ഫുട്‌ബോള്‍ മാനേജര്‍, ഫിഫ തുടങ്ങിയ സിമുലേഷന്‍ ഗെയിംസ് പണ്ട് തൊട്ടേ കളിക്കുന്നവര്‍ക്ക്, അവര്‍ അറിയാതെ തന്നെ മനസ്സില്‍ പതിഞ്ഞൊരു മണ്ടന്‍ സങ്കല്‍പ്പമുണ്ട്. തങ്ങളുടെ ടീമിലെ താരങ്ങള്‍ ആരെങ്കിലും പ്രായത്തിന്റെ കാര്യത്തില്‍ 30 എന്ന സംഖ്യ കടന്നാല്‍ പിന്നെ അവരെ അധികം നാള്‍ ടീമില്‍ നിര്‍ത്തരുത്. ഇതുപോലത്തെ സിമുലേഷന്‍ ഗെയിംസിന്റെ ലോജിക് വെച്ച് 30+ ആയാല്‍ പിന്നെ താരത്തിന്റെ അധപതനമാണ്. ആണ്. പലപ്പോഴുമുള്ള സീസണ്‍ ഒബ്‌ജെക്റ്റീസ്വിലും കാണാം 30 കഴിഞ്ഞ താരങ്ങള്‍ക്ക് കരാര്‍ നീട്ടിക്കൊടുക്കരുതെന്ന നിലപാട്. അത്തരം കളിക്കാരെ പതിയെ തട്ടണം, അവരുടെ പീക് ടൈം കഴിഞ്ഞിരിക്കുന്നു, ഇനി ക്ലബ്ബില്‍ നില്‍ക്കുന്ന ഓരോ വര്‍ഷവും അവരുടെ മാര്‍ക്കറ്റ് വാല്യൂ കുത്തനെ താഴേക്ക് പോകും എന്നൊക്കെയാണ് വിചാരം. ചെറു പ്രായത്തില്‍ തന്നെ അക്കാദമി ഫുട്‌ബോള്‍, പ്രൊഫഷണല്‍ ഫുട്‌ബോള്‍ തുടങ്ങുന്നവര്‍ക്ക് ഒരു പക്ഷെ 30 നോട് അടുക്കുമ്പോള്‍ സ്വാഭാവികമായി പെര്‍ഫോമന്‍സ് കുറഞ്ഞേക്കാം. അവരുടെ ശരീരം അത്രയും ലോഡ് എടുത്തിട്ടുണ്ട്. പ്രായം കൂടുന്തോറും കുറയുന്ന പേസും മറ്റൊരു ഘടകം തന്നെ.
പക്ഷെ എല്ലാവരും അറിഞ്ഞോ അറിയാതെയോ വില കുറച്ചു കാണുന്നൊരു കാര്യമുണ്ട്. എക്‌സ്പീരിയന്‍സ്. ചില്ലറ സംഭവമൊന്നുമല്ല അത്. എതിരാളിയുടെ നീക്കങ്ങള്‍ മനസ്സില്‍ കണ്ട് അതിനനുസരിച്ചു താന്‍ എങ്ങനെ നീങ്ങണം, എന്ത് ചെയ്യണം എന്നൊക്കെ പൊടുന്നനെ താരതമ്യേനെ ചുരുങ്ങിയ സമയത്ത് ചെയ്യാന്‍ പറ്റും. ഒരു ഡിഫന്‍ഡറെ സംബന്ധിച്ചാണെങ്കില്‍, മത്സരപരിചയം കൊണ്ട് എപ്പോള്‍ ടാകിള്‍ ചെയ്യണം, എപ്പോള്‍ ഡിലെ ചെയ്യണം എന്നൊക്കെ കൃത്യമായി അറിയാന്‍ കഴിയും. ഓരോ പൊസിഷനിലും അങ്ങനെ മത്സരപരിചയം കൊണ്ട് നേടിയെടുക്കുന്ന ട്രെയിറ്റ്‌സ് വേറെ.
