വായനയെ ചേർത്തുപിടിച്ച ദേശസ്നേഹിയായ ഓംചേരി

ആകസ്‌മികം എന്ന ഓർമക്കുറിപ്പിനാണ്‌ 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചത്‌

പ്രമുഖ എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ജേതാവുമായ ഓംചേരി എൻ.എൻ പിള്ള(101) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന്‌ ഡൽഹിയിലെ സെന്റ്‌ സ്റ്റീഫൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ്‌ മരണം. 1924 ഫെബ്രുവരി ഒന്നിന്‌ കോട്ടയം ജില്ലയിലെ വൈക്കത്ത്‌ മൂത്തേടത്തുകാവെന്ന സ്ഥലത്ത്‌ നാരായണ പിള്ളയുടേയും പാപ്പിക്കുട്ടിയമ്മയുടേയും ഇളയ മകനായി ജനനം. വൈക്കം ഇംഗ്ലീഷ്‌ ഹൈസ്‌കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം കോട്ടയം സി.എം.എസ്‌ കോളേജിൽ ഇന്റർമീഡിയറ്റ്‌ പഠനത്തിന്‌ ചേർന്നു. ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന്‌ ഇസ്ലാമിക്‌ ചരിത്രവും സംസ്‌കാരവുമെന്ന വിഷയത്തിൽ ബിരുദമെടുത്തു. പിന്നീട്‌ അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്‌സിറ്റി, മെക്‌സിക്കൻ യൂണിവേഴ്‌സിറ്റി, യു.എസ്‌.എ മിഷിഗൻ സ്റ്റേറ്റ്‌ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നും ഉന്നത വിദ്യാഭ്യാസം നേടി. കേളേജ്‌ പഠന കാലത്ത്‌ പത്രസ്ഥാപനങ്ങളിലും ഓംചേരി ജോലി ചെയ്‌തിരുന്നു. omcheri-nnpilla-death-

1951 ൽ ഡൽഹിയിലെ ആകാശവാണി മലയാളം വിഭാഗത്തിൽ ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിട്ടുണ്ട്‌.പിന്നീട്‌ പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ, പ്രചരണ വിഭാഗം ഉദ്യോഗസ്ഥൻ എന്നീ ചുമതലകളും വഹിച്ചു. 1962ൽ കേന്ദ്ര ഇൻഫർമേഷൻ സർവീസിൽ ഉദ്യോഗസ്ഥനായി. സെൻസേഴ്‌സ്‌ ഓഫീസ്‌, ഫുഡ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യ എന്നിവിടങ്ങളിലും ഉദ്യേഗസ്ഥനായി പ്രവർത്തിച്ചു. കാലിഫോണിയ യൂണിവേഴ്‌സിറ്റി, ഇന്ത്യൻ ഇൻസ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ കമ്മ്യൂണിക്കേഷൻ ആന്റ്‌ മാനേജ്‌മെന്റ്‌ എന്നിവിടങ്ങളിൽ അധ്യാപകനായി സേവനമനുഷ്ടിച്ചിരുന്നു.1989ൽ ഓംചേരി കേന്ദ്ര സർവീസിൽ നിന്ന്‌ വിരമിച്ചു.

കുട്ടിക്കാലം മുതൽ തന്നെ ദേശസ്‌നേഹി ആയിരുന്ന ഓംചേരിയുടെ വീടിനുളളിലെ ചുമരുകളിലെല്ലാം ദേശീയ നേതാക്കളുടെ ചിത്രങ്ങളായിരുന്നു. ദേശസ്‌നേഹം വളർത്തുന്ന പ്രസിദ്ധീകരണങ്ങൾ വീട്ടിൽ വരുത്തിയിരുന്നത്‌ കൊണ്ട്‌ തന്നെ അവയായിരുന്നു കുട്ടിക്കാലം മുതൽക്ക്‌ ഓംചേരി കൂടുതലും വായിച്ചിരുന്നത്‌. സ്വാഭാവികമായിട്ടും ഓംചേരിയുടെ ഉള്ളിലും ദേശസ്‌നേഹം വളർന്നിരുന്നു. സ്വദേശാഭിമാനിയുടെ പത്രാധിപനായ രാമകൃഷ്‌ണപിള്ള ഓംചേരിയുടെ പിതാവിന്റെ സുഹൃത്തായിരുന്നു. പിതാവിന്‌ രാമകൃഷ്‌ണപിള്ള അയച്ചിരുന്ന കത്തുകൾ ഓംചേരിയും വായിച്ചിരുന്നു. രാമകൃഷ്‌ണപിള്ളയുടെ ദേശസ്‌നേഹം ഓംചേരിയേയും സ്വാധീനിച്ചിരിക്കണം. പുരാണകഥകളേക്കാൾ കേട്ട ദേശസ്‌നേഹത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും കഥകൾ ഓംചേരയെ ദേശസ്‌നേഹിയാക്കി.

100 വയസ്‌ പിന്നിട്ടിട്ടും വാർദ്ധക്യം ബാധിച്ചിട്ടും തന്റെ വായനാശീലം ഓംചേരി ഉപേക്ഷിച്ചിരുന്നില്ല. ദിവസവും പത്രം വായിക്കുകയും വർത്തമാനകാല വിവരങ്ങളെല്ലാം തന്നെ ശ്രദ്ധിക്കുകയും ചെയ്‌തിരുന്നു.വായനയെക്കുറിച്ചുള്ള ചോദ്യത്തിന്‌ ഒരിക്കൽ അദ്ദേഹം നൽകിയ രസകരമായ മറുപടി ഇങ്ങനെയായിരുന്നു. “മരിച്ച്‌ മുകളിലോട്ട്‌ ചെല്ലുമ്പോൾ ദൈവം ചോദിക്കും ഇത്രയൊക്കെ വയസ്സുവരെ നിന്നെ ഞാൻ ഭൂമിയിൽ നിർത്തിയിട്ട്‌ നീ ഇന്ന പുസ്‌തകം വായിച്ചോയെന്ന്‌ അങ്ങനെ ചോദിക്കുമ്പോൾ ഇല്ലെന്ന്‌ പറഞ്ഞാൽ മോശമാവില്ലേ”. വായിച്ചാലും വായിച്ചാലും മതിവരില്ലായെന്നാണ്‌ വായനാശീലത്തെക്കുറിച്ചുള്ള ഓംചേരിയുടെ കാഴ്‌ചപ്പാട്‌.

1972ൽ പ്രളയമെന്ന നാടകത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും 2010ൽ സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. ആകസ്‌മികം എന്ന ഓർമക്കുറിപ്പിനാണ്‌ 2020ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചത്‌. അന്തരിച്ച ലീല ഓംചേരിയാണ്‌ ഭാര്യ. omcheri-nnpilla-death\

content summary; omcheri-nnpilla-death-writer-journalist

അഴിമുഖം പ്രതിനിധി:
Related Post
Leave a Comment