മിഡില്‍ ഈസ്റ്റില്‍ മുമ്പെങ്ങുമില്ലാത്തവിധം നാവിക-വ്യോമ സേനകളെ വിന്യസിച്ച് ഇറാനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ് അമേരിക്ക. ജനീവയില്‍ നടക്കുന്ന ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനിലെ ആണവ കേന്ദ്രങ്ങളും സൈനിക ആസ്ഥാനങ്ങളും ലക്ഷ്യമിട്ട് നേരിട്ടുള്ള ആക്രമണം നടത്താനാണ് അമേരിക്കന്‍ നീക്കം. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇറാന് കനത്ത മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിക്കഴിഞ്ഞു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി മിഡില്‍ ഈസ്റ്റിലേക്ക് യുഎസ് സൈനിക ആസ്തികളുടെ വന്‍ ശേഖരമാണ് ഒഴുകുന്നത്. നിലവില്‍ മേഖലയിലുള്ള യുഎസ്എസ് എബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിന് പുറമെ യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് കാരിയര്‍ ഗ്രൂപ്പിനെയും ട്രംപ് ഭരണകൂടം വിന്യസിച്ചു. കൂടാതെ യുകെ ആസ്ഥാനമായുള്ള യുഎസ് ടാങ്കറുകളും യുദ്ധവിമാനങ്ങളും മിഡില്‍ ഈസ്റ്റിന് അടുത്തുള്ള താവളങ്ങളിലേക്ക് മാറ്റി. ജനുവരി 25 മുതല്‍ ജോര്‍ദാനിലെ മുവാഫാഖ് സാള്‍ട്ടി വ്യോമതാവളത്തില്‍ 12 എഫ്-15 യുദ്ധവിമാനങ്ങള്‍ നിലയുറപ്പിച്ചിട്ടുണ്ട്.
ഏകദേശം 250-ലധികം ചരക്ക് വിമാനങ്ങളാണ് യുഎസില്‍ നിന്ന് ജോര്‍ദാന്‍, ബഹ്റൈന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സൈനിക സാമഗ്രികള്‍ എത്തിച്ചത്. ചര്‍ച്ചകള്‍ വിജയിച്ചില്ലെങ്കില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ആസ്ഥാനവും ആണവ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ടോമാഹോക്ക് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ അമേരിക്കയ്ക്ക് പദ്ധതിയുണ്ട്.
ഇറാനില്‍ ഭരണമാറ്റം സംഭവിക്കുന്നതാണ് ഏറ്റവും നല്ല കാര്യമെന്ന് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വന്തം ജനതയെ കൊന്നൊടുക്കുന്നത് ഇറാന്‍ നിര്‍ത്തുന്നില്ലെങ്കില്‍ സൈനിക നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. ‘ചര്‍ച്ചകള്‍ വിജയിക്കുമെന്ന് ഞാന്‍ കരുതുന്നു, പക്ഷേ പരാജയപ്പെട്ടാല്‍ ഇറാന് അത് വളരെ മോശം ദിവസമായിരിക്കും,’ എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.
എന്നാല്‍ ഇറാന്‍ ഭരണകൂടം തകര്‍ന്നാല്‍ പകരം ആര് അധികാരം ഏറ്റെടുക്കുമെന്ന കാര്യത്തില്‍ യുഎസ് ഭരണകൂടത്തിന് ഇപ്പോഴും വ്യക്തതയില്ല. ഐആര്‍ജിസി അധികാരം പിടിച്ചെടുക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച യുഎന്‍ ആണവ നിരീക്ഷണ സമിതി തലവന്‍ റാഫേല്‍ ഗ്രോസി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ജനീവയില്‍ കൂടിക്കാഴ്ച നടത്തി. അമേരിക്കയുടെ പക്ഷത്തുനിന്ന് സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്‌നറുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ഇറാന്‍ നേരിയ തോതില്‍ പോലും യുറേനിയം സമ്പുഷ്ടീകരിക്കുന്നത് അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് തങ്ങളുടെ അവകാശമാണെന്ന നിലപാടിലാണ് ഇറാന്‍. യുഎസ് ആക്രമണം തടയാന്‍ ഇറാന്റെ എണ്ണ, വാതക വിഭവങ്ങളില്‍ അമേരിക്കയ്ക്ക് പ്രത്യേകാവകാശം നല്‍കുന്ന സാമ്പത്തിക കരാറുകള്‍ ഇറാന്‍ മുന്നോട്ടുവെച്ചേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇറാനെതിരായ സൈനിക നീക്കങ്ങളില്‍ ഇസ്രയേലുമായി സഹകരിക്കുന്നതിനെക്കുറിച്ചും യുഎസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. മുന്‍പ് നടന്ന ‘ഓപ്പറേഷന്‍ മിഡ്നൈറ്റ് ഹാമര്‍’ മാതൃകയില്‍ ഒരു സംയുക്ത ആക്രമണത്തിനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനുമായുള്ള ആണവ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഐആര്‍ജിസി ആസ്ഥാനവും ആണവ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് യുഎസും ഇസ്രയേലും സംയുക്ത ആക്രമണം നടത്തിയേക്കാം. മേഖലയില്‍ ഇതിനോടകം 250-ലധികം യുഎസ് ചരക്ക് വിമാനങ്ങള്‍ സൈനിക സാമഗ്രികള്‍ എത്തിച്ചുകഴിഞ്ഞു. മിഡില്‍ ഈസ്റ്റ് മറ്റൊരു വന്‍ യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ഭീതിയിലാണ് അന്താരാഷ്ട്ര സമൂഹം.
Content Summary: Nuclear talks in Geneva; US boosts massive military presence in Middle East