മുന്നേ പറഞ്ഞത് പോലെ ഏറെക്കുറെ ആളുകള്‍ എഴുതി തള്ളിയ ഒരു താരമായിരുന്നു ന്യൂസിലന്‍ഡുകാരന്‍ ക്രിസ് വുഡ്. രണ്ട് വര്‍ഷം മുന്നേ പുത്തന്‍ പണക്കാരായ ന്യൂകാസില്‍ യുണൈറ്റഡില്‍ നിന്നും നോറ്റിങ്ഹാമിലേക്കു ചേക്കേറിയ കിവി താരം ഈ സീസണില്‍ കരിയര്‍ ബെസ്റ്റ് ഫോമിലാണ്. മുപ്പത്തിമൂന്നിന്റെ ‘ചെറുപ്പത്തില്‍’ നില്‍ക്കുന്ന വുഡ് ഈ സീസണില്‍ പ്രീമിയര്‍ ലീഗില്‍ അടിച്ചു കൂട്ടിയത് 17 ഗോളുകളാണ്. മുന്നിലുള്ളത് മഞ്ചസ്റ്റര്‍ സിറ്റിയുടെ ഹാളണ്ടും ലിവര്‍പൂളിന്റെ സാലയും മാത്രം. വേള്‍ഡ് ക്ലാസ്സ് എന്ന് പറഞ്ഞാലും തെറ്റില്ല.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിനെ സംബന്ധിച്ച് വുഡ് ഒരു പുത്തന്‍ താരോദയം ഒന്നുമല്ല. കരിയര്‍ നോക്കിയാല്‍ ഒരു പ്രോപ്പര്‍ ജേര്‍ണി മാന്‍ ആണ് വുഡ്. വെസ്റ്റ് ബ്രോം, ബാണ്‍സ്ലി, ബ്രയിറ്റന്‍, ബിര്‍മിങ്ഹാം, ബ്രിസ്റ്റല്‍, ലെസ്റ്റര്‍, ഇപ്‌സ്വിച്, ലീഡ്സ്, ബണ്‌ലി, ന്യുകാസില്‍ എന്നിവര്‍ക്കായി വുഡ് ജേഴ്‌സി അണിഞ്ഞിട്ടുണ്ട്. ഇതില്‍ തന്നെ ബണ്‌ലി, ലീഡ്സ് സ്‌പെല്ല് ആയിരുന്നു മികച്ച ഗോള്‍ റിട്ടേണ്‍സ് നല്‍കിയ ഫേസ്. ജനിച്ചു വീണത് ന്യൂസിലന്‍ഡ് മണ്ണിലാണെങ്കിലും തായ്‌വേര് ഇംഗ്ലണ്ട് ആണ്.
ഇനി കുറച്ചു സ്റ്റാറ്റിസ്റ്റിക്‌സ് ആവാം. വുഡ് 17 ഗോളുകള്‍ അടിച്ചുകൂട്ടിയത് വെറും 45 ഷോട്ടില്‍ നിന്നാണ്. കണക്ക് പ്രകാരം ഓരോ ഷോട്ടിന്റെയും ആവറേജ് എക്‌സ് ജി(എക്‌സ്‌പെക്റ്റഡ് ഗോള്‍) വെറും 0.23. എക്‌സ് ജി(X G) എന്നത് ഒരു ഷോട്ട് ഗോള്‍ ആകുവാനുള്ള സാധ്യതയെ സൂചിപ്പിക്കുന്ന ഒരു പരാമീറ്റര്‍ ആണ്. ഉദാഹരണത്തിന്, ഒരു ഷോട്ടിന്റെ എക്‌സ് ജി 0.5 ആണെങ്കില്‍, അത് ഗോള്‍ ആകുവാന്‍ 50% സാധ്യത ഉണ്ടെന്ന് അനുമാനിക്കാം. ഷോട്ട് എടുക്കുന്ന ദൂരം, എടുക്കുന്ന താരം, എന്നിങ്ങനെ പല കാര്യങ്ങള്‍ ഇതിന്റെ പിന്നിലുണ്ട് കേട്ടോ.
