മികച്ച ഡോക്യുമെന്ററിക്കുള്ള ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്‌കാരം നേടിയ ഇസ്രയേലി ചലച്ചിത്ര സംവിധായകന്‍ യുവാല്‍ എബ്രഹാമിനെതിരേ വധ ഭീഷണികള്‍. പുരസ്‌കാര ചടങ്ങില്‍ പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുവാല്‍ നടത്തിയ പ്രസംഗം വിവാദമായതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയ വഴയുള്‍പ്പെടെ വധഭീഷണികള്‍ വരുന്നത്. യുവാലിന്റെ വാക്കുകള്‍ യഹൂദ വിരോധം (ആന്റിസെമിറ്റിക് ) പടര്‍ത്തുന്നതാണെന്നായിരുന്നു ജര്‍മന്‍ മാധ്യമങ്ങളുടെ ആരോപണം. സംവിധായകനെതിരേ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ പ്രതിഷേധമറിയിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
വെസ്റ്റ് ബാങ്കിലെ മസാഫര്‍ യാട്ടയിലെ പലസ്തീനിയന്‍ ഗ്രാമങ്ങളുടെ നാശത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ‘നോ അദര്‍ ലാന്‍ഡ്’ ഡോക്യുമെന്ററിക്കാണ് ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ മികച്ച ഡോക്യൂമെന്ററിക്കുള്ള പുരസ്‌കാരം ലഭിച്ചത്. പുരസ്‌കാര സ്വീകരണ പ്രസംഗത്തില്‍ യുവാല്‍ വര്‍ണവിവേചനത്തെക്കുറിച്ച് സംസാരിക്കുകയും ഗാസയില്‍ വെടിനിര്‍ത്തലിനും സമാധാനത്തിനും ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൊണ്ടുള്ള യുവാലിന്റെ പ്രസംഗം ചടങ്ങിലെ സുപ്രധാന നിമിഷങ്ങളില്‍ ഒന്നായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് യുവാലും കുടുംബവും വധ ഭീഷണിയുടെ നിഴലിലാണ്. ഭീഷണിയെ തുടര്‍ന്നു യുവല്‍ തിരികെ ഇസ്രയേലിലേക്ക് പോകാന്‍ മടിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
ഹോളോകോസ്റ്റിനെ അതിജീവിച്ചവരുടെ മകനായി ജര്‍മന്‍ മണ്ണില്‍ നിന്നുകൊണ്ട് വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുമ്പോള്‍ എന്നെ യഹൂദവിരുദ്ധന്‍ എന്ന് മുദ്രകുത്തുന്നത് അതിരുകടന്നതും അപകടകരവുമായ ഒരു പ്രവണതയാണെന്നായിരുന്നു യുവാലിന്റെ പ്രതികരണം. ഹോളോകോസ്റ്റിനെക്കുറിച്ചുള്ള ജര്‍മനിയുടെ കുറ്റബോധം കൈകാര്യം ചെയ്യുന്ന രീതി ഇതാണെങ്കില്‍ അതെന്നെ അസ്വസ്ഥനാക്കുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. കുറ്റബോധം കൈകാര്യം ചെയ്യുന്ന ജര്‍മനിയുടെ രീതി ഇതാണെങ്കില്‍ അത് തികച്ചും അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഫെസ്റ്റിവല്‍ സമാപന ചടങ്ങ് കഴിഞ്ഞു അടുത്ത ദിവസം ഇസ്രയേലിലേക്ക് മടങ്ങാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ ഇസ്രയേല്‍ മാധ്യമങ്ങളിലടക്കം എന്റെ പ്രസംഗം യഹൂദവിരോധം പ്രകടിപ്പിച്ചു എന്ന തരത്തില്‍ പ്രചരിച്ചതിനു ശേഷം തിരിച്ചു പോകാനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തുകയായിരുന്നു’-യുവാല്‍ പറയുന്നു. സമൂഹ മാധ്യമങ്ങളില്‍ നിന്നും നിരവധി വധ ഭീഷണികള്‍ ലഭിക്കുന്നുണ്ടെന്നാണ് സംവിധായകന്‍ പറയുന്നത്. അധിനിവേശത്തിനെതിരേ സംസാരിക്കുകയും വര്‍ണ്ണവിവേചനം പോലുള്ള കാര്യങ്ങളില്‍ ശബ്ദമുയര്‍ത്തുകയും ചെയ്യുന്നവരെ നിശബ്ദമാക്കാന്‍ ജര്‍മനി ജൂത വിരുദ്ധത എന്ന പദം ദുരുപയോഗം ചെയ്യുകയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇത്തരം ദുരുപയോഗ നടപടികള്‍ യഥാര്‍ത്ഥ യഹൂദ വിരുദ്ധതയുടെ ഗൗരവം കുറയ്ക്കുന്നതാണെന്നും’ യുവല്‍ പറഞ്ഞു.
ഗാസയിലെ ജനങ്ങള്‍ കൂട്ടക്കൊലക്ക് വിധേയരാവുകയും നിഷ്‌കരുണം വധിക്കപെടുകയും ചെയ്യുമ്പോള്‍ തന്റെ സിനിമയ്ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അംഗീകാരവും വിജയവും ആഘോഷിക്കാന്‍ താന്‍ പാടുപെടുകയാണെന്നും നോ അദര്‍ ലാന്‍ഡ് ഡോക്യുമെന്ററിയുടെ സംവിധാന പങ്കാളിയായ ബാസല്‍ അദ്ര ചടങ്ങില്‍ വച്ച് പറഞ്ഞിരുന്നു. പ്രസംഗത്തില്‍ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്താന്‍ അദ്ര ജര്‍മനിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
താന്‍ ഇപ്പോള്‍ സുരക്ഷിതാണെന്നും എന്നാല്‍ അപകടത്താല്‍ ചുറ്റപ്പെട്ട വെസ്റ്റ് ബാങ്കിലെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയ ബാസല്‍ ആദ്രയുടെ സുരക്ഷയെക്കുറിച്ച് തനിക്ക് ആശങ്കയുണ്ടെന്നും, അധിനിവേശത്തിന്റെ കീഴില്‍ ജീവിക്കുന്ന ബാസലിനെതിരെ സൈന്യത്തിനോ കുടിയേറ്റക്കാര്‍ക്കോ ഏത് നിമിഷവും പ്രതികാരം ചെയ്യാം എന്നും യുവാല്‍ എബ്രഹാം പറയുന്നുണ്ട്. ഇത്തരം വിഷയങ്ങള്‍ വളച്ചൊടിച്ചുകൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നത് സൈനിക അധിനിവേശ തന്ത്രമായാണ് തനിക്ക് അനുഭവപ്പെടുന്നത്. ഞങ്ങള്‍ ഒറ്റകെട്ടായി നില്‍ക്കുമെന്നും എല്ലാവര്‍ക്കും ഒരുമയോടും സമാധാനത്തിലും തുല്യ അവകാശങ്ങളോടെയും ജീവിക്കാന്‍ കഴിയുന്ന കാലമാണ് തന്റെ സിനിമകളിലൂടെ വിഭാവനം ചെയ്യുന്നതെന്നും യുവാല്‍ എബ്രഹാം പറഞ്ഞു.