ഓസ്ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും അദ്ദേഹത്തിന്റെ രണ്ട് കുട്ടികളെയും ക്രൂരമായി ചുട്ടുകൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ദാരാ സിംഗിന്റെ മോചനത്തിന് വഴിതുറന്ന് ഒഡീഷയിലെ ബിജെപി സര്‍ക്കാര്‍. ജയിലിലെ ‘നല്ല നടപ്പിന്റെ’ അടിസ്ഥാനത്തില്‍ ദാരാ സിംഗിനെ ശിക്ഷാകാലവധി തീരും മുമ്പേ മോചിപ്പിക്കാന്‍ ഒഡീഷ സ്റ്റേറ്റ് സെന്റന്‍സ് റിവ്യൂ ബോര്‍ഡ് ശുപാര്‍ശ ചെയ്തതായി ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപകാല ഓസ്ട്രേലിയന്‍ സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ക്കകമാണ് ഈ നിര്‍ണായക നീക്കമെന്നത് ശ്രദ്ധേയമാണ്.
1999 ജനുവരി 22-ന് രാത്രിയാണ് ആഗോള തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായ ആ ക്രൂര കൊലപാതകം നടന്നത്. കുഷ്ഠരോഗികള്‍ക്കായി അഭയകേന്ദ്രം നടത്തിയിരുന്ന ഗ്രഹാം സ്റ്റെയിന്‍സും മക്കളും ഉറങ്ങിക്കിടന്നിരുന്ന വണ്ടിക്ക് ദാരാ സിംഗിന്റെ നേതൃത്വത്തിലുള്ള അക്രമിസംഘം തീയിടുകയായിരുന്നു. സ്റ്റെയിന്‍സും അദ്ദേഹത്തിന്റെ രണ്ട് ചെറിയ കുട്ടികളും ജീവനോടെ വെന്തുമരിച്ചു. ഈ കേസില്‍ 2003-ല്‍ ഖോര്‍ധയിലെ വിചാരണ കോടതി ദാരാ സിംഗിന് വധശിക്ഷയും മറ്റ് 12 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. എന്നാല്‍ പിന്നീട് ഒഡീഷ ഹൈക്കോടതി ദാരാ സിംഗിന്റെ വധശിക്ഷ ജീവപര്യന്തമായി ചുരുക്കുകയായിരുന്നു. ഈ കേസുകൂടാതെ ഒരു മുസ്ലിം വ്യാപാരിയെയും മറ്റൊരു ക്രിസ്ത്യന്‍ മിഷനറിയെയും കൊലപ്പെടുത്തിയ മറ്റ് രണ്ട് കേസുകളിലും ദാരാ സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയും ചെയ്യുന്നുണ്ട്. നിലവില്‍ കിയോഞ്ജര്‍ ജില്ലാ ജയിലില്‍ കഴിയുന്ന ദാരാ സിംഗ് ഇതിനകം 26 വര്‍ഷത്തോളം വിവിധ ജയിലുകളിലായി ശിക്ഷ അനുഭവിച്ചു കഴിഞ്ഞു.
ജയില്‍ അധികൃതരില്‍ നിന്നും കിയോഞ്ജര്‍ ജില്ലാ ഭരണകൂടത്തില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രിസണ്‍ ഡയറക്ടര്‍ ജനറലാണ് ദാരാ സിംഗിന്റെ മോചനത്തിനായി ശുപാര്‍ശ സമര്‍പ്പിച്ചത്. ജൂലൈ ആദ്യവാരത്തില്‍ ചേര്‍ന്ന ഒഡീഷ സ്റ്റേറ്റ് സെന്റന്‍സ് റിവ്യൂ ബോര്‍ഡിന്റെ യോഗത്തിലാണ് ദാരാ സിംഗ് ഉള്‍പ്പെടെയുള്ള തടവുകാരുടെ നേരത്തെയുള്ള മോചനം പരിഗണനയ്ക്ക് വന്നത്. ഇതിനുമുമ്പ് 2025 സെപ്റ്റംബറില്‍ ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ 107 അപേക്ഷകള്‍ പരിഗണിച്ചിരുന്നു. അതില്‍ 18 കേസുകള്‍ ശുപാര്‍ശ ചെയ്യുകയും 75 എണ്ണം നിരസിക്കുകയും 14 കേസുകള്‍ മാറ്റിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2025 നവംബറില്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചതോടെ ആ 18 ജീവപര്യന്തം തടവുകാരും ജയില്‍ മോചിതരായി. അന്ന് മാറ്റിവെച്ച 14 കേസുകളാണ് ഇത്തവണ വീണ്ടും ബോര്‍ഡിന് മുന്നിലെത്തിയതെന്നും അതിലൊന്നാണ് ദാരാ സിംഗിന്റേതെന്നും ഒഡീഷ ജയില്‍ ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
മുന്‍പും ദാരാ സിംഗിനെ മോചിപ്പിക്കുന്നതിനുള്ള രാഷ്ട്രീയം നടന്നിരുന്നു. ഒഡീഷയുടെ നിലവിലെ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി 2022-ല്‍ ബി.ജെ.പി എം.എല്‍.എ ആയിരുന്ന സമയത്ത് ദാരാ സിംഗിനെ മോചിപ്പിക്കണമെന്ന ആവശ്യത്തെ പരസ്യമായി പിന്തുണച്ചിരുന്നയാളാണ്. തീവ്ര മുസ്ലിം വിരുദ്ധ പ്രസ്താവനകളിലൂടെ വിവാദത്തിലായ സുദര്ശന് ടിവി എഡിറ്റര്‍ സുരേഷ് ചവാങ്കെയാണ് ദാരാ സിംഗിന്റെ മോചനത്തിനായി ക്യാമ്പയിന് നയിച്ചിരുന്നത്. 2022 സെപ്റ്റംബറില്‍ കിയോഞ്ജര്‍ ജയിലില്‍ കിടക്കുന്ന ദാരാ സിംഗിനെ കാണാന്‍ ചവാങ്കെയ്ക്ക് ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു. കുടുംബാംഗങ്ങളെയും വക്കീലന്മാരെയും മാത്രമേ കാണാന്‍ അനുവദിക്കൂ എന്നായിരുന്നു ജയില്‍ അധികൃതരുടെ നിലപാട്. ഇതില്‍ പ്രതിഷേധിച്ച് സുരേഷ് ചവാങ്കെയും അന്ന് ബി.ജെ.പിയുടെ ചീഫ് വിപ്പായിരുന്ന മോഹന്‍ ചരണ്‍ മാജിയും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ജയിലിന് മുന്നില്‍ ധര്‍ണ്ണ നടത്തി. ദാരാ സിംഗിനെ പിന്തുണയ്ക്കുന്ന കാര്യം ആവശ്യമെങ്കില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നാണ് അന്ന് മാജി വ്യക്തമാക്കിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം മാജി മുഖ്യമന്ത്രി കസേരയിലെത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ദാരാ സിംഗിന്റെ മോചനത്തിനുള്ള നീക്കങ്ങള്‍ അതിവേഗം നടക്കുന്നത്.
Content Summary; The Odisha State Sentence Review Board has recommended the premature release of Dara Singh, the prime convict in the 1999 Graham Staines murder case, citing good behavior.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.