April 28, 2025 |
Share on

ഇസ്രയേലിനെ പ്രകോപിപ്പിക്കുന്ന ‘നോ അദര്‍ ലാന്‍ഡ്’

‘ഞങ്ങളുടെ സ്ഥാനത്ത് നിങ്ങളാണെങ്കില്‍ എന്തു ചെയ്യും’?; സ്വന്തം മണ്ണില്‍ ഇടമില്ലാതാകുന്നവരുടെ ചോദ്യം

‘ആ ഡോക്യുമെന്ററിയും, ഒസ്‌കറും അവരെ വല്ലാതെ പ്രകോപിപ്പിച്ചിട്ടുണ്ട്’, അവരതിന് ശേഷം പലസ്തീനികളെ ആക്രമിക്കുന്നത് കൂടി, ഗ്രാമത്തിലെ പലസ്തീനികള്‍ മിക്കവാറും എല്ലാ ദിവസവും കുടിയേറ്റക്കാരുടെ ശാരീരിക ആക്രമണത്തിന് വിധേയരാകുന്നുണ്ട്. ഇവിടെ കുടിയേറ്റക്കാരുടെ അക്രമം വര്‍ദ്ധിച്ചുവരികയാണ്. ഒരുപക്ഷേ ഇത് ഡോക്യുമെന്ററിക്ക് കിട്ടിയ അന്താരാഷ്ട്ര പ്രശസ്തിയോടുള്ള പ്രതികാരമായിരിക്കാം”.

അക്കാദമി പുരസ്‌കാരം നേടിയ നോ അദര്‍ ലാന്‍ഡ് എത്രമാത്രം ഇസ്രയേലിനെ പ്രകോപിപ്പിക്കുന്നു എന്നതിന് ഹംദാന്‍ ബെല്ലാലിന്റെ അറസ്റ്റാണ് ഏറ്റവും പുതിയ തെളിവായി ബാസല്‍ അദ്ര ചൂണ്ടിക്കാണിക്കുന്നത്. ഡോക്യുമെന്ററിയുടെ സംവിധായകരാണ് ഹംദാനും അദ്രയും. കഴിഞ്ഞ ദിവസം ഇസ്രയേല്‍ സൈന്യം ഹംദാനെ അറസ്റ്റ് ചെയ്തു കൊണ്ടു പോയി. അക്രമികളായ ഇസ്രയേല്‍ കുടിയേറ്റക്കാര്‍ വീടുകയറി അക്രമിച്ച് ഹംദാനെ പിടിച്ചു കൊടുക്കുകയായിരുന്നു. എന്താണ് അയാള്‍ ചെയ്ത കുറ്റമെന്ന് പറയുന്നില്ല. ഇസ്രയേലി സൈന്യത്തെ കല്ലെറിഞ്ഞു എന്ന പൊതു ആരോപണം ഐഡിഎഫ് ഇവിടെയും പ്രയോഗിച്ചിട്ടുണ്ട്.

ഹംദാന്റെയും അദ്രയുടെയും ജന്മനാടാണ് മസാഫര്‍ യാട്ട. ഇവിടെയുള്ള സുസിയ എന്ന ഗ്രാമത്തിലെ വീട്ടില്‍ നിന്നാണ് ഹംദാനെ പിടികൂടിയത്. വെസ്റ്റ് ബാങ്കിന് തെക്കേ അറ്റമാണ് മസാഫര്‍ യാട്ട. ഇസ്രയേല്‍ കുടിയേറ്റവും അവരുടെ സൈനികാക്രമണവും വെസ്റ്റ് ബാങ്കിനെ എത്രമാത്രം നശിപ്പിച്ചിരിക്കുന്നു എന്നാണ് നോ അദര്‍ ലാന്‍ഡ് പറയുന്നത്. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയിട്ടുള്ള നോ അദര്‍ ലാന്‍ഡ്, ന്യൂയോര്‍ക്ക് ചലച്ചിത്രോത്സവത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

no other land directors-Basel Adra, Hamdan Balla, Yuval Abraham, Rachel Szor

ഇസ്രയേല്‍ അധിനിവേശത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ് ഹംദിന്‍ ബല്ലാല്‍, ബാസല്‍ അദ്ര, യുവാല്‍ എബ്രഹാം, റേച്ചല്‍ സോര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത നോ അദര്‍ ലാന്‍ഡ്. മസാഫര്‍ യാട്ടയില്‍ ഇസ്രയേല്‍ അധിനിവേശം തന്റെ 15 മത്തെ വയസ് മുതല്‍ അദ്ര ചിത്രീകരിക്കാന്‍ തുടങ്ങിയിരുന്നു. ഇസ്രയേലിനെതിരായ തെളിവെന്ന പേരില്‍ അദ്ര ചിത്രീകരിച്ച അമച്വര്‍ വീഡിയോ ഫുട്ടേജുകള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇസ്രയേല്‍ അധിനിവേശ വെസ്റ്റ് ബാങ്കിലെ തന്റെ ഗ്രാമമായ മസാഫര്‍ യാട്ടയില്‍ നിന്നും സ്വന്തം ജനങ്ങളെ ഇറക്കി വിടുന്നത് കുട്ടിക്കാലം മുതല്‍ കാണുന്നതാണ് അദ്ര. അതയാളെ ഒരു പോരാളിയാക്കി, പക്ഷേ തോക്കിനു പകരം കൈയിലെടുത്തത് കാമറയാണ്.