ചുരുക്കത്തില്‍, ഗോളായി മാറുവാന്‍ സാധ്യത കുറവുള്ള ഷോട്ടുകളില്‍ നിന്നും കണ്‍സിസ്റ്റന്റ് ആയി വല കുലുക്കാന്‍ കഴിവുണ്ടെങ്കില്‍ അയാള്‍ക് അസാമാന്യ ഫിനിഷിങ് പാടവമുണ്ട്. നോണ്‍-പെനാല്‍റ്റി എക്‌സ് ജി കണക്ക് നോക്കിയാലും ക്രിസ് വുഡിന്റെ ഓവര്‍ പെര്‍ഫോമന്‍സ് തെളിഞ്ഞു നില്‍കും.
നുനോ എസ്പേരിറ്റൊ സന്റോസിന്റെ കീഴില്‍ ചാരത്തില്‍ നിന്നും ഉയിര്‍ത്തെണീറ്റ ഫോറസ്റ്റിന്റെ ആകെ ഗോളുകളില്‍ 42 ശതമാനവും ഈ ന്യൂസിലന്‍ഡുകാരന്റെ തന്നെ. വുഡ് നേടുന്ന വണ്‍ ടച്ച് ഗോളുകളും ലീഗിലെ തന്നെ മികച്ച ഫിനിഷര്‍മാരില്‍ ഒരാളായി അയാളെ ചേര്‍ത്ത് വെക്കുന്നുണ്ട്. ഗിബ്‌സ്-വൈറ്റ്, ആന്റണി എലാങ്ക, ഹട്‌സണ്‍-ഒടോയി, അന്‍ഡേഴ്‌സണ്‍ എന്നിവരൊക്കെ ടീമിന്റെ ക്രിയേറ്റീവ് ഡിപ്പാര്‍ട്‌മെന്റ് ഏറ്റെടുക്കുമ്പോള്‍ ഓരോ നീക്കവും അതിനൊത്ത പെര്‍ഫക്ഷനോടെ ഗോള്‍ ആക്കുന്നത് ഈ കുന്തമുനയാണ്.
ക്രിസ് വുഡ് ഒരു പ്രോപ്പര്‍ ഓള്‍ഡ് ഫാഷന്‍ ഫുട്‌ബോളറാണ്. പന്ത് ലഭിച്ചാല്‍ കൂടുതല്‍ ചിന്തിക്കാതെ ലക്ഷ്യത്തിലേക്ക് എത്തിക്കുക. എന്തൊക്കെ പറഞ്ഞാലും, ഫുട്‌ബോള്‍ പോലൊരു ലോ സ്‌കോറിങ് ഗെയിമിലെ ‘ഗെയിം ചെയ്ഞ്ചിംഗ് മൊമെന്റ്’ പന്ത് ഗോള്‍വര കടക്കുന്നതാണല്ലോ.
എക്‌സ് ജി യുടെ കാര്യത്തില്‍ മാത്രമല്ല, ഫാന്‍സിന്റെ പ്രതീക്ഷകള്‍ക്കുമപ്പുറം പെര്‍ഫോം ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ. പഴകുന്തോറും വീഞ്ഞിനു വീര്യം കൂടുമെന്നല്ലേ പഴമക്കാര്‍ പറയുന്നത്. കാടും മലയും മണ്ണുമൊക്കെ തന്നിഷ്ടത്തിന് താറുമാറാക്കി കോണ്‍ക്രീറ്റ് കാടുകളില്‍ മനുഷ്യന്‍ സൃഷ്ടിക്കുന്ന കാലത്ത് ‘സിറ്റി’കള്‍ക്കെതിരെ ‘ഫോറസ്റ്റ്’ഉം ‘വുഡ്’ ഉം ഒക്കെ ജയിച്ചു കേറുന്നത് ഒരു കാവ്യനീതിയായിക്കാണാനാണിഷ്ടം. Nottingham Forest’s Chris Wood proves age is just a number with impressive performance in football
Content Summary; Nottingham Forest’s Chris Wood proves age is just a number with impressive performance in football