനങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അഭ്യർത്ഥനകൾ വന്നുകൊണ്ടിരിക്കുകയാണ്. തുടർന്ന് ലേഖനത്തിൽ പേരുകൾ നൽകുന്ന രീതിയിൽ പുനർചിന്ത അനിവാര്യമാണെന്ന് വിദ്യാർത്ഥി ജേർണലിസം ഗ്രൂപ്പുകൾ അറിയിച്ചു.
ഒരു ഐവി ലീഗ് സർവ്വകലാശാലയിലെ എഡിറ്റർ വിദ്യാർത്ഥികളുടെ അഭ്യർത്ഥന പരിഗണിക്കുമെന്ന് അറിയച്ചിട്ടുണ്ട്. എന്നാൽ ഇതിന് പൂർണമായി പരിഹാരം കാണാൻ പ്രയാസമാമെന്നും വേബാക്ക് മെഷീൻ പോലുള്ള ഓൺലൈൻ ആർക്കൈവുകൾ വഴി ഇല്ലാതാക്കിയ ലേഖനങ്ങൾ പോലും ഇപ്പോഴും കണ്ടെത്താൻ കഴിയുമെന്നും അവർ അഭിപ്രായപ്പെട്ടു.
പല ക്യാമ്പസ് പത്രങ്ങളും വിദ്യാർത്ഥികളുടെ ആവശ്യത്തെ ന്യായമുള്ളതായാണെന്ന് അഭിപ്രായമറിയിച്ചു. നിലവിൽ വിദ്യാർത്ഥികളുടെ സുരക്ഷയാണ് പ്രധാനമെന്നും എഡിറ്റർമാർ അറിയിച്ചു.
Content Summary: No names in articles against Trump; Media students fear US actions