അധികാരത്തിന്റെ കഥയായി പറഞ്ഞു തുടങ്ങുന്ന ഈ ഡോക്യുമെന്ററിയുടെ തുടക്കത്തില്‍ അദ്ര പറയുന്നത്, ” ഞങ്ങളുടെ ജീവിതം അവസാനിക്കാറായപ്പോള്‍ ഞാന്‍ ചിത്രീകരിക്കാന്‍ തുടങ്ങി” എന്നാണ്. മസാഫര്‍ യാട്ടയില്‍ ഇസ്രയേലികളും അവരുടെ ബുള്‍ഡോസറുകളും തോക്കുകളും അഹന്തയും അധികാരവും എങ്ങനെയാണ് പലസ്തീനികളുടെ ജീവിതം തകര്‍ത്തെറിയുന്നതെന്ന് സ്പഷ്ടമായി പറഞ്ഞു വയ്ക്കുന്നുണ്ട്.

ലോകം ഇവിടെ അവസാനിക്കുന്നുവെന്നായിരുന്നു അദ്ര ആദ്യം വിശ്വസിച്ചത്. പിന്നീടവന്‍ എല്ലാ കാര്യങ്ങളും തന്റെ വീഡിയോ കാമറയില്‍ ചിത്രീകരിക്കാന്‍ തുടങ്ങി. ആ വീഡിയോ ഫുട്ടേജുകള്‍ ലോകത്തിന് മുന്നിലേക്ക് എത്തിയപ്പോഴാണ് എന്നോ നഷ്ടപ്പെട്ട തെളിച്ചം അദ്രയുടെ കണ്ണുകളില്‍ തിരിച്ചെത്തിയത്. എന്നാല്‍ ആ കാഴ്ച്ചകള്‍ ഇസ്രയേലി കുടിയേറ്റക്കാരെ ഒട്ടൊന്നുമല്ല പ്രകോപിതരാക്കിയത്, അവരുടെ ചെയ്തികള്‍ ലോകം കാണുന്നത് അവര്‍ക്കിഷ്ടമാകില്ലല്ലോ!

2022- ലാണ് ഇസ്രയേല്‍ സുപ്രിം കോടതി മസാഫര്‍ യാട്ടയിലെ പലസ്തീനികളുടെ പൂര്‍വ്വിക ഭൂമിയുടെ നിയന്ത്രണം ഇസ്രയേല്‍ പ്രതിരോധ സേനയ്ക്ക് കൈമാറുന്ന ഉത്തരവിടുന്നത്. ഈ ഉത്തരവിന്റെ ബലത്തില്‍ പലസ്തീനികളെ അവരുടെ മണ്ണില്‍ നിന്നും പുറത്താക്കുന്നതാണ് നോ അദര്‍ ലാന്‍ഡില്‍ കാണിക്കുന്നത്.

ഡോക്യുമെന്ററിയില്‍ പ്രധാന കഥാപാത്രങ്ങളായി വരുന്നത് സംവിധായകരായ ബാസല്‍ അദ്രയും യുവാല്‍ എബ്രഹാമും(ഇസ്രയേല്‍ പത്രപ്രവര്‍ത്തകന്‍) ആണ്. അധിനിവേശക്കാര്‍ക്ക് (ഇസ്രയേല്‍ കുടിയേറ്റക്കാര്‍) അരികിലേക്ക് അവര്‍ നേരിട്ട് ചെല്ലുന്നില്ല. അത് വ്യര്‍ത്ഥവും അപകടകരവുമാണെന്ന് അവര്‍ക്കറിയാം. പകരം വ്യത്യസ്തമായൊരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ശബ്ദിക്കുന്ന തോക്കുകള്‍ക്കും ഇടിച്ചു കയറുന്ന ബുള്‍ഡോസറുകള്‍ക്കും സമീപം അവരുടെ കാമറകളെത്തുന്നു. എല്ലാം അവര്‍ റെക്കോര്‍ഡ് ചെയ്യുന്നു. ശരിക്കുമത് ജീവന്‍ വച്ചുള്ള കളിയാണ്. കാരണം മുഖംമൂടി ധരിച്ച മിലിഷിയകള്‍ തങ്ങളെ തടസ്സപ്പെടുത്തുകയോ ശല്യപ്പെടുത്തുകയോ ചെയ്യുന്ന ആരെയും വെടിവച്ചുകൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് നില്‍ക്കുന്നത്.

