June 04, 2026 |

‘വിതുമ്പലോടെ നാട് പറഞ്ഞു; നന്ദി മുഹിക…’ വിപ്ലവ നായകന് വിട ചൊല്ലി ഉറുഗ്വേ

ഉ​റു​ഗ്വേയുടെ പ്രസിഡന്റായിരിക്കെ തന്റെ ശമ്പളത്തിന്റെ ഭൂരിഭാ​ഗവും ജീവകാരുണ്യ പ്രവ‍ർത്തനങ്ങൾക്ക് വേണ്ടിയാണ് മുഹിക ചിലവഴിച്ചത്

അന്തരിച്ച മാർകിസ്റ്റ് പോരാളിയും മുൻ ഉറുഗ്വേ പ്രസിഡന്റുമായ ഹോസെ മുഹികയെ ബഹുമതികളോടെ അന്ത്യയാത്രയയച്ച് ഉറുഗ്വേ. അർബുദബാധിതനായിരുന്നു, ഒരു വർഷത്തോളം നീണ്ട പോരാട്ടത്തിന് ഒടുവിലാണ് മരണത്തിന് കീഴടങ്ങിയത്. ഉറുഗ്വേ തലസ്ഥാനത്തെ തന്റെ ചെറിയ ഫാം ഹൌസിൽ വച്ച് ഭാര്യയും സഹപോരാളിയുമായ ലൂസിയ ടോപോളാൻസ്കിന്റെ സാന്നിധ്യത്തിലായിരുന്നു മരണം.

നിലവിലെ ഉറു​ഗ്വേ പ്രസിഡന്റും മുഹികയുടെ രാഷ്ട്രീയ പിന്തുടർച്ചാവകാശിയുമായ യമണ്ടു ഒർസിയുടെയും ഭാര്യ ലൂസിയ ടോപോളാൻസ്കിന്റെയും അകമ്പടിയോടെ ഉറു​ഗ്വേയിലെ പതാകയിൽ പൊതിഞ്ഞ മുഹികയുടെ മൃതദേഹം വഹിച്ചു കൊണ്ട് കുതിരവണ്ടിയിൽ ന​ഗരത്തിലൂടെ ഘോഷയാത്ര നടത്തി. പ്രസിഡന്റിന്റെ ഔദ്യോ​ഗിക വസതിയിൽ നിന്ന് വൻകരഘോഷത്തോടോയാണ് മുഹികയുടെ മൃതദേഹം നിയമസഭ മന്ദിരത്തിലേക്ക് എത്തിച്ചത്. നിയമസഭ മന്ദിരത്തിന് സമീപമായിരിക്കും മുഹികയെ അടക്കം ചെയ്യുന്നത്. മൃതദേഹം വഹിച്ചു കൊണ്ടുള്ള ​ഘോഷയാത്രയിൽ മുഹികയ്ക്ക് നന്ദി പറഞ്ഞു കൊണ്ട് ജനങ്ങൾ വിതുമ്പുന്നത് കാണാം. തന്റെ ലളിത ജീവിതം കൊണ്ടും പുരോ​ഗമനപരമായ നിലപാടുകൾ കൊണ്ടും ജനങ്ങൾക്ക് സ്വീകാര്യനായി തീർന്ന നേതാവായിരുന്നു പെപ്പെ എന്നറിയപ്പെട്ടിരുന്ന മുഹിക. വിപ്ലവനേതാവ് ചെ​ഗുവേരയെ അനുസ്മരിപ്പിക്കുന്ന ഹസ്ത സിംപ്രെ, പെപ്പെ” (എന്നേക്കും, പെപ്പെ), എന്ന വാചകം കുറിച്ച ബാനറുകളുമായാണ് ചിലർ അന്ത്യയാത്രയിൽ പങ്കെടുത്തത്. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉ​റു​ഗ്വേയുടെ പ്രസിഡന്റായിരിക്കെ തന്റെ ശമ്പളത്തിന്റെ ഭൂരിഭാ​ഗവും ജീവകാരുണ്യ പ്രവ‍ർത്തനങ്ങൾക്ക് വേണ്ടിയാണ് മുഹിക ചിലവഴിച്ചത്. ഔദ്യോ​ഗിക വസതി ഉപയോ​ഗിക്കാതെ തന്റെ ഉടസ്ഥതയിലുള്ള ചെറിയ വീട്ടിലായിരുന്നു മുഹികയുടെയും ഭാര്യയുടെയും ജീവിതം. ഇക്കാരത്താൽ ലോകത്തിലെ ഏറ്റവും ദരിദ്രനായ നേതാവെന്നാണ് മുഹിക അറിയപ്പെട്ടിരുന്നത്. ലാറ്റിൻ അമേരിക്കയ്ക്കും ലോകത്തിനാകമാനവും മാതൃകയായ നേതാവ് എന്നാണ് മുഹികയ്ക്ക് ആദരാജ്ഞലി അർപ്പിച്ചു കൊണ്ട് മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം പറഞ്ഞത്. ബ്രസിലീയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കും. ഉറു​ഗ്വേയെ ലാറ്റിൻ അമേരിക്കൻ സമൂഹങ്ങളിൽ ഏറ്റവും പുരോ​ഗമനപരമായ സമൂഹമാക്കി മാറ്റിയതിൽ മുഹിക വലിയ പങ്കു വഹിച്ചിട്ടുണ്ട്. ​ഗർഭഛിദ്രവും സ്വവർ​ഗ വിവാഹവും നിയമപരമാക്കുകയും ചെയ്ത ആദ്യ രാജ്യങ്ങളിൽ ഒന്നാണ് ഉറു​ഗ്വേ. 1980കളിലെ മാർക്സിസ്റ്റ്- ലെനിനിസ്റ്റ് അർബൻ ​ഗറില്ല പ്രസ്ഥാനമായ ടുപമറോസിന്റെ സഹസ്ഥാപകനായിരുന്നു മുഹിക. ആദ്യ കാലങ്ങളിൽ ദരിദ്രരെ അകമഴിഞ്ഞ് സഹായിച്ചിരുന്നു ഈ പ്രസ്ഥാനം പീന്നീട് അക്രമത്തിന്റെ പാത തിരഞ്ഞടുക്കുകയായിരുന്നു. ഉറു​ഗ്വേയിൽ സൈനിക സ്വേഛാധിപത്യം നിലനിന്നിരുന്ന കാലത്ത് അദ്ദേ​ഹത്തെ ഏകദേശം 15 വർഷക്കാലം ജയിലിലടച്ചു. 1985ൽ രാജ്യത്ത് ജനാധിപത്യം നിലവിൽ വരുമ്പോഴാണ് മുഹിക ജയിൽമോചിതനാവുന്നത്. പിന്നീട് മൂവ്മെന്റ് ഓഫ് പോപ്പുലേഷൻ പാർട്ടിയെന്ന പ്രസ്ഥാനം സ്ഥാപിച്ചു. 2010ൽ 50 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് മുഹിക ഉറു​ഗ്വേയുടെ പ്രസിഡന്റായി അധികാരമേറ്റത്.

content summary: Uruguay says goodbye to beloved former leader “Pepe” Mujica

Leave a Reply

Your email address will not be published. Required fields are marked *

×