2024 ഫെബ്രുവരിയിലാണ് 74-ാമത് ബെര്‍ലിന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത്. അഭിമാനകരമായ സ്വീകരണമാണ് കിട്ടിയത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ നോ അദര്‍ ലാന്‍ഡിനെ കുറിച്ച് സംസാരിച്ചു. ബെര്‍ലിന്‍ ചലച്ചിത്രോത്സവത്തില്‍ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടതും നോ അദര്‍ ലാന്‍ഡ് ആയിരുന്നു. ഒരു യു എസ് വിതരണക്കാരനെ ലഭിക്കാതെ തന്നെയാണ് 2025ലെ ഒസ്‌കര്‍ പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ ഈ ഡോക്യുമെന്റി സ്വന്തമാക്കിയതെന്നതും അതിന്റെ സ്വീകാര്യതയുടെ തെളിവാണ്.

No other Land Documentary 1

ഇസ്രയേല്‍ നയങ്ങളെ ഈ ഡോക്യുമെന്റി വളരെ വിമര്‍ശനാത്മകമായി സമീപിക്കുന്നുവെന്നാണ് യുവാല്‍ എബ്രഹാം പറയുന്നത്. ‘ഒരു ഇസ്രയേലി എന്ന നിലയില്‍, അത് ശരിക്കും നല്ല കാര്യമാണെന്ന് ഞാന്‍ കരുതുന്നു, കാരണം ഈ നയങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയണമെങ്കില്‍ നമ്മള്‍ അവയെ വിമര്‍ശിക്കേണ്ടതുണ്ട്’. യുവാലിന്റെതാണീ വാക്കുകള്‍. എന്നാല്‍ ഒരു ഡോക്യുമെന്റിറിയുടെ രൂപത്തില്‍ പോലും വിമര്‍ശനങ്ങളെ സ്വീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നതിന് തെളിവാണ് തങ്ങളുടെ ഡോക്യുമെന്ററിക്ക് ഒരു യുഎസ് ഡിസ്ട്രിബ്യൂട്ടറെ കിട്ടാത്തതിന് കാരണമായി യുവാല്‍ പറയുന്നത്. ഡോക്യുമെന്ററിയുടെ പേരില്‍ യോഹാലിനെതിരേ വധ ഭീഷണിയുണ്ട്. ഇസ്രയേലില്‍ നിന്നുമാത്രമല്ല ജര്‍മനിയില്‍ നിന്നും. സമാധാനപരമായ സഹവര്‍ത്വത്തിനുള്ള ആഹ്വാനമാണ് യുവാലിനെ പോലുള്ളവര്‍ ആഗ്രഹിക്കുന്നതും, പ്രവര്‍ത്തിക്കുന്നതും. പക്ഷേ അയാള്‍ രാജ്യദ്രോഹിയും വംശദ്രോഹിയുമായി ചിത്രീകരിക്കപ്പെടുന്നു(ഇസ്രയേലി സംവിധായകനെ ‘യഹൂദവിരോധി’യാക്കി വധ ഭീഷണി).

എന്താണ് ഈ ഡോക്യുമെന്റി പറയുന്നതെന്നോ, അതിനോട് തങ്ങള്‍ക്ക് യോജിപ്പാണോ വിയോജിപ്പാണോ എന്നതോ അല്ല, ഇതുമൂലം ഉണ്ടായേക്കാവുന്ന അപകടമാണ് കമ്പനികളെ അകറ്റി നിര്‍ത്തുന്നതെന്നാണ് നോ അദര്‍ ലാന്‍ഡിന് വിതരണക്കാരെ കിട്ടാത്തതിനു കാരണമായി ജൂത ചലച്ചിത്ര നിര്‍മാതാവും സിനിമ നിരൂപകവുമായ എറിക് ജോണ്‍ കണ്ടെത്തുന്നത്.

നോ അദര്‍ ലാന്‍ഡ് ഒരു ആന്റി-സെമറ്റിക് ഡോക്യുമെന്റിയല്ല എന്നാണ് നിരൂപകര്‍ പറയുന്നത്. ഇതൊരിക്കലും മൊത്തം ജൂത സമൂഹത്തിനെതിരല്ല, എന്നാല്‍ തീര്‍ച്ചയായും ബഞ്ചമിന്‍ നെതന്യാഹൂ ഭരണകൂടത്തിനെതിരാണ്, എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഭരണകൂടവും അതിന്റെ പിന്തുണക്കാരുമാണ്, അദ്ര പറഞ്ഞതുപോലെ ഈ ഡോക്യുമെന്ററിയുടെ പേരില്‍ ഹംദാനെ പിടികൂടി കൊണ്ടു പോകുന്നതും പലസ്തീനികളെ വേട്ടയാടുന്നതും.  No Other Land; Documentary Exposes Israel’s West Bank Occupation

Content Summary; No Other Land; Documentary Exposes Israel’s West Bank Occupation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×